1797 ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല. 1800 ല്‍ രാജാവ് വീണ്ടും ബ്രിട്ടീഷ് അധികാരത്തിനെതിരെ പ്രക്ഷോഭം തുടങ്ങി. 1799 ല്‍ ശ്രീരംഗപട്ടണം കീഴടക്കിയതിനെ തുടര്‍ന്നുണ്ടായ ഉടമ്പടിയനുസരിച്ച് ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്ത വയനാട് ബ്രിട്ടീഷുകാര്‍ പഴശ്ശിരാജാവില്‍ നിന്ന് വിട്ട് കിട്ടുവാന്‍ ശ്രമിച്ചതാണ് പുതിയ പ്രശ്‌നത്തിന് കാരണമായത്. പഴശ്ശിരാജാവ് വയനാട് സ്വന്തം ജില്ലയാണെന്ന് അവകാശപ്പെടുകയും വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കത്തെ എതിര്‍ക്കുകയും ചെയ്തു. നായന്‍മാര്‍, കുറിച്യര്‍, മാപ്പിളമാര്‍ എന്നിവരുടെ വലിയ സംഘങ്ങളെ ശേഖരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സുശക്തമായ ഒരു സൈന്യത്തെ അദ്ദേഹം സംഘടിപ്പിച്ചു. കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു നായര്‍, തലയ്ക്കല്‍ ചന്തു എന്നീ സ്വാമി ഭക്തരായ സേനാനായകന്മാരുടെ വിദഗ്ധ സേവനം പഴശ്ശിയുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ആയോധനകലയില്‍ നിപുണനായ രാജാവ് തന്നെ വയനാട്ടിലെ വനാന്തരങ്ങളില്‍ വച്ച് ഇംഗ്ലീഷുകാര്‍ക്ക് എതിരെ പോരാടാനുള്ള പരിശീലനം തന്റെ സൈന്യങ്ങള്‍ക്ക് നല്‍കി. വലിയ ഗൗരവത്തോടെ കലാപത്തെ നേരിടാനും ഇരുമ്പു മുഷ്ടികൊണ്ട് അടിച്ചമര്‍ത്താനും ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനിച്ചു. മലബാറിലെയും മൈസൂരിലെയും തെക്കന്‍ കാനറായിലേയും ബ്രിട്ടീഷ് പട്ടാളത്തിന്റെ സര്‍വസൈന്യാധിപനായി 1800 -ല്‍ നിയമിതനായ സര്‍ ആര്‍തര്‍ വെല്ലസ്ലി തലശ്ശേരിയില്‍ വന്നു ചാര്‍ജെടുത്തു. ശത്രുവിനെതിരായ സൈനിക സമരതന്ത്രം ആസൂത്രണം ചെയ്തു. പഴശ്ശി രാജാവിന്റെ ഒളിപ്പോര് നേരിടാനുള്ള എതിര്‍ നടപടി എന്ന നിലയില്‍ അനേകം റോഡുകള്‍ നിര്‍മ്മിക്കുകയും സമതലപ്രദേശങ്ങളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പട്ടാളക്കാരുടെ കാവല്‍ത്താവളങ്ങള്‍ ഉറപ്പിക്കുകയും ഉണ്ടായി. ഒളിപ്പോരുകാരെ നേരിടാന്‍ ഈ താവളങ്ങളില്‍നിന്ന് നാനാ ഭാഗങ്ങളിലേക്കും ചെറിയ സൈനിക സംഘങ്ങളെ നിയോഗിക്കുക എന്നതായിരുന്നു വെല്ലസ്ലിയുടെ ലക്ഷ്യം.
1800 ജൂണ്‍-ജൂലായ് മാസങ്ങളിലെ മഴക്കാലത്ത് പഴശ്ശിരാജാവ് ആക്രമണങ്ങള്‍ ആരംഭിച്ചു. പഴശ്ശിപ്പടയാളികള്‍ സുഗന്ധദ്രവ്യങ്ങള്‍ കൃഷിചെയ്തിരുന്ന തോട്ടങ്ങളും ബ്രിട്ടീഷുകാരുടെ ചില പടത്താവളങ്ങളും ആക്രമിച്ചു. 1801 ആദ്യം കേണല്‍ സ്റ്റീവന്‍സണ്‍ മൈസൂരില്‍ നിന്ന് ഒരു വലിയ സൈന്യവുമായി വയനാട്ടിലേക്ക് കടന്നു. മൈസൂര്‍ അതിര്‍ത്തി മുതല്‍ താമരശ്ശേരി ചുരം വരെ കോട്ടകളുടെ ഒരു ശൃംഖല തന്നെ നിര്‍മ്മിക്കുകയും കോഴിക്കോടുമായി ഗതാഗത ബന്ധം പുലര്‍ത്തുകയും ചെയ്തു. പഴശ്ശി രാജാവിനെ തെക്കേ മലബാറില്‍ ഉള്ള അനുയായികളില്‍ നിന്ന് ഒറ്റപ്പെടുത്തുകയും എല്ലാ ഭാഗങ്ങളില്‍ നിന്നും രാജാവിന്റെ കൊട്ടാരം വളയുകയും ചെയ്യുക എന്നതായിരുന്നു കേണല്‍ സ്റ്റീവന്‍സണിന്റെ ലക്ഷ്യം. തുടര്‍ന്നുണ്ടായ സമരങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തിന് വലിയ വിജയം ഉണ്ടായി. തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളും അവര്‍ പിടിച്ചെടുത്തു. ഏറ്റവും പ്രിയപ്പെട്ട അനുചരന്മാരുമായി വനാന്തരങ്ങളില്‍ അലഞ്ഞു തിരിയേണ്ട അവസ്ഥ രാജാവിന് വന്നുചേര്‍ന്നു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ നായാടപ്പെടുകയും പ്രമുഖ നേതാക്കന്മാരായ ചുഴലി നമ്പ്യാരും പെരുവയല്‍ നമ്പ്യാരും തടവിലാക്കപ്പെടുകയും ചെയ്തു. പെരുവയല്‍ നമ്പ്യാരെയും മകനേയും കണ്ണവത്ത് വച്ച് ബ്രിട്ടീഷുകാര്‍ പരസ്യമായി തൂക്കിക്കൊന്നു. ഇത്തരം അപരിഷ്‌കൃതവും ഭീകരവും ക്രൂരവുമായ ശിക്ഷാ നടപടികളിലൂടെ ലഹളക്കാരെ ശിക്ഷിച്ചാല്‍ ജനങ്ങള്‍ക്ക് പഴശ്ശിത്തമ്പുരാനോടുള്ള വിധേയത്വത്തിന് മങ്ങലുണ്ടാകുമെന്ന് പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ഇംഗ്ലീഷുകാര്‍ വിചാരിച്ചു. പഴശ്ശി പ്രക്ഷോഭങ്ങള്‍ തകര്‍ന്നുപോയെന്നും രാജാവിന്റെ കീഴടങ്ങല്‍ അത്യാസന്നമായെന്നും ബ്രിട്ടീഷുകാര്‍ക്ക് തോന്നി. പഴശ്ശി രാജാവിനോട് ജനമനസ്സുകളില്‍ സ്‌നേഹാദരങ്ങളും കരുതലും എത്രമാത്രം ഉണ്ടായിരുന്നുവെന്നതിന് ഉപോല്‍ബലകമായി ഇക്കാലത്ത് ജനങ്ങള്‍ രാജാവിന് വേണ്ടി ചെയ്തിരുന്ന ഒരൊറ്റ കരുതലിനെപ്പറ്റിമാത്രം അറിഞ്ഞാല്‍ മതി. പലപ്പോഴും കാട്ടില്‍ അലയുന്ന പഴശ്ശി തമ്പുരാന് ചിലപ്പോഴെങ്കിലും ഭക്ഷണം ലഭിക്കാന്‍ വിഷമം നേരിടാറുണ്ടെന്നും അതുകൊണ്ട് എപ്പോഴെങ്കിലും തങ്ങളുടെ വീടിന്റെ അടുത്തുകൂടി രാജാവും സംഘവും കടന്നു പോവുകയാണെങ്കില്‍ രാത്രി എടുത്തു കഴിക്കത്തക്കനിലയില്‍ ആഹാരം ഭദ്രമായി പൊതിഞ്ഞ് അമ്മമാര്‍ വീടിനുമുമ്പിലുള്ള പടിപ്പുരയില്‍ കെട്ടിവയ്ക്കുമായിരുന്നു എന്നുമാണ് കഥ. അതായിരുന്നു നാട്ടുകാരും തമ്പുരാനും തമ്മിലുള്ള ബന്ധവും മമതയും. അതുപോലെ തന്നെ കരമടക്കാത്തവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടും ജനങ്ങള്‍ സ്വത്തും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പോയതല്ലാതെ പഴശ്ശിയുടെ താല്‍പര്യങ്ങളെ ഹനിച്ചുകൊണ്ട് കരമടയ്ക്കുവാന്‍ തയ്യാറായില്ല.
1801 നവംബറില്‍ ബ്രിട്ടീഷ് പടയാളികളുടെ ഒരുസംഘം ലെഫ്റ്റനന്റ് എഡ്വേര്‍ഡിന്റെ നേതൃത്വത്തില്‍ രാജാവിന്റെ ഒരു പ്രധാന സേനാനായകനായ ശങ്കരന്‍ നമ്പ്യാരെ തടവില്‍ പിടിച്ച് കണ്ണവത്തെ അദ്ദേഹത്തിന്റെ വസതിക്ക് തൊട്ടടുത്ത കുന്നിന്‍ പുറത്തുവച്ച് തൂക്കിലേറ്റി. പഴശ്ശി പ്രക്ഷോഭങ്ങള്‍ക്ക് തീക്ഷ്ണമായ ഒരു ആഘാതമായിരുന്നു ഇത്. 1802 ജനുവരിയില്‍ കളക്ടര്‍ മേജര്‍ മക്‌ലോയ്ഡ് പ്രലോഭനങ്ങളിലൂടെയും ബലം പ്രയാഗിച്ചും ജില്ലയെ നിരായുധീകരിച്ചു. ഈ സംഭവവികാസങ്ങള്‍ ഒക്കെ ഉണ്ടായിട്ടും പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങിയില്ല. 1802 ഒക്ടോബറില്‍ പ്രക്ഷോഭകാരികള്‍ എടച്ചേന കുങ്കന്‍, തലയ്ക്കല്‍ ചന്തു എന്നിവരുടെ നേതൃത്വത്തില്‍ പനമരം കോട്ട പിടിച്ചെടുക്കുകയും അവിടെയുണ്ടായിരുന്ന 70 ഇംഗ്ലീഷ് പട്ടാളക്കാരെ വകവരുത്തുകയും ചെയ്തു. ഈ വിജയം ദേശാഭിമാനികളെ ആവേശഭരിതരാക്കി. അവര്‍ വീണ്ടും ശക്തി സമ്പാദിച്ച് വയനാടന്‍ പ്രദേശങ്ങള്‍ മുഴുവന്‍ സ്വന്തം നിയന്ത്രണത്തിലാക്കി. എല്ലാ ഭാഗങ്ങളില്‍ നിന്നും ബ്രിട്ടീഷ് പട്ടാളക്കാര്‍ വയനാട്ടിലേക്ക് തിരിച്ചു. പ്രക്ഷോഭകര്‍ അവരുടെ സുരക്ഷിതത്വത്തെ കരുതി വനാന്തര്‍ ഭാഗങ്ങളിലേക്ക് മടങ്ങിപ്പോയി. ഇതിനിടയില്‍ മേജര്‍ മക്‌ലോയ്ഡ് ഭൂനികുതിയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചും വിനിമയത്തിന്റെ പട്ടിക പരിഷ്‌ക്കരിച്ചും ജനങ്ങളെ മുഴുവന്‍ അപ്രീതരാക്കി. തുടര്‍ന്ന് ഒരു ജനകീയ മുന്നേറ്റമുണ്ടാകുകയും ഈ സന്ദര്‍ഭം ഉപയോഗിച്ച് പടയാളികള്‍ തങ്ങളുടെ താവളങ്ങളില്‍ നിന്ന് പുറത്തു വരികയും സമതലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു. കണ്ണൂര്‍, ധര്‍മടം മുതലായ പ്രദേശങ്ങളില്‍ പോലും രൂക്ഷമായ സംഘട്ടനങ്ങള്‍ ഉണ്ടായി. അഞ്ചരക്കണ്ടിയിലെ സുഗന്ധദ്രവ്യ കൃഷിത്തോട്ടങ്ങള്‍ പ്രക്ഷോഭകാരികള്‍ നശിപ്പിച്ചു. വയനാട്ടിലെ ബ്രിട്ടീഷ് പട്ടാളക്കാരുടെ സ്ഥിതി വളരെ കഷ്ടത്തിലായി. ഒട്ടേറെപ്പേര്‍ക്ക് മലമ്പനി പിടിപെട്ടു. കരിനിയമങ്ങള്‍ നടപ്പിലാക്കിയ മക്‌ലോയ്ഡ് 1803 മാര്‍ച്ചില്‍ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഴശ്ശിപ്പട്ടാളങ്ങളുടെ ചെറിയ സംഘങ്ങളെ നേരിടാന്‍ കോല്‍ക്കാര്‍ എന്നപേരില്‍ തദ്ദേശീയരായ പോലീസുകാരുടെ ഒരു സംഘത്തെ സംഘടിപ്പിച്ചതിനാല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് രാജാവിന്റെ ഒളിത്താവളങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമായി.
1805 നവംബര്‍ 30ന് മാവിലാം തോടിന്റെ തീരത്ത് വച്ചാണ് വീരപഴശ്ശി കേരള വര്‍മ്മയുടെ ദേഹവിയോഗം നടന്നത്. പഴശ്ശി ആത്മഹത്യ ചെയ്തതാണെന്നും ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചതാണെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച് തല വെട്ടിയെടുത്ത് ബ്രിട്ടീഷുകാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ പഴശ്ശിയെ വകവരുത്താന്‍ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്ടര്‍ തോമസ് എച്ച്. ബേബറിന്റെ്യു(ടി.എച്ച്.ബേബര്‍) റിപ്പോര്‍ട്ടില്‍ പഴശ്ശിയെ നൂറോളം കോല്‍ക്കാരും ബ്രിട്ടീഷ് അനുകൂലിയായ കരുണാകരമേനോനും ചേര്‍ന്ന് വളഞ്ഞു എന്നും കരുണാകരമേനോനെ കണ്ട പഴശ്ശി ‘ഛീ മാറി നില്‍ക്ക് എന്നെ തൊട്ടു പോകരുത്’ എന്ന് കല്‍പിക്കുകയും ചെയ്തുവത്രെ. പിന്നീട് ഒരു വെടി ശബ്ദം കേട്ടുവെന്ന് പറയപ്പെടുന്നു. അദ്ദേഹം അണിഞ്ഞിരുന്ന വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നുള്ള കഥയ്ക്കും പ്രാബല്യമുണ്ട്. പഴശ്ശിപ്പാട്ടുകള്‍ എന്ന പേരില്‍ തലമുറതലമുറ കൈമാറി വന്ന വടക്കന്‍ പാട്ടുകളിലും അദ്ദേഹം വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്നാണ് പാടിവരുന്നത്. തന്നോട് ഇത്രയും വഞ്ചന കാണിച്ച മ്ലേച്ഛന്‍മാരായ ബ്രിട്ടീഷുകാരുടെ കൈകള്‍ കൊണ്ട് മരിക്കുന്നതിലും നല്ലത് ആത്മഹത്യയാണ് എന്നദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. മരണ കാരണമെന്താണെങ്കിലും ധീരനും ശൂരനുമായ ഒരു രാജാവിന് നല്‍കേണ്ട ആദരവോടെ തന്നെയാണ് ബ്രിട്ടീഷ് സൈന്യം പഴശ്ശിരാജാവിന്റെ ഭൗതികശരീരം മാനന്തവാടിയില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചത്. ബാബര്‍ രേഖപ്പെടുത്തിയതും വീരോചിത സംസ്‌കാരത്തിനു കാരണമായതും ഇതാണ്. ‘മരണത്തിന് പോലും മായ്ക്കുവാനാകാത്ത ആരാധനാ സ്പര്‍ശിയായ സ്‌നേഹാദരങ്ങളോടെ ജനങ്ങള്‍ വീക്ഷിച്ചിരുന്ന പഴശ്ശിരാജാവിന്റെ കാര്യത്തില്‍ എല്ലാ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും സുസ്ഥിര താല്‍പര്യമുണ്ടായിരുന്നതായി ഞാന്‍ കണ്ടു. അപ്രകാരം അനുഭവിച്ചറിഞ്ഞ ആദരവ് അംഗീകരിച്ചുകൊണ്ടാവണം സ്വന്തം പല്ലക്കില്‍ത്തന്നെ പഴശ്ശിയുടെ ഭൗതിക ശരീരം മാനന്തവാടിയിലെത്തിച്ചതും ആചാരപ്രകാരം സംസ്‌കരിച്ചതും. സ്വന്തം പ്രവൃത്തിയെ ന്യായീകരിച്ചു കൊണ്ട് ബാബര്‍ തുടര്‍ന്നു. ‘കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തിലെ മുറപ്രകാരമുള്ള നാടുവാഴിയാണ്; ഒരു പരാജിത ശത്രുവെന്നതിനേക്കാള്‍ ആ നിലയില്‍ വേണം അദ്ദേഹത്തെ കണക്കാക്കാന്‍’.’
ശത്രുവിന് പഴശ്ശിരാജാവിന്റെ നേതൃത്വഗുണങ്ങളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും നമുക്ക് ഈ ധീരദേശാഭിമാനിയെ വേണ്ടവണ്ണം മനസ്സിലാക്കുവാന്‍ കഴിഞ്ഞുവോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. സ്വദേശത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പടവെട്ടി രക്തസാക്ഷിത്വം വഹിച്ച പഴശ്ശിയുടെ വീരകഥകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചേര്‍ക്കുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിനോട് കാട്ടുന്ന അവഗണനയും ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഴശ്ശിയുടെ വീരഗാഥകള്‍ പാടിപ്പുകഴ്ത്തുവാനുള്ള അവസരം നിഷേധിക്കലുമാകും എന്നതിന് സംശയമില്ല.
(അവസാനിച്ചു)