കൗമാരം സാഹസികതയുടെ കാലമാണ്. ആ പ്രായത്തെ ചൂഷണം ചെയ്ത് അക്രമപ്രവര്‍ത്തനങ്ങളിലേക്ക് ചെറുപ്പക്കാരെ നയിക്കുന്ന ധാരാളം പ്രസ്ഥാനങ്ങളുണ്ട്. എന്തിനുവേണ്ടി? സമൂഹത്തിന് എന്തു പ്രയോജനം? എന്നൊന്നും ആഴത്തില്‍ ചിന്തിക്കാന്‍ ഈ പ്രായക്കാര്‍ക്ക് കഴിയാറില്ല. അതുകൊണ്ടാണ് രാഷ്ട്രീയത്തിന് യുവാക്കളേക്കാള്‍ യോജിച്ചത് വൃദ്ധന്മാരാണ് എന്ന് സാധാരണ പറയാറുള്ളത്. ഈ ലേഖകനും കൗമാരകാലത്ത് വിപ്ലവഗ്രൂപ്പുകളെന്ന് വിശേഷിപ്പിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് താല്പര്യം തോന്നിയിട്ടുണ്ട്. ഒരിക്കല്‍ അത്തരത്തിലൊരു ഗ്രൂപ്പിന്റെ ഒത്തുകൂടലിനു പോയപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞതു കേട്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി.
”എന്തിനുവേണ്ടിയാണു നമ്മള്‍ സംഘടിക്കുന്നത്” എന്ന എന്റെ ചോദ്യത്തിന് അയാള്‍ക്കു കൃത്യമായ ഒരുത്തരവും ഉണ്ടായിരുന്നില്ല. ”നമുക്കു കുറച്ചു ബോംബൊക്കെ വയ്ക്കണം” എന്നു മാത്രമായിരുന്നു അയാളുടെ മറുപടി. അതൊക്കെ എന്തിനുവേണ്ടിയെന്ന് അയാള്‍ക്കറിയില്ല. സമൂഹത്തോടു മുഴുവന്‍ ഒരുതരം പകയാണ്. അല്ലാതെ രാഷ്ട്ര പുരോഗതിയോ പാവപ്പെട്ടവരുടെ ഉന്നമനമോ ഒന്നും അയാളുടെ മനസ്സിലില്ല. സമൂഹനന്മ ലാക്കാക്കാത്ത പ്രസ്ഥാനങ്ങളും വ്യക്തികളും സാമൂഹ്യവിരുദ്ധമാണ്. വിപ്ലവ പ്രസ്ഥാനങ്ങള്‍ എന്നു പേരിട്ടതുകൊണ്ടു മാത്രം അവ പുരോഗമനപരമാകില്ല.
മാധ്യമം വാരികയില്‍ (നവം. 7-14) ലോപ എഴുതിയിരിക്കുന്ന കവിത ‘നാടകാന്തം’ വായിച്ചപ്പോള്‍ പഴയ ആ ലക്ഷ്യശൂന്യനായ വിപ്ലവകാരിയെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ലോകത്തെല്ലായിടത്തും രാജ്യങ്ങളും ജനതയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, എന്ന് കവി പറയുന്നു. എന്തിനുവേണ്ടിയാണ് ആ ഉയര്‍ത്തെഴുന്നേല്‍പ്പെന്നു കവിയ്ക്ക് ഒരു നിശ്ചയവുമില്ല. സാമൂഹ്യവിഷയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടാകണം. അതിലേയ്ക്ക് നയിക്കുന്ന രീതിയിലാവണം എഴുത്ത്. അതിനു കഴിവില്ലെങ്കില്‍ സബ്ജക്ടീവ് ആയ വിഷയങ്ങള്‍ തെരഞ്ഞെടുക്കാവുന്നതേയുള്ളൂ. കൂടുതല്‍ മെച്ചപ്പെട്ട കവിത രൂപപ്പെടുന്നത് പുറത്തേയ്ക്കു നോക്കുമ്പോഴല്ല, അകത്തേയ്ക്കു നോക്കുമ്പോഴാണ്.
മാധ്യമത്തിലെ അടുത്തകവിത ആസാദിന്റെ ‘ഞാനും ഞാനേ’ പൂര്‍ണ്ണമായും തന്നിലേയ്ക്കു നോക്കുന്ന രചനയാണ്. കവിതയിലാകെ ‘ഞാന്‍’ മാത്രമേയുള്ളൂ. ”ഞാനേയൊറ്റയ്‌ക്കെന്നെത്തേടി ജ്ഞാനപ്പെരുവഴി വിട്ടു നടന്നു” കവികളൊക്കെ ഇങ്ങനെയൊറ്റയ്ക്ക് ജ്ഞാനപ്പെരുവഴി വിട്ടു നടക്കുന്നവരാണ് (നല്ല കവികള്‍). 52 ഭാഗങ്ങളും 1300 വരികളുമുള്ള “Song of Myself’ എന്ന ദീര്‍ഘകാവ്യം അമേരിക്കന്‍ കവിയായ വാള്‍ട്ട് വിറ്റ്മാന്‍ (Whalt Whiteman) എഴുതിയിട്ടുണ്ട്. ലോകത്തില്‍ ഒരു കവി തന്നെക്കുറിച്ചു തന്നെ എഴുതിയ ഏറ്റവും ദീര്‍ഘമായ കാവ്യം ഇതുതന്നെയാണെന്നു തോന്നുന്നു. ആ കവിതയില്‍ വിറ്റ്മാന്‍ എഴുതുന്നത് നോക്കൂ “I discover myself on the verge of usual mistake’ “I celebrate myself and sing myself’,”I am untranslatable’ എന്നൊക്കെ ആത്മനിഷ്ഠമായെഴുതുന്ന വിറ്റ്മാന്‍ ഒരിടത്തു പറയുന്നത് ‘മുറിവേറ്റ മനുഷ്യനോട് ഞാന്‍ ഒരിക്കലും എങ്ങനെയുണ്ടെന്ന് ചോദിക്കില്ല. ഞാന്‍ മുറിവേറ്റവനായി മാറുകയാണു ചെയ്യുക’ എന്നാണ്(I do not ask the wounded person how he feels; I myself become the wounded person). അവിടെ അദ്ദേഹത്തിന്റെ ആത്മനിഷ്ഠത മനുഷ്യസ്‌നേഹത്തിനുവഴി മാറുന്നു. ആസാദില്‍ അതു സംഭവിക്കുന്നില്ല. കവിത തന്നില്‍ത്തന്നെ ഒടുങ്ങുന്നു. ”ഞാനിലിരിക്കും ഞാനേക്കണ്ടു” ”എന്നിലിരിക്കും എന്നെപ്പോലെ” കവി അവസാനിപ്പിക്കുന്നു. ആത്മാന്വേഷണം മോശമായില്ല.
മാധ്യമത്തിലെ മൂന്നാം കവിത എന്റെ വായനയെ അല്പം പോലും ആകര്‍ഷിക്കുന്നില്ല (പച്ചമീന്‍ ഉണങ്ങിയത്). കെ.ജി. സൂരജ് എന്ന കവി വായനക്കാരെ കുറച്ചുകൂടി പരിഗണിക്കണം. ‘നമ്മള്‍ നഗരത്തിലെ ആഴക്കടല്‍’ എന്നെഴുതിയതു നന്നായി എങ്കിലും പിന്നൊന്നും സംവേദനക്ഷമമല്ല. സ്‌കറിയ സഖറിയയെക്കുറിച്ചുള്ള ലേഖനവും കുലവാണിയന്‍ ചാത്തനാരുടെ മണി മേഖലയുടെ വിവര്‍ത്തനവും മാധ്യമത്തെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. സംഘകാലസാഹിത്യം തമിഴ് നാട്ടുകാരുടേതിനേക്കാള്‍ കൂടുതല്‍ നമ്മള്‍ മലയാളികളുടേതാണ്. എങ്കിലും ഇപ്പോഴും സംഘം കൃതികള്‍ തമിഴരുടെ നിത്യജീവിതത്തില്‍ തിരനോട്ടം നടത്തുന്നതുപോലെ കേരളത്തിലില്ല. തിരുക്കുറലും മണിമേഖലയും ചിലപ്പതികാരവും ഒക്കെ നമുക്കും അവകാശപ്പെട്ടവയാണ്. കൂടുതല്‍ കൂടുതല്‍ ഈ കൃതികള്‍ നമ്മള്‍ പരിചയിക്കേണ്ടിയിരിക്കുന്നു.
ഇത്തവണത്തെ ദേശാഭിമാനി വാരിക സമ്പൂര്‍ണമായും (നവംബര്‍ 13) ഫുട്‌ബോള്‍ പതിപ്പായതിനാല്‍ അതില്‍ മറ്റു വിഭവങ്ങളൊന്നുമില്ല. പഴയകാല നക്‌സലൈറ്റുകള്‍ കേരളത്തില്‍ ഇന്നും ഒരു ഗൃഹാതുരതയാണ്. അതുകൊണ്ടാവണം മാധ്യമത്തിലും മാതൃഭൂമിയിലും കെ. വേണുവിന്റെ ആത്മകഥയുടെ പരസ്യമുണ്ട്. മാധ്യമത്തില്‍ കുറെ ലക്കങ്ങളായി എക്‌സ് നക്‌സലൈറ്റ് കെ.എന്‍.രാമചന്ദ്രന്റെ അനുഭവങ്ങളുടെ പരമ്പരയുമുണ്ട്. ദളിതരെ തെറ്റിദ്ധരിപ്പിക്കാനും നക്‌സല്‍ മാവോവാദികളെ പാടിപ്പുകഴ്ത്താനും മാധ്യമത്തിനു പണ്ടേയൊരു താല്പര്യമുണ്ടെന്ന് ഏവര്‍ക്കുമറിയാം. മാതൃഭൂമിക്കും ഉണ്ട്. കെ.എന്‍.രാമചന്ദ്രന്‍ സധൈര്യം എഴുതുന്നത് പഴയ പുനലൂര്‍ പേപ്പര്‍മില്‍ ഉടമയും വ്യവസായിയുമായിരുന്ന ഡാല്‍മിയയെ കിട്ടിയിരുന്നെങ്കില്‍ കൊല്ലുമായിരുന്നു എന്നാണ്. എന്താണ് അതുകൊണ്ടുള്ള പ്രയോജനം, ഒരു ലക്ഷത്തോളം തൊഴിലാളികള്‍ അക്കാലത്ത് ഡാല്‍മിയയുടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. അവരെയൊക്കെ തൊഴില്‍രഹിതരാക്കാമായിരുന്നു എന്നല്ലാതെ എന്തു പ്രയോജനം? കേരളത്തിലെ സര്‍ക്കാരുകളുടെ നയരാഹിത്യവും പിടിപ്പുകേടുമാണ് പുനലൂര്‍ പേപ്പര്‍മില്ലും മാവൂര്‍ ഗ്വോളിയര്‍ റയോണ്‍സുമൊക്കെ നമുക്കു നഷ്ടപ്പെടാന്‍ കാരണം; പിന്നെ ഇത്തരം തൊഴിലാളി നേതാക്കളും.
ഷീജ വക്കം എന്ന കവി എഴുതുന്നതിലെല്ലാം കവിതയുടെ തുടിപ്പുണ്ട്. ഗദ്യകവനങ്ങളാണ് മിക്കവാറുമെങ്കിലും അതിനൊക്കെ ഒരു താളഭംഗിയും സൗന്ദര്യവുമുണ്ട്. വായിക്കുന്നവരുടെ ഹൃദയങ്ങളില്‍ അനുഭൂതി വിരിയിക്കുന്ന ചമല്‍ക്കാരഭംഗി വരികളില്‍ ചേര്‍ത്തു വയ്ക്കാന്‍ ഈ കവിക്കു കഴിയുന്നുണ്ട്. മാതൃഭൂമിയിലെ (നവം. 13-19) ഇത്തവണത്തെ കവിത, ‘വാളമീന്‍ കല്പിക്കുന്നു’ എന്നത് ഒരു റഷ്യന്‍ നാടോടിക്കഥയുടെ കാവ്യാവിഷ്‌കാരമാണ്. ഈ കവിത പക്ഷെ ഗദ്യമല്ല. കേകയെ അര്‍ദ്ധിച്ചു പകുതി – പകുതിയാക്കി പകുത്തു വച്ചിരിക്കുകയാണ്.
കേരളത്തില്‍ പണ്ടുകാലം മുതലേ തുടങ്ങിയ ഒരു റഷ്യന്‍-ചൈന ആഭിമുഖ്യം തന്നിലും ഉണ്ടെന്നു കവി അറിയാതെ സമ്മതിക്കുന്നു. കവി എഴുതുന്നു. ”രക്തത്തിലലിഞ്ഞേപോയ് റഷ്യ; ഞാന്‍ കട്ടന്‍ചായ മൊത്തുമ്പൊഴത്തിച്ചാറു ചേര്‍ത്തു വാറ്റിയ വോഡ്ക. മഞ്ഞുകട്ടയില്‍പ്പായും തെന്നുവണ്ടിയെന്‍ ബാല്യം മുന്നിലായ് കുതിക്കുന്നൂ ഡോണ്‍ നദിയുടെ പാദം.” അരശതാബ്ദം മുന്‍പോ അതിനടുത്തോ ജനിച്ച കേരളത്തിലെ കുട്ടികളില്‍ വായനാശീലമുള്ളവരൊക്കെ ഷീജ വക്കത്തെ പോലെ റഷ്യന്‍ സംസ്‌കാരത്തിന്റെ അടിമകളായിരുന്നു. റഷ്യന്‍ പുസ്തകക്കമ്പനികള്‍ മലയാളത്തില്‍ പ്രിന്റ് ചെയ്തിറക്കിയ തുച്ഛമായ വിലയ്ക്കു ലഭിച്ചിരുന്ന പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ശേഖരമില്ലാത്ത വീടുകളോ വായനശാലകളോ അന്നത്തെ കേരളത്തിലുണ്ടായിരുന്നില്ല. വായനാകുതുകികളൊക്കെ അവരുടെ വിലക്കുറവില്‍ പെട്ടുപോയിരുന്നു. ഈ ലേഖകനും കുറഞ്ഞവിലയില്‍ കിട്ടിയ മാര്‍ക്‌സിസ്റ്റ് സാഹിത്യം കൊണ്ട് വായനയുടെ നല്ല പങ്കു നിറച്ച ഒരാളാണ്.
അക്കാലത്തെ മലയാളിയുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനും അതുവഴി അന്നത്തെ റഷ്യന്‍ സാമ്രാജ്യത്തിന് കുറെ അപ്പോസ്തലന്മാരെ സൃഷ്ടിക്കാനുമായിരുന്നു അവരുടെ ശ്രമം. നമ്മളൊക്കെ അതില്‍പെട്ടുപോയവരാണ്. എന്നാല്‍ കാലം കടന്നപ്പോള്‍ പലര്‍ക്കും ചതി തിരിച്ചറിയാന്‍ കഴിഞ്ഞു. അവരൊക്കെ ഹൃദയത്തെ റഷ്യയില്‍ നിന്നു മോചിപ്പിച്ചു. ഇന്ത്യയിലേക്കു നടത്താന്‍ തുടങ്ങി. ഷീജ വക്കത്തിന് അതിനു കഴിയുന്നില്ല. കവി ഇപ്പോഴും റഷ്യന്‍ അടിമയാണെന്നു തുറന്നു സമ്മതിക്കുന്നു. എന്നാല്‍ കവിത അവസാനിക്കുന്നിടത്തു കവി യുക്രൈനിന്റെ പക്ഷത്തേയ്ക്കു മാറുന്നു. അതില്‍ അത്ഭുതമില്ല. മലയാളികള്‍ മനസ്സില്‍ പേറുന്നത് പഴയ റഷ്യയെയാണ്. അത് റഷ്യക്കാരുടെ മനസ്സില്‍ നിന്നും എന്നേ മാഞ്ഞു കഴിഞ്ഞു. മാത്രവുമല്ല പഴയ ആ റഷ്യ തിരിച്ചു വരാതിരിക്കാന്‍ ഓരോ റഷ്യക്കാരനും പ്രാര്‍ത്ഥിക്കുന്നു. പക്ഷെ, ഇവിടെയീ കേരളത്തിലിപ്പോഴും പലരും ആ റഷ്യന്‍ ജഡം പേറി നടക്കുന്നുണ്ട്. ഷീജ വക്കവും ഹൃദയത്തില്‍ ആ ശവം പേറുന്ന ഒരാള്‍ തന്നെ.
കേരളത്തിലെ റഷ്യന്‍ ആരാധകര്‍ക്ക് മുഖത്തുതന്നെ അടി നല്‍കുന്ന നാലു സ്റ്റാലിന്‍ വിരുദ്ധ കവിതകളും മാതൃഭൂമിയില്‍ത്തന്നെ കൊടുത്തിട്ടുണ്ട്. റഷ്യയില്‍ സ്റ്റാലിന്‍ നടത്തിയ ക്രൂരതകളെക്കുറിച്ച് അറിഞ്ഞശേഷം ജര്‍മന്‍ കവിയായ ബ്രത്തോള്‍ഡ് ബ്രഹ്ത് എഴുതിയ നാലു കവിതകള്‍ പ്രതാപന്‍ തര്‍ജ്ജമ ചെയ്തു കൊടുത്തിരിക്കുന്നു. ലോകത്തെല്ലായിടത്തും മനുഷ്യര്‍ വിവേകത്തോടെ പെരുമാറിയിട്ടും മലയാളി മാത്രം എന്താണ് നിരക്ഷരന്മാരെപ്പോലെയിരിക്കുന്നതെന്ന് നമ്മള്‍ അതിശയിച്ചുപോകുന്നു. തീര്‍ച്ചയായും കേരളം മന്ദബുദ്ധികളുടെ ഒരു സമൂഹമല്ലേ എന്ന് നമുക്ക് ആശ്വസിക്കാം. മലയാളിയുടെ തലച്ചോറിന്റെ മരവിപ്പ് വൈകാതെ മാറുമെന്നും പ്രതീക്ഷിക്കാം.