രാജ്യത്തെ ‘മതേതര’ രാഷ്ട്രീയക്കാര്‍ക്കു വഴി കാട്ടാന്‍ വിശുദ്ധ ആന്റണി തിരുമേനി ഒരു സുവിശേഷം പുറത്തിറക്കിയിരിക്കുന്നു. മോദിയുടെ ഭരണം അവസാനിപ്പിക്കാനുള്ള സൂത്രവാക്യമാണ് ഈ സുവിശേഷത്തിലുള്ളത് എന്നതിനാല്‍ ഇത് നിസ്സാരമായി കരുതരുത്. അതുകൊണ്ട് സകല മതേതരന്മാരും ഇതു ഹൃദിസ്ഥമാക്കി വെക്കുകയും നിത്യപ്രാര്‍ത്ഥനയിലും പ്രവൃത്തിയിലും കൈക്കൊള്ളുകയും വേണം. ആമേന്‍! സുവിശേഷം-1. ചന്ദനക്കുറി മൃദുഹിന്ദുത്വമല്ല. സുവിശേഷം-2. മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍ പോയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍ തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരാണ് എന്ന സമീപനം സ്വീകരിക്കുന്നത് തെറ്റാണ്. സുവിശേഷം 3. ഇത്തരം സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കൂ. സുവിശേഷം – 4. ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷങ്ങളോടൊപ്പം ഹിന്ദുക്കളുടെ ഭൂരിപക്ഷത്തേയും മോദിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമാക്കാന്‍ കഴിയണം. സുവിശേഷം – 5. എല്ലാവിഭാഗം ജനങ്ങളേയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. സുവിശേഷങ്ങളുടെ പൊരുള്‍ പിടികിട്ടിയില്ലേ. ദയാനയവും സ്‌നേഹവും ഹിന്ദുക്കളോടല്ല. അവരുടെ വോട്ടിനോടാണ്.
ഇത്രയൊക്കെ തൊണ്ടകീറി വിളിച്ചു പറഞ്ഞിട്ടും ആന്റണി തിരുമേനിയുടെ സുവിശേഷം മദാമ്മയ്ക്കു മാത്രമേ മനസ്സിലാകുന്നുള്ളു എന്നതാണ് ഗതികേട്. 1993-ല്‍ മത്തായി മഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തില്‍ ആന്റണി ഇതുപോലെ ഒരു വെളിപാട് നടത്തിയിരുന്നു. ന്യൂനപക്ഷ പ്രീണനത്തിനും ഹിന്ദു പാര്‍ശ്വവല്‍ക്കരണത്തിനും എതിരായിരുന്നു അത്. അന്നും ആരും അതുചെവിക്കൊണ്ടില്ല. പകരം അദ്ദേഹത്തെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ചു. പിന്നെ ആസ്ഥാനം ദല്‍ഹിയിലായി. കോണ്‍ഗ്രസ്സിന്റെ വേരു ചീഞ്ഞപ്പോള്‍ കുറ്റിയും പറിച്ച് നാട്ടിലേക്ക് വന്ന ആന്റണിക്ക് വീണ്ടും വെളിപാടുണ്ടായിരിക്കുന്നു. തന്റെ തിരുനാളും കോണ്‍ഗ്രസ്സിന്റെ 138-ാം സ്ഥാപകദിനവുമായ ദിവസം കെ.പി.സി.സി. ആസ്ഥാനത്തായിരുന്നു ഈ സുവിശേഷ ഘോഷണം നടന്നത്. മൃദുഹിന്ദുത്വം ഭയന്ന് സ്വന്തം കുറിമാച്ച് എം.പിയായവര്‍ പോലും കൂടെ നില്‍ക്കാനുണ്ടായില്ലല്ലോ കര്‍ത്താവേ എന്ന് നമുക്ക് വിലപിക്കാം.