കേരളം സിംഗപ്പൂരിന്റെ 54 ഇരട്ടി വലിയ ഭൂപ്രദേശമാണ്. അവിടെ നമ്മുടെ ജനസംഖ്യയുടെ ഏകദേശം ആറിലൊന്ന് മനുഷ്യര്‍ അല്ലലില്ലാതെ കഴിയുന്നു. തിരുവനന്തപുരം ജില്ലയുടെ വിസ്തൃതി 2192 ച.കി.മീ. ആണ്. സിംഗപ്പൂര്‍ എന്ന രാജ്യത്തിന്റേതോ വെറും 733 ച.കി.മീ. എന്നിട്ടും അവിടന്ന് ആരും തൊഴില്‍തിരക്കി കേരളത്തിലേ യ്‌ക്കോ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേയ്‌ക്കോ പോകുന്നില്ല. കേരളത്തില്‍ നിന്ന് ഇപ്പോഴും ചിലരെങ്കിലും സിംഗപ്പൂര്‍ സ്വപ്നവുമായി പോകുന്നുണ്ട്. സിംഗപ്പൂര്‍ പോലെ ഒരു ചെറിയ രാജ്യത്തിന് സാമ്പത്തിക സ്വയംപര്യാപ്തതയും ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനവും ആര്‍ജ്ജിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ക്കുള്ളതിനേക്കാള്‍ വിഭവങ്ങളുള്ള കേരളത്തിനും അത് സാധ്യമല്ലേ? തീര്‍ച്ചയായും സാധ്യമാണ്. നാടിനോട് അല്പമെങ്കിലും സ്‌നേഹമുള്ള രാഷ്ട്രീയക്കാര്‍ ഉണ്ടായിരുന്നെങ്കില്‍. ദൗര്‍ഭാഗ്യമെന്നു പറയട്ടേ നമ്മുടെ നാട്ടില്‍ അത്തരക്കാര്‍ ഇല്ല. സിംഗപ്പൂര്‍ ഭരിച്ചവരില്‍ മലയാളിയായ സി.വി. ദേവന്‍നായരുമുണ്ടായിരുന്നു (ചെങ്ങരവീട്ടില്‍ ദേവന്‍നായര്‍). സിം ഗപ്പൂരിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചവരില്‍ ഒരാളായിരുന്നു ദേവന്‍ നായര്‍ എന്ന മുന്‍ കമ്മ്യൂണിസ്റ്റ്.
മലയാളികള്‍ ഒന്നിനും കഴിവില്ലാത്തവരാണെന്ന് ദേവന്‍നായരുടെയും തമിഴ്‌നാട് ഭരിച്ചിരുന്ന എം.ജി.രാമചന്ദ്രന്റെയും ഒക്കെ ഉദാഹരണങ്ങള്‍ വച്ചു നമുക്കു പറയാന്‍ കഴിയില്ല. വൈലോപ്പിള്ളി പാടിയപോലെ ”അതിഥികള്‍ക്കെല്ലാം അമര ലോകമീക്കിതവി ഞങ്ങള്‍ക്കു നരകദേശവും” (ആസ്സാം പണിക്കര്‍) എന്ന് ഇന്നത്തെ മലയാളികള്‍ ക്കെല്ലാം പാടേണ്ടിവരുന്നു. മറ്റു പ്രദേശങ്ങളില്‍ പോയി അദ്ധ്വാനിച്ചു സമ്പന്നരാകുന്ന കേരളീയരെ ഇവിടെ അദ്ധ്വാനിക്കാനോ സമ്പത്തുണ്ടാക്കാനോ അനുവദിക്കാത്ത രാഷ്ട്രീയ സംവിധാനമാണ് നമുക്കുള്ളത്. ഈ മനോഭാവം നമ്മുടെ ഭാഷാബോധത്തെയും ബാധിക്കുന്നു.
ഭാഷാപാഷിണി നവംബര്‍ ലക്കത്തില്‍ ജോസഫ് സ്‌കറിയ എഴുതുന്ന ‘മലയാളിയും മാറുന്ന മലയാളവും’ എന്ന ലേഖനവും ഡോക്ടര്‍ കെ.എം. ഭരതന്‍ എഴുതുന്ന ‘ബഹുസ്വരമാകട്ടെ മാതൃഭാഷാ രാഷ്ട്രീയം’ എന്ന ലേഖനവും വായിച്ചപ്പോള്‍ നമ്മുടെ ഭാഷാ ബോധത്തെക്കുറിച്ചു ചിന്തിക്കേണ്ടിവന്നു. ഡോക്ടര്‍ ഭരതന്റെ ലേഖനം യാഥാര്‍ത്ഥ്യബോധമില്ലാത്തതും പൊങ്ങച്ചങ്ങള്‍ നിറഞ്ഞതുമാണ്. കേട്ടുകേള്‍വിയില്ലാത്ത ചില പാശ്ചാത്യ പണ്ഡിതന്മാരുടെ നിഗമനങ്ങളെ പിന്‍പറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമം. യൂറോപ്യന്‍ പണ്ഡിതന്മാര്‍ ഭാഷയെക്കുറിച്ചു സംസാരിക്കുന്നതും മലയാളി കരുതുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ലോകത്തെ മുഴുവന്‍ തങ്ങളുടെ സാമ്പത്തികാടിമത്തത്തിന്‍ കീഴിലെത്തിക്കുവാന്‍ ശ്രമിക്കുന്ന രാജ്യങ്ങളിലെ പണ്ഡിതന്മാരെ ഒരു വലിയ അളവില്‍ അവരുടെ രാജ്യത്തിന്റെ താല്പര്യങ്ങള്‍ സ്വാധീനിക്കുന്നുണ്ടാവും, പലപ്പോഴും ആ സ്വാധീനം ബോധപൂര്‍വ്വം ഉണ്ടാകുന്നതാകണമെന്നില്ല. മലയാളിയായ എഴുത്തുകാരെ കേരളത്തിന്റെ അവസ്ഥകളും താല്പര്യങ്ങളും സ്വാധീനിക്കുന്നതുപോലെതന്നെയായിരിക്കും ഈ സ്വാധീനവും. അതുകൊണ്ട് യൂറോപ്യന്‍ പണ്ഡിതരുടെ നിലപാടുകളെ അന്ധമായി പ്രചരിപ്പിക്കുന്ന മലയാളിയുടെ അടിമബോധം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
മറ്റു ഭാഷകളിലെ സര്‍ഗ്ഗാത്മകകൃതികളെ സാഹിത്യ താല്പര്യമുള്ളവര്‍ വായിച്ചാസ്വദിക്കുന്നതില്‍ തെറ്റില്ലെങ്കിലും വൈജ്ഞാനിക മേഖലയെക്കുറിച്ചെഴുതുമ്പോള്‍ പാശ്ചാത്യരുടെ നിസ്സാരപഠനങ്ങളെ വലിയ സംഭവമെന്ന രീതിയില്‍ അവതരിപ്പിക്കുന്നതു ഭോഷത്തമാണ്. ഭാഷയെ സംബന്ധിച്ചെങ്കിലും ആഴത്തില്‍ അന്വേഷിക്കാന്‍ ഇത്തരം ലേഖകര്‍ തയ്യാറാവണം. ജോസഫ് സ്‌കറിയ സി.ആര്‍.പ്രസാദിന്റെ വിലയിരുത്തലുകളെ എടുത്തു കാണിക്കുമ്പോള്‍ ഡോക്ടര്‍ ഭരതന്‍ അതേകാര്യം തന്നെ പറഞ്ഞ ഏതോ പടിഞ്ഞാറന്‍ പണ്ഡിതനെയാണ് എടുത്തു കുറിക്കുന്നത്. ഭാഷയുടെ വികാസം സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. ചുറ്റുപാടും ഒന്നുശ്രദ്ധിച്ചാല്‍ മതി. നമ്മള്‍ മലയാളികള്‍ ഇംഗ്ലീഷിനു പിറകെ സഞ്ചരിക്കുന്നത് ഈ സാമ്പത്തിക പിന്നാക്കാവസ്ഥ മൂലമാണ്. വിദേശത്തുള്ള തൊഴിലവസരങ്ങളെ സ്വപ്നം കണ്ടാണ് ഇംഗ്ലീഷിനെ കേരളീയര്‍ സ്‌നേഹിക്കുന്നത്.
കേരളത്തിന്റെ അന്‍പത്തിനാലില്‍ ഒന്നുമാത്രമുള്ള സിംഗപ്പൂരിന് നമ്മുടെ ജനസംഖ്യയുടെ ആറില്‍ ഒന്ന് വരുന്ന ജനസമൂഹത്തെ തീറ്റിപ്പോറ്റാനും ലോകത്തിലെ ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പാക്കാനും കഴിയുന്നെങ്കില്‍ മലയാളിക്കെന്താണ് അതിന് കഴിയാത്തത്? സാമ്പത്തിക സ്വയംപര്യാപ്തത ആര്‍ജ്ജിച്ചാലേ നമുക്കു ഭാഷയുടെ കാര്യത്തിലും നിവര്‍ന്നു നില്ക്കാനാവൂ. നമ്മുടെ കുട്ടികളെ മലയാളവും രാഷ്ട്രഭാഷയായ ഹിന്ദിയും മാത്രം പഠിപ്പിക്കാന്‍ കഴിയുന്ന ഒരു കാലം വരുന്നതിനെക്കുറിച്ചാരെങ്കിലും പറഞ്ഞാല്‍ ‘കോഴിക്കു മുല വരുന്നതി’ നോടാണ് പലരും അതിനെ ഉപമിക്കുന്നത്. ഉയര്‍ന്ന ക്ലാസുകളില്‍ ലോകഭാഷയായ ഇംഗ്ലീഷ് കൂടി പഠിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷിന്റെ ആവശ്യമില്ല തന്നെ.
ഭാരതീപുരം എന്ന സ്ഥലത്ത് ഒരു വായനശാലയുടെ മീറ്റിങ്ങിനിടയില്‍ സ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കേണ്ട ആവശ്യമില്ല എന്ന് ഇതെഴുതുന്നയാള്‍ പ്രസംഗിച്ചതിന് ഒരു കൂട്ടം ആളുകള്‍ കയ്യേറ്റം ചെയ്യാന്‍ വന്നത് ഇപ്പോഴും അത്ഭുതവും ഭയവും ജനിപ്പിക്കുന്ന ഒരോര്‍മയാണ്. നാടിനു ഗുണമുള്ള എന്തെങ്കിലും ആശയം അവതരിപ്പിക്കുന്നവരെ കയ്യേറ്റം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് കേരളീയര്‍ ഇന്നും പിന്‍തുടരുന്നത്. ആശയപരമായ ചര്‍ച്ചകളൊക്കെ അടിമുടി അഴിമതിയില്‍ മുങ്ങിയ കേരളത്തില്‍ എന്നേ അവസാനിച്ചു കഴിഞ്ഞു. ഇവിടെ ഭാഷയെക്കുറിച്ചെന്നല്ല ഒന്നിനെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടു പ്രയോജനമില്ലെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അത്രമാത്രം ഇരുളടഞ്ഞതാണ് ഇന്നത്തെ കേരളം. കേരളത്തെ ഈ ഇരുട്ടില്‍ നിന്നും രക്ഷിക്കുകയാണ് പ്രധാന ദൗത്യം. ജനാധിപത്യ മൂല്യങ്ങള്‍ ഏതാണ്ടു സമ്പൂര്‍ണമായും തകര്‍ന്ന കേരളത്തില്‍ അവ പുനഃസ്ഥാപിക്കുകയെന്നതാണ് പ്രധാനദൗത്യം.
അരി എന്നത് ഗ്രീക്കുഭാഷയില്‍ നിന്നും വന്ന പദമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജോസഫ് സ്‌കറിയ കേരളവുമായി ഗ്രീക്കുകാര്‍ക്കു പണ്ടു മുതലേ വാണിജ്യബന്ധമുണ്ടെന്ന ചരിത്ര വസ്തുത മറന്നുപോകുന്നു. ഒറസ (Oraza) എന്ന ഗ്രീക്കുപദം മലയാളത്തിലെ ‘അരി’ തമിഴിലെ ‘അരിശി’ എന്നിവയില്‍ നിന്നും സ്വീകരിച്ചതായിരിക്കാമെന്ന് സങ്കല്പിക്കാന്‍ കഴിയാത്തതെന്ത്? അരി പ്രധാനഭക്ഷണമായി സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ദക്ഷിണേന്ത്യക്കാര്‍ ഉപയോഗിക്കുന്നു. ഗ്രീക്കുകാരുടെ ഭക്ഷ്യവിഭവമല്ല നെല്ല്. അപ്പോള്‍ ഇവിടത്തെ പദം അവര്‍ സ്വീകരിച്ചതാവാനല്ലേ കൂടുതല്‍ സാധ്യത. വിദേശത്തു നിന്നും ഇവിടേയ്ക്കു വന്നവാക്കുകള്‍ എന്നല്ലാതെ ഇവിടെ നിന്നും വിദേശത്തേക്കു പോയ വാക്കുകളെക്കുറിച്ച് മലയാളികള്‍ അന്വേഷിക്കുന്നതേയില്ല. ഇത്തരം അടിമബോധത്തില്‍ നിന്നും രക്ഷപ്പെടാതെ നമ്മുടെ ഭാഷയും രക്ഷപ്പെടില്ല.
ഭാഷാപോഷിണിയില്‍ കവിതകള്‍ എട്ടെണ്ണമുണ്ട്. ആദ്യത്തേത് എസ്. ജോസഫിന്റെ ‘മജ്‌നൂന്‍’ ആണ്. എന്താണീ ‘മജ്‌നൂന്‍’? ‘ലൈലാ മജ്‌നു’ എന്ന ബഡോവിയന്‍ പ്രണയകഥയിലെ ‘മജ്‌നു’ ആണോ? മരുഭൂമി എന്നൊക്കെ പറയുന്നതിനാല്‍ അതാകാനാണു സാധ്യത. മരുഭൂമിയില്‍ വിടര്‍ന്ന പ്രണയകഥയാണല്ലോ ലൈലാമജ്‌നു. പക്ഷെ കവിത ജോസഫിന്റെ മറ്റു കവിതകള്‍ പോലെ തന്നെ പാരായണക്ഷമതയുള്ളതല്ല. ആര്‍.കെ. ദാമോദരന്റെ ‘പത്തു കല്പനകളും’ കവിതയെന്നു വിളിക്കാന്‍ തക്ക കോപ്പുകളൊന്നുമുള്ളതല്ല.
നിബുലാല്‍ വെട്ടൂരിന്റെ ‘കാവുതീണ്ടല്‍’ വലിയ ചില ചോദ്യങ്ങളുന്നയിക്കുന്ന കവിതയാണ്. പാര്‍ട്ടി ക്ലാസില്‍ വച്ചുകണ്ട വനിതാ സഖാവിനെ പ്രണയ വിവാഹം നടത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നു. വയസ്സായപ്പോള്‍ പാര്‍ട്ടിയ്ക്കും വേണ്ടാതായി. കുട്ടികളില്ലാതെ നരച്ചുപോയ ജീവിതത്തിന്റെ സായംകാലത്ത് കാവില്‍ വന്നു ചെമ്പട്ടു ചുറ്റി കോമരത്തെപ്പോലെ തുള്ളുന്നു. വരികളില്‍ കാവ്യാനുശീലനങ്ങളുടെ സൂചനകളൊന്നുമില്ലെങ്കിലും ഉള്ളടക്കത്തിന്റെ പുതുമയും അതിലുള്‍ച്ചേര്‍ന്ന യാഥാര്‍ത്ഥ്യബോധവും കാണാതിരിക്കാന്‍ വയ്യ. ഇതു പലരുടെയും അനുഭവമാണ്. മനുഷ്യജീവിതത്തില്‍ എല്ലാവരും അഭിമുഖീകരിക്കേണ്ടിവരുന്ന ദുരന്തയാഥാര്‍ത്ഥ്യത്തെ കവി ഓര്‍മ്മിപ്പിക്കുന്നു. വാര്‍ദ്ധക്യത്തിലെ തീവ്രമായ ഒറ്റപ്പെടലില്‍ നമുക്കു കൂട്ടായി ഈശ്വരന്‍ മാത്രമേയുണ്ടാകൂ! ദാസ് ക്യാപ്പിറ്റല്‍ മാറ്റിവച്ച് ഭഗവദ്ഗീതയെടുത്ത എത്രയോ വൃദ്ധസഖാക്കളെ എനിക്കു പരിചയപ്പെടാനിടവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ചില പ്രശസ്തരുമുണ്ട്.
വള്ളത്തോള്‍ ‘ഹരേ കൃഷ്ണ’ എന്ന കവിതയില്‍ സതിയെ ആദര്‍ശവല്‍ക്കരിക്കുകയും ‘കിഴവന്‍ പേരാല്‍’ എന്ന മറ്റൊരു കവിതയില്‍ അതിനെ നിരാകരിക്കുകയും ചെയ്യുന്നതായി പ്രൊഫ. ടി.പി.സുധാകരന്‍ ഭാഷാപോഷിണി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ കവി സഹജമാണ്. ഓരോ രചനയും അതില്‍ത്തന്നെ സമ്പൂര്‍ണ്ണമായതിനാല്‍ മറ്റൊരു രചനയുമായി അതിനെ കൂട്ടിക്കെട്ടേണ്ടതില്ല. മാത്രവുമല്ല സതിയെന്ന ആചാരത്തെ ശ്ലാഘിക്കാനല്ല ‘ഹരേ കൃഷ്ണ’ എന്ന കവിത വള്ളത്തോള്‍ എഴുതിയത്. ഭര്‍തൃവിയോഗത്താല്‍ മനംനൊന്ത് ഒരു സ്ത്രീ അദ്ദേഹത്തോടൊപ്പം സ്വന്തം ഇച്ഛയാല്‍ മരിക്കുന്നതല്ലല്ലോ സതി. ആചാരത്തിന്റെ പേരില്‍ നിര്‍ബ്ബന്ധിച്ച് സ്ത്രീകളെ ചിതയിലേയ്ക്ക് നയിക്കുന്നതല്ലേ!
ഇക്കാലത്തും ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്ന ഭര്‍ത്താക്കന്മാരും തിരിച്ചുള്ള ഭാര്യമാരുമുണ്ട്. അതൊക്കെ സതിയെന്ന് ആരെങ്കിലും പറയുമോ? അത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ വയ്യെങ്കിലും ദുര്‍ബ്ബല മനസ്‌കരായ അവരുടെ ത്യാഗത്തെ പുച്ഛിക്കാനുമാവില്ല. അത്തരത്തിലൊരു സംഭവത്തെ ആവിഷ്‌ക്കരിച്ചത് സതിയെ പ്രോത്സാഹിപ്പിക്കലാവുമോ? എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതുന്നതുപോലെയാണ് ടി.പി. സുധാകരന്റെ ലേഖനം. എന്തായാലും സാഹിത്യമഞ്ജരി ഏഴാം ഭാഗം വീണ്ടും വായിക്കാനിടയാക്കിയ ലേഖകനോട് എതിര്‍പ്പില്ല. അതൊക്കെ വായിക്കാന്‍ ചിലരെങ്കിലും തയ്യാറാകുന്നല്ലോ എന്നതുതന്നെ വലിയ കാര്യം.