ബോട്‌സ്വാനക്കാരനായ ആഫ്രിക്കന്‍ കവി കെന്നത്ത മസ്‌വാബി ദാരിദ്ര്യത്തെക്കുറിച്ച്””Poverty is a monster from hell Dressed in coat of fury” എന്ന് തന്റെ”Poverty and Africa’ എന്ന കവിതയില്‍ എഴുതിയിരിക്കുന്നു. യൂറോപ്യന്‍ കവികളില്‍ പലരും ദാരിദ്ര്യത്തെയും വിശപ്പിനെയും കുറിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്. ഒരു പക്ഷെ ലോകത്തെല്ലാഭാഷകളിലും ദാരിദ്ര്യത്തെയും വിശപ്പിനേയും കുറിച്ചുള്ള കവിതകള്‍ ഉണ്ടാവാം. ഇംഗ്ലീഷില്‍ വേഡ്‌സ്‌വര്‍ത്തും യേറ്റ്‌സും എമിലിഡിക്കിന്‍സനും എല്ലാം ഈ വിഷയം അടിസ്ഥാനപ്പെടുത്തി കവിതകള്‍ രചിച്ചിട്ടുണ്ട്. അവയൊക്കെത്തന്നെ വെറും സ്റ്റേറ്റ്‌മെന്റുകള്‍ മാത്രമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒന്നിനും കാവ്യഗുണമുണ്ടെന്ന് പറയാനാവില്ല. ഇംഗ്ലീഷിലൂടെ വായിച്ച മറ്റുഭാഷാകവിതകളുടെയും സ്ഥിതി അതുതന്നെ. ഏറ്റവും കൂടുതല്‍ ‘വിശന്ന’ കവിതകള്‍ എഴുതിയിട്ടുള്ളത് ആഫ്രിക്കന്‍ കവികളാണ്. കാരണം ആഫ്രിക്കയെന്ന ഭൂഖണ്ഡം തന്നെ വിശപ്പിന്റെ ലോകമാണല്ലോ. യൂറോപ്യന്‍ കവികളെക്കാള്‍ തീവ്രമായി ഈ വിഷയം അവതരിപ്പിക്കാന്‍ ആഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിരിക്കിലും പലതും പ്രസ്താവനകള്‍ മാത്രമായിപ്പോകുന്നു. ഒരുപക്ഷെ തര്‍ജ്ജമയില്‍ കവിത ചോര്‍ന്നുപോകുന്നതാവാം.
ഇന്ത്യന്‍ ഇംഗ്ലീഷ് കവികളില്‍ വളരെ പ്രശസ്തനായ ജയന്താ മഹാപത്രയുടെ ഏറ്റവും പ്രശസ്തങ്ങളായ കവിതകള്‍ “Indian Summer’ ഉം Hunger ഉം ആണ്. ദാരിദ്ര്യത്തെ വരച്ചുകാണിക്കുന്നതില്‍ ഏറ്റവുമധികം വിജയിച്ച ഇംഗ്ലീഷ് കവിത മഹാപത്രയുടേതാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ രചനാ സൗഷ്ഠവം കണക്കിലെടുത്താവണം ഇംഗ്ലീഷിലെഴുതിയിട്ടും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം വച്ചുനീട്ടിയത്.
മഹാപത്രയുടെ കവിത അതിലെ കാവ്യതന്ത്രങ്ങളെക്കാള്‍ ഉള്ളടക്കം കൊണ്ടാണ് നമ്മെ ഞെട്ടിക്കുന്നത്. ദാരിദ്ര്യം താങ്ങാനാവാതെ മകളെ വ്യഭിചാരത്തിനായി കൊണ്ടു നടക്കുന്ന അച്ഛനെയാണ് കവി നമുക്കു കാണിച്ചു തരുന്നത്. ഒരു ഉല്പന്നമെന്ന പോലെ മകളെ ആള്‍ക്കാരെ കാണിച്ചു വില്പന നടത്തുന്ന അച്ഛന്‍ അക്കാലത്തെ ഇന്ത്യന്‍ ദാരിദ്ര്യത്തിന്റെ ദയനീയ പ്രതീകമാണ്. കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
“”She opened her wormy legs wide.
I felt hunger there
The other one, the fish slithering
turning inside”
കവിയ്ക്ക് തന്റെ കാമവികാരത്തോടു പുച്ഛം തോന്നുന്നു. മറ്റൊരു വിശപ്പിനെക്കുറിച്ച് അപ്പോഴാണു കവി ആദ്യമായി ചിന്തിക്കുന്നത്. ലൈംഗികവികാരത്തിനപ്പുറം ഉള്ളില്‍ ഇഴയുന്ന മറ്റൊരു വികാരമുണ്ടെന്ന് കവി അപ്പോഴാണ് തിരിച്ചറിയുന്നത്. എല്ലാ അര്‍ത്ഥത്തിലും നമ്മെ ഞെട്ടിക്കുന്നതാണ് മഹാപത്രയുടെ കവിത. യൂറോപ്യന്‍ നോവലുകളില്‍ വായനക്കാരെ അമ്പരപ്പിക്കുന്ന രീതിയില്‍ ദാരിദ്ര്യം വരച്ചു കാണിക്കാന്‍ രചയിതാക്കള്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും കവിതകളില്‍ എടുത്തുകാണിക്കാവുന്ന ഒന്നുമുണ്ടെന്നു തോന്നുന്നില്ല. അവിടെ മഹാപത്ര വിജയിയായി നമ്മുടെ മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്നു.
മലയാളം വാരികയില്‍ (നവം.28) ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ ‘ചെരുപ്പാളി’ എന്ന കവിത വായിച്ചപ്പോഴാണ് കവിതയിലെ ദാരിദ്ര്യം അന്വേഷിച്ചു പോകാനിടയായത്. കവിതയുടെ ഉള്ളടക്കം ചെരുപ്പുകുത്തിയുടെയും കുടുംബത്തിന്റെയും ദാരിദ്ര്യമാണ്. ‘ചെരുപ്പു കുത്തി’ എന്ന പരമ്പരാഗതമായ വാക്കു പ്രയോഗിക്കാതെ കവി പുതിയപദം സൃഷ്ടിക്കുന്നു. തൊഴിലാളിയെപ്പോലെ ചെരുപ്പാളി. പുതിയ വാക്കുകള്‍ സൃഷ്ടിക്കുക കവിതയുടെ ധര്‍മ്മമാണ്. കുഞ്ചന്‍ നമ്പ്യാര്‍ എത്രയോ പുതിയ വാക്കുകള്‍ മലയാളത്തിനു സംഭാവന ചെയ്തു. ഷേക്‌സ്പിയര്‍ സൃഷ്ടിച്ച പദങ്ങള്‍ ഇംഗ്ലീഷിന്റെ ഏറ്റവും വലിയ സമ്പത്താണ്.
ഈയടുത്ത് കവിത ഹരീന്ദ്രന്‍ പോറ്റി എന്ന കവിയുടെ പുസ്തകം ‘ചിത്രത്തില്‍ വരയപ്പെട്ട പെണ്‍കുട്ടി’ കണ്ടപ്പോള്‍ പുതിയ പദങ്ങള്‍ സൃഷ്ടിക്കാന്‍ വെമ്പുന്ന കവി ഹൃദയത്തെയാണ് ഓര്‍ത്തത്. വരയ്ക്കുക എന്നതിന് കേവലരൂപമായി വരയുക എന്നൊരു പദം ഭാഷയില്‍ സാധ്യമല്ല. കാരണം ‘വരയ്ക്കുക’ എന്നത് കേവലക്രിയയാണ്. അതിന്റെ പ്രയോജകരൂപം വരപ്പിക്കുക എന്നാണ്. അതുകൊണ്ടുതന്നെ വരയുക എന്ന പ്രയോഗം വ്യാകരണ രീത്യാ സാധുവല്ല. പക്ഷെ വ്യാകരണത്തെ ഉല്ലംഘിക്കാന്‍ കവിയ്ക്ക് അവകാശമുണ്ട്. ആ അവകാശമുപയോഗിച്ച് ‘വരയുക’ എന്ന പദത്തിന് പുതിയ ഒരു അര്‍ത്ഥം നല്‍കാന്‍ കവി ശ്രമിക്കുന്നു. അതിനെ സമൂഹം സ്വീകരിച്ചാല്‍ ഭാഷയുടെ ഭാഗമായി മാറും. കവികളുടെ തെറ്റുകള്‍ പോലും പിന്നീട് പ്രയോഗങ്ങളായി മാറിയിട്ടുണ്ട്.
ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ കവിതയിലേയ്ക്ക് തിരികെ വരാം. ‘ചെരുപ്പാളി’ മനോഹരമായ കവിതയാണ്. അതില്‍ ജീവിതത്തിന്റെ ദുരന്തഭൂമിയിലേയ്ക്കുള്ള നോട്ടമുണ്ട്. പുതിയ നിരീക്ഷണങ്ങളുണ്ട്. ‘ചെരുപ്പാളി’ ഓരോ മനുഷ്യന്റെയും ചെരുപ്പില്‍ നോക്കുന്നതുപോലെ ബാലഗോപാലന്‍ സാധാരണ മനുഷ്യന്റെ ദാരിദ്ര്യത്തിലേയ്ക്ക് ഉറ്റുനോക്കുന്നു. കവി ഒടുവില്‍ ചോദിക്കുന്നത് ‘ജീവിതത്തില്‍ മുന്നോട്ടാക്കം മുട്ടിയവന്‍ കാലുകളിലേക്കല്ലാതെ പിന്നെയെവിടെ നോക്കാനാണ്?’ എന്നാണ്. ആ ചോദ്യം വ്യംഗ്യഭംഗിയാല്‍ സമൃദ്ധമാണ്. ധ്വന്യാത്മകമാണ്. ഒരുപാടു ചോദ്യങ്ങള്‍ ഒളിപ്പിച്ചു വച്ചതാണ്.
‘മുന്നോട്ട് ആക്കം മുട്ടിയവന്‍’ എന്ന് കവി എഴുതിയത് പന്മന രാമചന്ദ്രന്‍ നായര്‍ ഇടപെട്ട് ‘മുന്നോക്കത്തെ’ വീണ്ടും ‘മുന്നാക്ക’ മാക്കിയതിന്റെ സൂചന കൊണ്ടാണെന്നു തോന്നും. ‘മുന്നോക്കം’ ‘പിന്നോക്കം’ എന്നീ പ്രയോഗങ്ങള്‍ തെറ്റെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. കാരണം ശബ്ദതാരാവലിയില്‍ മുന്നാക്കവും പിന്നാക്കവും മാത്രമേയുള്ളൂ. മുന്നോക്കവും പിന്നോക്കവുമില്ല. മുന്നാക്ക സമുദായം മുന്നിലേയ്ക്ക് ആയുന്ന സമുദായമാണോ? മുന്നില്‍ നില്‍ക്കുന്ന സമുദായമല്ലേ? പിന്നാക്ക സമുദായം പിന്നിലേയ്ക്ക് ആയുന്നതെന്തിനാണ്? അവര്‍ക്കും മുന്നിലേയ്ക്ക് പോകാനല്ലേ താല്പര്യം. മുന്നാക്കസമുദായം,പിന്നാക്ക സമുദായം എന്നീ പ്രയോഗങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ തെറ്റല്ലേ? ‘മുന്നോക്കം’ മുന്നില്‍ നില്‍ക്കുന്നത് എന്ന അര്‍ത്ഥത്തില്‍ ആരോ യാദൃച്ഛികമായി സൃഷ്ടിച്ചതാണ്. ആ പദത്തെ ‘കാളപെറ്റെന്നു കേട്ട ഉടന്‍ കയറെടുക്കുന്നവര്‍’ ഉടന്‍ തന്നെ നിഷ്‌കാസനം ചെയ്ത് മുന്നാക്കമാക്കി. ഭാഷയ്ക്ക് രണ്ടു വാക്കുകള്‍ നഷ്ടമായി. ശബ്ദതാരാവലിയില്‍ ഉള്ളതു മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ? സമൂഹം സ്വേച്ഛയാല്‍ സ്വീകരിച്ചിട്ടുള്ള പദങ്ങളെ കണ്ടെത്തി നിഘണ്ടുക്കളില്‍ ഉള്‍പ്പെടുത്തിയാലല്ലേ ഭാഷ വളരൂ! മാതൃഭൂമി ദിനപ്പത്രം മാത്രം വിചാരിച്ചാല്‍ മുന്നോക്കവും പിന്നോക്കവും തിരോഭവിക്കുമെന്നു തോന്നുന്നില്ല. അവ മടങ്ങിവരും. മുന്‍, പിന്‍ എന്നിവയോട് എന്തുവാക്കുചേര്‍ക്കും എന്നത് ഒരു കീറാമുട്ടിയാണ്. ഓക്കം എന്നൊരു പദം ഭാഷയില്‍ നിലവില്‍ ഇല്ല. നിലവില്‍ ഇല്ലെങ്കിലും പുതുതായി ചേര്‍ക്കാമല്ലോ.
മലയാളത്തില്‍ ശിവകുമാര്‍ അമ്പലപ്പുഴയുടെ ‘എട്ടര ഒമ്പത് ഒമ്പതര’ എന്ന കവിതയ്ക്ക് ദൃക്‌സാക്ഷി വിവരണം എന്ന പദമാണ് ചേരുന്നത്. ഒരു ചന്തയുടെ വിവരണമാണ് കവിതയിലുള്ളത്. എട്ടരയ്ക്കു തുടങ്ങുന്ന ചന്തയിലെ വിഭവങ്ങളോരൊന്നും വര്‍ണിക്കുന്നു. ഐസില്‍ വച്ച മീനൊക്കെയുണ്ട്. കൂട്ടത്തില്‍ പൂച്ചയെ തെറി പറയുന്ന ഒരു ‘ചേടത്തി’ യുമുണ്ട് (തെറിയും കവിതയില്‍ ചേര്‍ക്കാന്‍ വിട്ടിട്ടില്ല.പുതിയ കാലത്ത് തെറി ഒരവശ്യ വിഭവമാണല്ലോ). ശിവകുമാര്‍ അമ്പലപ്പുഴയുടെ കവിത കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഉണ്ണുനീലി സന്ദേശത്തിലെ ചന്തയുടെ വര്‍ണനയാണ്. പൂര്‍വ്വഭാഗത്തിലെ 7 ശ്ലോകങ്ങളില്‍ പ്രാസഭംഗിയോടെ നടത്തുന്ന ആ ചന്ത ആരും ആവര്‍ത്തിച്ചു വായിക്കും സംശയമില്ല.
”തട്ടും കട്ടില്‍ക്കയറു പലകക്കട്ടില്‍ മഞ്ചട്ടി കൊട്ടം
മൊട്ടും മുട്ടില്‍ക്കരയുമരിയും പെട്ടിയും പട്ടുനൂലും
പട്ടും ചൊട്ടക്കയറുമുറിയും കട്ടിലും കട്ടിയാവും
തട്ടും ചട്ടിക്കലവുമിലയും കൊട്ടയും കെട്ടുനാരും”
…………… ……………. …………..
ഇങ്ങനെ പോകുന്ന ആ വരികള്‍ തീര്‍ച്ചയായും ഒരു ദൃക്‌സാക്ഷി വിവരണം തന്നെയാണ്. ഇവിടെ അര്‍ത്ഥം കൊണ്ടല്ല സന്ദേശകാരന്‍ കവിത സൃഷ്ടിക്കുന്നത് ശബ്ദം കൊണ്ടാണ്. പൊരുളുകൊണ്ടു മാത്രമല്ല പൊരുത്തം കൊണ്ടും കവിതയൊരുക്കാം. അമ്പലപ്പുഴ ശിവകുമാറിനു പൊരുളുമില്ല പൊരുത്തവുമില്ല. വെറും യാന്ത്രികമായ വിവരണം മാത്രം. അതിനു ഒരു കവി വേണമെന്നില്ല. പത്രപ്രവര്‍ത്തകനും അതിനു കഴിയും.
എന്‍.ഹരി മലയാളത്തില്‍ എഴുതിയിരിക്കുന്ന കഥയാണ് ‘മരതം’. മരതം എന്ന പദത്തിന്റെ അര്‍ത്ഥമെന്തെന്ന് അറിയില്ല. കഥാകൃത്തിനു പരിചയമില്ലാത്തതിനാല്‍ ചോദിക്കാനുമാവില്ല. വളരെ അസാധാരണത്വത്തോടെ ആരംഭിച്ച് ഒടുവില്‍ ഒരു സാധാരണ കഥയായി ഹരിയുടെ മരതം ഒടുങ്ങുന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെത്തുന്ന രണ്ടുപേര്‍ ഒരുമിച്ചു ചേര്‍ന്ന് അന്ത്യാഭിലാഷങ്ങള്‍ നിറവേറ്റുന്നതാണ് കഥ. സൂരജിന്റെ അന്ത്യാഭിലാഷം ഉത്സവപ്പറമ്പില്‍ കൂക്കിവിളിക്കണമെന്നാണ്. പൊടിയന്റേത് (ഓച്ചിറ) ശത്രുവായ ഭൈരവനെ തല്ലണമെന്നും. രണ്ടുപേരും അഭിലാഷങ്ങള്‍ നിറവേറ്റുന്നു. തല്ലിനിടയില്‍ ഭൈരവന്‍ മരിച്ചെന്നു കരുതി ആത്മഹത്യ ഉപേക്ഷിച്ചു രണ്ടുപേരും ഇരുട്ടില്‍ രക്ഷപ്പെടുന്നു.
ആവിഷ്‌കാരത്തില്‍ കുറച്ചു പുതുമയൊക്കെയുള്ള കഥ തന്നെ. ഒരു മോശം കഥയാണെന്നു പറയാനാവില്ല. വായനയെ ശരിക്കും ഉത്തേജിപ്പിക്കുന്നതാകയാല്‍ വായിച്ചു തുടങ്ങിയതും അവസാനിച്ചതുമറിഞ്ഞില്ല. എങ്കിലും എല്ലാവരും പ്രതീക്ഷിക്കുന്ന ശുഭപര്യവസായിയായ ഒരന്ത്യം നല്‍കിയതു വഴി കഥയ്ക്ക് അതിന്റെ അസാധാരണത്വം നഷ്ടപ്പെടുന്നു. ഭൈരവന്‍ മരിച്ചോ രക്ഷപ്പെട്ടോ എന്നതൊന്നും കഥാഘടനയെ ബാധിക്കാത്ത വിഷയമാണെങ്കിലും മരിച്ചില്ലെന്ന് കൃത്യമായി സൂചിപ്പിക്കാന്‍ കഥാകൃത്ത് ഒരുങ്ങിയത് രചനയുടെ നിലവാരം താഴ്ത്തിക്കൊണ്ടു വരുന്നു. പുതിയകാലത്തെ രചനകള്‍ക്കു ചേരാത്ത ഒരു പര്യവസാനം നല്‍കി കഥാകൃത്ത് പിന്‍വാങ്ങുന്നതു നന്നായില്ല.
ആത്മഹത്യയും അതിനുമുന്‍പുള്ള സംഘര്‍ഷങ്ങളും ഇതിവൃത്തമാക്കിയിട്ടുള്ള ധാരാളം കഥകള്‍ വായിച്ചിട്ടുണ്ട്. അതില്‍ ഓര്‍മ വരുന്നത് ഒ.ഹെന്റിയുടെ പ്രസിദ്ധമായ ‘- “The Furnished Room’ എന്ന കഥയാണ്. കാമുകി നഷ്ടപ്പെട്ടതിന്റെ ദുഃഖം മൂലം മരിക്കാനായി ഒരു മുറി തിരക്കി കാമുകന്‍ അലയുന്നു. ഒടുവില്‍ ഒരു മുറി കണ്ടെത്തുന്നു. ആ മുറിയില്‍ അയാള്‍ക്കു കാമുകിയുടെ ഗന്ധം അനുഭവപ്പെടുന്നു. ആ ഗന്ധത്തോട് അയാള്‍ വര്‍ത്തമാനം പറയുന്നു. ഒടുവില്‍ അവിടെത്തന്നെ ജീവനൊടുക്കുന്നു. ഒരാഴ്ചയ്ക്കു മുന്‍പ് അയാളുടെ കാമുകിയും ഇതേ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ മരിക്കും വരെ അയാള്‍ അത് അറിയുന്നില്ല. ഒരാഴ്ച മുന്‍പ് ഒരു മരണം നടന്ന മുറിയാണെന്നറിഞ്ഞാല്‍ വാടകക്കാരന്‍ സ്വീകരിക്കില്ല എന്ന് ഭയന്ന് വീട്ടുടമസ്ഥന്‍ ആ വിവരം മറച്ചുവച്ചു. മരണശേഷമാണ് ഉടമസ്ഥ മറ്റൊരാളോട് ആ വിവരം പറയുന്നത്. അപ്പോഴും യുവാവ് അകത്ത് ആത്മഹത്യ ചെയ്ത വിവരം കെട്ടിടയുടമ അറിഞ്ഞിട്ടില്ല. ഹെന്റിയുടെ കഥയ്ക്ക് ഒരു ദാര്‍ശനികമാനമുണ്ട്. എന്നാല്‍ എന്‍.ഹരിയുടെ കഥയില്‍ അതൊന്നുമില്ല. തുടക്കത്തില്‍ അത്തരം സൂചനകള്‍ കഥാകൃത്ത് നല്‍കുന്നുണ്ടെങ്കിലും കഥ പറയാനുള്ള ആവേശത്തില്‍പ്പെട്ട് അയാള്‍ കൂടുതല്‍ തുറന്നെഴുത്തുകള്‍ക്കു മുതിരുന്നു.
Comments