നമ്മള്‍ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. പ്രകൃതി തന്നെ സ്വയം ഓണമാഘോഷിക്കാനായി ഒരുങ്ങുന്നതുപോലെ തോന്നും. എവിടെ നോക്കിയാലും നാനാവര്‍ണ്ണങ്ങളിലുള്ള പൂക്കളാല്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതി. അത്തത്തിന് തലേന്നാള്‍ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങും. ചാണകം മെഴുകിയ വലിയ മുറ്റത്ത് ഉമ്മറപ്പടിക്ക് നേരെ മുന്നിലാണ് പൂക്കളം ഒരുക്കുന്നത്. തലേദിവസം തന്നെ പൂക്കളിറുത്തു വെയ്ക്കും. ഇതിന് മുന്‍പുതന്നെ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം പനയോലകൊണ്ട് മെടഞ്ഞ ഓരോ പൂക്കൂടയും കൊണ്ട് ഞങ്ങളുടെ പുറം പറമ്പില്‍ താമസിക്കുന്നവര്‍ വരും. അത് അവരുടെ അവകാശവും, കടമയും പോലെയാണ്. അമ്മമ്മ ഇവര്‍ക്ക് അരി, നാളികേരം, പച്ചക്കറി തുടങ്ങി സാധനങ്ങള്‍ കൊടുക്കും.
സ്‌കൂള്‍ വിട്ട് വന്നാല്‍ പെട്ടെന്ന് തന്നെ വല്ലതും കഴിച്ച് പൂക്കോട്ടയുമടുത്തു നേരെ ഒറ്റ ഓട്ടമാണ്. പുള്യേകാട്ടു പറമ്പിലേക്ക്! ഏക്കറുകള്‍ പരന്നുകി ടക്കുന്ന കശുമാവിന്‍ തോപ്പ്. ഒഴിഞ്ഞു കിടക്കുന്ന മറ്റ് സ്ഥലത്ത്മുഴുവന്‍ കാശിത്തുമ്പകള്‍. ആ പറമ്പിലേക്ക് കയറുമ്പോള്‍ തന്നെ ഒരു പ്രത്യേക ഗന്ധമാണ്. പച്ചപ്പുല്ലിന്റെയും, പൂക്കളുടെയും, കശുമാങ്ങയുടെയുമെല്ലാം സമ്മിശ്ര ഗന്ധം! അയല്‍വക്കത്തെ ശോഭ, ജയ, ബാബു, മണിച്ചേച്ചി തുടങ്ങിയവരും കൂടെയുണ്ടാവും. പൂക്കൊട്ടയ്ക്കു നല്ല നീളമുള്ള വള്ളിയുള്ളതുകൊണ്ട് കഴുത്തില്‍ തൂക്കിയിട്ട് പൂവിറുത്തു അതില്‍ നിറയ്ക്കും. നിറഞ്ഞു കഴിഞ്ഞാല്‍ വള്ളിയില്‍ പിടിച്ച് വട്ടത്തില്‍ കറക്കും. ‘പൂവേ…. പൊലി… പൂവേ……’ എന്നൊരു പാട്ട് പാടിയാണ് കറക്കുക. മൂന്നാലുവട്ടം കറക്കുമ്പോഴേക്കും പൂക്കള്‍ കാല്‍ ഭാഗമായി ഒതുങ്ങും. വീണ്ടും പൂക്കളിറുത്ത് നിറയ്ക്കും. പൂക്കൂട ആദ്യം നിറക്കാന്‍ മത്സരമായിരിക്കും. നിറഞ്ഞിട്ടേ വീട്ടിലേക്കു മടങ്ങൂ.
പിറ്റേന്ന് കാലത്ത് ഞങ്ങള്‍ ഉണരുമ്പോഴേക്കും അമ്മ പുക്കളമിടുന്ന സ്ഥലം ചാണകം കൊണ്ട് മെഴുകിയിരിക്കും. നടുവില്‍ ഒരു മുക്കുറ്റി കടയോടെ പറിച്ചു വെക്കും. ചുറ്റും നാനാവര്‍ണ്ണത്തിലുള്ള പൂക്കളിടും. തുമ്പപൂവിനാണ് കൂടുതല്‍ പ്രാധാന്യം. മറ്റു കൂട്ടുകാരൊക്കെ നീലയും ചുവപ്പും അപ്പ, തുടങ്ങി പല പൂക്കളും ഇടുന്നതുകൊണ്ട് അവരുടെ പൂക്കളത്തിന് വര്‍ണ്ണ ഭംഗി കൂടും. ഇതൊന്നും ഇടാന്‍ ഞങ്ങള്‍ക്ക് അനുവാദം ഇല്ല. തെച്ചി, ചെമ്പരത്തി, ശംഖ്പുഷ്പം, തുളസി തുടങ്ങിയവ മാത്രമേ അനുവദിക്കൂ.
അത്തം തുടങ്ങി ഓണഘോഷത്തിനുള്ള ഒരുക്കമായി. പാട്ടക്കൃഷിക്കാര്‍ നേന്ത്രക്കുലകള്‍ കാഴ്ചയായി കൊണ്ടുവരും.പച്ചക്കറികളും ഉണ്ടാകും. തറവാടിന്റെ നീണ്ട ഉമ്മറത്തെ കഴുക്കോലിലും, തട്ടിന്‍പുറത്തും കലവറയിലുമെല്ലാം കുലകളും പച്ചക്കറികളും കെട്ടിത്തൂക്കും.
മൂലം, പൂരാടമൊക്കെ ആകുമ്പോഴേക്കും .ജഗന്നാഥന്‍, മല്‍മല്‍ തുടങ്ങിയ വലിയൊരു ചുമട് തുണി വാങ്ങിക്കൊണ്ട് വരും. ആ കെട്ടാഴിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക മണമാണ്. ഓരോ മുണ്ടുകളായി മുറിച്ചെടുക്കണം. കത്രിക കൊണ്ട് അറ്റം മുറിച്ച് രണ്ടറ്റം പിടിച്ചൊരു വലിയാണ്. അപ്പോഴുണ്ടാകുന്ന കര്‍…. എന്ന ശബ്ദവും, ആ മണവും പിന്നീടൊരിക്കലും അനുഭവിച്ചിട്ടില്ല. മുണ്ടുകള്‍ കെട്ടു കെട്ടായി അടക്കി വെക്കും. വീട്ടിലെ പണിക്കാര്‍ക്ക് കൊടുക്കാനുള്ള ഓണക്കോടിയാണത്.
പൂരാടത്തിനു ഉച്ചകഴിഞ്ഞാല്‍ സ്ത്രീകളെല്ലാം നേന്ത്രക്കായ തോലുപൊളിച്ചു നുറുക്കാന്‍ തുടങ്ങും. കായ വറുക്കുന്ന കൊതിപ്പിക്കുന്ന വാസന കേട്ടാല്‍ കളി നിര്‍ത്തി ഞങ്ങള്‍ അടുക്കളയിലേക്കോടും. നിവര്‍ത്തിയിട്ട പായയില്‍ വറുത്തു കോറിയിട്ട ഉപ്പേരി കൈ നിറയെ വാരിയെടുത്ത് ഓടും. ഉത്രാടനാളില്‍, വലിയ കല്‍ച്ചട്ടിയില്‍ അമ്മ വെക്കുന്ന കുറുക്കുകാളന്റെ സ്വാദ് ഇന്നും നാവിലുണ്ട്. വൈകീട്ട് കാളന്‍ ഭരണിയിലേക്ക് മാറ്റിയതിനു ശേഷം, കല്‍ച്ചട്ടിയില്‍ കുറച്ചു ചോറിട്ട് തുടച്ചെടുത്ത് ഉരുളകളാക്കി ഞങ്ങള്‍ കുട്ടികളുടെ കയ്യില്‍ വെച്ച് തരും. അതൊക്ക ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വായില്‍ വെള്ളം ഊറും. അന്നത്തെ ആ വലിയ കല്‍ച്ചട്ടിയും മറ്റും ഏതോ മൂലയില്‍ ഉപയോഗമില്ലാതെ കിടക്കുന്നു. ഉരുട്ടിത്തന്ന അമ്മയും ഓര്‍മയായി.ഉച്ചതിരിഞ്ഞാല്‍ പണിക്കാരാരെങ്കിലും തൃക്കാക്കരപ്പനെ ഉണ്ടാക്കാനായി മുറ്റത്ത് കളിമണ്ണ് കൊണ്ട് വന്നിടും.
തൃക്കാക്കരപ്പന്റെ സൃഷ്ടി പുരുഷന്‍മാരുടെ ചുമതലയാണ്. ഞങ്ങള്‍ കുട്ടികള്‍ പരികര്‍മ്മികളായി ചുറ്റിനുമുണ്ടാകും. സന്ധ്യയായാല്‍ ഉമ്മറത്ത് അരിമാ വുകൊണ്ട് അണിഞ്ഞതിനുള്ളില്‍ തൃക്കാക്കരഅപ്പന്മാരെ വെച്ച് കൃഷ്ണ കിരീടം, തുളസി, തെച്ചി എന്നിവ നെറുകയില്‍ ചൂടി അലങ്കരിക്കും. അതിന്‍ മുകളിലൂടെ അരിമാവ് കൊണ്ട് അണിയും. നിലവിളക്ക്, നെല്ല്, അരി, ധൂപം, ദീപം ഒക്കെ വെച്ച് പൂജ നടത്തും. പൂജയുടെ ഏറ്റവും വലിയ ആകര്‍ഷണം നിവേദ്യത്തിനുള്ള പൂവടയാണ്. നേത്രപ്പഴം, ശര്‍ക്കര, നാളികേരം എന്നിവയെല്ലാം കൂടി അരിപ്പൊടിയില്‍ ചേര്‍ത്ത് കുഴച്ചു നല്ല വാഴയിലയില്‍ പരത്തി ചട്ടിയില്‍ ചുറ്റെടുക്കുന്നതാണ് ‘ പൂവട ‘. പൂജ കഴിഞ്ഞാല്‍ അര്‍പ്പുവിളിച്ചു കുരവയിടും. ഓരോ കുഞ്ഞി തൃക്കരപ്പന്മാരെ മുറ്റത്തെ പൂക്കളത്തിലും, കിണറ്റിന്‍ കരയിലും, പടിക്കലും വെയ്ക്കും.
പൂജയെല്ലാം കഴിഞ്ഞാല്‍ പിന്നെ തുയിലുണര്‍തതാനെത്തുന്നവരെ കാത്തിരിപ്പാണ്. ദേശത്തെ മുതിര്‍ന്ന പാണനും പാട്ടിയും ഉടുക്കും കൊട്ടി പാട്ട് പാടി എല്ലാ വീട്ടിലുമെത്തും. ”ഉത്രാടപ്പാതിരായ്‌ക്കെഴുന്നള്ളും മഹാദേവരെ…….” എന്ന് തുടങ്ങുന്ന പാട്ടും ഉടുക്ക് കൊട്ടും ഇന്നും കാതില്‍ മുഴങ്ങുന്നു. ഓണപ്പുടവയും പണവും, മറ്റു സാധനങ്ങളും ഇവര്‍ക്ക് കൊടുക്കും.
പൊതുവെ കാലത്തെഴുന്നേല്‍ക്കാന്‍ മടിയാണെങ്കിലും, ഓണം തുടങ്ങിയാല്‍ വിളിച്ചുണര്‍ത്താതെ തന്നെ നേരത്തെ എഴുന്നേല്‍ക്കും. പൂക്കളമിട്ടു, കുളികഴിഞ്ഞു വന്നാല്‍പ്പിന്നെ, ഓണക്കോടി വാങ്ങാനുള്ള തിരക്കാണ്. അന്നൊക്കെ അപൂര്‍വ്വമായേ പുത്തനുടുപ്പുകള്‍ കിട്ടാറുള്ളു, എന്നത് കൊണ്ട് ഇത് വലിയ സന്തോഷമാണ്. പ്രാതലിനു നേന്ത്രപ്പഴം പുഴുങ്ങിയതും, പപ്പടവും, കായ വറുത്തതും, ശര്‍ക്കരയുപ്പേരിയുമാണ് വിഭവങ്ങള്‍. പുലര്‍ച്ചെ തന്നെ, വലിയൊരു ചെമ്പു നിറയെ പഴം പുഴുങ്ങി വെച്ചിരിക്കും. രാത്രി വരെ വരുന്നവര്‍ക്കും, പോകുന്നവര്‍ക്കുമെല്ലാം നിറയെ കൊടുക്കണം. അതിനിടെ ഒരിക്കലും മുടങ്ങാതെ നടക്കുന്ന ഒരു ചടങ്ങുണ്ട്. തറവാട്ടിലെ കാരണവര്‍ അപ്പുണ്ണി അമ്മാവന്‍ ഓപ്പോള്‍ക്ക് ഓണപ്പുടവ കൊടുക്കാനായി എത്തും. പൊതുവെ ഗൗരവക്കാരനായ അമ്മാവന്‍ മുഖത്ത് നിറഞ്ഞ ചിരിയുമായി വരുന്നത് കാണാന്‍ തന്നെ കൌതുകമാണ്. വാത്സല്യത്തോടെ കവിളിലും, തലയിലുമൊക്കെ ഒന്ന് തലോടി ചോദിക്കും, ‘ ദേവകി ഓപ്പോളെവിടെ ‘എന്ന്.അപ്പോഴേക്കും അടുക്കളയില്‍നിന്നും അമ്മ ഓടി വന്നിട്ടുണ്ടാകും.രണ്ടു കയ്യും നീട്ടി ഓണക്കോടി വാങ്ങുമ്പോള്‍ അവരുടെ മുഖത്ത് വരുന്ന സ്‌നേഹവും, വാത്സല്യവും, സങ്കടവുമെല്ലാം നിറഞ്ഞ ആ ഭാവം ഹൃദയത്തെ സ്പര്‍ശിക്കാറുണ്ട്.അമ്മയുടെ കയ്യില്‍ നിന്നും ഒരു ചായയും കഴിച്ചേ മടങ്ങൂ! മരണം വരെ ഇത് തുടര്‍ന്നു.
പ്രാതല്‍ കഴിഞ്ഞാല്‍ കൂട്ടുകാരൊക്കെ ഒത്തുകൂടും.ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി പത്തു പന്ത്രണ്ടുപേര്‍ ഉണ്ടായിരിക്കും. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി
ചെറിയമ്മയുടെ മകള്‍ മണിച്ചേച്ചി ആയിരുന്നു. അയല്‍വക്കത്തെ ശോഭ, ജയ, ബാബു, ഗീത, ഗിരിജ, ശാന്ത തുടങ്ങി എല്ലാവരും ഏതെങ്കിലും ഒരുവീട്ടില്‍ ഒത്തുചേരും. അടുത്തുള്ള പാട്ടത്തില്‍ പറമ്പില്‍ നിറയെ വലിയ മാവുകളും, പ്ലാവുകളുമൊക്കെ നിറഞ്ഞു നിന്നിരുന്നു. അതിന്റെ കൊമ്പില്‍ മുള കൊണ്ടുള്ള വലിയ ഊഞ്ഞാല്‍ കെട്ടിയിരിക്കും. ആര് ഏറ്റവും ഉയരത്തില്‍ പോകുമെന്ന് മത്സരിച്ചും, നിന്നും, കറങ്ങിയും മറ്റും അടിത്തിമര്‍ക്കും. വിവിധ കളികളും കഴിഞ്ഞു ഉച്ചയായാല്‍ സ്വന്തം വീടുകളിലേക്ക് ഓടും. വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞാല്‍ പിന്നെ ഒരു നിമിഷം കളയാതെ പുറത്തേക്കോടും. സ്ത്രീകളെല്ലാം അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ ഒത്തുചേരും. മനക്കലെ മുറ്റത്തു എട്ടും, പത്തും പേരടങ്ങുന്ന ടീമായി തിരിഞ്ഞു കൈകൊട്ടിക്കളി (തിരുവാതിരക്കളി ) ഉണ്ടാകും. ഊഞ്ഞാലാട്ടം, കള്ളനും പോലീസും, തകതി കളി (കബഡി) ഒളിച്ചുകളി, മാസുകളി, ആകാശം ഭൂമി കളി തുടങ്ങി പല തരം കളികളിലേര്‍പ്പെടും. വല്ലാതെ വിശന്നാല്‍ വീട്ടിലേക്ക് ഒരു ഓട്ടമാണ്.പഴവും പപ്പടവുമൊക്കെ കഴിച്ചു വീണ്ടും തിരിച്ചോടും. ഒരു സ്ഥലം മടുത്താല്‍ ഒത്തുകൂടുന്ന മറ്റു സ്ഥലങ്ങളിലേക്ക് പോകും.
പ്രായമായവര്‍ വെറ്റിലചെല്ലം നടുക്ക് വെച്ച്, മുറുക്കിചുവപ്പിച്ച് കാലും നീട്ടിയിരുന്ന് കൂട്ടം കൂടും. പുരുഷന്മാര്‍ ചിലര്‍ അക്ഷരശ്ലോക മത്സരത്തില്‍ ഏര്‍പ്പെടും. ഇതിനിടയില്‍ കൂട്ടത്തില്‍ മുതിര്‍ന്ന ചേച്ചിമാരില്‍ ചിലര്‍ അപ്പുറത്ത് നില്‍ക്കുന്ന ചേട്ടന്മാരുമായി കണ്ണുകള്‍ കൊണ്ട് കഥ പറയുന്നതും, കൂട്ടുകാരുമായി രഹസ്യം പറഞ്ഞു ചിരിക്കുന്നതും ഒക്കെ കാണാം. ഇത് പോലുള്ള ജോഡികള്‍ക്ക് കണ്‍നിറയെ അടുത്തു കാണാനും, ഒഴിഞ്ഞ മാഞ്ചുവട്ടില്‍ ഇരുന്ന് കിന്നാരം പറയാനും സ്വാതന്ത്ര്യം ലഭിക്കുന്ന സമയം കൂടിയാണിത്. വീട്ടില്‍ പണിക്കുവരുന്ന വരും കുടുംബവും അക്കിക്കാവ് അമ്പലപ്പറമ്പിലാണ് ഒത്തുചേരുക. കോല്‍ക്കളി തുടങ്ങിയ പലവിധ കളികളും ഉണ്ടാകും. നാലോണം വരെ ഇതെല്ലാം തുടരും.
പൂരാടത്തിനു നടത്തുന്ന മറ്റൊരുചടങ്ങാണ്പ ണിക്കാര്‍ക്കായിട്ടുള്ള ഓണസദ്യ. എല്ലാവരും കുടുംബസമേതം എത്തും. പഴം, പപ്പടം, പായസം, ഉപ്പേരി സഹിതം വരിവരിയായി ഇലയിട്ട് സദ്യ വിളമ്പും. ഊണ് കഴിഞ്ഞു പോകുമ്പോള്‍ എണ്ണ, അരി തുടങ്ങിയ സാധനങ്ങള്‍ ഒക്കെ കൊടുത്തുവിടും. നാലാംനാള്‍ പൂജയൊക്ക കഴിഞ്ഞു തൃക്കാക്കരപ്പനെ യാത്ര അയക്കുമ്പോള്‍ ശരിക്കും കരച്ചില്‍ വരും. അടുത്ത ഓണത്തിനായി ഒരു വര്‍ഷത്തെ കാത്തിരുപ്പ്!
Comments