Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാര്‍ക്‌സിനെ മാപ്പു സാക്ഷിയാക്കി ലെനിന്റെ വിപ്ലവം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 13)

മുരളി പാറപ്പുറം

Print Edition: 16 December 2022

ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മനി, ബ്രിട്ടന്‍ മുതലായ യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ വിപ്ലവം സംഭവിക്കാതിരുന്നതുപോലെ, റഷ്യയില്‍ ‘സോഷ്യലിസ്റ്റ് വിപ്ലവം’ നടന്നതും കാറല്‍മാര്‍ക്‌സിനെ ചരിത്രത്തിലെ നോക്കുകുത്തിയാക്കി. മാര്‍ക്‌സിന്റെ സിദ്ധാന്തപ്രകാരം തൊഴിലാളിവര്‍ഗം നടത്തുന്ന ഒരു വിപ്ലവത്തിലൂടെ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം അനിവാര്യമാക്കുംവിധം റഷ്യയില്‍ മുതലാളിത്തം വികാസം പ്രാപിച്ചിരുന്നില്ല. എന്നിട്ടും 1917ല്‍ റഷ്യയില്‍ നടന്നത് മുതലാളിത്തത്തിനെതിരായ മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവമാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ വിപ്ലവത്തിന്റെ ശില്‍പ്പിയായ ലെനിനും സോവിയറ്റ് യൂണിയനും കഴിഞ്ഞു.

മാര്‍ക്‌സിന്റെ വിപ്ലവ സമവാക്യങ്ങള്‍ക്കു ചേരുന്ന സ്ഥിതിവിശേഷമായിരുന്നില്ല റഷ്യയില്‍ നിലനിന്നത്. റഷ്യ ഒരു കാര്‍ഷിക പിന്നാക്ക രാജ്യമായിരുന്നു. വ്യവസായ പുരോഗതി ശിശുപ്രായത്തിലും. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും കര്‍ഷക തൊഴിലാളികള്‍. വ്യവസായ തൊഴിലാളികള്‍ ഒരു ചെറുന്യൂനപക്ഷം മാത്രമായിരുന്നു. വേതനം, തൊഴില്‍ സമയം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും വ്യവസായ തൊഴിലാളികളുടെ ജീവിതാവസ്ഥ ദുരിതപൂര്‍ണമായിരുന്നു. 1861 ല്‍ അടിമത്തൊഴിലില്‍നിന്ന് മോചനം ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് കുറച്ചു ഭൂമി കിട്ടി. കര്‍ഷകര്‍ക്ക് സ്വന്തമായോ ‘മിര്‍’ എന്ന പേരിലുള്ള കൂട്ടായ്മയുടെ ഭാഗമായോ ആണ് ഭൂമി ലഭിച്ചത്. പക്ഷേ വലിയ ഭൂവുടമകളുടെ തോട്ടങ്ങളിലോ കുലാക്കുകള്‍ എന്നറിയപ്പെട്ട സമ്പന്ന കര്‍ഷകരുടെയോ പള്ളികളുടെയോ ഭൂമികളിലാണ് വലിയ തോതില്‍ കര്‍ഷകര്‍ പണിയെടുത്തിരുന്നത്.

മുതലാളിത്തത്തെ പുറന്തള്ളാന്‍ മാത്രം ശക്തിയുള്ള വ്യവസായ തൊഴിലാളികള്‍ 1917 ല്‍ റഷ്യയില്‍ ഉണ്ടായിരുന്നില്ല. കര്‍ഷക തൊഴിലാളികള്‍ക്കാണെങ്കില്‍ ഉപജീവനത്തിനുവേണ്ടിവരുന്ന ഭൂമിപോലും സ്വന്തമായുണ്ടായിരുന്നില്ല. വന്‍കിട ഭൂവുടമകളുടെ കനിവില്‍ കുറച്ചുകൂടി ഭൂമി കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുന്നവരായിരുന്നു ഇവര്‍. ഈ സാഹചര്യത്തിലാണ് ലെനിന്റെ നേതൃത്വത്തില്‍ വിപ്ലവം സംഘടിപ്പിച്ചത്. ഇതു നടത്തിയത് പ്രൊഫഷണല്‍ വിപ്ലവകാരികളായിരുന്നു. ‘വിപ്ലവം’ എന്നതിനെക്കാള്‍ ഇത് ഒരു അട്ടിമറിയായിരുന്നു. ഇവര്‍ പുറന്തള്ളിയതാവട്ടെ, 1917 ല്‍ സാര്‍ ചക്രവര്‍ത്തിമാരുടെ വാഴ്ചയ്ക്ക് അന്ത്യം കുറിച്ചശേഷം ജനാധിപത്യ ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കെറന്‍സ്‌കി സര്‍ക്കാരിനെയും. ഇതിന് നേതൃത്വം നല്‍കിയത് ലെനിനും ട്രോഡ്‌സ്‌കിയുമൊക്കെയായിരുന്നു. സാര്‍ ഭരണകൂടത്തിന്റെ വിമര്‍ശകരായിരുന്ന ഇവരിലേറെ പേരും വിദേശത്ത് ഒളിവില്‍ കഴിയുകയുമായിരുന്നു. ഒക്ടോബര്‍ വിപ്ലവം അടിസ്ഥാനപരമായി ഒരു കാര്‍ഷിക കലാപമായിരുന്നു. ‘സമാധാനം, ഭൂമി, ഭക്ഷണം’ എന്നതായിരുന്നു മുദ്രാവാക്യം. ഒന്നാം ലോക യുദ്ധത്തെത്തുടര്‍ന്ന് ഭക്ഷ്യദൗര്‍ലഭ്യമുണ്ടായിരുന്നു. ഭക്ഷണ വിതരണം തടസ്സപ്പെടുകയും ചെയ്തു. സമാധാനം ആഗ്രഹിച്ചിരുന്നത് സൈനികരായിരുന്നു. അരനൂറ്റാണ്ടുകാലമായി ഭൂരാഹിത്യം അനുഭവിക്കുന്നവരായിരുന്നു കര്‍ഷകര്‍. ചുരുക്കത്തില്‍ മാര്‍ക്‌സ് നിഷ്‌കര്‍ഷിച്ച തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ സ്വഭാവ സവിശേഷതകളൊന്നും ഒക്ടോബര്‍ വിപ്ലവത്തിന് ഉണ്ടായിരുന്നില്ല.

ലെനിന്റെ കൗശലം
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ കാര്യത്തില്‍ മാര്‍ക്‌സിന്റെ റഷ്യന്‍ അനുയായികള്‍ പലതരത്തില്‍ ആചാര്യനെ വെല്ലുവിളിക്കുകയായിരുന്നു. റഷ്യയിലെ മുതലാളിത്തം മാര്‍ക്‌സ് കണ്ടതിനെക്കാളധികം വികസിച്ചു എന്നു ലെനിനും പ്ലെഖനോവുമൊക്കെ വാദിച്ചു. അടിമത്തം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് സാര്‍ ഭരണകൂടത്തിന്‍ കീഴില്‍ തൊഴിലാളിവര്‍ഗം ഉയര്‍ന്നുവന്നുകഴിഞ്ഞതായി ഇവര്‍ സ്ഥാപിച്ചു. ഇവര്‍ക്ക് സാര്‍ ഭരണകൂടത്തെ പുറന്തള്ളാനാവും. മാര്‍ക്‌സ് വിപ്ലവശക്തികളായി കണ്ട ലിബറല്‍ ഭൂവുടമകളും ബുദ്ധിജീവികളുമൊക്കെ യാഥാസ്ഥിതികവാദികളാണെന്ന് ലെനിനും കൂട്ടാളികളും വിലയിരുത്തി. അതേസമയം, റഷ്യന്‍ തൊഴിലാളിവര്‍ഗത്തിന് ഒറ്റയ്ക്ക് സാറിസ്റ്റ് വാഴ്ചയെ തകര്‍ക്കാനാവില്ല. അതിന് കര്‍ഷക തൊഴിലാളികളെയും മുതലാളിത്തവര്‍ഗത്തിലെ പുരോഗമനശക്തികളെയും കൂട്ടുപിടിക്കണമെന്നും ഇവര്‍ വാദിച്ചു. ഇതിനുവേണ്ടി കമ്യൂണിസ്റ്റുകാര്‍ വിട്ടുവീഴ്ച ചെയ്യണം.

പ്ലെഖനോവ്‌

മാര്‍ക്‌സിന്റെ ആശയങ്ങള്‍ക്ക് റഷ്യയില്‍ വലിയ പ്രചാരം ലഭിച്ചിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ അതൊന്നും വിപ്ലവത്തിനുള്ള ഭൗതികസാഹചര്യം ഒരുക്കുന്നതായിരുന്നില്ല. ഇവിടെയാണ് ലെനിന്‍ കൗശലം പ്രയോഗിച്ചത്. മുതലാളിത്തഘട്ടത്തിന്റെ വികാസം പൂര്‍ത്തിയാകാതെ ഫ്യൂഡലിസത്തില്‍നിന്ന് സോഷ്യലിസത്തിലേക്ക് പോകാന്‍ കഴിയുമോ എന്നതായിരുന്നു പ്രശ്‌നം. ഇങ്ങനെ കഴിയുമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ മുതലാളിത്ത വികസനത്തിനുള്ള സാധ്യതപോലും റഷ്യയിലില്ലെന്ന് മറ്റൊരു വിഭാഗം കരുതി. ഇത് രണ്ടും തള്ളിക്കളഞ്ഞ ലെനിന്‍ റഷ്യയിലെ മുതലാളിത്തം ദിനംപ്രതിയെന്നോണം വികസിക്കുകയാണെന്നും, അതുകൊണ്ട് അക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും വിധിയെഴുതി. ഫ്യൂഡല്‍ ഘടനയുടെ ഭാഗമായ ‘മിര്‍’ മുതലാളിത്ത വികസനത്തിന്റെ ഫലമായി ശിഥിലമായിക്കഴിഞ്ഞു. അതിനാല്‍ ഫ്യൂഡലിസത്തില്‍നിന്ന് സോഷ്യലിസത്തിലേക്കുള്ള മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും ലെനിന്‍ അതിവിദഗ്ദ്ധമായി കണ്ടുപിടിച്ചു. മാര്‍ക്‌സിനെ തലകുത്തിനിര്‍ത്തുകയാണ് ലെനിന്‍ ചെയ്തത്.

 

വ്യാവസായിക വികസനം സംഭവിച്ച സമൂഹത്തിലെ ഭരണകൂടവുമായി സഹകരിക്കാനും കൂടിയാലോചന നടത്താനും പ്രാപ്തിയുള്ള സംഘടിത തൊഴിലാളി വര്‍ഗം രൂപപ്പെട്ട രാജ്യങ്ങളില്‍ മാത്രമേ സോഷ്യലിസ്റ്റ് വിപ്ലവം വിജയിക്കുകയുള്ളൂ എന്നാണ് മാര്‍ക്‌സ് വ്യക്തമാക്കിയിട്ടുള്ളത്. ഇതുകൊണ്ട് വിപ്ലവം കയറ്റുമതി ചെയ്യാനോ പറിച്ചുനടാനോ കഴിയില്ല. കാലമാകുന്നതിനു മുന്‍പേ ഗൂഢാലോചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ വിപ്ലവം സൃഷ്ടിക്കാനാവില്ല. ഇതിനെക്കുറിച്ച് പറയാന്‍ ‘ആന്റി ദൂറിങ്’ എന്ന പുസ്തകത്തില്‍ മൂന്നു പേജാണ് ഏംഗല്‍സ് മാറ്റിവച്ചിട്ടുള്ളത്. ‘മൂലധന’ത്തിന്റെ ആമുഖത്തില്‍ മാര്‍ക്‌സും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ”ഒരു രാജ്യത്തിന് മറ്റ് രാജ്യങ്ങളില്‍നിന്ന് പഠിക്കാന്‍ കഴിയും, പഠിക്കണം. ഒരു സാമൂഹ്യ വ്യവസ്ഥ അതിന്റെ വളര്‍ച്ചയെ സംബന്ധിച്ച സ്വാഭാവിക നിയമങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ ശരിയായ പാതയില്‍ എത്തിയെന്നു കരുതുക… എങ്കില്‍പ്പോലും ആ സമുദായത്തിന് അതിന്റെ സ്വാഭാവിക വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പൊന്തിവരുന്ന തടസ്സങ്ങളെ ധീരമായ എടുത്തുചാട്ടങ്ങള്‍കൊണ്ട് തരണം ചെയ്യാനോ നിയമനിര്‍മാണങ്ങള്‍ കൊണ്ട് തട്ടിമാറ്റാനോ കഴിയുകയില്ല. എന്നാല്‍ അതിന് പ്രസവവേദനയുടെ കാലവും തീക്ഷ്ണതയും കുറയ്ക്കാന്‍ കഴിയും.(68) അക്ഷരാര്‍ത്ഥത്തില്‍ ഇതിന് കടകവിരുദ്ധമായിരുന്നു റഷ്യന്‍ വിപ്ലവം.

വിപ്ലവം സംഭവിക്കില്ലെന്ന് മാര്‍ക്‌സ് പ്രവചിച്ച ഒരു സമൂഹത്തിലാണ് ഒക്ടോബര്‍ വിപ്ലവം അരങ്ങേറിയത്! ചരിത്ര വികാസത്തിലെ മുതലാളിത്തഘട്ടം ഒഴിവാക്കി ഫ്യൂഡലിസത്തില്‍നിന്ന് നേരിട്ട് സോഷ്യലിസത്തിലേക്ക് റഷ്യ എത്തിയതിനു കാരണം ലെനിന്‍ എന്ന പ്രതിഭാശാലിയാണെന്ന് പല മാര്‍ക്‌സിസ്റ്റ് ചിന്തകന്മാരും വാദിക്കാറുണ്ട്. ചരിത്ര പ്രക്രിയകളെക്കുറിച്ച് അസാധാരണമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്ന ലെനിന് റഷ്യയെ ഒറ്റയടിക്ക് ഫ്യൂഡലിസത്തില്‍നിന്ന് സോഷ്യലിസത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവത്രേ.

മാര്‍ക്‌സിസത്തിന്റെ അന്തഃസത്തയ്ക്ക് കടകവിരുദ്ധമാണ് ഈ അവകാശവാദം. മനുഷ്യചരിത്രത്തിന്റെ വികാസത്തെ നിര്‍ണയിക്കുന്നത് വ്യക്തിഗതമല്ലാത്ത വര്‍ഗസമരം പോലുള്ള സാമ്പത്തിക പ്രക്രിയകളാണ്. ഏതെങ്കിലുമൊരു വ്യക്തി, അയാള്‍ എത്ര പ്രഭാവശാലിയാണെങ്കിലും ഇതിനു കഴിയില്ല. ന്യൂട്ടനെയോ ലെനിനെയോ പോലുള്ള പ്രതിഭാശാലികളായ വ്യക്തികള്‍ക്ക് ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിയുമെങ്കില്‍ മനുഷ്യചരിത്രത്തിന്റെ വികാസം പ്രവചിക്കുന്ന മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും. വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ചരിത്രത്തെ വലിച്ചുകൊണ്ടുപോകാമെന്നായാല്‍ മാര്‍ക്‌സിസത്തിന് യാതൊരു പ്രസക്തിയുമില്ലാതാവും. ഇക്കാര്യം വിസ്മരിച്ചുകൊണ്ടാണ് ഒക്ടോബര്‍ വിപ്ലവം നയിച്ച ലെനിന്റെ അനുപമമായ പ്രതിഭാവിലാസത്തെ ചില മാര്‍ക്‌സിസ്റ്റുകള്‍ വാഴ്ത്തുന്നത്.

”ഒരു വ്യക്തി നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ക്ക് കുറഞ്ഞ തോതില്‍ മാത്രം ഉത്തരവാദിയാണ്. കാരണം, സ്വന്തം ഭാവനയില്‍ അയാള്‍ ആ സാമൂഹ്യബന്ധങ്ങളില്‍നിന്ന് എത്ര ഉയര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ചാലും സാമൂഹ്യമായി അയാള്‍ ആ ബന്ധങ്ങളുടെ ഒരു സൃഷ്ടിയായിത്തന്നെ നിലകൊള്ളുന്നു.” (69) എന്നു മാര്‍ക്‌സ് പറയുന്നതാണ് ലെനിന്റെ കാര്യത്തില്‍ വിസ്മരിക്കപ്പെടുന്നത്.

ചരിത്രത്തിനും ഒരു തള്ള്!
മാര്‍ക്‌സിസത്തെ സ്വകാര്യസ്വത്തുപോലെ കൈകാര്യം ചെയ്യുകയായിരുന്നു ലെനിന്‍. ഇതിനായി ലെനിന്‍ പുറത്തെടുത്ത വൈദഗ്ദ്ധ്യത്തെ സമ്മതിച്ചുകൊടുക്കണം. റഷ്യന്‍ വിപ്ലവത്തിന്റെ കാര്യത്തില്‍ താന്‍ മുന്നോട്ടുവച്ച സിദ്ധാന്തത്തെ സമര്‍ത്ഥിക്കാന്‍ ലെനിന്‍ ഏതറ്റംവരെയും പോയി. വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തുന്നതില്‍ മാര്‍ക്‌സിനെയും ഏംഗല്‍സിനെയുമൊക്കെ ലെനിന്‍ ബഹുദൂരം പിന്നിലാക്കി. റഷ്യന്‍ മുതലാളിത്തം, റഷ്യന്‍ സമൂഹത്തിന്റെ വര്‍ഗഘടന, സായുധകലാപം, വിപ്ലവ തന്ത്രങ്ങള്‍, വൈരുദ്ധ്യാത്മക ഭൗതികവാദം, സാമ്രാജ്യത്വം, ഭരണകൂടം എന്നീ വിഷയങ്ങളിലെല്ലാം സ്വന്തമായ വാദഗതികള്‍ അവതരിപ്പിച്ച ലെനിന്‍ ഒരര്‍ത്ഥത്തില്‍ മാര്‍ക്‌സിസത്തെ ഹൈജാക്കു ചെയ്യുകയായിരുന്നു.

മാര്‍ക്‌സിന്റെ ‘അനുയായി’ ആയിരുന്നെങ്കിലും റഷ്യയുടെ കാര്യത്തില്‍ ലെനിന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. മാര്‍ക്‌സ് പറഞ്ഞിരിക്കുന്നതൊന്നും ഇതിന് വിഘാതമാവാന്‍ പാടില്ലെന്ന് ലെനിന് നിര്‍ബന്ധമുണ്ടായിരുന്നു. റഷ്യയില്‍ അധികാരം പിടിക്കുകയെന്ന ലക്ഷ്യം വച്ചാണ് ലെനിന്‍ ഓരോ ഘട്ടത്തിലും പ്രവര്‍ത്തിച്ചത്. 1848 ലെ ഫ്രഞ്ച് വിപ്ലവം പരാജയപ്പെടുകയും രാജഭരണം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തതോടെ മാര്‍ക്‌സ് ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. സഹകരണത്തിലൂടെയും നിയമപരമായ പ്രവൃത്തിയിലൂടെയും മാത്രമേ തൊഴിലാളി വര്‍ഗത്തിന് ശരിയായ ഒരു ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാനാവുകയുള്ളൂ. ‘ഫ്രാന്‍സിലെ വര്‍ഗസമരം’ എന്ന മാര്‍ക്‌സ് എഴുതിയ പുസ്തകത്തിന്റെ 1895 ല്‍ പ്രസിദ്ധീകരിച്ച പതിപ്പിന് എഴുതിയ ആമുഖത്തില്‍ ഏംഗല്‍സും ഇതിനെ ശരിവയ്ക്കുന്നുണ്ട്. ”ബഹുജനങ്ങളെ മുന്‍നിര്‍ത്തി ഒരു ചെറു ന്യൂനപക്ഷം പൊടുന്നനെ അധികാരം പിടിച്ചെടുക്കുന്ന വിപ്ലവത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു” എന്നാണ് ഏംഗല്‍സ് എഴുതിയത്. ഇതിന്റെ വിപരീത ദിശയിലാണ് ലെനിന്‍ ചിന്തിച്ചത്. തൊഴിലാളി വര്‍ഗ വിപ്ലവം മുതലാളിത്ത സമൂഹത്തെ നശിപ്പിക്കണമെന്നും, ഇത് ചെയ്യേണ്ടത് ഒരു ചെറിയ വിഭാഗമായിരിക്കണമെന്നുമായിരുന്നു അത്. ഈ പാതയാണ് റഷ്യയില്‍ സ്വീകരിച്ചത്. ജനങ്ങള്‍ക്ക് വിപ്ലവം നടത്താനാവില്ല. വിപ്ലവകാരികളായ ന്യൂനപക്ഷത്തിനു മാത്രമേ അതിനു കഴിയൂ. എത്രയും വേഗം അത് ചെയ്യുകയും വേണം. ഇതായിരുന്നു ലെനിന്റെ ചിന്താഗതി. ”വിപ്ലവകാരികളുടെ ഒരു സംഘടനയെ്യൂ ഞങ്ങള്‍ക്കു തരൂ, റഷ്യയെ ഞങ്ങള്‍ കീഴ്‌മേല്‍ മറിക്കാം” (70) എന്നാണ് 1902 ല്‍ എഴുതിയ ‘എന്താണ് ചെയ്യാനുള്ളത്?’ എന്ന പുസ്തകത്തില്‍ ലെനിന്‍ ആവേശംകൊള്ളുന്നത്. 1903 ല്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്സിലും തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ലെനിന്‍ സംസാരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ മാത്രമേ ഇത് സാധ്യമാവൂ എന്നതായിരുന്നു ലെനിന്റെ കാഴ്ചപ്പാട്.

റഷ്യന്‍ വിപ്ലവത്തിനു മാസങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച ‘ഏപ്രില്‍ തീസിസ്’ എന്ന മാര്‍ഗരേഖയില്‍ ഈ ദിശയില്‍ ലെനിന്‍ കുറച്ചുകൂടി മുന്നോട്ടു പോകുന്നതു കാണാം. ”റഷ്യ വിപ്ലവത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അധികാരം തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകരിലെ പാവപ്പെട്ട വിഭാഗത്തിന്റെയും കയ്യിലേല്‍പ്പിക്കണം” എന്ന് ലെനിന്‍ ആഹ്വാനം ചെയ്തു. ‘ബോള്‍ഷെവിക് പാര്‍ട്ടിയെ ഇത്തരം കടുത്ത ആവശ്യങ്ങളുന്നയിച്ച് ലെനിന്‍ ആശ്ചര്യപ്പെടുത്തി. ഏവരും സ്തംഭിച്ചുപോയി’ എന്നാണ് ട്രോഡ്‌സ്‌കി എഴുതിയിട്ടുള്ളത്. മാര്‍ക്‌സിന്റെ തത്വങ്ങളില്‍ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്നതിലായിരുന്നു ലെനിന്റെ കണ്ണ്. ഇത് എങ്ങനെയായിരിക്കണമെന്ന് മാര്‍ക്‌സ് വിശദീകരിക്കാത്തത് ലെനിന്‍ ശരിക്കും മുതലെടുത്തു. ‘ചരിത്രത്തിന് ചിലപ്പോള്‍ ഒരു തള്ളുവേണ്ടി വരും’ എന്നൊക്കെയുള്ള പരിഹാസ്യമായ പ്രസ്താവനകളും ഇതിനായി നടത്തി.

ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാവുകയും, പട്ടാളക്കാര്‍ തന്നെ സാര്‍ ചക്രവര്‍ത്തിക്കെതിരെ തിരിയുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി വിപ്ലവം അരങ്ങേറുന്നത്. അത് ഒരര്‍ത്ഥത്തില്‍ താനെ സംഭവിച്ചതായിരുന്നു. ‘അധികാരം തെരുവില്‍ പതിച്ചു’ എന്ന് ട്രോഡ്‌സ്‌കി പറയാനുള്ള കാരണം ഇതാണ്. ഈ സമയത്ത് ലെനിന്‍, ട്രോഡ്‌സ്‌കി, ബുഖാറിന്‍ എന്നിവരൊക്കെ നാടുകടത്തപ്പെട്ട് സ്വിറ്റ്‌സര്‍ലന്റിലായിരുന്നു. പിന്നീട് ലെനിന്‍ ഒരു തീവണ്ടിയില്‍ ഒളിച്ചുകടന്ന് പെട്രോഗ്രാഡിലെത്തി പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് മെന്‍ഷിവിക്കായ കെറന്‍സ്‌കിയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നത്. ”ഇനി വരുന്ന വിപ്ലവത്തിന്റെ പോരാട്ടങ്ങളൊന്നും കാണാന്‍ വയസ്സന്മാരായ നമ്മള്‍ ജീവിച്ചിരിക്കാനിടയില്ല” എന്ന് നാടുകടത്തപ്പെട്ട കാലത്ത് സൂറിച്ചില്‍ വച്ച് പറഞ്ഞയാളായിരുന്നു ലെനിന്‍. പക്ഷേ സ്ഥിതിഗതികള്‍ അതിവേഗം ലെനിന് അനുകൂലമായി മാറി.

മാര്‍ക്‌സിന്റെ മലക്കംമറിച്ചില്‍
റഷ്യയിലെ സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചും അധികാരഘടനയെക്കുറിച്ചും മാര്‍ക്‌സ് തീരെ അജ്ഞനായിരുന്നില്ല. റഷ്യന്‍ ലിബറലുകള്‍ക്കും വിപ്ലവകാരികള്‍ക്കും മാര്‍ക്‌സിനോട് ആരാധനയായിരുന്നെങ്കിലും റഷ്യന്‍ ജനതയോട് മാര്‍ക്‌സിന് രോഗാതുരമാംവിധം അവിശ്വാസമായിരുന്നു. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെ വാഴ്ച യൂറോപ്യന്‍ വിപ്ലവങ്ങള്‍ക്ക് ഭീഷണിയാണെന്ന് മാര്‍ക്‌സ് കരുതി. 1848 ഹംഗറിയിലെ ദേശീയ ലിബറല്‍ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ റഷ്യന്‍ സേന ആസ്ട്രിയയെ സഹായിച്ചതാണ് ഇങ്ങനെയൊരു കാഴ്ചപ്പാട് രൂപീകരിക്കാന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചത്. 1815 ല്‍ നെപ്പോളിയനെ പരാജയപ്പെടുത്തുക വഴി, മധ്യ യൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ കൊണ്ടുവന്ന ആധുനിക പരിഷ്‌കാരങ്ങളെ തടസ്സപ്പെടുത്തിയതും റഷ്യയാണെന്ന് മാര്‍ക്‌സിന് അറിയാമായിരുന്നു. പോളണ്ടില്‍ ഒരു മുന്നേറ്റമുണ്ടാവുകയാണ് പ്രതിവിപ്ലവത്തെ നേരിടാനുള്ള ഏറ്റവും നല്ല വഴിയെന്നും മാര്‍ക്‌സ് കണ്ടു. റഷ്യയും പ്രഷ്യയും ആസ്ട്രിയയും നടത്തിയ കടന്നുകയറ്റങ്ങളാണ് പോളിഷ് ഭരണകൂടത്തെ തകര്‍ത്തത്. പോളണ്ട് കരുത്താര്‍ജിച്ചാല്‍ ഭാവിയില്‍ യൂറോപ്പിലെ വിപ്ലവകാരികളെ തടയുന്ന റഷ്യന്‍ കടന്നാക്രമണങ്ങളെ ചെറുക്കാനാവുമെന്നും മാര്‍ക്‌സ് കരുതി.
ജീവിതകാലത്ത് റഷ്യയിലെ സാമൂഹ്യശക്തികളെക്കുറിച്ച് വിപുലമായ ധാരണകളൊന്നും മാര്‍ക്‌സിന് ഉണ്ടായിരുന്നില്ല. റഷ്യന്‍ വിപ്ലവകാരികള്‍ക്ക് സാര്‍ വാഴ്ചയെ പുറന്തള്ളാനാവുമെന്നും കരുതിയില്ല. റഷ്യയിലെ മുതലാളിത്ത വ്യവസ്ഥ ഒട്ടും വികസിച്ചിട്ടില്ലാത്തതിനാല്‍ അവിടെ ഒരു സോഷ്യലിസ്റ്റ് വിപ്ലവം നടക്കുമെന്ന് മാര്‍ക്‌സ് ഒരിക്കലും വിശ്വസിച്ചില്ല. ഇതില്‍നിന്ന് വ്യത്യസ്തമായി പടിഞ്ഞാറന്‍ യൂറോപ്പിലേതുപോലെ മുതലാളിത്ത വികസനം സാധ്യമാകുന്ന ഒരു വിപ്ലവം റഷ്യയില്‍ നടക്കണമെന്നാണ് മാര്‍ക്‌സ് ചിന്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജന്മി-കുടിയാന്‍ ബന്ധത്തിന്റെ സ്ഥാനത്ത് ഒരു തൊഴിലാളിവര്‍ഗം ഉയര്‍ന്നുവരുമെന്നും പ്രതീക്ഷിച്ചു.

ജീവിതത്തിന്റെ അവസാനകാലത്ത് മാര്‍ക്‌സ് ഏറെ നിരാശനായിരുന്നു. താന്‍ പ്രവചിച്ച രീതിയിലുള്ള വിപ്ലവം യൂറോപ്പിലൊന്നും വിജയിക്കാതിരുന്നതിനാല്‍ വലിയ ദുഃഖം അനുഭവിച്ചു. എന്നു മാത്രമല്ല, ഒന്നാം ഇന്റര്‍നാഷണലില്‍ മാര്‍ക്‌സിന്റെ നിഗമനങ്ങളെ പലരും ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. പാരീസ് കമ്യൂണിനെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിലപാടുകളെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ അഗീകരിച്ചില്ല. ഒരു വിപ്ലവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് വൃഥാവിലാവുകയാണെന്ന് മാര്‍ക്‌സ് വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അപ്പോഴാണ് മാര്‍ക്‌സിന്റെ ശ്രദ്ധ റഷ്യയിലേക്ക് തിരിഞ്ഞത്. വ്യവസായ വികസനം സംഭവിക്കാത്തതിനാല്‍ വിപ്ലവത്തിന് സാധ്യതയില്ലെന്നു കണ്ട് താന്‍ അവഗണിച്ചിരുന്ന റഷ്യന്‍ സമൂഹത്തെ മാറിയ സാഹചര്യത്തില്‍ മാര്‍ക്‌സ് പ്രതീക്ഷയോടെ കണ്ടു. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 1882 ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ റഷ്യന്‍ പതിപ്പിന് എഴുതിയ ആമുഖത്തില്‍ മാര്‍ക്‌സ് മലക്കം മറിഞ്ഞു. റഷ്യന്‍ കര്‍ഷകര്‍ ‘കമ്യൂണിസ്റ്റ് വികസനത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന്’ മാര്‍ക്‌സ് വിലയിരുത്തി. റഷ്യന്‍ വിപ്ലവം പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ മുന്നോടിയാവുകയും അവ രണ്ടും അന്യോന്യം പൂര്‍ണമായി ഭവിക്കുകയും ചെയ്യുകയാണെങ്കില്‍ റഷ്യയില്‍ ഇന്നു കാണുന്ന പൊതു ഭൂവുടമ സമ്പ്രദായം കമ്യൂണിസ്റ്റ് രൂപത്തിലേക്കുള്ള വികാസത്തിന്റെ തുടക്കമായിത്തീരാനിടയുണ്ട്.’ (71) എന്നാണ് മാര്‍ക്‌സ് വിലയിരുത്തുന്നത്. എങ്ങനെയും റഷ്യയുടെ അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങിയിരുന്ന ലെനിന് മാര്‍ക്‌സിന്റെ ഈ തിരുത്ത് ധാരാളമായിരുന്നു. മാര്‍ക്‌സിനെ മാപ്പുസാക്ഷിയാക്കി ലെനിന്‍ ശരിക്കും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

മാര്‍ക്‌സിന്റെ ‘മൂലധന’ത്തെക്കുറിച്ച് ‘നോട്ട്‌സ് ഓഫ് ദ ഫാദര്‍ലാന്റ്’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതിയ നിക്കോളാസ് മിഖായ്‌ലോവ്‌സ്‌കി എന്നയാള്‍ക്ക് എഴുതിയ മറുപടിയിലാണ് മാര്‍ക്‌സ് ഇങ്ങനെ വിശദീകരണം നല്‍കുന്നത്. തന്നെ അനുകൂലിച്ചുകൊണ്ട് മനുഷ്യചരിത്രം രേഖീയമായി വികസിക്കുകയാണെന്ന സിദ്ധാന്തത്തെക്കുറിച്ച് പറഞ്ഞത് മാര്‍ക്‌സിനെ പ്രകോപിപ്പിച്ചു. സമൂഹം പ്രാകൃത കമ്യൂണിസത്തില്‍നിന്ന് കമ്യൂണിസത്തിലേക്ക് വിവിധഘട്ടങ്ങളിലൂടെ രേഖീയമായി വികസിക്കുകയാണെന്ന് സ്ഥാപിച്ചത് മാര്‍ക്‌സ് തന്നെയായിരുന്നു. എന്നാല്‍ ഇതില്‍ ഉറച്ചുനിന്നാല്‍ റഷ്യയിലെ വിപ്ലവസാധ്യത ഇല്ലാതാവുമെന്ന് മാര്‍ക്‌സ് കരുതി. അതിനാല്‍ റഷ്യയ്ക്ക് ഒരു ഇളവു നല്‍കുന്നതാണ് ബുദ്ധിയെന്ന് മാര്‍ക്‌സിന് തോന്നി. മരിക്കുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് മുതല്‍ മാര്‍ക്‌സ് ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇതിനിടെയാണ് മിഖായ്‌ലോവ്‌സ്‌കിക്ക് മറുപടി പറയാനുള്ള അവസരം ലഭിക്കുന്നത്.

മാര്‍ക്‌സിന് രക്ഷ ലെനിന്‍
റഷ്യയ്ക്ക് മുതലാളിത്തഘട്ടം ഒഴിവാക്കി സോഷ്യലിസത്തിലേക്ക് പ്രവേശിക്കാമെന്ന് പറയുന്നത് താന്‍ അതുവരെ പ്രചരിപ്പിച്ച സിദ്ധാന്തത്തിന് എതിരാണെന്ന് മാര്‍ക്‌സിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് മാര്‍ക്‌സ് ഒരു ഉപാധി വയ്ക്കുന്നുണ്ട്. ”പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ റഷ്യ ഒരു മുതലാളിത്ത രാജ്യത്തിലേക്ക് നീങ്ങിയാല്‍ മാത്രമാണ്, അപ്പോള്‍ മാത്രമാണ് കര്‍ഷകരെ ഏറ്റെടുത്ത് തൊഴിലാളി വര്‍ഗമാക്കി മാറ്റാനാവൂ” (72) എന്നാണ് മാര്‍ക്‌സ് പറയുന്നത്. അപ്പോള്‍ റഷ്യ മുതലാളിത്തത്തിന്റെ ‘നിര്‍ദ്ദയമായ നിയമ’ത്തിനു കീഴില്‍ വരുമെന്നു പറയാനും മാര്‍ക്‌സ് മടിക്കുന്നില്ല. ഇതിനായി റഷ്യയ്ക്ക് ആദ്യ ചുവട് വയ്ക്കാനാവുന്നില്ലെങ്കില്‍ രണ്ടാമത്തേത് പിന്തുടരാന്‍ കഴിയില്ലെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. പ്രാചീന റോമിന്റെ ചരിത്രത്തില്‍ മുതലാളിത്തമില്ലാതെതന്നെ കര്‍ഷകര്‍ തൊഴിലാളി വര്‍ഗമായി മാറിയതിന്റെ ഉദാഹരണവും മാര്‍ക്‌സ് പറയുന്നുണ്ട്. എന്നാല്‍ ഈ ചരിത്രമൊക്കെ അറിയാമായിരുന്നിട്ടുകൂടിയാണ് ഫ്യൂഡലിസം മുതലാളിത്തമാവേണ്ടത് ചരിത്രത്തിന്റെ അനിവാര്യതയാണെന്ന് മാര്‍ക്‌സ് സിദ്ധാന്തവല്‍ക്കരിച്ചത് എന്ന കാര്യം മറക്കരുത്.
റഷ്യന്‍ വിപ്ലവത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് ആരാഞ്ഞ വിപ്ലവകാരി വനിത വേര സസുലിച്ചിന് എഴുതിയ കത്തിലും റഷ്യയിലെ മുതലാളിത്ത വികാസത്തെക്കുറിച്ചുള്ള വ്യത്യസ്തമായ നിലപാട് മാര്‍ക്‌സ് വ്യക്തമാക്കുന്നുണ്ട്. സസുലിച്ചിന് മറുപടിയായി മൂന്നു കത്തുകള്‍ മാര്‍ക്‌സ് തയ്യാറാക്കി എന്നതില്‍നിന്നു തന്നെ ആശയക്കുഴപ്പം പ്രകടമാണ്. മുതലാളിത്ത വികാസത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള തന്റെ കണ്ടെത്തല്‍ പശ്ചിമയൂറോപ്പിനെക്കുറിച്ചായിരുന്നു എന്നാണ് മാര്‍ക്‌സ് പറയുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ റഷ്യന്‍ പതിപ്പിന്റെ ആമുഖത്തിലും മാര്‍ക്‌സ് ഈ നിലപാട് ആവര്‍ത്തിക്കുന്നത്.

പാതി മനസ്സോടെയും ആശയക്കുഴപ്പങ്ങള്‍ അകലാതെയും മാര്‍ക്‌സ് റഷ്യയുടെ കാര്യത്തില്‍ വരുത്തിയ സൈദ്ധാന്തികമായ ഒത്തുതീര്‍പ്പുകളെ മുതലാളിത്തത്തിലേക്ക് വളരാതെ ഫ്യൂഡല്‍ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ വിപ്ലവത്തിനുവേണ്ടി സുചിന്തിതമായി രൂപം നല്‍കിയ ബദല്‍മാര്‍ഗമായി ചിത്രീകരിക്കുന്നുണ്ട് ചില മാര്‍ക്‌സിന്റെ ചിന്തകന്മാര്‍. ഇങ്ങനെ വാദിക്കുമ്പോള്‍, മാര്‍ക്‌സ് ജീവിതകാലം മുഴുവനെടുത്ത് ആവിഷ്‌കരിക്കുകയും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ‘മൂലധന’ത്തിലുമൊക്കെ വിവരിക്കുകയും ചെയ്യുന്ന സാമൂഹ്യ പുരോഗതിയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങള്‍ സ്വയം മുക്കിക്കളയുകയാണെന്ന് പറയാതെ പറയുകയാണ് ഈ ചിന്തകന്മാര്‍.

മാര്‍ക്‌സിനെ ലെനിന്‍ മാപ്പുസാക്ഷിയാക്കിയെങ്കിലും മരണാനന്തര മാര്‍ക്‌സ് ലെനിനോട് കടപ്പെട്ടിരിക്കുന്നു. 1917 ല്‍ ലെനിന്‍ പെട്രോഗ്രാഡിലെത്തിച്ചേര്‍ന്ന് വിപ്ലവത്തിന്റെ നേതൃത്വം ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ മാര്‍ക്‌സ് പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹാനായ തത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമൊന്നും ആവുമായിരുന്നില്ല. ഒക്‌ടോബര്‍ വിപ്ലവത്തെത്തുടര്‍ന്നാണ് മാര്‍ക്‌സിനെ ലോകം ഗൗരവത്തിലെടുത്തത്. കമ്യൂണിസം സാങ്കല്‍പിക സ്വര്‍ഗം അല്ലാതായത് ഇതുകൊണ്ടാണ്.

ഒക്‌ടോബര്‍ വിപ്ലവത്തിന് ചരിത്രത്തിലെ ഒരു മാതൃകയെന്നു പറയാവുന്നത് 1848 ലെ പാരീസ് കമ്യൂണ്‍ ആയിരുന്നു. ഇത് അക്കാലത്തെ ഫ്രഞ്ച്-പ്രഷ്യന്‍ യുദ്ധത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു. ഇതുപോലെ ഒക്‌ടോബര്‍ വിപ്ലവവും ഒന്നാം ലോകമഹായുദ്ധത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു.
(തുടരും)

അടിക്കുറിപ്പുകള്‍:-
68. മൂലധനം, കാറല്‍മാര്‍ക്‌സ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
69. Ibid
70. What Is To Be Done, Lenin
71. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്
72. Marx’s late writings on Russia re-examined, Kevin B. Anderson.

ഭാഗം 12 വായിക്കാന്‍ https://kesariweekly.com/33292/ സന്ദര്‍ശിക്കുക

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies