എല്ലാ മനുഷ്യജീവികളും പിറക്കുന്നത് സ്വതന്ത്രരായും, തുല്യമായ അന്തസ്സോടും അവകാശങ്ങളോടും കൂടിയുമാണ്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, പ്രദേശ, ഭാഷ, രാഷ്ട്രീയ ഭേദം കൂടാതെ ഭൂമിയില്‍ മനുഷ്യനായി പിറന്നതുകൊണ്ടു മാത്രം നമുക്ക് ലഭിക്കുന്ന ചില സവിശേഷ പ്രാഥമിക അവകാശങ്ങളുണ്ട്. അവയാണ് മനുഷ്യാവകാശങ്ങള്‍. സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാനുള്ള അവകാശം, അടിമത്തത്തില്‍നിന്നും, പീഡനത്തില്‍നിന്നും ഉള്ള സ്വാതന്ത്ര്യം, അഭിപ്രായത്തിനും, അത് പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനും, ജോലിയ്ക്കുമുള്ള സ്വാതന്ത്ര്യം അങ്ങനെയുള്ള നിരവധി അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളായി സാര്‍വ്വത്രികമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാ മനുഷ്യജീവികള്‍ക്കും യാതൊരു വിവേചനവും കൂടാതെ ഈ അവകാശങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. 1948 ഡിസംബര്‍ 10-ന് പാരീസില്‍ വച്ചു നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത 48 അംഗരാഷ്ട്രങ്ങള്‍ അംഗീകരിച്ച 217A(III) നമ്പര്‍ പ്രമേയത്തിലെ 30 അനുച്ഛേദങ്ങളിലായി ഈ മനുഷ്യാവകാശങ്ങള്‍ വ്യാപിച്ചുകിടക്കുന്നു.
ലോകത്തിലെ എല്ലാ മതങ്ങളിലും ഉള്‍പ്പെടുന്ന വ്യത്യസ്ത സാംസ്‌കാരിക നിയമ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്ന് തയ്യാറാക്കിയ അതുല്യമായ ഒരു സവിശേഷ രേഖയാണ് ഐക്യരാഷ്ട്രസഭയുടെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം അഥവാ യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് (UDHR). 1948ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചതിനു ശേഷം ഇതുവരെയായി 500-ലേറെ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തുകഴിഞ്ഞിരിക്കുന്ന ഈ രേഖ പുതുതായി നിലവില്‍ വന്ന പല ലോകരാഷ്ട്രങ്ങളുടെയും ഭരണഘടനകള്‍ക്ക് പ്രേരകശക്തിയാണ്.
1976-ല്‍ നിലവില്‍ വന്ന സാമ്പത്തിക സാമൂഹിക സാംസ്‌കാരിക അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടി, ന്യായവും, അനുകൂലവുമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കാനും സാമൂഹിക സുരക്ഷ, പര്യാപ്തമായ ജീവിതനിലവാരം കൈവരിക്കാന്‍ കഴിയുന്നതില്‍ വച്ചേറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ശാരീരിക മാനസിക ക്ഷേമത്തിനായുള്ള അവകാശം എന്നിവ സംരക്ഷിക്കാനും, പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.
സിവില്‍, രാഷ്ട്രീയ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടി എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ തുല്യത, ന്യായമായ വിചാരണയ്ക്കും, കുറ്റവാളിയെന്ന് കണ്ടെത്തുന്നതുവരെ നിരപരാധിയെന്ന് അനുമാനിക്കപ്പെടാനും, സ്വതന്ത്രമായി ചിന്തിക്കാനും, മനഃസാക്ഷിയ്ക്ക് അനുസരിച്ച് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, അഭിപ്രായം സ്വരൂപിക്കാനും, അത് പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, സമാധാനപരമായി സംഘം ചേരാനുള്ള അവകാശം, സംഘടന രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം, പൊതുകാര്യങ്ങളിലും, തെരഞ്ഞെടുപ്പുകളിലും പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിങ്ങനെയുള്ള അവകാശങ്ങള്‍ ഉറപ്പു നല്‍കുന്നു. കൃത്രിമമായി ജീവന്‍ ഇല്ലായ്മ ചെയ്യല്‍, പീഡനം, ക്രൂരത, തരംതാഴ്ന്ന ചികിത്സ, തരംതാഴ്ന്ന ശിക്ഷകള്‍, അടിമത്തം, നിര്‍ബന്ധിതതൊഴില്‍, ഏകപക്ഷീയമായ അറസ്റ്റും തടവും, ഏകപക്ഷീയമായ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, യുദ്ധപ്രചാരണം, വിവേചനം, വംശവെറിക്കോ, മതവെറിക്കോ വേണ്ടിയുള്ള വാദം എന്നിവ തടയുവാനായി ഇത്തരം വിഷയങ്ങളില്‍ സിവില്‍, രാഷ്ട്രീയ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടി ഇടപെടുന്നു.
മനുഷ്യാവകാശങ്ങളുടെ പ്രചാരണത്തിനായി ഐക്യരാഷ്ട്രസഭ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. അതിനായി സമ്മേളനങ്ങളുടെ ഒരു ശൃംഖല തന്നെ 1945 മുതല്‍ 2006 വരെയായി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പരിണതഫലമായി ഇന്ന് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു സാമാന്യ ബോധം ജനങ്ങള്‍ക്കിടയിലുണ്ട്. ആഗോളതലത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി രാജ്യസര്‍ക്കാരുകള്‍ മാത്രമല്ല, നിരവധി സ്വകാര്യ സംഘടനകളും പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകളില്‍ യഥാര്‍ത്ഥ മനുഷ്യാവകാശ സംഘടനകളും, മനുഷ്യാവകാശത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ഭീകരവാദികളുമുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭാരതം. ഭാരതം സ്വതന്ത്രമായ നാള്‍ മുതല്‍ ഭീകരവാദികളുടെ മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് ഇരയായ നാടാണ്. ഈ ഭീകരവാദികള്‍ പ്രതിനിധാനം ചെയ്യുന്ന ആശയം ആസാദ് കാശ്മീര്‍, സ്വതന്ത്ര മാവോയിസ്റ്റ് രാജ്യം, സ്വതന്ത്ര നാഗാരാജ്യം അങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഈ ഭീകരവാദികളുടെ ആശയത്തിന്റെ പ്രചാരണത്തിനായും, ജനശ്രദ്ധയാകര്‍ഷിക്കാനും അവര്‍ ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ പലപ്പോഴും ഭീകരാക്രമണമായും, കൂട്ടബലാല്‍സംഗമായും, പാര്‍ട്ടി കോടതി വിചാരണയും, തുടര്‍ന്നുള്ള ശിക്ഷയായും, ആള്‍ക്കൂട്ടക്കൊലപാതകമായും വാര്‍ത്തകളിലൂടെ നമ്മളറിയുന്നു. അപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നത് ഇവര്‍ക്ക് മനുഷ്യത്വമില്ലേ എന്നാണ്. ഇത്തരത്തില്‍ മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മനുഷ്യാവകാശം ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്. അവരാണ് മനുഷ്യാവകാശമെന്ന ഉദാത്തമായ സങ്കല്‍പ്പത്തെ വ്യഭിചരിക്കുന്നത്.
ലോകത്തിലെ പല ആശയസംഹിതകളും മനുഷ്യത്വത്തെ നിഷേധിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഭാരതീയ തത്വസംഹിതകള്‍ മനുഷ്യനെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തിക്കൊണ്ട് ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’ എന്ന മനുഷ്യത്വത്തിന്റെ ഉദാത്തമായ സങ്കല്പം ലോകത്തിനു മുമ്പില്‍ പ്രചരിപ്പിക്കുമ്പോള്‍, ഭൗതികതയെയും, സമ്പത്തിനെയും കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ച കമ്മ്യൂണിസം ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. സ്വാതന്ത്ര്യമാണ് മനുഷ്യന്റെ പ്രാഥമിക അവകാശമെന്ന് ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം ഉദ്‌ഘോഷിക്കുമ്പോള്‍, അതിന്റെ നഗ്‌നമായ ലംഘനം നടക്കുന്നത് ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ മാതൃകാ രാജ്യമായ ചൈനയിലാണ്. വംശഹത്യ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നിരിക്കെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്ലിങ്ങളുടെ വംശഹത്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നേരിട്ട് തന്നെ നടപ്പിലാക്കുന്ന കാഴ്ചയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നമുക്ക് മുന്നില്‍ വിവരിക്കുന്നത്. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കായി തടങ്കല്‍പ്പാളയങ്ങള്‍ സൃഷ്ടിച്ച് അവിടെ ആഹാരവും, വെള്ളവും കൊടുക്കാതെ നിര്‍ബന്ധിത തൊഴിലെടുപ്പിച്ചു അവരെ കൊന്നൊടുക്കുന്ന ചൈനീസ് തന്ത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ ഒരു വാര്‍ത്തയായിട്ടില്ല. ‘Pair up and became family’ എന്ന പേരില്‍ ഒരു പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ചൈനയില്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയിഗൂര്‍ മുസ്ലീങ്ങള്‍ കൂട്ടമായി പാര്‍ക്കുന്ന സിന്‍ജിയാങ് പ്രവിശ്യയില്‍ ചെന്ന് ആ കുടുംബങ്ങളോടൊപ്പം താമസിക്കുന്നു. മുതിര്‍ന്ന പുരുഷന്മാരെയെല്ലാം തടങ്കല്‍പാളയത്തിലെ ലേബര്‍ ക്യാമ്പുകളിലേക്ക് മാറ്റിയ ശേഷം സ്ത്രീകളും, കുട്ടികളും മാത്രമുള്ള കുടുംബങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുരുഷ കേഡറുകള്‍ ബലമായി താമസിക്കുകയും ഉയിഗൂര്‍ വംശജരായ മുസ്ലിം സ്ത്രീകളെ പീഡിപ്പിക്കുകയും, ബലാല്‍സംഗം ചെയ്യുകയും, അവരുടെ മത വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ത്ഥനയോ, ആരാധനയോ നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഉയിഗൂര്‍ മുസ്ലിം സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇരയാക്കിയും, കുട്ടികളെ കുടുംബങ്ങളില്‍നിന്നും ബലമായി പിടിച്ചു കൊണ്ടുവന്നു മറ്റു പ്രവിശ്യകളില്‍ അടിമപ്പണി എടുപ്പിച്ചും ചൈന ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനായി നിലകൊള്ളുന്ന ആശയമാണ് കമ്മ്യൂണിസമെന്ന് പ്രചരിപ്പിക്കുമ്പോള്‍ തന്നെ നിര്‍ബന്ധിത വേലയും, അടിമപ്പണിയും സാര്‍വ്വത്രികമായി നടപ്പിലാക്കുന്നതും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്.
കമ്പൂച്ചിയയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും, കമ്മ്യൂണിസ്റ്റ് ഏകാധിപതിയുമായിരുന്ന പോള്‍പോട്ട് കമ്മ്യൂണിസത്തിന്റെ പേരില്‍ കൊന്നൊടുക്കിയത് സ്വന്തം രാജ്യത്തിലെ തന്നെ ലക്ഷങ്ങളെയാണ്. ഖമര്‍റൂഷ് അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കമ്പൂച്ചിയ പോള്‍പോട്ടിന്റെ നേതൃത്വത്തില്‍ സ്വന്തം പൗരജനങ്ങളെ സ്ത്രീയെന്നോ, പുരുഷനെന്നോ, കുഞ്ഞെന്നോ നോക്കാതെ മനുഷ്യത്വം മരവിക്കുന്ന രീതിയില്‍ ദാഹജലവും, ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരവും കൊടുക്കാതെ, മലമൂത്ര വിസര്‍ജ്ജനംപോലും ചെയ്യാന്‍ അനുവദിക്കാതെ കമ്പോഡിയയിലെ ഇരുമ്പു തടവറകളില്‍ ഇഞ്ചിഞ്ചായി നരകയാതന അനുഭവിപ്പിച്ചു പീഡിപ്പിച്ചു കൊന്നത് ചരിത്രത്തിന്റെ താളുകളില്‍ ഇന്നുമൊരു കറുത്ത അധ്യായമായി അവശേഷിക്കുന്നു. ഇന്നും കമ്പോഡിയയിലെ തടവറകളില്‍ അന്ന് കൊലചെയ്യപ്പെട്ടവരുടെ അസ്ഥികൂടങ്ങളും, തലയോടുകളും സന്ദര്‍ശകര്‍ക്ക് കാണുവാനായി സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യനാവണം മനുഷ്യനാവണം എന്ന് പാടി നടക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ക്ക് അറിയില്ല മനുഷ്യത്വമുള്ള മനുഷ്യന് ഒരിക്കലും ഒരു മാര്‍ക്‌സിസ്റ്റ് ആകുവാന്‍ സാധ്യമല്ല എന്ന്. മാര്‍ക്‌സിസ്റ്റുകളുടെ ആഗോളചരിത്രം പഠിച്ചാല്‍ ആര്‍ക്കും മനസ്സിലാകും, അതുപോലെ തിരിച്ചും ഒരു മാര്‍ക്‌സിസ്റ്റിനു ഒരിക്കലും ഒരു മനുഷ്യത്വമുള്ള മനുഷ്യനാവാനും സാധിക്കില്ല എന്ന്. ഈയൊരു കാരണം കൊണ്ടാണ് കമ്മ്യൂണിസം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പ്രസക്തിയില്ലാത്തത്. മനുഷ്യാവകാശങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത നാട്ടില്‍ അത് ലംഘിക്കപ്പെട്ടാലും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആരും ഉണ്ടാവാറില്ല. അഥവാ ഉണ്ടായാല്‍ അവര്‍ അധികകാലം ജീവനോടെ ഉണ്ടാവാറുമില്ല.
കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്കെതിരെ മുസ്ലിം ഭീകരവാദികള്‍ നടത്തിയ വംശഹത്യയും, തുടര്‍ന്ന് പണ്ഡിറ്റുകള്‍ താഴ്‌വര ഉപേക്ഷിച്ചു കൂട്ടപ്പലായനം ചെയ്ത സംഭവങ്ങളും ലോകത്ത് ഒരു സമൂഹത്തിനെതിരെ ആസൂത്രിതമായി നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നാണ്. പക്ഷെ ഈ മനുഷ്യാവകാശ ലംഘനം ഭാരതത്തില്‍പ്പോലും തല്‍പ്പരകക്ഷികള്‍ ചര്‍ച്ചയാക്കുന്നതില്‍ നിന്നും തടഞ്ഞു എന്നുള്ളതാണ് ഖേദകരം.
അന്താരാഷ്ട്രതലത്തില്‍നിന്നും നാം ദേശീയ തലത്തിലേയ്ക്കും പ്രാദേശിക തലത്തിലേയ്ക്കും ചിന്തിക്കുമ്പോള്‍ ഭാരതത്തിലും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഭൂരിപക്ഷം ഉള്ള സംസ്ഥാനങ്ങളിലാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുതലായും നടക്കുന്നത് എന്ന് കാണാം. ബംഗാളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയോളം തന്നെ പഴക്കമുണ്ട്. ബംഗാളിലെ സുന്ദര്‍ബന്‍സിലെ ദ്വീപായ മരീഞ്ജാപിയില്‍ നടന്ന ബംഗാളി ദളിത് ഹിന്ദുക്കളുടെ വംശീയ കൂട്ടക്കൊല അന്ന് ബംഗാളില്‍ ഭരണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം നേരിട്ട് നടപ്പാക്കിയ കൂട്ടക്കൊലയായിരുന്നു. ജീവിക്കാനുള്ള അവകാശത്തിനായി മുള്‍ക്കാടുകള്‍ നിറഞ്ഞ ചെറുദ്വീപായ മരീഞ്ജാപിയില്‍ കുടിയേറിയ സ്ത്രീകളും, കുട്ടികളും അടങ്ങുന്ന ബംഗാളി ദളിത് ഹിന്ദുക്കളെ പോലീസിനെ ഉപയോഗിച്ചും, പാര്‍ട്ടി ഏര്‍പ്പെടുത്തിയ കൊലയാളി സംഘങ്ങളെ അയച്ചും പൈശാചികമായി കൊന്നത് ഇന്നും അന്നത്തെ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ടവര്‍ നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. പോലീസ് പ്രധാനമായും വെടിവെച്ചാണ് കൊന്നതെങ്കില്‍ പാര്‍ട്ടി കൊലയാളികള്‍ തലയ്ക്കടിച്ചു തലച്ചോര്‍ പിളര്‍ന്നും, വയറുകീറിപ്പൊളിച്ചുമാണ് അന്നത്തെ കൂട്ടക്കൊലനടത്തിയത്. ഈ മനുഷ്യാവകാശ ലംഘനം ഇന്നും ചരിത്രകാരന്മാര്‍ ചരിത്രത്താളുകളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ബംഗാളില്‍ രാഷ്ട്രീയ പ്രതിയോഗികളെ കുഴിയെടുത്തു ജീവനോടെ ഉപ്പിട്ട് മൂടുന്നതും, മക്കളെ കൊന്നു ആ ചോരയൊഴിച്ചു അമ്മയെക്കൊണ്ട് ചോറ് തീറ്റിച്ചതും ലോകത്തെവിടെയും കാണാത്ത സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്.
എന്നാല്‍ അതെ സ്ഥിതി കേരളത്തിലേയ്ക്ക് വരുമ്പോള്‍ അതിനേക്കാള്‍ ഭീകരമാണ്. സമീപകാലത്തായി ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിവേചനം, രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യല്‍ എന്നിവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് എന്ന് കേരളം തിരിച്ചറിയുന്നില്ല. കേരളത്തില്‍ നാം പത്രമാധ്യമങ്ങളിലൂടെ അറിയുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കാള്‍ എത്രയോ ഇരട്ടിയാണ് പോലീസിനെ ഉപയോഗിച്ചും പാര്‍ട്ടി തലത്തിലും സംസ്ഥാനഭരണകൂടം രാജിയാക്കുന്ന സംഭവങ്ങള്‍. കേരളീയ സമൂഹം മനുഷ്യാവകാശങ്ങള്‍ എന്നത് കേവലം ശാരീരികമായ അവകാശങ്ങള്‍ മാത്രമാണ് എന്നാണു കരുതുന്നത്. ഒരാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ അയാള്‍ക്ക് ചുറ്റും അത്തരത്തിലൊരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതും ഗുരുതരമായ മനുഷ്യാവകാശ ലംഘനം തന്നെയാണ്. പാര്‍ട്ടിയുടെ പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍, സഹകരണ ബാങ്കുകളില്‍ നിന്നും ലോണെടുത്തു തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് ജപ്തി ഭയന്ന് ആത്മഹത്യ ചെയ്യുന്ന നിരവധി കര്‍ഷകര്‍, സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ ആവശ്യങ്ങള്‍, ഒരു നേരത്തിനു വകയില്ലാതെ തെരുവിലലയുന്ന അശരണരായ നിരവധി അഗതികള്‍ ഇവരുടെയെല്ലാം വിഷയം നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ പേരില്‍ ചര്‍ച്ച ചെയ്യേണ്ടവയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. എന്നാല്‍ ശരിയായ അവബോധം ഇല്ലാത്തതുകാരണം നാം അത് വെറും ഉണ്ണാനും, ഉറങ്ങാനും, ഉടുക്കാനുമുള്ള അവകാശമായി തെറ്റിദ്ധരിച്ചിരിക്കുന്നു.
ഒരു മാന്യമായ തൊഴിലെടുത്തു ജീവിക്കാനുള്ള ജനലക്ഷങ്ങളുടെ അവകാശമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ആസൂത്രിതമായി സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ അട്ടിമറിക്കുന്നതിലൂടെ കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോലീസ് സ്റ്റേഷനുകളിലെ നീതി നിഷേധങ്ങളും, ശാരീരിക പീഡനങ്ങളും, കസ്റ്റഡി മരണങ്ങളും, പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി കോടതി വിചാരണയും, ശിക്ഷ വിധിക്കലും, പരസ്യമായ ശിക്ഷ നടപ്പാക്കലുമൊക്കെ നാം കണ്ടുകഴിഞ്ഞു. രാഷ്ട്രീയമായ വിവേചനം മുമ്പൊരിക്കലും ഇത്രമാത്രം രൂക്ഷമായി കേരളീയ സമൂഹം നേരിട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും, അനുഭാവികള്‍ക്കും മാത്രം തൊഴില്‍, സര്‍ക്കാര്‍ സൗകര്യങ്ങള്‍, നീതി എന്നുള്ള സര്‍ക്കാര്‍ നിലപാട് യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് (UDHR)ന്റെ നഗ്‌നമായ ലംഘനമാണ്. പക്ഷെ അതില്‍ അതിശയിക്കാനുള്ളതായി ഒന്നുമില്ല. കാരണം കമ്മ്യൂണിസ്റ്റ് ആശയസംഹിത തന്നെ മനുഷ്യത്വത്തിന് എതിരാണ്.
ഓരോ വര്‍ഷവും ഐക്യരാഷ്ടസഭ ഡിസംബര്‍ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നത് ഓരോ ആശയം ഉയര്‍ത്തിയാണ്. 2021-ല്‍ എല്ലാ മനുഷ്യരും തുല്യരാണ് എന്നായിരുന്നു ആശയം. ഇപ്രാവശ്യം ഐക്യരാഷ്ടസഭ ഉയര്‍ത്തുന്ന ആശയം യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് (UDHR)ന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം എന്നതാണ്. സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഈ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ലോകം മുന്നേറിയിട്ടും, ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ കേരളീയ സമൂഹം എവിടെയെത്തി നില്‍ക്കുന്നു എന്നത് കേരളത്തിലെ ബൗദ്ധിക സമൂഹം മാത്രമല്ല സാധാരണ പൗരന്മാരും ചിന്താവിഷയമാക്കേണ്ടതാണ്. അല്ലാത്തപക്ഷം 1979 ജനുവരിയില്‍ മരീഞ്ജാപിയില്‍ നടന്നതുപോലെയും ഇന്ന് ചൈനയില്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്നതുപോലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ കേരളത്തില്‍ രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്ന ആര്‍ക്കെതിരെയും പ്രയോഗിക്കുന്നതിന് നാം നിശബ്ദമായി സാക്ഷ്യം വഹിക്കേണ്ടിവരും. നമ്മുടെ നിശബ്ദതയ്ക്കു കാലമൊരിക്കലും മാപ്പു തരികയുമില്ല. അത്തരമൊരു നാള്‍ വരാതിരിക്കാന്‍ ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, പ്രദേശ, ഭാഷ, രാഷ്ട്രീയ ഭേദം, കൂടാതെ അതുപോലെയുള്ള മറ്റു വ്യത്യാസങ്ങളൊന്നുമില്ലാതെ മനുഷ്യാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനായി തന്നാലാവും വിധം പ്രവര്‍ത്തിക്കുമെന്ന് നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാനുള്ള അവസരമാകട്ടെ ഈ ഡിസംബര്‍ 10, യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് (UDHR)ന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം.
(ലേഖകന്‍ ഭാരതീയ അഭിഭാഷക പരിഷത് പാലക്കാട് യൂണിറ്റ് ഉപാദ്ധ്യക്ഷനും, മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ്.)
Comments