മഹാഭൂതാന്യഹങ്കാരോ
ബുദ്ധിരവ്യക്തമേവ ച
ഇന്ദ്രിയാണി ദശൈകം ച
പഞ്ച ചേന്ദ്രിയ ഗോചരാഃ
ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം
സംഘാത ശ്ചേതനാ ധൃതിഃ
ഏതത് ക്ഷേത്രം സമാസേന
സവികാരമുദാഹൃതം (ഗീത 13-6,7)
അഞ്ചു കോശങ്ങള്‍ അഥവാ മൂന്നു ശരീരങ്ങളായാണ് മൂലപ്രകൃതിയില്‍ നിന്നുണ്ടായ മഹാഭൂതങ്ങള്‍, അഹങ്കാരം എന്നീ പദാര്‍ത്ഥങ്ങളെ ക്ഷേത്രത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ് ക്ഷേത്രഭാഗങ്ങളായ അഞ്ചു കോശങ്ങള്‍. അവയില്‍ അന്നമയകോശം സ്ഥൂലശരീരവും പ്രാണമയ-മനോമയ- വിജ്ഞാനമയ കോശങ്ങള്‍ സൂക്ഷ്മശരീരവും ആനന്ദമയകോശം കാരണശരീരവുമാകുന്നു. അവയെ കൂട്ടിയിണക്കി നിര്‍ത്തുന്നത് ജീവനേച്ഛ അഥവാ ആശയാണ്. അവയുടെ ചൈതന്യാധാരം ആത്മാവ് അഥവാ ക്ഷേത്രജ്ഞനും സ്വഭാവം പ്രകൃതി സ്വരൂപമായ സത്വ-രജസ്-തമസ്സുകളുമാകുന്നു. ആത്മാവ് അഥവാ പിതാവും പ്രകൃതി അഥവാ മാതാവും ജീവജാലങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നു മുകളില്‍ കണ്ടു കഴിഞ്ഞു. പാണ്ഡവോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് വ്യാസന്‍ വര്‍ണ്ണിച്ച രണ്ടാം നിയോഗ കഥയാണ് പഞ്ചകോശനിര്‍മ്മിതിയുടെ ദൃശ്യാവിഷ്‌കരണം.
പഞ്ചീകൃത പഞ്ചഭൂത നിര്‍മ്മിതമായ സ്ഥൂലശരീരം അന്നമയകോശമെന്നു പ്രസിദ്ധമാണ്. അപഞ്ചീകൃത പഞ്ചഭൂതങ്ങള്‍ അഥവാ പഞ്ചതന്മാത്രകളാല്‍ നിര്‍മ്മിക്കപ്പെടുന്നവയാണ് പ്രാണമയ, മനോമയ, വിജ്ഞാനമയ കോശങ്ങള്‍. അവയില്‍ പഞ്ചപ്രാണന്മാരും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്നത് പ്രാണമയകോശം. മനസ്സും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും കൂടിയത് മനോമയകോശം, ബുദ്ധിയും ജ്ഞാനേന്ദ്രിയങ്ങളും ചേര്‍ന്നത് വിജ്ഞാനമയകോശം. അനാദ്യവിദ്യാരൂപമായ കാരണശരീരം ആനന്ദമയകോശമാകുന്നു. ശരീരം അഥവാ ക്ഷേത്രത്തിന്റെ ഭാഗമായ പഞ്ചകോശങ്ങള്‍ക്ക് കഥാപാത്രപദവി നല്‍കിയപ്പോള്‍ അന്നമയകോശം ജീവിതയുദ്ധത്തില്‍ ആദ്യന്തം സ്ഥിരമായി നിലനില്‍ക്കുന്നവനായ യുധിഷ്ഠിരനായി. ജീവിത വിജയതത്ത്വം ഉദ്ഗാനം ചെയ്യുന്ന ജയം എന്നു പേരായ ഈ ഇതിഹാസത്തിന്റെ നായകനായി ആദിപര്‍വം മുതല്‍ സ്വര്‍ഗ്ഗാരോഹണപര്‍വാന്ത്യം വരെ ആയുസ്സും നേടി. കാലമാണ് സ്ഥൂലശരീരത്തിന്റെ ഉല്‍പ്പത്തി സ്ഥിതി വിനാശങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അവലംബം. പ്രകൃതി സിദ്ധമായ ധര്‍മ്മങ്ങളെ സ്ഥൂലശരീരം ഒരിക്കലും ലംഘിക്കുകയുമില്ല. അതിനാല്‍ യുധിഷ്ഠിരന്‍ യമധര്‍മ്മന്റെ മകന്‍ അഥവാ ധര്‍മ്മപുത്രനുമായി. പ്രാണമയകോശത്തിനാസ്പദം വിശ്വപ്രാണനാണ്. ജീവരാശിയുടെ ബലം കുടികൊള്ളുന്നത് അതിലാണ്. അതിനാല്‍ പ്രാണമയകോശം വായുപുത്രനും ബലശാലിയുമായ ഭീമസേനനായി. അവന്റെ തണലിലാണ് മറ്റെല്ലാ കോശങ്ങളും നിലനില്‍ക്കുന്നത്. പാണ്ഡവസേനയുടെ രക്ഷകന്‍ ഭീമസേനനാണെന്നും അതുകൊണ്ട് ആ സൈന്യം യുദ്ധം ചെയ്യാനും ജയിക്കാനും സമര്‍ത്ഥമാണെന്നും ദുര്യോധനന്‍ പറഞ്ഞത് ഗീതയുടെ തുടക്കത്തില്‍ കേട്ടല്ലോ. സ്വര്‍ഗ്ഗലോകത്തിന്റെ ഭാഗമാണ് മനസ്സ്. ദേവരാജാവിനോടുള്ള ബന്ധം പുരസ്‌കരിച്ച് മനോമയകോശത്തിന് ഇന്ദ്രപുത്രത്വവും ജീവിത വിജയത്തിന്റെ മുഖ്യഹേതുവാകയാല്‍ വിജയനെന്ന പ്രശസ്തിയും കൃഷ്ണദ്വൈപായനനേകി. ആര്‍ക്കാകിലും ജീവിതാനുഭവങ്ങളുണ്ടാകുന്നത് മനസ്സിലാണ്. ആത്മസാന്നിദ്ധ്യമനുഭവപ്പെടുന്നതും അവിടെത്തന്നെ. അതിനാല്‍ ജീവിതായോധനം നടക്കുന്ന കുരുക്ഷേത്രഭൂമിയില്‍ ആത്മസ്വരൂപനായ ശ്രീകൃഷ്ണന്‍ തെളിക്കുന്ന തേരിലിരുന്ന് കൃഷ്ണന്റെ ഉപദേശമനുസരിച്ച് ധര്‍മ്മപക്ഷമായ പാണ്ഡവസേനയെ നയിക്കുന്ന കര്‍മ്മകുശലത്വമേറിയ സവ്യസാചിയായി, അധര്‍മ്മമാകുന്ന ശത്രുക്കളെ വെല്ലുന്ന ജിഷ്ണുവായി, മനോമയകോശത്തെ വ്യാസന്‍ ചിത്രണം ചെയ്തു. ആത്മാനം രഥിനം വിദ്ധി എന്നാരംഭിക്കുന്ന കഠോപനിഷത് മന്ത്രതത്ത്വമാണിത്. ഈ മൂന്നു കോശങ്ങളുടെയും ബന്ധദാര്‍ഢ്യം പുരസ്‌കരിച്ച് ഒരമ്മയുടെ -കുന്തി എന്ന പൃഥയുടെ – മക്കളായാണ് യുധിഷ്ഠിരഭീമാര്‍ജ്ജുനന്മാരെ അവതരിപ്പിച്ചിരിക്കുന്നത്. വിജ്ഞാനമയ ആനന്ദമയകോശങ്ങളാണ് നകുലസഹദേവന്മാര്‍. ഈ കോശങ്ങളുടെ സ്വഭാവവും അടുപ്പവും മൂലം മാദ്രി ഇരട്ടപെറ്റതാണെന്നും അശ്വിനീ ദേവകളുടെ സന്താനങ്ങളാണെന്നും കൂടി പറഞ്ഞു വച്ചപ്പോള്‍ പാണ്ഡവര്‍ സര്‍വമാനവരുടെയും കഥാമയമായ സമ്പൂര്‍ണ്ണശരീരശാസ്ത്രമായി പരിണമിച്ചു. അവരെ ഒരുമിച്ചു നിര്‍ത്തുന്ന ആശയാണ് ദ്രുപദരാജപുത്രിയായ പാഞ്ചാലി.
സമസ്ത ജീവരാശിയുടെയും മാതാപിതാക്കള്‍ മൂലപ്രകൃതിയും പരമാത്മാവുമാണെന്ന ഗീതാദര്‍ശനത്തെ ധൃതരാഷ്ട്രാദികളുടെ ഉല്‍പത്തി വര്‍ണ്ണിച്ച് കഥാമയമാക്കിയ കൃഷ്ണദ്വൈപായനന്‍ സൂക്ഷ്മജഗത്തിലെ ദേവന്മാരിലൂടെ സ്ഥൂലജഗത്തില്‍ അതെങ്ങനെ സംഭവിക്കുന്നു എന്നു കാണിക്കാന്‍ വേണ്ടി വീണ്ടുമൊരു നിയോഗകഥ വര്‍ണ്ണിച്ചു. അങ്ങനെ ക്ഷേത്രക്ഷേത്രജ്ഞയോഗത്തിന് അത്യന്തം നാടകീയമായ രൂപം കൈവരുന്നതു കാണാം. പഞ്ചകോശങ്ങളടങ്ങിയ ശരീരം ഭൂമണ്ഡലത്തിലുള്ള മാതാപിതാക്കള്‍ നിര്‍മ്മിച്ചതല്ല. മറിച്ച് അവരിലൂടെ സംഭവിക്കുന്ന ദേവനിര്‍മ്മിതിയാണെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പ്രപഞ്ചമാതാപിതാക്കളായ പ്രകൃതിയും പരമാത്മാവുമാണ് സൂക്ഷ്മജഗത്തിലെ ദേവന്മാരുടെ പിതാക്കളെന്നും ഗീതാവാക്യങ്ങളാല്‍ അറിഞ്ഞുകൊള്‍ക. മുമ്പുദ്ധരിച്ച സര്‍വയോനിഷു കൗന്തേയ —(ഗീത 14-4) എന്ന ശ്ലോകം മാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു. വിഭൂതിയോഗത്തില്‍ അതു നന്നേ സ്പഷ്ടമായിത്തന്നെ കേള്‍ക്കാം. ജ്ഞാനവിജ്ഞാനയോഗം, അക്ഷരബ്രഹ്‌മയോഗം, രാജവിദ്യാരാജഗുഹ്യയോഗം എന്നിവയില്‍ നിന്ന് അതിന്റെ സൂക്ഷ്മതത്ത്വങ്ങളും ലഭിക്കും. വിശ്വരൂപദര്‍ശനയോഗത്തില്‍ സമസ്തജീവരാശിയും വിശ്വപ്രാണനില്‍ ഒന്നിച്ചു വസിക്കുന്നതു കണ്ട് അവയുടെ പരസ്പരബന്ധം മനസ്സിലാക്കുകയുമാവാം. പഞ്ചകോശങ്ങളെന്ന പാണ്ഡവരുടെ ദേവാംശസംഭവത്വം കാണിക്കാന്‍ വേണ്ടി കൃഷ്ണദ്വൈപായനന്‍ പാണ്ഡു മൃഗശാപത്തില്‍ കുടുങ്ങിയെന്നു വര്‍ണ്ണിച്ചു. കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തില്‍ സസുഖം വസിക്കവേ മൃഗയാലോലനായി സഞ്ചരിക്കുമ്പോള്‍ പാണ്ഡു മിഥുനകര്‍മ്മത്തിലേര്‍പ്പെട്ടിരുന്ന മാനിനെ അമ്പെയ്‌തെന്നാണു കഥ. കിംദമന്‍ എന്നു പേരായ ഒരു ഋഷിയായിരുന്നു ആ മാന്‍. അസഫലമായ കാമവും വേദനയും കൊണ്ടു പുളഞ്ഞ് അദ്ദേഹം രാജാവിനെ ശപിച്ചു. കാമത്തോടെ പത്‌നിയെ സമീപിക്കുമ്പോള്‍ മരിപ്പാനിടവരട്ടെ എന്നതായിരുന്നു ശാപം. പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നതു പോലെ ഷണ്ഡത്വമല്ല. അതായിരുന്നെങ്കില്‍ പാണ്ഡുവിന് മരണം ഭവിപ്പാന്‍ ഇടയുണ്ടാകുമായിരുന്നില്ല. മക്കളില്ലാതെ മരിക്കേണ്ടി വരുന്നവര്‍ക്ക് ഇഹവും പരവുമില്ലെന്ന വിചാരം പാണ്ഡുവിനെ വല്ലാതെ വേദനിപ്പിച്ചു. നിയോഗമായിരുന്നു അദ്ദേഹം കണ്ടെത്തിയ രക്ഷാമാര്‍ഗ്ഗം. പക്ഷെ കുന്തിക്ക് അതു സമ്മതമായിരുന്നില്ല. പാണ്ഡു ഏറെ ക്ലേശിക്കേണ്ടി വന്നു കുന്തിയെക്കൊണ്ടു സമ്മതം മൂളിക്കാന്‍. ധാര്‍മ്മികനായ പുത്രനു വേണ്ടി യമധര്‍മ്മനെയും ബലവാനായ പുത്രനു വേണ്ടി വായുവിനെയും ക്ഷത്രിയ തേജസ്സിന്റെ ഉടമയായ പുത്രനെ ലഭിക്കാനായി ഇന്ദ്രനെയും പാണ്ഡുവിന്റെ നിര്‍ദ്ദേശത്താല്‍ യഥാകാലം അവള്‍ ആഹ്വാനം ചെയ്തു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്താല്‍ മാദ്രിക്കു വേണ്ടിയും കുന്തി മന്ത്രശക്തി പ്രയോഗിച്ചു. അവള്‍ സങ്കല്‍പിച്ചത് അശ്വിനീദേവകളെയായിരുന്നു. അങ്ങനെ പാണ്ഡുവിന് കുന്തിയില്‍ യുധിഷ്ഠിര ഭീമസേന അര്‍ജ്ജുനന്മാരും മാദ്രിയില്‍ നകുലസഹദേവന്മാരും പിറന്നു.
വിവാഹത്തിനു മുമ്പ് കുന്തിക്ക് വേറൊരു മകന്‍ പിറന്ന കഥയും വ്യാസന്‍ പറഞ്ഞു വച്ചിട്ടുണ്ട്. ദുര്‍വാസാവില്‍ നിന്നു ലഭിച്ച മന്ത്രം പരീക്ഷിച്ചു നോക്കാനുണ്ടായ കൗതുകത്തിന്റെ ഫലമായിരുന്നു സൂര്യപുത്രനായ കര്‍ണ്ണന്‍. കര്‍ണ്ണനും അര്‍ജ്ജുനനും മനസ്സു തന്നെ. അവിവേക പൂര്‍ണ്ണമായ മനസ്സും വിവേകശാലിയായ മനസ്സുമെന്നു മാത്രം. അതിനു വേണ്ടുന്ന വ്യക്തത അവരുടെ ജനനകഥയിലെന്ന പോലെ പ്രവൃത്തികളിലും വ്യാസന്‍ വരുത്തിയിട്ടുണ്ട്. അര്‍ജ്ജുനന്റെ തേരു തെളിക്കുന്നത് യോഗേശ്വരനായ കൃഷ്ണന്‍ അഥവാ പരമാത്മാവ്. കര്‍ണ്ണന്റെ തേരു തെളിക്കാന്‍ കിട്ടിയത് ധര്‍മ്മാധര്‍മ്മങ്ങളുടെ ഹൃദയമറിയാത്ത ശല്യര്‍. അവര്‍ തമ്മിലുള്ള അന്തരം ആ ദ്വൈരഥത്തിലൂടെയും വ്യാസന്‍ വ്യക്തമാക്കി വച്ചു. വ്യക്തികളുടെയുള്ളില്‍ വിവേകാവിവേകങ്ങള്‍ തമ്മില്‍ നടക്കുന്ന സംഗരമാണ് കുരുക്ഷേത്രയുദ്ധം. അവിവേകപൂര്‍ണ്ണമായ മനസ്സ് യുദ്ധത്തിനു വെടിമരുന്നിടുന്നു. പാഞ്ചാലിയുടെ ഉടുവസ്ത്രം പിടിച്ചഴിയ്ക്കാന്‍ സഭയില്‍ വച്ച് ദുശ്ശാസനന് കര്‍ണ്ണന്‍ നല്‍കിയ ആജ്ഞയിലൂടെ അത് തുറന്നു കാട്ടപ്പെട്ടു. അവിവേകം നശിച്ചു വിവേകബുദ്ധിയുറച്ചാലേ പ്രശ്‌നങ്ങളവസാനിക്കൂ. ‘യത്രയോഗേശ്വരഃ കൃഷ്‌ണോ… ‘ എന്നാരംഭിക്കുന്ന അവസാന ശ്ലോകത്തിലൂടെ വിജയത്തിന്റെ തത്ത്വശാസ്ത്രം ഭഗവദ്ഗീതയില്‍ വ്യാസന്‍ വ്യക്തമാക്കിയിട്ടുള്ളത് നേരത്തേ ഉദ്ധരിച്ചല്ലോ.
ഇതിനെല്ലാം പരഭാഗശോഭ പകര്‍ന്നു കൊണ്ട് സ്വന്തം ജനനകഥയും വ്യാസന്‍ ആദിപര്‍വത്തിലെ 57-ാമത് അദ്ധ്യായത്തില്‍ എഴുതി വച്ചിട്ടുണ്ട്. എന്തുകൊണ്ട് അക്കഥയും അദ്ദേഹം അങ്ങനെതന്നെ എഴുതി പ്രകാശിപ്പിച്ചു? വ്യാസന്റെ സത്യസന്ധത എന്ന് പലരും അതിനു വിശദീകരണം നല്‍കിയിട്ടുണ്ട് ശരി തന്നെയാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും അത്രമാത്രം കൊണ്ട് അവസാനിക്കുന്നതാണോ അതിന്റെ ആന്തരാര്‍ത്ഥം? പ്രസിദ്ധമായ ഗീതാ ശ്ലോകങ്ങളുടെ കഥാവിഷ്‌കൃതിയാണിതും. എപ്പോഴൊക്കെയാണോ ധര്‍മ്മത്തിനു മങ്ങലും അധര്‍മ്മത്തിന് വര്‍ദ്ധനവുമുണ്ടാകുന്നത് അപ്പോഴെല്ലാം ഞാന്‍ ശരീരം കൈക്കൊള്ളുന്നു. സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുര്‍ജ്ജനങ്ങളുടെ ദുഷ്ടബുദ്ധിയെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ യഥായോഗ്യം പുനഃപ്രതിഷ്ഠിക്കുന്നതിനുമായി ഞാന്‍ യുഗങ്ങള്‍ തോറും ജനിക്കുന്നു എന്ന ഗീതാ വാക്യമാണ് വ്യാസോല്‍പത്തി കഥയായിത്തീര്‍ന്നത്.
യദായദാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ (ഗീത 4-7,8)
പരാശര മഹര്‍ഷിക്ക് സത്യവതി എന്ന മത്സ്യഗന്ധിയില്‍ ജനിച്ച ബ്രഹ്‌മസ്വരൂപനാണ് കൃഷ്ണദ്വൈപായനന്‍. ധര്‍മ്മ സംസ്ഥാപനത്തിനായി പരമാത്മാവ് കൈക്കൊണ്ട അവതാരമാണദ്ദേഹം. സൃഷ്ടി സ്ഥിതി സംഹാരരൂപമായ ലോകജീവിതമാണ് വ്യാസന്റെ പ്രതിഭയില്‍ യമുനയായിത്തീര്‍ന്നത്. ആദ്ധ്യാത്മികമായ യോഗ്യതയനുസരിച്ച് ജീവന്മാരെ യമുനാ നദിയില്‍ അക്കരെയിക്കരെ കടത്തുന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത് മൂലപ്രകൃതിയാണ്. അവളാണ് കൈവര്‍ത്തക കന്യകയായ സത്യവതി. സത്യം അഥവാ ബ്രഹ്‌മം അവള്‍ക്കൊപ്പമുണ്ടെന്നു സാരം. ജന്മാന്തരഗതമായ കര്‍മ്മവാസനകളാല്‍ ബദ്ധരാണല്ലോ ജീവന്മാരെല്ലാം. അവരെ സംബന്ധിച്ചിടത്തോളം അവള്‍ അവിദ്യാരൂപിണിയും മത്സ്യഗന്ധിയുമായിരിക്കും. അവിദ്യ ജീവാത്മാക്കളെ പ്രപഞ്ചത്തില്‍ ബന്ധിച്ചിടുന്നു. എന്നാല്‍ ബ്രഹ്‌മജ്ഞനെ ജനിമൃതികളുടെ മറുകരയെത്തിക്കുന്ന വിദ്യാരൂപിണിയും മൂലപ്രകൃതിയല്ലാതെ മറ്റാരുമല്ല. പരാശരസംഗമത്താല്‍ മത്സ്യഗന്ധം നീങ്ങിയ സത്യവതി യോജനഗന്ധയായി തീര്‍ന്നെന്ന വ്യാസകഥയ്ക്കാസ്പദം അതാണ്. പ്രപഞ്ചകോലാഹലങ്ങളുടെ നടുവിലെന്നിരിക്കിലും ബ്രഹ്‌മാനുഭവസ്വരൂപമായ ദ്വീപനിശ്ചലതയില്‍ പരാശരനെന്ന ബ്രഹ്‌മജ്ഞാകൃതി കൈക്കൊണ്ട പരമാത്മാവ് വിദ്യാരൂപിണിയായ മൂലപ്രകൃതിയിലൂടെ സ്വീകരിച്ച മാനുഷാകാരമാണ് കൃഷ്ണദ്വൈപായനനെന്ന് തിരിച്ചറിയുമ്പോള്‍ വ്യാസോല്‍പത്തി കഥയുടെ ഗീതാരഹസ്യം വ്യക്തമായിത്തീരും. സാത്വികഗുണമാത്രത്താല്‍ ശരീരസൃഷ്ടി സാദ്ധ്യമല്ല. അതിനാല്‍ രജസ്സും തമസ്സും കൊണ്ട് നീഹാരമുളവാക്കി ബ്രഹ്‌മതത്ത്വദര്‍ശനം പ്രതിബന്ധിക്കേണ്ടി വരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ക്ഷേത്രക്ഷേത്രജ്ഞയോഗത്തില്‍ അതെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഗുണത്രയവിഭാഗയോഗവും ഇവിടെ പ്രസക്തമാകുന്നു. അതിനെയും അസ്വാഭാവികത തെല്ലും പുരളാത്ത കഥയാക്കി ഇവിടെ വ്യാസന്‍ മാറ്റിയിരിക്കുന്നു. ഗര്‍ഭധാരണവും പ്രസവവും അപ്പോള്‍ തന്നെ കഴിഞ്ഞതും അമ്മ വിചാരിക്കുന്ന മാത്രയില്‍ എത്തിക്കൊള്ളാമെന്ന് പറഞ്ഞ് അനുവാദവും വാങ്ങി വ്യാസന്‍ ഉടനേ തപസ്സിനു പുറപ്പെട്ടതും ‘തദാത്മാനം സൃജാമ്യഹം’ എന്ന ഭഗവദ് വാക്യത്തെ കൂടുതല്‍ സ്പഷ്ടമാക്കിത്തീര്‍ക്കുന്നു.
അജയ്യരെന്നു പുകള്‍പെറ്റ ഭീഷ്മദ്രോണാദിമഹാരഥന്മാരുടെ നേതൃത്വവും പതിനൊന്നക്ഷൗഹിണികളുമുള്ള കൗരവപ്പടയെ വെറും ഏഴ് അക്ഷൗഹിണികള്‍ മാത്രമുള്ള പാണ്ഡവര്‍ തോല്‍പ്പിച്ചത് ഭൗതിക ദൃഷ്ട്യാ എളുപ്പമുള്ള കാര്യമല്ല. യുദ്ധത്തിന്റെ ഒന്നാം ദിവസം പടക്കളത്തില്‍ സൈന്യങ്ങള്‍ ഇരുപുറവുമായി അണിനിരന്നപ്പോള്‍ കൗരവപക്ഷത്തിന്റെ വിജയം മാത്രമേ ഭൗതികദൃക്കുകള്‍ക്ക് പ്രതീക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നിട്ടും സംഭവിച്ചത് സജ്ജനങ്ങളാഗ്രഹിച്ചതു പോലെ പാണ്ഡവവിജയമാണ്. അതിന്റെ രഹസ്യം ഭഗവദ്ഗീതയില്‍ കൃഷ്ണന്റെ വാക്യമായും വ്യാസവാക്യമായും കിടപ്പുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍പ്പെട്ട് മനസ്സാക്ഷിക്കു വിപരീതമായി കൗരവപക്ഷത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരായവരുടെ വാക്കുകളിലും അതു മുഴങ്ങുന്നു. യതോധര്‍മ്മ സ്തതോ ജയഃ എന്ന് എത്രയോ തവണ വിവിധ കഥാപാത്രങ്ങളെക്കൊണ്ട് വ്യാസന്‍ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു. ‘യതോധര്‍മ്മ സ്തത കൃഷ്ണഃ യതഃ കൃഷ്ണസ്തതോ ജയഃ’ എന്ന പ്രസ്താവം നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്. വാസുദേവന്റെ ഉപദേശങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് ജയമുണ്ടാകുമെന്നും മഹാഭാരതത്തില്‍ പലതവണ കേള്‍ക്കാം. ധര്‍മ്മതത്ത്വത്തിന്റെ മര്‍മ്മത്തെ പ്രകാശിപ്പിക്കുന്ന ആ പ്രസ്താവങ്ങളുടെ കഥാമയ ആവിഷ്‌കൃതിയെന്ന നിലയില്‍ ഭീഷ്മദ്രോണജയദ്രഥകര്‍ണ്ണദുര്യോധനന്മാരുടെ വധചരിത്രങ്ങള്‍ പുത്തന്‍ തലമുറ തിരിച്ചറിയേണ്ടിയിരിക്കുന്നു. കാരണമറിയണ്ടേ? ലോകമുണ്ടാകുന്നത് പരമാത്മാവിലാണ്. ലോകം നിലനില്‍ക്കുന്നതും ലയിച്ചടങ്ങുന്നതും പരമാത്മാവില്‍ത്തന്നെ. ഇതാണു ഭഗവദ്ഗീതയുടെ സിംഹധ്വാനം.
മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ (ഗീത 7-7)
‘അല്ലയോ അര്‍ജ്ജുന എന്നില്‍ നിന്നു ഭിന്നമായി മറ്റൊന്നുമില്ല. മുത്തുകള്‍ ചരടിലെന്ന പോലെ പ്രപഞ്ചപദാര്‍ത്ഥങ്ങളെല്ലാം എന്നില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു’. എല്ലാം ആ പരംപൊരുളിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നു. അതിനെ ധിക്കരിച്ചു നടപ്പാന്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കും ശേഷി ഇല്ല. എങ്കിലും അഹന്ത വളര്‍ന്നു സത്യദര്‍ശനം നഷ്ടപ്പെട്ടു പോയവര്‍ നേട്ടങ്ങളെല്ലാം സ്വന്തം മിടുക്കു കൊണ്ടാണെന്ന് തെറ്റിദ്ധരിക്കുന്നു. മദം വളര്‍ന്നു ക്രൂരകര്‍മ്മങ്ങള്‍ക്കു മുതിരുന്നവരുമുണ്ട്. അവരാണ് ആസുരീബുദ്ധികള്‍. ശക്തിയുടെ യഥാര്‍ത്ഥ സ്രോതസ്സ് അജ്ഞാനത്താല്‍ അവര്‍ തിരിച്ചറിയുന്നില്ല. വിജയത്തിനാസ്പദം ഭൗതിക ശക്തികളാണെന്ന് അവര്‍ ധരിച്ചുവശായിരിക്കുന്നു. കൗരവര്‍ക്കാകും ജയമെന്ന അബദ്ധധാരണയ്ക്കാസ്പദവും വേറൊന്നല്ല. യാഥാര്‍ത്ഥ്യമാലോചിച്ചാല്‍ പാവക്കൂത്തുകാരന്റെ വിരലുകള്‍ക്കനുസരിച്ച് ചലിക്കുന്ന കളിപ്പാട്ടങ്ങളില്‍ കൂടുതല്‍ ഒരു മഹിമയും ആര്‍ക്കുമില്ല.
തസ്മാത് ത്വമുത്തിഷ്ഠ
യശോലഭസ്വ
ജിത്വാ ശത്രൂന്‍ ഭുങ്ക്ഷ്വ
രാജ്യം സമൃദ്ധം
മയൈവേതേ നിഹതാ പൂര്‍വമേവ
നിമിത്ത മാത്രം ഭവ സവ്യസാചിന്‍ (ഗീത 11-33)
‘അതിനാല്‍ എണീക്കുക, കീര്‍ത്തി നേടുക, ശത്രുക്കളെ ജയിച്ച് ഐശ്വര്യപൂര്‍ണ്ണമായ രാജ്യസുഖങ്ങള്‍ അനുഭവിക്കുക. ഇവരെയെല്ലാം ഞാന്‍ നേരത്തേ തന്നെ കൊന്നു കഴിഞ്ഞിരിക്കുന്നു. അല്ലയോ സവ്യസാചിന്‍ നീ ഒരു നിമിത്തം മാത്രമായിത്തീരുക’. ഇതിന്റെ ദൃശ്യാവിഷ്‌കൃതിയാണ് 18 ദിവസം നീണ്ടുനിന്ന മഹാഭാരതയുദ്ധം. ഭീഷ്മരുടെ ശരശയനവും ദ്രോണവധം, ജയദ്രഥവധം, കര്‍ണ്ണവധം, ഭഗദത്തനാശനം, ദുര്യോധനവധം മുതലായ സംഭവങ്ങളും അതിന്റെ വ്യക്തമായ ദൃശ്യാവിഷ്‌ക്കൃതികളായിരിക്കുന്നു. ചമ്മട്ടിയും കടിഞ്ഞാണും പിടിച്ച് കൃഷ്ണന്‍ നേതൃത്വം നല്‍കിയില്ലായിരുന്നുവെങ്കില്‍ പാണ്ഡവവിജയം ദുഷ്‌കരമാകുമായിരുന്നെന്നു വ്യക്തം. ”യത്രയോഗേശ്വരകൃഷ്‌ണോ….” എന്ന ഗീതാവാക്യത്തിന്റെ കഥാവിഷ്‌കൃതികളും ഇവ തന്നെ.
മഹാഭാരത ഹൃദയമറിയാത്ത ഒരു കൂട്ടം പാശ്ചാത്യ പണ്ഡിതന്മാര്‍ക്ക് ചില കഥാഭാഗങ്ങള്‍ പില്‍ക്കാലത്തു കൂട്ടിച്ചേര്‍ക്കപ്പെട്ടവ മാത്രമാണ്. അതു കേട്ട് ഇന്നാട്ടിലും ചിലര്‍ അങ്ങനെ തന്നെ ആഘോഷിച്ചു നടക്കുന്നു. അവരുടെ അഭിപ്രായങ്ങളുടെ പൊള്ളത്തരം വ്യക്തമാകുന്നത് ഭഗവദ്ഗീതയുടെ മുന്നിലാണ്. സൂര്യന്‍ യുധിഷ്ഠിരന് അക്ഷയപാത്രം നല്‍കി എന്ന കഥയും പാഞ്ചാലിയുടെ മാനം കാക്കാന്‍ കൃഷ്ണന്‍ വസ്ത്രം നല്‍കി എന്ന കഥയും ഉദാഹരണമായി ചൂണ്ടിക്കാട്ടാം. മതിയായ കാരണങ്ങളൊന്നുമില്ലാതെയാണ് ഇവ അവിശ്വസനീയമെന്നു ചൊല്ലി അക്കൂട്ടര്‍ നിരസിച്ചിരിക്കുന്നത്.
അനന്യാശ്ചിന്തയന്തോമാം
യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം
(ഗീത 9-22)
കൗന്തേയ പ്രതിജാനീഹി
നമേ ഭക്തഃ പ്രണശ്യതി (ഗീത 9-31)
തുടങ്ങിയ ഗീതാശ്ലോകങ്ങളുടെ കഥാമയ ആവിഷ്‌കൃതികളാണ് മേല്‍പ്പറഞ്ഞവ. മറ്റു ചിന്തകളും സങ്കല്‍പ്പങ്ങളുമെല്ലാം വെടിഞ്ഞ് ആരാണോ എന്നെത്തന്നെ (ആത്മാവിനെത്തന്നെ) ഉപാസിക്കുന്നത് അവരുടെ ലൗകികവും ആദ്ധ്യാത്മികവുമായ സര്‍വവിധ ഐശ്വര്യങ്ങളും ഞാന്‍ തന്നെ നോക്കും എന്നും അല്ലയോ അര്‍ജ്ജുന എന്റെ ഭക്തന്‍ നശിക്കുകയില്ലെന്ന് ഉറപ്പായി അറിഞ്ഞുകൊള്ളൂ എന്നും മറ്റുമാണ് കൃഷ്ണന്റെ പ്രഖ്യാപനങ്ങള്‍. ഇക്കഥകള്‍ ഭഗവദ്ഗീതയുടെ സന്ദേശത്തെ നന്നായി പ്രകാശിപ്പിക്കുന്നവയാകയാല്‍ മഹാഭാരതത്തിന്റെ അവിഭാജ്യഘടകം തന്നെയാണെന്നതിനു സംശയമേ വേണ്ട. ഭഗവദ്ഗീതയും മഹാഭാരതവും തമ്മിലുള്ള ആത്മബന്ധത്തെ പ്രകാശിപ്പിക്കാനും ഇക്കഥകള്‍ പ്രയോജനപ്പെടുന്നു.
മഹാഭാരതത്തിന്റെ തുടക്കം മുതല്‍ പര്യവസാനം വരെ വ്യാപിച്ചു നില്‍ക്കുന്ന കഥയാണ് കുരുവംശത്തില്‍ പിറന്ന രാജാക്കന്മാരുടേത്. പക്ഷേ അക്കഥ കൂടാതെ അസംഖ്യം കഥകള്‍ മഹാഭാരതത്തില്‍ കൃഷ്ണദ്വൈപായനന്‍ സമര്‍ത്ഥമായി നിബന്ധിച്ചു വച്ചിട്ടുണ്ട്. ഉപാഖ്യാനങ്ങളെന്നോ ഉപകഥകളെന്നോ പറയപ്പെടുന്ന അവ പില്‍ക്കാലത്തെ കൂട്ടിച്ചേര്‍ക്കലാണെന്ന് ചില പാശ്ചാത്യര്‍ അഭിപ്രായപ്പെടുന്നു. പാണ്ഡവകൗരവ കഥ മാത്രമാണ് ആദ്യം രചിക്കപ്പെട്ടതെന്ന് അവര്‍ ശഠിക്കുന്നു. വ്യക്തമായ കാരണമൊന്നും ചൂണ്ടിക്കാണിച്ചിട്ടുമില്ല. ഇത്തരം അഭിപ്രായങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നതിന്റെ മുഖ്യമായ തെളിവുകളിലൊന്നാണ് ഭഗവദ്ഗീത. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ സമ്പൂര്‍ണ്ണ തത്ത്വാവിഷ്‌കൃതിയാണു ഭഗവദ്ഗീതയെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുക സാധ്യമല്ല. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ സമ്പൂര്‍ണ്ണമായ കഥാരൂപ നിര്‍മ്മിതിയാണ് മഹാഭാരതം കൊണ്ട് വ്യാസന്‍ ലക്ഷ്യമിട്ടിട്ടുള്ളതും. അതിനാല്‍ ഗീതാതത്ത്വങ്ങളുടെ കൂട്ടത്തില്‍ ഒന്നു പോലും അദ്ദേഹത്തിനു വിട്ടുകളയാനാവുകയില്ല. പാണ്ഡവകൗരവ കഥ കൊണ്ട് അവയില്‍ വളരെയേറെ എണ്ണത്തിന് ആവിഷ്‌കാരം നല്‍കാനാകുമെങ്കിലും സര്‍വവും അക്കഥയില്‍ ഒതുങ്ങുകയില്ലെന്ന് നന്നായറിയുന്നയാളാണ് കൃഷ്ണദ്വൈപായനന്‍. ഗാലവനെക്കൊണ്ടും ഉത്തംഗനെക്കൊണ്ടും ജരല്‍ക്കാരുവിനെക്കൊണ്ടും ആസ്തികനെക്കൊണ്ടും ദുഷ്യന്തനെക്കൊണ്ടും ധര്‍മ്മവ്യാധനെക്കൊണ്ടും വിദുളയെക്കൊണ്ടും മരുത്തനെക്കൊണ്ടുമെല്ലാം ചെയ്യിച്ച കാര്യങ്ങള്‍ കുരുവംശജര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്നവയല്ല. ആ കഥകളും കഥാപാത്രങ്ങളുമില്ലാതെ ഗീതാതത്ത്വനിര്‍മ്മിതി പൂര്‍ണ്ണമാവുകയില്ല. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെന്ന പുരുഷാര്‍ത്ഥങ്ങളുടെ സമ്പൂര്‍ണ്ണാവിഷ്‌കൃതിക്ക് പാണ്ഡവാദികളുടെ കഥ പോലെ ഉപാഖ്യാനങ്ങളും അനിവാര്യമാണെന്ന് ഈ വസ്തുത തെളിയിക്കുന്നു. പേര് ഉപാഖ്യാനമെന്നാണെങ്കിലും അപ്രധാനാഖ്യാനങ്ങളല്ലെന്നു മനസ്സിലാക്കിക്കൊള്ളണം. ആദ്യന്തം നില്‍ക്കുന്ന വലിയ കഥയോടിണക്കി പറയുന്നവ എന്നേ ആ പദത്തിന് ഇവിടെ അര്‍ത്ഥമുള്ളൂ. ഭഗവദ്ഗീതയുടെ കഥാരൂപനിര്‍മ്മിതിയെന്ന നിലയില്‍ കുരുവംശകഥയോടൊപ്പമാണ് അവയെല്ലാം പിറന്നത് എന്നു വ്യക്തം. അവ ഒരിക്കലും കൂട്ടിച്ചേര്‍ക്കലുകളല്ല.
സത്യവതീപുത്രനായ കൃഷ്ണദ്വൈപായനനു സമാനം അത്ഭുത പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്‍ വിശ്വസാഹിത്യചരിത്രത്തിലെങ്ങുമുണ്ടായിട്ടില്ല. സംഹിതോപനിഷത്തുക്കളുടെയും ബ്രാഹ്‌മണാരണ്യകങ്ങളുടെയും ഹൃദയം സ്വാനുഭൂതിയായി പ്രത്യക്ഷമനുഭവിച്ച് ലോകനന്മക്കായി ലഭ്യമാക്കിത്തീര്‍ക്കാന്‍ അദ്ദേഹം മഹാഭാരതേതിഹാസം രചിച്ചു. എന്റെ ഗുരുനാഥനായ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ നൈമിഷാരണ്യത്തിലെ വ്യാസഗദ്ദിക്കു മുന്നില്‍ വച്ചു വെളിവാക്കിത്തന്ന മഹാഭാരത പ്രപഞ്ചദര്‍ശനം മനസ്സിലാക്കിയാലേ വ്യാസപ്രതിഭ പിടി കിട്ടുകയുള്ളൂ. വ്യാസന്‍ മഹാഭാരതമെഴുതിയത് മഹര്‍ലോകത്തില്‍ ബോധമണ്ഡലത്തെ ഉറപ്പിച്ചു കൊണ്ടാണ്. അവിടിരുന്നാല്‍ പതിന്നാലു ലോകങ്ങളും പരമാത്മാവും പ്രത്യക്ഷം. സര്‍വ്വലോകങ്ങളും സര്‍വവിധ ജീവരാശികളും സകലമാന വൈവിധ്യങ്ങളും ഒന്നായിണങ്ങിയ പൂര്‍ണ്ണ പ്രപഞ്ചത്തെ അദ്ദേഹം നേരിട്ടു കണ്ട് ഒരു ലക്ഷം ശ്ലോകങ്ങളില്‍ പകര്‍ന്നു വച്ചു. മഹര്‍ലോകാനുഭൂതിയില്‍ നിന്ന് ഒഴുകി വരുന്ന കാരണത്താല്‍ ആ വാക്കുകള്‍ക്ക് വേദമന്ത്രസദൃശമായ അലൗകികതയും കൈവന്നു. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ സമ്പൂര്‍ണ്ണ ചിത്രണം കണ്ടു കണ്ണു മഞ്ഞളിച്ചവരുടെ അസഹിഷ്ണുതയുടെ ദുരാരോപണങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ യാതൊരു കഴമ്പുമില്ല. പലര്‍ കൂടി പല കാലത്തെഴുതിയതല്ല മഹാഭാരതം. ഇതില്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിട്ടില്ല. ഭഗവദ്ഗീതയുള്‍പ്പെടെയുള്ള കാവ്യഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കലല്ല. മഹാഭാരതത്തിന്റെ ആത്മതത്ത്വമാണ് ശ്രീമദ്ഭഗവദ്ഗീത. അതാണ് വ്യാസഹൃദയത്തില്‍ ആദ്യം പ്രകാശിച്ചത്. സാധാരണര്‍ക്കു മനസ്സിലാകും വിധം ഗീതാതത്ത്വങ്ങള്‍ക്കു സ്ഥൂലാകൃതി നല്‍കാന്‍ വേണ്ടി അദ്ദേഹം അവയെ കഥയാക്കി. തന്റെയും തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും സംഭവബഹുലമായ ചരിത്രം അസംസ്‌കൃതവസ്തുവായി സ്വീകരിച്ചു. പോരാതെ വന്നിടങ്ങളില്‍ വേറെയും കഥകള്‍ രചിച്ചു. ബ്രഹ്‌മാനുഭൂതിയുടെ ദിവ്യപ്രകാശത്തില്‍ എല്ലാറ്റിനെയും ഒന്നായിണക്കിയപ്പോള്‍ പഞ്ചമവേദമായ മഹാഭാരതം വ്യാസഹൃദയത്തില്‍ പിറന്നു.
തപസാ ബ്രഹ്‌മ ചര്യേണ വ്യസ്യവേദം സനാതനം
ഇതിഹാസമിമം ചക്രേ പുണ്യം സത്യവതീ സുതഃ
(മഹാഭാരതം 1-1-52)
ഗണപതിയെക്കൊണ്ട് എഴുതിക്കുന്നു എന്നത് അതിനെത്തുടര്‍ന്നുള്ള പ്രസിദ്ധിയാണ്. ഇങ്ങനെ വ്യാസപ്രതിഭയില്‍ ഒന്നായി പിറന്നതാണ് മഹാഭാരതമെന്നതിന് തെളിവുകള്‍ അസംഖ്യമുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖമാണ് ഭഗവദ്ഗീത. ഭീഷ്മപര്‍വത്തിലുള്ള ഈ പതിനെട്ടദ്ധ്യായങ്ങള്‍ മഹാഭാരതത്തിന്റെ ആത്മാവും സര്‍വത്ര വ്യാപിച്ച് പതിനെട്ടു പര്‍വങ്ങളിലായി നിറയുന്ന കഥകള്‍ മഹാഭാരത ശരീരവുമാകുന്നു.
(അവസാനിച്ചു)
Comments