ഒരു പ്രദേശത്തെ ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നവര്‍ ജനാധിപത്യവാദികളാകുന്നു! അതേ സമയം 70 വര്‍ഷമായി ജനങ്ങളെ വഴിതെറ്റിക്കുന്നവരെ നിലയ്ക്കുനിര്‍ത്തുന്ന സര്‍ക്കാര്‍ ജനദ്രോഹികളുമാകുന്നു! ഇതാണ് മതേതര രാഷ്ട്രീയത്തിന്റെ കുട്ടിസ്രാങ്ക് നയം. 370-ാം വകുപ്പ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കാശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അയവു വന്നിരിക്കുന്നു. ജനജീവിതം സാധാരണ നിലയ്ക്കാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വീട്ടുതടങ്കലിലായ രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു. സ്‌കൂളുകള്‍ തുറന്നു. കടകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഭീകരന്മാരില്‍ നിന്നു ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. പ്രാദേശിക പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ ഭരണകൂടം ചോദിക്കുന്നു: ”കടകള്‍ അടച്ചിട്ടതുകൊണ്ടും ട്രാന്‍സ്‌പോര്‍ട്ട് തടഞ്ഞതുകൊണ്ടും എന്തു പ്രയോജനം?”
മറുവശത്ത് വിഘടനവാദികള്‍ ജനങ്ങളെ ബന്ദികളാക്കുന്നു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ അനുവദിക്കുന്നില്ല. വാഹനം പുറത്തിറക്കാന്‍ സമ്മതിക്കുന്നില്ല. കടകള്‍ തുറക്കില്ലെന്ന് വിഘടനവാദികള്‍ക്കൊപ്പം നില്‍ക്കുന്ന കാശ്മീര്‍ ട്രേഡേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിക്കുന്നു. ഉദ്ധംപൂരില്‍ റോഡിലിറങ്ങിയ വാഹനത്തെ അക്രമിക്കുന്നു. ജനങ്ങള്‍ ഭയന്നു വീട്ടില്‍ നിന്നു പുറത്തിറ ങ്ങാന്‍ മടിക്കുന്നു. സയ്യിദ് അലി ഷാ ഗിലാനി, മുര്‍വൈസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് എന്നിവരുടെ അണികളാണ് ഇതു ചെയ്യുന്നത്. പിന്തുണയ്ക്കുന്നത് നാഷണല്‍ ഫ്രണ്ടും പി.ഡി.പിയും. 2008ലും 10ലും 13ലും 16ലും ഇത്തരം തന്ത്രം പ്രയോഗിച്ച് അവര്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ചിരുന്നു. അതേ തന്ത്രമാണ് 2019ലും പ്രയോഗിക്കുന്നത്. സുരക്ഷാ സൈനികരെ കല്ലെറിയല്‍ തുടങ്ങിയ അവരുടെ മറ്റു സമരരീതികളെല്ലാം പൊളിഞ്ഞപോലെ ഇതും പൊളിയും. അതിനുള്ള കരുത്ത് ഈ സര്‍ക്കാരിനുണ്ട്. എത്രകാലം വിഘടനവാദികള്‍ ജനങ്ങളെ ബന്ദികളാക്കും?