കലയുടെ ഏതേതു മേഖലകളെയും വേറിട്ട വീക്ഷണ കോണില്‍ കാണുകയും വിലയിരുത്തുകയും ന്യായാന്യായങ്ങളെ യുക്തിയും ബുദ്ധിയും കൊണ്ട് വേര്‍തിരിച്ച് അതിന്റെ യഥാര്‍ത്ഥ അവസ്ഥാവിശേഷത്തെ വെളിപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഈയിടെ അന്തരിച്ച പ്രൊഫ. വിജയകുമാര്‍ മേനോന്‍.
എറണാകുളം ജില്ലയിലെ എളമക്കരയില്‍ 1947-ലാണ് മേനോന്‍ മാഷിന്റെ ജനനം. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം എഫ്.എ.സി.ടി. ഉദ്യോഗമണ്ഡലില്‍ കോംപോസിറ്റ് അമോണിയ പ്ലാന്റില്‍ പതിനാറു വര്‍ഷത്തോളം സേവനം ചെയ്തു. ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ കലാചരിത്രത്തില്‍ ബിരുദാനന്തര പഠനത്തിനു ചേരുന്നത് ജോലി രാജി വെച്ചശേഷമാണ്. 1984-ലായിരുന്നു അത്. 1987-ല്‍ പഠനം പൂര്‍ത്തിയാക്കിയശേഷം രണ്ടു വര്‍ഷത്തോളം മൈസൂര്‍ യൂണിവേഴ്‌സിറ്റി ചാമ രാജേന്ദ്ര അക്കാദമി ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ കലാചരിത്ര സൗന്ദര്യശാസ്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായി. അത് കലാലോകത്തിലെ തന്റെ അറിവുകള്‍ മറ്റനേകരിലേക്ക് പകര്‍ന്നു നല്‍കാനുള്ള യാത്രയുടെ തുടക്കം കൂടിയായി മാറി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, തൃശ്ശൂര്‍ ഫൈനാര്‍ട്‌സ് കോളേജ്, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് തുടങ്ങി കേരളത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന യൂണിവേഴ്‌സിറ്റിയിലും കലാ വിഷയങ്ങളെ അധികരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖങ്ങളായ കോളേജുകളിലടക്കമുള്ള നിരവധി ശിഷൃ ഗണങ്ങള്‍ക്ക് അദ്ദേഹം അറിവിന്റെ അമൃത് പകര്‍ന്നു. അതിലെ ഒരിടമായി ഗുരുവായൂര്‍ ദേവസ്വം ചുവര്‍ ചിത്ര പഠനകേന്ദ്രം കൂടി ഉള്‍പ്പെട്ടിരുന്നതിനാല്‍ അഞ്ചു വര്‍ഷത്തെ നാഷണല്‍ ഡിപ്ലോമാക്കാലത്ത് ഈ ലേഖകനും അതിനുള്ള ഭാഗ്യം ലഭിച്ചു. ദേവസ്വം ചുവര്‍ ചിത്ര പഠനകേന്ദ്രത്തില്‍ സെലക്ഷന്‍ ലഭിക്കുമ്പോള്‍ എം.കെ.ശ്രീനിവാസന്‍ മാസ്റ്ററായിരുന്നു ഞങ്ങളുടെ പ്രിന്‍സിപ്പാള്‍. തൃശ്ശൂര്‍ കണിമംഗലത്തെ നാട്ടറിവു പഠനകേന്ദ്രം കേരളീയതയുടെ നാട്ടറിവ് എന്ന പേരില്‍ ഒരു ഫോക്‌ലോര്‍ ത്രൈമാസിക നടത്തിയിരുന്നു. അതിന്റെ പത്താം ലക്കത്തിനു പേര് കളം എന്നാണ്. അതില്‍ 122 ാം പേജില്‍ ഒരു ലേഖനമുണ്ട്. ചുവര്‍ ചിത്രങ്ങളുടെ ഭിത്തി, ചായം, നിര്‍മ്മാണ വിദ്യ എന്ന തലക്കുറിയില്‍. കുരുകുരുന്നനെയുള്ള അക്ഷരങ്ങളില്‍, നാല് പുറങ്ങളിലായി ഒതുങ്ങി തീര്‍ന്ന ആ ലേഖനത്തിന്റെ സൃഷ്ടാക്കള്‍ രണ്ടു പേരാണ്. എം.കെ.ശ്രീനിവാസന്‍ മാസ്റ്ററും, വിജയകുമാര്‍ മേനോന്‍ സാറും. ആ ഒരു ലേഖനം മാത്രം മതി മേനോന്‍ മാഷിന്റേയും ശ്രീനിവാസന്‍ മാസ്റ്ററുടേയുമൊക്കെ സര്‍ഗ്ഗ പ്രതിഭ എത്രത്തോളം ഉജ്ജ്വലമായിരുന്നുവെന്ന് അടയാളപ്പെടുത്താന്‍. ഈ തലമുറക്കു മാത്രമല്ല, ചുവര്‍ ചിത്രകല എന്ന സവിശേഷമായ കലാരംഗത്തെക്കുറിച്ച് ആര്‍ക്കും എക്കാലവും മനസ്സിലാക്കാന്‍, ആറ്റിക്കുറുക്കിയ നിധിയാണ് ഈ ലേഖനം. ചുവര്‍ ചിത്ര കലാകാരന്മാരെ സംബന്ധിച്ചിടത്തോളം എക്കാലത്തും ഉപയോഗിക്കാവുന്ന മൂല്യമേറിയ റഫറന്‍സാണ് ആ രണ്ട് താളുകള്‍. ഇത്തരത്തില്‍ പുസ്തകമായാലും ലേഖനം എന്ന നിലയിലായാലും അദ്ദേഹം എഴുതിയിട്ടുള്ള കാര്യങ്ങളൊക്കെ കലാരംഗത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. രവി വര്‍മ്മ, ആധുനിക കലാദര്‍ശനം, ദൈവത്തായ്, സ്ഥലം കാലം കല, ഭാരതീയ കല ഇരുപതാം നൂറ്റാണ്ടില്‍, A BRIEF SURVEY OF TH-E ART SCENARIO OF KERALA തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ എഴുത്തിന്റെ ലോകത്ത് കലാനിരൂപകന്‍ എന്ന നിലയിലും കലാചരിത്രകാരന്‍ എന്ന നിലയിലുമൊക്കെ അദ്ദേഹം ഏറെ ശ്രദ്ധേയനായിത്തീര്‍ന്നു. വിവര്‍ത്തകന്റെ റോളും നിര്‍വ്വഹിച്ചിട്ടുണ്ട്. ലോര്‍ക്കയുടെ രക്ത വിവാഹം BLOOD WEDDING) യൂജിന്‍ അയൊനെസ്‌ക്കോയുടെ കസേരകള്‍(THE CHAIRS) എന്നീ നാടകങ്ങളായിരുന്നു അവ. കളം, പുഴയുടെ നാട്ടറിവ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ എഡിറ്റര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു . കേരള ലളിതകലാ അക്കാദമിയുടെ പ്രസിദ്ധീകരണമായ ചിത്ര വാര്‍ത്തയില്‍ നിരന്തരമായി കലയുടെ വിവിധങ്ങളായ തലങ്ങളെക്കുറിച്ച് പ്രൗഢ ഗംഭീരമായ ലേഖനങ്ങള്‍ എഴുതി വന്നു. പ്രകൃതിയെ വിഷയമാക്കി, അതില്‍ രചനകള്‍ നടത്തുന്ന കഥാകൃത്തുക്കളോട് അദ്ദേഹത്തിന് പ്രത്യേകിച്ചും ഇഷ്ടമുണ്ടായി. കഥകളിയിലും കൂടിയാട്ടത്തിലുമെല്ലാം മുഖമാണ് ക്യാന്‍വാസ് എന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ദൃശ്യകലകളില്‍ കഥകളിയോളം ലഹരി മറ്റൊന്നില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് മുമ്പെവിടെയോ പറഞ്ഞിട്ടുണ്ട്. കലാരംഗത്തെ വിവിധങ്ങളായ എഴുത്തടയാളങ്ങളില്‍ അദ്ദേഹം വേറിട്ടു നിന്നതും അത്തരത്തിലുള്ള വലിയ ഇഷ്ടങ്ങള്‍ കൊണ്ടു കൂടിയാവാം.

പത്തൊമ്പത് വര്‍ഷങ്ങള്‍ക്കപ്പുറം കൃത്യമായി പറഞ്ഞാല്‍ 2002 ഡിസംബറില്‍, ചുവര്‍ ചിത്രകലയിലെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു സ്വപ്‌ന സാക്ഷാത്ക്കാരമുണ്ടായി. ആ വര്‍ഷം കേരള ലളിതകലാ അക്കാദമിയുടെ ഏകാംഗ പ്രദര്‍ശനത്തിനുള്ള ഗ്രാന്റിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. 2002 ഡിസംബര്‍ 26 മുതല്‍ 31 വരെ ഒരാഴ്ചയോളം കാലം എന്റെ ചുവര്‍ചിത്രങ്ങളുടെ പ്രദര്‍ശനം എറണാകുളത്ത് നടന്നു. ഉദ്ഘാടന പരിപാടിയില്‍ അദ്ധ്യക്ഷ പദവി അലങ്കരിച്ചത് വിജയകുമാര്‍ മേനോന്‍ മാഷായിരുന്നു. അന്നത്തെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചിത്രകലയെ കുറിച്ച് ഒത്തിരി അറിവുകള്‍ നല്‍കുന്ന വേളയില്‍ എന്റെ ചിത്രങ്ങളിലെ പ്രത്യേകതകളെ കുറിച്ചും, ചുവര്‍ ചിത്രകലയിലെ വിദ്യാര്‍ത്ഥിയായിട്ടു കൂടി കലാസൃഷ്ടികളില്‍ കാണുന്ന മേന്മയെകുറിച്ചുമെല്ലാം അദ്ദേഹം ഹ്രസ്വനേരമെന്നാലും പറയുകയുണ്ടായി. ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ താന്‍ പഠിപ്പിക്കുന്ന ക്ലാസ് അമ്പേ ബോറായി തന്റെ കുട്ടികള്‍ക്ക് തോന്നുന്നുവെന്ന് അദ്ദേഹത്തിന് തോന്നുന്ന നിമിഷം അദ്ദേഹം പിന്നെ ക്ലാസെടുക്കാന്‍ ശ്രമിക്കാറില്ല. എന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഈ വീക്ഷണം. ചുവര്‍ ചിത്രപഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും അവിടെ നിന്ന് പഠിച്ചിറങ്ങിയശേഷവും പലപ്പോഴും ഓര്‍ത്തോര്‍ത്തു ചിരിക്കുകയും ഇപ്പോള്‍ മാഷിന്റെ വിയോഗശേഷം ഒരു ദു:ഖസ്മൃതിയായി അവശേഷിക്കുകയും ചെയ്യുന്ന ഒരു സംഭവം ഓര്‍മ്മയിലെത്തുകയാണ്. ക്ലാസ്സിലെ രണ്ടാമത്തെ ബഞ്ചിലോ മറ്റോ ആണ് എന്റെ ഇരിപ്പ്. ഉച്ച കഴിഞ്ഞ് സാറിന്റെ ആര്‍ട്ട് ഹിസ്റ്ററി. തകൃതിയായി അദ്ദേഹം ക്ലാസ്സെടുക്കുന്നു. ഞാനിരിക്കുന്ന ബഞ്ചിലെ പലക അല്പം ഇളകിയിരിക്കുന്ന ഡസ്‌കിനോട് ചേര്‍ന്നു നിന്നാണ് കലയിലെ സൗന്ദര്യ ശാസ്ത്രത്തെ കുറിച്ചോ, ചിത്രശില്പകലകള്‍ക്ക് ഓരോ കാലഘട്ടങ്ങളില്‍ സംഭവിക്കുന്നെ ശൈലീ വ്യതിയാനങ്ങളെ കുറിച്ചോ ഒക്കെ അദ്ദേഹത്തിന്റെ സംസാരം. പെട്ടെന്നാണ് പടക്കം പൊട്ടും പോലെ ക്ലാസ്സില്‍ ഒരൊച്ച. എന്റെ അടുത്തു നിന്ന് മാഷൊന്ന് പിന്നാക്കം നീങ്ങിപ്പോയി. ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ഉറക്കം വന്നു വന്ന് എന്റെ തല താഴെ ഡസ്‌ക്കിലേക്കു വന്നടിച്ച ശബ്ദമാണ് കേട്ടത്. ആ ഒരു രംഗത്തോടെ ഒന്നും പറയാതെ സാറ് തിരിച്ച് ഓഫീസിലേക്ക് പോയി….പിന്നെ ആ ആഴ്ചയില്‍ വന്നില്ല. അദ്ദേഹവുമായി ബന്ധപ്പെടുത്തി എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഒരേയൊരു സംഭവം അദ്ദേഹത്തിന് 2017 ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചത് വിവാദമായതാണ്. അദ്ദേഹത്തെ അറിയുന്ന, അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കരുത്തറിയുന്ന ആര്‍ക്കും നിസംശയം പറയാന്‍ സാധിക്കും പണ്ടേക്കും പണ്ടേ ആ ബഹുമതിക്ക് അദ്ദേഹം അര്‍ഹനാവേണ്ടതായിരുന്നുവെന്ന്. എന്നാല്‍ വിവാദമുണ്ടാക്കിയവരുടെ ഭാഗത്തു നിന്നുണ്ടായ ന്യായം വിചിത്രമായിരുന്നു. ഈ പുരസ്‌കാരം ചിത്രകാരന്മാര്‍ക്കും ശില്പികള്‍ക്കും മാത്രമാണ് കൊടുക്കേണ്ടതത്രെ. എഴുത്തുകാര്‍ അതിന് അര്‍ഹരല്ലെന്ന്. വിവാദമായതോടെ, സന്തോഷപൂര്‍വ്വം തനിക്കു ലഭിച്ച ഈ പുരസ്‌കാരം നിരസിക്കുന്നുവെന്ന് കാട്ടി അക്കാദമിക്ക് അദ്ദേഹം കത്ത് നല്‍കി. പിന്നീട് കുറേ നാള്‍ കഴിഞ്ഞ്, 2019 – മാര്‍ച്ചില്‍, വിവാദങ്ങളെല്ലാം കെട്ടടങ്ങിയപ്പോള്‍ ചുമര്‍ ചിത്ര പഠനകേന്ദ്രത്തിലെതന്നെ അദ്ധ്യാപകനായ നളിന്‍ ബാബു മാഷ് അദ്ദേഹവുമായി നടത്തിയ ഒരു ഇന്റര്‍വ്യൂ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രാധാന്യത്തോടെ അച്ചടിച്ചു വന്നിരുന്നു. അതില്‍ പുരസ്‌കാരം നിരസിച്ചതിനെ കുറിച്ച് അദ്ദേഹം ഒരു വിശദീകരണം നല്കുന്നുണ്ട്. അതിങ്ങനെയാണ്: ഞാന്‍ അറിഞ്ഞത് – ഫേസ്ബുക്കിലും പേപ്പറിലും കണ്ടത് – ഈ ഫെല്ലോഷിപ്പ് ചിത്രകാരന്മാര്‍ക്കും ശില്പികള്‍ക്കും മാത്രമേ കൊടുക്കാവൂ എന്നാണ്. എഴുത്തുകാര്‍ക്ക് കൊടുക്കാന്‍ പാടില്ല എന്നാണത്രെ അവരുടെ നിയമം.
അങ്ങനെയാണ് നിയമമെങ്കില്‍ അത് തെറ്റിക്കാന്‍ പാടില്ല. അങ്ങനെ വന്നപ്പോള്‍ ഞാന്‍ അപ്പോള്‍ തന്നെ സെക്രട്ടറിയെ വിളിച്ചു പറഞ്ഞു: ‘ഇങ്ങനെ കേട്ടു, പേപ്പറിലും കണ്ടു. ഇത് തെറ്റാണ് ചെയ്തിരിക്കുന്നത്. നിയമപ്രകാരം മാത്രമേ ഞാന്‍ സ്വീകരിക്കുകയുള്ളു. ഇത് നിയമപ്രകാരമല്ല. അതുകൊണ്ട് ഞാന്‍ സ്വീകരിക്കില്ല’. അപ്പോള്‍ സെക്രട്ടറി പറഞ്ഞു ‘അങ്ങനെ എടുത്തു ചാടരുത്’. ഞാന്‍ പറഞ്ഞു: ‘വിവാദം വന്നപ്പോള്‍ അതില്‍ ഉള്‍പ്പെട്ട് അവാര്‍ഡ് മേടിക്കണം എന്ന് എനിക്കാഗ്രഹമില്ല. കാരണം ലളിത കലാ അക്കാദമി അതിന് ഉത്തരം കൊടുത്തേ പറ്റൂ. കോടതി ഇടപെട്ട കേസാണ്. എനിക്കും കോടതിയില്‍ നിന്നും സമന്‍സ് വന്നിട്ടുണ്ട്. ഞാന്‍ നാലാമത്തെ ആളാണ്. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. ഞാന്‍ തയ്യാറല്ല. എഴുതിത്തരുകയാണ്’. ചെയര്‍മാനും സെക്രട്ടറിയും ഉള്ള ദിവസം ഞാന്‍ അക്കാദമിയില്‍ ചെന്നു. ‘ഒരു വിവാദമുള്ളതു കൊണ്ട് എനിക്കിതു വേണ്ട. തന്നതില്‍ വളരെ സന്തോഷം. സന്തോഷപൂര്‍വ്വം നിരസിക്കുന്നു.’ എന്ന് എഴുതി കൊടുത്തു.
33 വര്‍ഷത്തോളമായി വ്യാസഗിരിയിലെ ജ്ഞാനാശ്രമത്തിലും വ്യാസതപോവനത്തിലുമായി 76 – വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ച പ്രൊഫസര്‍. വിജയകുമാര്‍ മേനോന്‍ എന്ന കലാനിരൂപകന്റെ, സത്യസന്ധതയുടെ, നീതിയുടെ, ധര്‍മ്മത്തിന്റെ എല്ലാത്തിലുമുപരി ഒരു നല്ല മനുഷ്യന്റെ, നല്ല ഗുരുനാഥന്റെ അടയാളം ഈ മറുപടിയില്‍ നീര്‍പ്പോളകളിലെന്ന പോലെ സുഷുപ്തി കൊള്ളുന്നുണ്ട്. അറിവിന്റെ അഗാധമായ നഷ്ടങ്ങള്‍ പെരുകുന്തോറും നിസ്സഹായനായ ഒരു കലാകാരന്‍ കുട്ടിക്ക് തന്റെ ഗുരുനാഥന് നല്കാനുള്ളത് കണ്ണീര്‍ പ്രണാമം മാത്രം…. വിജയകുമാര്‍ മേനോന്‍ മാഷിന് ആദരാഞ്ജലികള്‍.