ഇന്ത്യാ മഹാരാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗ ഭൂമിയായ കേരളത്തില്‍ സര്‍വ്വത്ര നാസ്തിക ആത്മീയതയുടെ വിളയാട്ടം. വര്‍ഷങ്ങള്‍ക്കുമുമ്പ് പി.കൃഷ്ണപിള്ളയുടെ ജന്മഗൃഹം തീയിട്ടതും നാലു വര്‍ഷം മുമ്പ് മാര്‍ക്‌സിസ്റ്റ് സഹയാത്രികനായ സ്വാമിയുടെ ആശ്രമം അഗ്‌നിക്കിരയാക്കിയതും മുതല്‍ ഇലന്തൂര്‍ നരബലിയും തിരുവനന്തപുരം മേയറുടെ കത്തു വിവാദവും വരെ എന്തൊക്കെ സംഭവങ്ങള്‍. എല്ലാത്തിനും കാരണം നാസ്തിക ആത്മീയതയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി സാക്ഷി പറഞ്ഞാല്‍ വിശ്വസിക്കാതെ വയ്യല്ലോ. നവംബര്‍ 22-ന് തിരുവനന്തപുരത്ത് പി.ഗോവിന്ദപ്പിള്ളയുടെ പേരിലുള്ള പുരസ്‌കാരം നല്‍കിക്കൊണ്ട് യച്ചൂരി തുറന്നു പറഞ്ഞതാണ് നാസ്തിക ആത്മീയത ഉണ്ടെന്ന്. അതിന് മരിച്ചു പോയ ഗോവിന്ദപ്പിള്ളയെ സാക്ഷിയുമാക്കി. ആദ്ധ്യാത്മിക ആത്മീയത, നാസ്തിക ആത്മീയത എന്നിങ്ങനെ രണ്ടുണ്ടെന്നും കമ്മ്യൂണിസ്റ്റുകളുടേത് നാസ്തിക ആത്മീയതയാണെന്നുമാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. കമ്മ്യൂണിസ്റ്റുകാരുടെ നാസ്തിക ആത്മീയത എന്താണെന്നു മനസ്സിലാവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ആരാണെന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരാന്‍ യോഗി ആദിത്യനാഥിന്റെ വാക്കുകളെയാണ് അദ്ദേഹം ഉദ്ധരിച്ചത്. ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകള്‍ ജയിക്കുമോ എന്നു ചോദിച്ച പത്രക്കാരോട് ദേവഭൂമിയില്‍ അസുരന്മാര്‍ ജയിക്കുമോ എന്നാണ് യോഗി ചോദിച്ചത്.
•നരബലിയും കൂടോത്രവും ധര്‍മ്മിഷ്ഠരെ ആക്രമിക്കലുമൊക്കെയാണ് അസുരന്മാരുടെ പരിപാടി. അതു തന്നെയാണ് ഇവിടെ കമ്മ്യൂണിസ്റ്റുകാരും ചെയ്യുന്നത് എന്നതിനാലാവാം യച്ചൂരി ഈ ഉദാഹരണം തന്നെയെടുത്തത്. അങ്ങനെ നോക്കിയാല്‍ ഭഗവല്‍സിംഗ് സഖാവ് ഇലന്തൂര്‍ നരബലിയില്‍ പ്രതിയായത് തെറ്റല്ല. സഖാക്കള്‍ക്ക് നര ബലിയാവാം; ഗണപതിഹോമം പാടില്ല. അതു ദേവന്മാര്‍ക്കുള്ള പൂജയാണ്. സഖാവ് വീട്ടില്‍ ഗണപതിഹോമം നടത്തിയാല്‍ പാര്‍ട്ടി നടപടിയെടുക്കും. ഈ സിദ്ധാന്തമനുസരിച്ച് പാര്‍ട്ടി നേതൃത്വം ഉപാസിക്കുന്ന ദുരാത്മാക്കളായിരിക്കാം കൃഷ്ണപിള്ളയുടെ വീട് കത്തിച്ചത്. അതിനാല്‍ ആ കേസിന് തുമ്പില്ല. ഭാഗ്യത്തിന് സ്വാമിയുടെ ആശ്രമം കത്തിച്ച പരേതാത്മാവിനെ കണ്ടെത്താന്‍ വിജയന്‍ സഖാവിന്റെ പോലീസിന് സാധിച്ചു. തിരുവനന്തപുരം മേയര്‍ സഖാവി സ്ഥലത്തില്ലാത്ത സമയത്ത് നഗരസഭാ ജീവനക്കാര്‍ പോലുമറിയാതെ മേയറുടെ ലെറ്റര്‍ പാഡില്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തയക്കാന്‍ മൂത്ത സഖാക്കള്‍ ഉപാസിക്കുന്ന ദുരാത്മാക്കള്‍ക്കേ കഴിയൂ. അവയെ തിരിച്ചറിയാന്‍ ഏ.കെ.ജി സെന്ററിലെ ജോത്സ്യന്മാര്‍ തന്നെ കവടി നിരത്തണം.