കാറല്‍ മാര്‍ക്‌സ് ശരിയാണെന്നു വരുത്താനും മാര്‍ക്‌സിന്റെ പ്രവാചക പദവി നിലനിര്‍ത്താനും വിചിത്രമായ രീതികളാണ് പുതിയ കാലത്തെ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ സ്വീകരിക്കാറുള്ളത്. മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്‌സ് പ്രവചിച്ചത് അതേപോലെ സംഭവിക്കുന്നു എന്നതാണ് ഇവരുടെ നാട്യങ്ങളിലൊന്ന്. മുന്‍കാലത്ത് മനുഷ്യര്‍ ചെയ്തിരുന്ന ജോലികള്‍ യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഏറ്റെടുക്കുമെന്ന് മാര്‍ക്‌സ് പ്രവചിച്ചിരുന്നത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്ന് ഇവര്‍ അവകാശപ്പെടും. 150 വര്‍ഷം മുന്‍പ്, അന്ന് പ്രസിദ്ധീകരിക്കാതിരുന്ന മാര്‍ക്‌സിന്റെ ‘ഫണ്ടമെന്റല്‍സ് ഓഫ് പൊളിറ്റിക്കല്‍ എക്കണോമി ക്രിട്ടിസിസം’ എന്ന കയ്യെഴുത്തു പ്രതിയില്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതായാണ് പുത്തന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാരുടെ കണ്ടുപിടുത്തം. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചെങ്കിലും 1883ല്‍ മരിച്ച് 139 വര്‍ഷം കഴിഞ്ഞിട്ടും മാര്‍ക്‌സിന്റെ അപഗ്രഥനവും ദീര്‍ഘവീക്ഷണവും ശരിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണെന്ന് ഇവര്‍ അഭിമാനംകൊള്ളും. മാര്‍ക്‌സ് പ്രവചിച്ച വര്‍ത്തമാന ലോകത്താണ് നാം പലവിധത്തില്‍ ജീവിക്കുന്നതെന്ന് സംതൃപ്തിയടയുകയും ചെയ്യും.
കാറല്‍ മാര്‍ക്‌സിന്റെ ത്രികാല ജ്ഞാനം!
ജീവിച്ചിരിക്കുമ്പോള്‍ അനുയായികളായ ചിലര്‍ തന്റെ സിദ്ധാന്തങ്ങളെ വികലമാക്കുന്നതില്‍ പ്രതിഷേധിച്ച് ‘ദൈവത്തിനു സ്തുതി, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല’ എന്നു മാര്‍ക്‌സിനു പറയേണ്ടി വന്നിട്ടുണ്ട് എന്നാണല്ലോ ചില ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്‌സിന് സര്‍വകാല പ്രസക്തിയുണ്ടെന്നു തെളിയിക്കാന്‍ ആധുനിക കാലത്തെ മാര്‍ക്‌സിസ്റ്റുകള്‍ പുറത്തെടുക്കുന്ന വിദ്യകള്‍ ജീവിച്ചിരുന്നെങ്കില്‍ മാര്‍ക്‌സിനെയും ലജ്ജിപ്പിക്കുമായിരുന്നു. ലാറ്റിനമേരിക്കന്‍ പശ്ചാത്തലവും വിമോചന ദൈവശാസ്ത്രത്തോട് ആഭിമുഖ്യവുമുള്ള പോപ്പ് ഫ്രാന്‍സിസ് പ്രചരിപ്പിക്കുന്നത് ‘ശുദ്ധ മാര്‍ക്‌സിസം’ ആണെന്ന ചിലരുടെ ആരോപണം, ന്യൂയോര്‍ക്ക് സിറ്റി മേയറായിരുന്ന ബില്‍ ഡെബ്ലാസിയോ ‘പശ്ചാത്താപമില്ലാത്ത മാര്‍ക്‌സിസ്റ്റ്’ ആണെന്ന ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ വിമര്‍ശനം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രചാരം നല്‍കുന്നത് ഈ തന്ത്രങ്ങളില്‍പ്പെടുന്നു. വളരെക്കുറച്ച് ആളുകള്‍ മാത്രമേ മാര്‍ക്‌സിന്റെ തീക്ഷ്ണമായ മുതലാളിത്ത വിമര്‍ശനം ശരിയായി മനസ്സിലാക്കുന്നുള്ളൂ. മുതലാളിത്തത്തിന്റെ സ്ഥാനത്ത് അനിവാര്യമായും കമ്യൂണിസം വരുമെന്നതിനെക്കുറിച്ച് വളരെയധികം പേര്‍ക്കും അവ്യക്തമായ ധാരണയാണുള്ളത്. എന്നാല്‍ ഇത് എങ്ങനെ സംഭവിക്കുമെന്നാണ് മാര്‍ക്‌സ് വിശ്വസിച്ചിരുന്നത് എന്ന കാര്യത്തില്‍ ഇവര്‍ക്ക് തെറ്റിദ്ധാരണയാണ്. ‘ആധുനിക മുതലാളിത്തത്തിന്റെ പല പ്രവണതകളും മാര്‍ക്‌സ് പണ്ടേ പ്രവചിച്ചിരുന്നു’ എന്നൊക്കെയാണ് വാദഗതികള്‍. അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങളിലെ സാമ്പത്തിക മാന്ദ്യം, ഏഴാം തലമുറയില്‍പ്പെട്ട ‘ഐഫോണ്‍’, സാമ്പത്തിക ആഗോളവല്‍ക്കരണത്തെ സഹായിക്കുന്ന ഐഎംഎഫ്, ബഹുരാഷ്ട്ര കുത്തകയായ വാള്‍മാര്‍ട്ട് എന്നിവയെക്കുറിച്ചൊക്കെ ഒന്നരനൂറ്റാണ്ടുമുന്‍പ് മാര്‍ക്‌സിന് കടന്നുകാണാന്‍ കഴിഞ്ഞിരുന്നു എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ ചരിത്രബോധമില്ലാതെ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ ആവര്‍ത്തിക്കും. ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും കണ്ടുപിടുത്തങ്ങളെയും സംഭവവികാസങ്ങളെയും യാതൊരു മടിയും കൂടാതെ മാര്‍ക്‌സിന്റെ മേല്‍വിലാസത്തിലേക്കു മാറ്റും. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്ഥാപിത താല്‍പ്പര്യങ്ങളൊന്നുമില്ല എന്നു വരുത്താന്‍ ‘മാര്‍ക്‌സ് പല കാര്യങ്ങളിലും തെറ്റായിരുന്നു’ എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. മുതലാളിത്തത്തിന്റെ ബദല്‍ കണ്ടെത്തുന്നതിനെക്കാള്‍ അതിന്റെ വിമര്‍ശകനായിരുന്നു മാര്‍ക്‌സ് എന്നൊരു സ്വയംവിമര്‍ശനവും നടത്തും.
സമ്പദ് വ്യവസ്ഥയെ ആഗോളവല്‍ക്കരിച്ച മുതലാളിത്തത്തിന്റെ ആരാധകനായിരുന്നുവല്ലോ മാര്‍ക്‌സ്. കമ്യൂണിസ്റ്റു മാനിഫെസ്‌റ്റോയിലെ മുതലാളിത്തത്തെക്കുറിച്ചുള്ള അപദാനങ്ങള്‍ ഇതിനു തെളിവാണ്. ആചാര്യന് ഇങ്ങനെയാവാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് അത് പാടില്ല എന്നായിരിക്കും അനുയായികള്‍ ചിന്തിക്കുന്നത്. ഇതുകൊണ്ടാവാം മുതലാളിത്തത്തിന്റെ അത്ഭുത സിദ്ധികളെ മുന്‍നിര്‍ത്തി മാര്‍ക്‌സാണ് ശരിയെന്ന് ഇവര്‍ തുടര്‍ന്നും വാദിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിന്റെ അനിവാര്യ നിയമം അനുസരിച്ച് മുതലാളിത്തം ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകുമെന്നു പറഞ്ഞയാളുടെ പ്രസക്തി തെളിയിക്കാന്‍ അതേ മുതലാളിത്തത്തെ കൂട്ടുപിടിക്കുന്നതില്‍ മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍ക്ക് യാതൊരു ജാള്യതയും തോന്നുന്നില്ല. ബുദ്ധിപരമായ സത്യസന്ധതയുടെ പ്രശ്‌നം അവരെ ബാധിക്കുന്നതേയില്ല.
മാര്‍ക്‌സിന്റെ കൃതികള്‍ ലോകത്തെ ഇപ്പോഴും ഭാവാത്മകമായി രൂപപ്പെടുത്തുകയാണെന്നു പറയുന്നവര്‍ അതിന് ബാലിശമായ കാരണങ്ങളും നിരത്തും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് പുരോഗമനപരമായ വരുമാന നികുതിക്കുവേണ്ടി വാദിച്ചപ്പോള്‍ ലോകത്തെ ഒരു രാജ്യത്തും അത് ഉണ്ടായിരുന്നില്ലത്രേ. ഇന്നാകട്ടെ അതില്ലാത്ത രാജ്യങ്ങളില്ലെന്നു മാത്രമല്ല, വരുമാനത്തിലെ അസമത്വം നേരിടാന്‍ അമേരിക്ക പോലും ഇത് ഉപയോഗിക്കുകയും ചെയ്യുന്നുവത്രേ. മുതലാളിത്തത്തിനെതിരായ മാര്‍ക്‌സിന്റെ ധാര്‍മികവിമര്‍ശനവും, അതിന്റെ ആന്തരിക പ്രക്രിയയെയും ചരിത്രസന്ദര്‍ഭത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഇക്കാലത്തും ശ്രദ്ധിക്കേണ്ടതു തന്നെയാണത്രേ. ‘അപ്രമാദിത്വമുള്ളതുകൊണ്ടല്ല, ഒഴിവാക്കാനാവാത്തതുകൊണ്ടാണ് ആധുനിക ലോകം മാര്‍ക്‌സിലേക്ക് തിരിയുന്നത്’ എന്നു പറയാന്‍ മാത്രം വിവേകശൂന്യരായി മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ മാറുന്നു.
പാളിപ്പോയ പ്രവചനം
മുതലാളിത്തത്തെ മുന്‍നിര്‍ത്തി, അതും മാര്‍ക്‌സ് ആഗ്രഹിച്ചതിന് വിരുദ്ധമായി ആ വ്യവസ്ഥിതിയുടെ അതിജീവനശേഷിയെ ആശ്രയിച്ച് മാര്‍ക്‌സിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ വലിയ കാപട്യമാണ് കാണിക്കുന്നത്. ഇപ്രകാരം വാചാലരാവുന്ന മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ പക്ഷേ, ചരിത്രപരം എന്നു വിശേഷിപ്പിക്കാവുന്ന മാര്‍ക്‌സിന്റെ ഒരു പ്രവചനത്തിന് പില്‍ക്കാലത്ത് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് കനത്ത നിശ്ശബ്ദത പാലിക്കും. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും അനുസരിച്ച് വിപ്ലവം സംഭവിക്കുമെന്ന് മാര്‍ക്‌സ് പ്രവചിച്ച രാജ്യങ്ങളിലൊന്നും അത് നടന്നില്ല. മുതലാളിത്തം സ്വയം അതിന്റെ ശവക്കുഴി തോണ്ടുമെന്നും, തൊഴിലാളി വര്‍ഗ വിപ്ലവത്തിലൂടെ സോഷ്യലിസം നിലവില്‍ വരുമെന്നുമുള്ളത് ലോക ത്തെ മുഴുവന്‍ തന്നിലേക്കാകര്‍ഷിച്ച മാര്‍ക്‌സിന്റെ പ്രഖ്യാപനമാണ്. മാര്‍ക്‌സിസത്തിന്റെ മൗലിക തത്വമായ ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്‌സ് ഈ പ്രഖ്യാപനം നടത്തിയത്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചില്ല എന്നത് ആധുനിക മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാരുടെ ചര്‍ച്ചാ വിഷയമേ അല്ല. അവര്‍ തന്ത്രപൂര്‍വം മൗനം അവലംബിക്കുകയോ സമര്‍ത്ഥമായി ഉരുണ്ടുകളിക്കുകയോ ചെയ്യും.
തന്റെ കാലത്ത് വ്യാവസായികമായി മുന്നേറിയ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ വിപ്ലവം നടക്കുമെന്നായിരുന്നു മാര്‍ക്‌സ് പ്രവചിച്ചത്. ഇതിനുശേഷം യൂറോപ്പിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്നും പ്രതീക്ഷിച്ചു. ഒടുവില്‍ ലോകം മുഴുവനും. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി വര്‍ഗത്തിന്റെ വിജയം അനിവാര്യമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് പറയുന്നത്. ഇത് മാര്‍ക്‌സിന്റെ വെറുമൊരു ആഗ്രഹം മാത്രമായിരുന്നില്ല. തന്റെ സിദ്ധാന്തമനുസരിച്ച് മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കുള്ള സ്വാഭാവിക പരിണാമമാണ് സംഭവിക്കുകയെന്നും മാര്‍ക്‌സ് സമര്‍ത്ഥിച്ചു. തന്റെ ജീവിതകാലത്തുതന്നെ ഈ വിപ്ലവം കാണാനാവുമെന്നും കരുതി. ഇതാണ് അലസിപ്പോയത്. വ്യാവസായികമായി മുന്നേറിയ പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പകരം അവികസിതവും കാര്‍ഷിക സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നതുമായ റഷ്യ, ചൈന, കംബോഡിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലാണ് ‘വിപ്ലവം’ നടന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നടന്ന ശീതസമരകാലത്ത് കടുത്ത ആശയപ്പോരാട്ടങ്ങളുണ്ടായിട്ടും ലോകതൊഴിലാളികള്‍ സംഘടിക്കുകയോ ഐക്യപ്പെടുകയോ ചെയ്തില്ല.
വ്യവസായവല്‍ക്കരണത്തിന്റെ തുടക്കകാലത്തുതന്നെ ഇംഗ്ലണ്ടിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ വേതനത്തെക്കുറിച്ചോ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചോ പറയാന്‍ യാതൊരു അധികാരവുമുണ്ടായിരുന്നില്ല. 12 മണിക്കൂറായിരുന്നു ജോലി. ഭക്ഷണസമയം പോലും കണക്കാക്കിയിരുന്നില്ല. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ പോലും വ്യവസായശാലകളിലും ഖനികളിലും പണിയെടുത്തു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ മുതലായ നഗരങ്ങളിലെ തൊഴിലാളികളുടെ ജീവിത സാഹചര്യം 1880 വരെ വളരെ മോശമായിരുന്നു. ഓടകളും അഴുക്കും വ്യവസായിക മാലിന്യങ്ങളും അശുദ്ധവായുവും മലിനജലവും അന്തരീക്ഷത്തെ വിഷമയമാക്കി. ഇംഗ്ലണ്ടിലെ വ്യവസായ നഗരങ്ങളിലെ അഞ്ച് വയസ്സിനു താഴെയുള്ള 25 ശതമാനം കുട്ടികളും രോഗവും പോഷകാഹാരക്കുറവും മൂലം മരണമടഞ്ഞിരുന്നു. മുതലാളിമാര്‍ എന്നറിയപ്പെട്ട വ്യവസായ ഉടമകള്‍ കൂടുതല്‍ രാഷ്ട്രീയ അധികാരം നേടി. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്തെ തൊഴിലാളി സംരക്ഷണ നിയമങ്ങള്‍ വരെ പാര്‍ലമെന്റ് റദ്ദാക്കി. തൊഴിലാളികള്‍ യൂണിയനുകള്‍ രൂപീകരിക്കുന്നതിനെ ക്രിമിനല്‍ ഗൂഢാലോചനാ നിയമം കൊണ്ടുവന്ന് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അതിശക്തരായിത്തീര്‍ന്ന മുതലാളിമാര്‍ ആഡംസ്മിത്തിന്റെ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തി തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു. കോളനികളില്‍ ബ്രിട്ടീഷുകാരെ തോല്‍പ്പിച്ച് അമേരിക്കന്‍ വിപ്ലവം നടന്ന 1776 ല്‍ ആഡംസ്മിത്ത് മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുള്ള ഗ്രന്ഥം, വെല്‍ത്ത് ഓഫ് നേഷന്‍സ് എഴുതി. സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ മുതലാളിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് സ്മിത്ത് വാദിച്ചു. ചുരുക്കത്തില്‍ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. അതില്‍നിന്നുള്ള ഒരു മോചനം അവര്‍ ആഗ്രിച്ചു. ഇവിടെയാണ് മാര്‍ക്‌സിന്റെ രംഗപ്രവേശം.
വിപ്ലവത്തിനായുള്ള പരക്കംപാച്ചില്‍
ജര്‍മനിയില്‍ ജനിച്ച മാര്‍ക്‌സ് യുവ ഹെഗലിയന്മാരുടെ സംഘത്തില്‍ ചേരുകയും പിന്നീട് ജെന സര്‍വകലാശാലയില്‍നിന്ന് തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. റൈനിസ് സെറ്റങ് (Rheinische Zeitung) എന്ന ബൂര്‍ഷ്വാ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ മാര്‍ക്‌സ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ ആ പത്രം നിരോധിച്ചു. മാര്‍ക്‌സ് എഡിറ്റര്‍ പദവി രാജിവച്ചു. ഇവിടെവച്ചാണ് ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ ഏംഗല്‍സ് ആദ്യമായി മാര്‍ക്‌സിനെ കാണുന്നത്. ജര്‍മനിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമായതിനെത്തുടര്‍ന്ന് പാരീസിലെത്തിയ മാര്‍ക്‌സ് അവിടെയും പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. വിപ്ലവചിന്താഗതികളുടെ വിളനിലമായ ഫ്രാന്‍സില്‍ തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയ മാര്‍ക്‌സ് ‘സീക്രട്ട് ലീഗ് ഓഫ് ജസ്റ്റ്’ എന്ന സംഘടനയില്‍ ചേര്‍ന്നു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാര്‍ക്‌സ് ബെല്‍ജിയത്തിലെ ബ്രസല്‍സിലെത്തി. ബെല്‍ജിയം ഡെമോക്രാറ്റുകളുമായും സോഷ്യലിസ്റ്റുകളുമായും മാര്‍ക്‌സും ഏംഗല്‍സും ബന്ധം സ്ഥാപിച്ചു. ഇവിടെവച്ചാണ് ഏംഗല്‍സിന്റെ ‘ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവസ്ഥ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
മാര്‍ക്‌സും ഏംഗല്‍സും തൊഴിലാളി വര്‍ഗ പ്രസ്ഥാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പ്രഷ്യന്‍ പൗരത്വം ഉപേക്ഷിച്ച മാര്‍ക്‌സ് ബ്രസല്‍സില്‍ എംഗല്‍സുമായി ചേര്‍ന്ന് അന്താരാഷ്ട്ര തൊഴിലാളി വര്‍ഗസംഘടന രൂപീകരിക്കാന്‍ ശ്രമം നടത്തി. സോഷ്യലിസ്റ്റുകളുടെ വൈകാരിക സമീപനത്തെ തുറന്നുകാട്ടി. ഇതേ തുടര്‍ന്ന് ബെല്‍ജിയത്തിലും ‘ലീഗ് ഓഫ് ജസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചു. ഇതാണ് പിന്നീട് കമ്യൂണിസ്റ്റ് ലീഗ് ആവുന്നത്. ലണ്ടനില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോണ്‍ഗ്രസില്‍ മാര്‍ക്‌സും ഏംഗല്‍സും പങ്കെടുത്തു. ഇതിനുശേഷമാണ് മാനിഫെസ്റ്റോ എഴുതുന്നത്.
1848 ല്‍ ഫ്രാന്‍സില്‍ വിപ്ലവം നടന്നു. ബ്രസല്‍സില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് മാര്‍ക്‌സും കുടുംബവും പാരീസിലേക്കു പോയി. അവിടെയും കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവര്‍ത്തനം തുടങ്ങി. ഏംഗല്‍സും എത്തിച്ചേര്‍ന്നു. പിന്നീട് ജര്‍മനയിലെ വിപ്ലവത്തില്‍ പങ്കുചേരാന്‍ അവിടേക്കു പോയി. ജര്‍മനിയിലെയും അയല്‍രാജ്യങ്ങളിലെയും തൊഴിലാളികളെ സഹായിക്കാന്‍ പുതിയൊരു പത്രം തുടങ്ങി. വിയന്ന വര്‍ക്കേഴ്‌സ് അസോസിയേഷനില്‍ യൂറോപ്പിലെ തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവപ്രവര്‍ത്തനങ്ങളെക്കുറിച്ച് മാര്‍ക്‌സ് പ്രസംഗിച്ചു. ബൂര്‍ഷ്വാസിയെക്കുറിച്ചും പ്രതിവിപ്ലവത്തെക്കുറിച്ചുമെഴുതി. പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ മാര്‍ക്‌സും ഏംഗല്‍സും തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെത്തി. ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടതറിഞ്ഞ് മാര്‍ക്‌സ് വീണ്ടും പാരീസിലെത്തി. എന്നാല്‍ അത് പരാജയപ്പെട്ടു. മാര്‍ക്‌സിനെ നാടുകടത്തി. വീണ്ടും ലണ്ടനിലെത്തി സകുടുംബം താമസമാക്കി. ഗവേഷണത്തിലും പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. തൊഴിലാളി വര്‍ഗവിപ്ലവത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിച്ചു. മാര്‍ക്‌സ് മൂലധനത്തിന്റെ രചനയില്‍ വ്യാപൃതനായി. ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍ (ഒന്നാം ഇന്റര്‍നാഷണല്‍) സ്ഥാപിച്ച മാര്‍ക്‌സ് അതില്‍ അംഗവുമായി. കുറെക്കഴിഞ്ഞ് പാരീസ് കമ്യൂണ്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും മാര്‍ക്‌സിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും മൂന്നുമാസത്തിനകം തകര്‍ന്നു.
ശൂന്യതയില്‍ വിപ്ലവം നടക്കുമെന്ന് മാര്‍ക്‌സ് കരുതിയിട്ടില്ല. തന്റെ സിദ്ധാന്തമനുസരിച്ച് യൂറോപ്യന്‍ സമൂഹം വിപ്ലവത്തിന് പാകമായിട്ടുണ്ടെന്നും, തൊഴിലാളി വര്‍ഗ്ഗം അതിനുള്ള കരുത്ത് നേടിയിട്ടുണ്ടെന്നും മനസ്സിലാക്കിയാണ് ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സും അധികം വൈകാതെ വിപ്ലവത്തിന് വേദിയാകുമെന്ന് മാര്‍ക്‌സ് പ്രവചിച്ചത്. സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ഈ മൂന്നു രാജ്യങ്ങളിലെയും വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അനുഭവം മുന്‍നിര്‍ത്തിയുമായിരുന്നു മാര്‍ക്‌സിന്റെ ഈ പ്രവചനം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഓരോ വരികളിലും ഈ പ്രതീക്ഷ തുടിച്ചു നില്‍ക്കുന്നതു കാണാം. ഏംഗല്‍സാവട്ടെ ജര്‍മനിയില്‍നിന്ന് ഏറെ പ്രതീക്ഷിച്ചു. ബൂര്‍ഷ്വാ വിപ്ലവവും തൊഴിലാളിവര്‍ഗ വിപ്ലവവും ഒരുമിച്ചു സംഭവിക്കുമെന്ന് കരുതി.
ഇങ്ങനെ ചിന്തിക്കാന്‍ ഏംഗല്‍സിനെ സംബന്ധിച്ചിടത്തോളം പ്രത്യേക കാരണമുണ്ടായിരുന്നു. മാര്‍ക്‌സിനെ വീണ്ടും പാരീസില്‍ കണ്ടുമുട്ടുന്നതിനു മുന്‍പുതന്നെ ഏംഗല്‍സ് കമ്യൂണിസ്റ്റായി കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ തൊഴിലാളികളെക്കുറിച്ചുള്ള The condition of the working class in England in 1844 എന്ന പുസ്തകം എഴുതുകയായിരുന്നു ഏംഗല്‍സ്. മാര്‍ക്‌സിനെപ്പോലും സ്വാധീനിച്ച വളരെ ആധികാരിക പഠനമായിരുന്നു ഇത്. ആശയരൂപീകരണത്തിനും എഴുത്തിനും ഏതാണ്ട് പൂര്‍ണമായിത്തന്നെ പുസ്തകങ്ങളെ ആശ്രയിച്ച മാര്‍ക്‌സിന്റെ രീതിയില്‍നിന്ന് വ്യത്യസ്തമായി വ്യവസായശാലകളും തൊഴിലിടങ്ങളുമൊക്കെ നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചും, തൊഴിലാളികളുടെ ജീവിത സാഹചര്യം അടുത്തറിഞ്ഞുമാണ് ഏംഗല്‍സ് എന്ന മുതലാളി ഈ കൃതി രചിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കരട് രൂപം തയ്യാറാക്കിയതുപോലും ഏംഗല്‍സായിരുന്നു എന്നത് അധികം പേര്‍ക്കും അറിയില്ല.
മാനിഫെസ്റ്റോയിലും മൂലധനത്തിലും
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ആ സ്ട്രിയ, ഹങ്കറി, ഡെന്മാര്‍ക്ക് എന്നിങ്ങനെ പന്ത്രണ്ടിലേറെ യൂറോപ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ വിപ്ലവങ്ങള്‍ അരങ്ങേറുന്ന വര്‍ഷമാണ് (1848) കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ഒരുവര്‍ഷത്തിനകം യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തൊഴിലാളികളുടെ ഈ കലാപങ്ങളെ അടിച്ചമര്‍ത്തി. ഇത്തരം കലാപങ്ങള്‍ അപക്വമായിരുന്നുവെന്ന് മാര്‍ക്‌സ് നിലപാടെടുത്തു. ജര്‍മനിയിലോ ഫ്രാന്‍സിലോ സോഷ്യലിസ്റ്റ് വിപ്ലവം ആസന്നമായിരിക്കുകയാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നുണ്ട്. ”യൂറോപ്യന്‍ നാഗരികതയുടെ വികസിച്ച സാഹചര്യങ്ങളിലും പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെയും പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെയും തൊഴിലാളി വര്‍ഗത്തെക്കാള്‍ എത്രയോ വളര്‍ന്നിട്ടുള്ള ഒരു തൊഴിലാളി വര്‍ഗത്തിന്റെ പിന്‍ബലത്തോടുകൂടിയും നടക്കുമെന്ന് ഉറപ്പിക്കാവുന്ന ഒരു ബൂര്‍ഷ്വാ വിപ്ലവത്തിന്റെ വക്കത്ത് ജര്‍മനി എത്തിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടും, ജര്‍മനിയിലെ ബൂര്‍ഷ്വാ വിപ്ലവം അതേത്തുടര്‍ന്ന് ഉടനടിയുണ്ടാകുന്ന തൊഴിലാളി വര്‍ഗ വിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജര്‍മനിയില്‍ കേന്ദ്രീകരിക്കുന്നു.” (65) യാതൊരു അവ്യക്തതയുമില്ലാതെ അസന്ദിഗ്ധമായാണ് ഈ വിപ്ലവ പ്രവചനം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിപ്ലവം എല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും-ചുരുങ്ങിയത് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെങ്കിലും-ഒരേ സമയത്തു നടക്കുന്നതാണെന്ന ഉറച്ചധാരണയാണ് മാനിഫെസ്റ്റോ പങ്കുവയ്ക്കുന്നത്.
‘മൂലധന’ത്തിന്റെ ഒന്നാം ജര്‍മന്‍ പതിപ്പിന് എഴുതിയ ആമുഖത്തിലും ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ വിപ്ലവ സാധ്യതയെക്കുറിച്ച് മാര്‍ക്‌സ് രണ്ടിടത്ത് വിവരിക്കുന്നുണ്ട്. ”18-ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ സ്വാതന്ത്ര്യസമരം യൂറോപ്പിലെ ഇടത്തരക്കാര്‍ക്ക് ഒരു സമരാഹ്വാനമായി കലാശിച്ചുവല്ലോ. അതുപോലെ 19-ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ആഭ്യന്തര യുദ്ധം യൂറോപ്പിലെ തൊഴിലാളി വര്‍ഗത്തിനും ഒരു സമരകാഹളമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലണ്ടില്‍ സാമൂഹികമായ ശിഥിലീകരണവും നാശവും പുരോഗമിക്കുകയാണെന്ന് കണ്ണുള്ളവര്‍ക്കെല്ലാം കാണാം. ഒരു ഘട്ടമെത്തിയാല്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലും അതിന്റെ പ്രത്യാഘാതം ഉണ്ടാകാതിരിക്കില്ല. അപ്പോള്‍ അത് ഇംഗ്ലണ്ടിലേതിനെക്കാള്‍ പൈശാചികമായ രൂപം കൈക്കൊള്ളുമോ എന്ന കാര്യം നിര്‍ണയിക്കുക തൊഴിലാളി വര്‍ഗത്തിന്റെ തന്നെ വളര്‍ച്ചയുടെ തോതാണ്.” (66)
യൂറോപ്പിനെ വിപ്ലവത്തിലേക്കു നയിക്കുന്ന മാറ്റം അനിവാര്യമാണെന്ന് മാര്‍ക്‌സ് വിലയിരുത്തി. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പേരുകള്‍ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. ”ജര്‍മനിയിലും ഫ്രാന്‍സിലും ചുരുക്കത്തില്‍ യൂറോപ്പു ഭൂഖണ്ഡത്തില്‍പ്പെട്ട എല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും മുതലാളി-തൊഴിലാളി ബന്ധം സംബന്ധിച്ച് ഇംഗ്ലണ്ടില്‍ നടന്നപോലെ തന്നെ സമൂലമായ ഒരു മാറ്റം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അത് അനിവാര്യമാണെന്നും വ്യക്തമാണ്.”(67)
കണ്‍മുന്നില്‍ വിപ്ലവം സംഭവിക്കുമെന്ന് സ്വപ്‌നം കണ്ടിട്ടും അങ്ങനെ സംഭവിക്കാത്തതില്‍ മാര്‍ക്‌സ് അക്ഷമനായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എങ്ങനെയും ഒരു വിപ്ലവം സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതിന് മൂന്നു രാജ്യങ്ങളിലായി നെട്ടോട്ടമോടുകയായിരുന്നു മാര്‍ക്‌സും ഏംഗല്‍സും. ജര്‍മനിയിലും ഫ്രാന്‍സിലും ബ്രിട്ടനിലും വിപ്ലവം ഉണ്ടാകുമെന്നാണ് മാര്‍ക്‌സ് പ്രതീക്ഷിച്ചത്. ഇവിടെ പിഴച്ചു. പക്ഷേ ആചാര്യന് തെറ്റുപറ്റിയിട്ടില്ലെന്ന് വരുത്താനാണ് അനുയായികളുടെ ശ്രമം. ഇതിന് ചില കാരണങ്ങളും അവര്‍ നിരത്തും. ‘മാനവരാശിയുടെ നീണ്ട ചരിത്രത്തിനിടയില്‍ ഒരു ചെറിയ പരാമര്‍ശം മാത്രമാണ് മുതലാളിത്തമെന്ന് മാനിഫെസ്റ്റോ എഴുതിയ കാലം മുതല്‍ മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞുപോരുന്നതാണ്. ഇവരുടെ കാലത്ത് മുതലാളിത്ത ഉല്‍പ്പാദന രീതി ഇംഗ്ലണ്ടിലും ബെല്‍ജിയത്തിലും ഫ്രാന്‍സിന്റെ വടക്കന്‍ മേഖലകളിലും പ്രഷ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും മാത്രമാണുണ്ടായിരുന്നത്. യൂറോപ്പിന്റെ മറ്റ് മേഖലകളില്‍ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല.’ എന്നിട്ടും യൂറോപ്പില്‍ അധികം വൈകാതെ സോഷ്യലിസ്റ്റ് വിപ്ലവം സംഭവിക്കുമെന്ന് സ്വപ്‌നം കണ്ടത് മാര്‍ക്‌സിന്റെ മഹത്വമായി അനുയായികള്‍ ചിത്രീകരിക്കുന്നു. ‘എവിടെയാണ് വിപ്ലവം തുടങ്ങുകയെന്ന് മാര്‍ക്‌സിന് അറിയില്ലായിരുന്നു. മുതലാളിത്തം പുരോഗമിച്ച ബ്രിട്ടനിലായിരിക്കുമോ? അല്ല. അയര്‍ലന്റിലെ കോളനിവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതില്‍നിന്ന് ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗം പുറത്തുവന്നാല്‍ മാത്രമാണ് ഇതിനുള്ള സാധ്യതയുള്ളത്. കുറച്ചുമാത്രം മുതലാളിത്ത വികസനം നടന്നിട്ടുള്ളതും, മഹത്തായ വിപ്ലവത്തിന്റെ പാരമ്പര്യത്തില്‍നിന്ന് രാഷ്ട്രീയ പക്വത നേടിയിട്ടുള്ളതുമായ ഫ്രാന്‍സില്‍ ഒരുപക്ഷേ ഇത് (സോഷ്യലിസ്റ്റ് വിപ്ലവം) സംഭവിച്ചേക്കാം. 1871 ലെ പാരീസ് കമ്യൂണാണ് ഇങ്ങനെ ചിന്തിക്കാന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചത്.’ അതിബുദ്ധിമാന്മാരായ ചില അനുയായികള്‍ ആചാര്യനെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന ബൗദ്ധിക സാഹസങ്ങളാണ് ഇവയൊക്കെ. മാര്‍ക്‌സ് വ്യക്തമായി പറഞ്ഞിട്ടുള്ളതിനെപ്പോലും ദുര്‍വ്യാഖ്യാനിക്കാന്‍ മിടുക്കുള്ളവരാണ് പല മാര്‍ക്‌സിസ്റ്റ് ചിന്തകരും. ഇക്കാര്യത്തില്‍ മാര്‍ക്‌സിനെ തന്നെയാണ് ഇവര്‍ മാതൃകയാക്കുന്നത്.
(തുടരും)
അടിക്കുറിപ്പുകള്‍:-
65. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്.
66. മൂലധനം (ഒന്നാം വാള്യം), കാറല്‍ മാര്‍ക്‌സ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.
67. Ibid
ഭാഗം 11 വായിക്കുവാന്‍ https://kesariweekly.com/33183/ സന്ദര്‍ശിക്കുക