വിലക്കയറ്റം, കടക്കെണി, ലഹരിക്കടത്ത്, സ്വർണക്കടത്ത്, തീവ്രവാദം, നരബലി കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരവും വിവരണാതീതവുമാണ്.2016-ൽ സി പി എമ്മിൻ്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം എൽ ഡി എഫ് വന്നാൽ “എല്ലാം ശരിയാകും എന്നായിരുന്നു. എന്നാൽ, ഇടത് പക്ഷത്തിന് ഭരണ തുടർച്ച ലഭിച്ച് ഭരണം 7-ാം വർഷത്തിലേക്ക് കടക്കുമ്പോൾ
കേരളത്തിന് ശാപമായി എന്തിന് ഇങ്ങനെ ഒരു സർക്കാർ എന്ന് ജനങ്ങൾ ഇപ്പോൾ ചോദിച്ച് തുടങ്ങിയിരിക്കുന്നു. പൊതു വിപണിയിൽ അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പല വ്യഞ്ജനങ്ങളും പച്ചക്കറിയുമുൾപ്പെടെ ഏതാണ്ടെല്ലാ സാധനങ്ങൾക്കും തീപിടിച്ച വിലയാണ്. അരിയുടെ വിലയിൽ പത്തും ഇരുപതും ശതമാനമാണ് വർധനവ്. വിലക്കയറ്റം അതിൻ്റെ പാരതമ്യതയിലേക്ക് എത്തിയിട്ടും ഭരണത്തലവനായ മുഖ്യമന്ത്രിയോ, മന്ത്രിയോ ,ബന്ധപ്പെട്ട വകുപ്പോ ഇതൊന്നും അറിയാതിരുന്നത് മുഖ്യമന്ത്രിയും പരിവാരങ്ങളും വിദേശയാത്രയുടെ ഹാങ്ങോവറിലായത് കൊണ്ടോ സ്വർണ കടത്ത് പ്രതി സ്വപ്ന സുരേഷ് ഉണ്ടാക്കിയ മാരക ഷോക്ക് കാരണമോ എന്ന് സംശയം.
ഏതായാലും വിലക്കയറ്റത്തെക്കുറിച്ച് വൈകി ഭക്ഷ്യവകുപ്പിൻ്റേതായി ഇപ്പോൾ ഒരു പ്രസ്താവന വന്നിരിക്കുന്നു.
“വരേണ്യവർഗം ഉപയോഗിക്കുന്ന അരിക്കാണ് വില വർധിച്ചിരിക്കുന്നത് ” എന്നാണത്.
മുമ്പ് എൽ ഡി എഫ് ഭരിക്കുന്ന കാലത്ത് ഒരു മന്ത്രി പാവപ്പെട്ട ജനങ്ങളോട് അരി ഭക്ഷണം ഒഴിവാക്കി മുട്ടയും പാലും കഴിക്കാൻ ഉപദേശിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. പാവങ്ങളുടെ വോട്ട് വാങ്ങി തണ്ടിലേറിയ മന്നവൻമാരുടെ ലിലാവിലാസങ്ങളും വാഗ്ധോരണികളും വളരെ വിചിത്രം തന്നെ എന്നേ പറയേണ്ടൂ.
ഒക്ടോബർ മാസത്തിൽ കേരളത്തിലെ 18 ലക്ഷം കുടുംബങ്ങൾക്കാണ് റേഷൻ അരി നഷ്ടമായത്.
PMGKAY പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളും ഇതിൽ ഉൾപ്പെടും . ഒക്ടോബർ – 25 ന് ശേഷമാണ്
മിക്ക കടകളിലും അരിയെത്തിയത്. 92.86 ലക്ഷം കാർഡുടമകളിൽ 74.34 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ കഴിഞ്ഞ മാസം റേഷൻ നൽകാനായുള്ളൂ. വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ കൂടുതൽ ചികയേണ്ടതില്ല. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പരിമിതമായ നെല്ല് പോലും കർഷകരിൽ നിന്ന് സംഭരിച്ച് അരിയാക്കി വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല. പാലക്കാട്ടേയും കുട്ടനാട്ടിലേയും കർഷകരിന്ന് ആശങ്കയിലാണ്. നെല്ല് സംഭരണം പാതിവഴിയിലാണ്. ഈ വർഷത്തെ കുടിശിക 25 കോടിയിലേറെ രൂപ അവർക്ക് ലഭിക്കാനുണ്ട്. കർഷകർക്കായി 2020 -ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക അടിസ്ഥാന സൗകര്യ നിധി പ്പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം വലിയ അലംഭാവമാണ് കാണിച്ചിട്ടുള്ളത്.
ആസ്തി സൃഷ്ടിക്കൽ, വിള സംരക്ഷണം, അടിസ്ഥാന സൗകര്യം വർധിപ്പിക്കൽ എന്നിവക്കായി രണ്ട് കോടി രൂപ വരെ മൂന്നേകാൽ ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയിൽ കേരളത്തിന് 2520 കോടി രൂപ അനുവദിച്ചെങ്കിലും അത് പ്രയോജനപ്പെടുത്തിയില്ല.
കൊപ്ര സംഭരണവും നാളികേര സംഭരണവും കേരളത്തിൽ പരാജയമായി. സംഭരണം പൊതു വിപണിയിൽ വില ഉയർത്തുന്നതിനോ കർഷകർക്ക് താങ്ങോ ആയില്ല. നാഫെഡ് 50000 ടൺ കൊപ്ര കിലൊ. 105.90 രൂപ നിരക്കിൽ സംഭരിക്കാൻ കേരളത്തിന് അനുമതി നൽകിയെങ്കിലും ഏഴ് മാസം കൊണ്ട് കേരളം സംഭരിച്ചത് 240 ടൺ മാത്രം.
ഇതേ സമയം തമിഴ്നാട് സംഭരിച്ചത് 40865 ടൺ കൊപ്രയാണ്. കേരളത്തിൽ പൊതു വിപണിയിൽ 25 രൂപക്ക് താഴെയാണ് നാളികേരത്തിൻ്റെ വില. ഇവിടെ വഴിപാട് പോലെയാണിപ്പോൾ ചില കേന്ദ്രങ്ങളിൽ കിലൊ 32 രൂപ നിരക്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പച്ചതേങ്ങ സംഭരിക്കുന്നത്.
ഒരു നിലക്കും നാളികേര കർഷകന് പിടിച്ച് നിൽക്കാനാകാത്ത സാഹചര്യമാണ്. വന്യമൃഗശല്യം, വിളനാശം, രോഗബാധ, കീട ശല്യം എന്നിവയും കർഷകരെ ഉലയ്ക്കുന്നു.
കേരളം പിണറായി ഭരണത്തിൽ ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലേക്കാണിപ്പോൾ കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നത്.
1957-ൽ 34 കോടി രൂപയായിരുന്ന കേരളത്തിൻ്റെ പൊതുകടം ഇപ്പോൾ 3,39939 കോടി എന്ന ഭീമാകാരമായ നിലയിലേക്ക് ഉയർന്നിരിക്കുന്നു. 2016 മുതൽ 2022 വരെയുള്ള പൊതുകടത്തിൻ്റെ വർധനവ് 79% ആണ്. ഇതിന് പുറമെ സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് വഴി 32000 കോടി രൂപ സർക്കാർ കടമെടുത്തു.
സംസ്ഥാനത്തിൻ്റെ തനത് വരുമാനത്തിൻ്റെ 71 ശതമാനവും ശമ്പളം ,പെൻഷൻ എന്നിവക്കായി സർക്കാർ ചെലവിടുന്നു.
റവന്യൂ വരുമാനത്തിൻ്റെ 50 ശതമാനത്തോളം ആണിത്. ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്കായി നീക്കിവെക്കുന്ന തുക 15% മാത്രം. അതും ഗവൺമെൻ്റിൻ്റെ അതാത്കാലത്തെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് വെട്ടിച്ചുരുക്കലിന് വിധേയമാണ്.
ശമ്പള പരിഷ്ക്കരണം സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കിയിരിക്കുന്നു.
2020-21 ൽ ശമ്പളത്തിനായുള്ള ചെലവ് 28763 കോടി ആയിരുന്നത് 2022 ൽ 45585 കോടിയായി ഉയർന്നു. 58% വർധനവ്. പെൻഷൻ്റെ കാര്യത്തിലും 42% വർധനവുണ്ടായി. ശമ്പളവും പെൻഷനും നിത്യനിദാന ചെലവുകൾക്കുമായി പ്രതിമാസം 3000 കോടി കടമെടുക്കുന്ന സർക്കാരാണിന്ന് കേരളത്തിലേത്. KSRTC പോലെ നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങൾ വരുത്തിവെക്കുന്ന ബാധ്യത വേറെയും 2020-21 ൽ KSRTC യിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവക്കായി പൊതു ഖജാനാവിൽ നിന്ന് ചെലവഴിച്ചത് 2200 കോടിയിലേറെ.
കേന്ദ്രം നൽകുന്ന റവന്യൂ ഗ്രാൻറ്, മറ്റ് ഗ്രാൻ്റുകൾ, ജി സ് ടി നഷ്ടപരിഹാരം എന്നിവ കൊണ്ട് മാത്രമാണിന്ന് കേരളം പിടിച്ച് നിൽക്കുന്നതും ട്രഷറി പൂട്ടാതിരിക്കുന്നതും. കഴിഞ്ഞ വർഷം കേന്ദ്രം കേരളത്തിന് നൽകിയ സാമ്പത്തിക വിഹിതം 42000 കോടി രൂപയാണ്.
കേരളത്തിൻ്റെ കടം ഈ വർഷം 33112 കോടി എന്ന പരിധി മറികടന്ന് 44313 കോടി രൂപക്ക് മീതെ ഉയർന്നിരിക്കുന്നു.
11201 കോടി രൂപ അധികം വായ്പയെടുത്തു. 7.83% പലിശ നിരക്കിലാണ് ഈ വായ്പയെല്ലാം എടുത്തിരിക്കുന്നത്. വായ്പയുടെ കാര്യത്തിലാണ് പിണറായി ഇപ്പോൾ റെക്കാഡുകൾ ഭേദിച്ചു കൊണ്ടിരിക്കന്നത്. എന്നാൽ, അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ ഈ ശുഷ്ക്കാന്തിയുണ്ടായതുമില്ല.
മെയ് അവസാനം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം പങ്കെടുത്തില്ല.
ദുരഭിമാനം മാത്രമായിരുന്നു കാരണം മറ്റ് സംസ്ഥാനങ്ങളെല്ലാം വൻ നിക്ഷേപങ്ങൾക്ക് ധാരണാപത്രത്തിൻ ഒപ്പ് വെക്കുകയും നേട്ടങ്ങളുണ്ടാക്കുകയും ചെയ്തപ്പോൾ കേരളം അവസരങ്ങൾ കളഞ്ഞ് കുളിച്ചു. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ കേരളത്തിൻ്റെ സാധ്യതകളെ തെലുങ്കാന പ്രയോജനപ്പെടുത്തി. 4200 കോടിയുടെ നിക്ഷേപം അവർ നേടി.
സാമ്പത്തിക സ്ഥിതി എന്ത് തന്നെ ആയാലും ”പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല ” എന്ന മട്ടിൽ ധൂർത്തിലും അഴിമതിയിലും കെട് കാര്യസ്ഥതയിലും പിണറായി വിജയൻ മത്സരിക്കുകയാണിപ്പോൾ.
ആറര വർഷം കൊണ്ട് 85 തവണയാണ് ഇടത് മന്ത്രിമാർ വിദേശയാത്ര നടത്തിയത്.മുഖ്യമന്ത്രിയും കുടംബവും 15 തവണ. 6- യാത്രകൾ UAE യിലേക്ക് മാത്രമായിരുന്നു. കൂട്ടിന് പലപ്പോഴും സ്വർണ കേസ് പ്രതിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കർ ആയിരുന്നു. ഇത്തവണ കൂട്ടത്തോടെയായിന്നു മന്ത്രിമാരുടെ വിദേശ മാർച്ച്.
അരഡസൻ മന്ത്രിമാർ. ഖജാനാവ് കാലിയാക്കുന്നതിലപ്പുറം ഇത് കൊണ്ട് വല്ല പ്രയോജനവുമുണ്ടായോ എന്ന് ഇത് വരെ ആർക്കും മനസിലായിട്ടില്ല. വികസനത്തിനായി ചെലവഴിക്കേണ്ട കോടികളാണ് പിണറായി സർക്കാർ ഇങ്ങനെ വൃഥാ ധൂർത്തടിച്ചു കൊണ്ടിരിക്കുന്നത്. എകെജി സെൻ്ററിന് 6- കോടി വകയിരുത്തിയതും വനിതാ മതിലിന് 50 കോടി ചെലവിട്ടതും യാതൊരു ശിപാർശയും നടപ്പിലാക്കാത്ത ഭരണപരിഷ്ക്കാര കമ്മീഷനും യുവജന കമ്മിഷനും കോടികൾ തുലച്ചതും, രണ്ടാം ലോക കേരളസഭ അടിച്ച് പൊളിച്ചതും നവോത്ഥാന സമ്മേളനത്തിന് 700 കോടി ധൂർത്തടിച്ചതും സഹകരണ സ്ഥാപനങ്ങളുടെ അഴിമതിയും വെട്ടിപ്പും കാരണം ബാധ്യത ഏറ്റെടുക്കാൻ 306 കോടി നൽകിയതും എല്ലാം പിണറായിയുടെ എക്കൗണ്ടിൽതന്നെയാണ്.
ഈ സർക്കാരിൻ്റെ മറ്റൊരു തീവെട്ടിക്കൊള്ളയായിരുന്നു കോവിഡ് കാലത്തെ മെഡിക്കൽ ഉപകരണങ്ങളുടെ പർച്ചേസിങ്ങ്.
ടെഡർ വിളിക്കാതെ അവസരം മുതലെടുത്ത് 500 രൂപ വിലയുള്ള പി പി ഇ കിറ്റ് മൂന്നിരട്ടി വിലക്ക് 1500 രൂപക്കാണ്
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വാങ്ങിക്കൂട്ടിയത്.
ഇത് സംബന്ധിച്ച് 50O ഓളം ഫയലുകൾ സെക്രട്ടറിയേറ്റിൽ നിന്ന് കാണാതായി. ഇതോടെ ടീച്ചറമ്മ, ശൈലജ ടീച്ചറുടെ പുറംപൂച്ചാണ് പുറത്തായത്. മുമ്പ്, പ്രളയ ഫണ്ടിലെ തട്ടിപ്പ് വിവാദമായപ്പോഴാണ് സെക്രട്ടറിയേറ്റിലെ ഫയലുകൾ പലതും കത്തിനശിച്ചത്.
പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ പേരിൽ വലിയ അഴിമതിയാണ് ഇവിടെ നടന്നത്.
നാലേകാൽ കോടിയുടെ കോഴ പണം ശിവങ്കറും സ്വപ്നയും ഭരണ സിരാകേന്ദ്രങ്ങളിലുള്ളവരും കൂടി പങ്ക് വെച്ചു.
ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റേയും പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു ഇ.ഡിക്ക് മുന്നിലെ സ്വപ്നയുടെ രഹസ്യമൊഴി. ലൈഫ് പദ്ധതിയിൽ കൈമാറിയ കോഴപ്പണമാണ് ഇങ്ങനെ സോളറാക്കി വിദേശത്തേക്ക് കടത്തിയിട്ടുള്ളത്.
എല്ലാ ഇടപാടും ശിവശങ്കർ മുഖാന്തിരം മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നെന്നും യുഎഇ കോൺസുലേറ്റ് വഴി പലതവണ ബിരിയാണി ചെമ്പ് എന്ന വ്യാജേന ക്ലീഫ് ഹൗസിലേക്ക് ലോഹ വസ്തുക്കൾ (സ്വർണം) കൊടുത്തയച്ചിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കും നളിനി നെറ്റോക്കും അറിയാമായിരുന്നെന്നും സ്വപ്ന പറയുന്നു. എല്ലാത്തിനും സാക്ഷിയായ സ്വപ്നയെ നമ്മൾ എന്തിന് അവിശ്വസിക്കണം.
രാജ്യത്തിൻ്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും നാളിത് വരെ ഇത് പോലെ സ്വർണ ക്കടത്തിൻ്റേയോ കറൻസിക്കടത്തിൻ്റേയോ പേരിൽ ആരോപണ ശരങ്ങൾ ഏൽക്കേണ്ടി വരികയോ ജനങ്ങളുടെ മുമ്പിൽ തലകുനിക്കേണ്ടി വരികയോ ചെയ്തിട്ടില്ല എന്നോർക്കുക.
ക്രൈം നിരക്കിൽ കേരളം ഇന്ന് മുന്നിലാണ്. ഇക്കാര്യത്തിൽ കൊച്ചി നഗരം രാജ്യത്ത് മൂന്നാം സ്ഥാനത്തേക്ക് വന്നിരിക്കുന്നു. ഒമ്പത് മാസം കൊണ്ട് 1795 ലൈംഗികാതിക്രമങ്ങളുൾപ്പെടെ 3859 സ്ത്രീ പീഡനങ്ങളാണ് കേരളത്തിൽ അരങ്ങേറിയത്.
അന്ധവിശ്വാസത്തിൻ്റെ പേരിൽ പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതും ഭീകരവുമായിരുന്നു. നവോത്ഥാന കേരളത്തിനും സഖാക്കൾക്കും നിർവൃതി കൊള്ളാൻ ഇനിയെന്താണ് വേണ്ടത്.
മയക്ക് മരുന്നിൻ്റേയും ലഹരിയുടേയും തീവ്രവാദത്തിൻ്റേയും വിളനിലമാണിന്ന് കേരളം.
അടുത്തയിടെ ഇന്ത്യയിൽ പിടിച്ച 3000 കോടിയുടെ മയക്കുമരുന്നിൽ ഭൂരിഭാഗവും കടത്തികൊണ്ടു വന്നത്
മൻസൂർ മാരും വിജിൽ വർഗീസ് മാരുമടങ്ങുന്ന കേരള മയക്കുമരുന്ന് മാഫിയ സംഘങ്ങളാണ്.
കേരളത്തിലെ യുവജനങ്ങളിൽ നല്ലൊരു ശതമാനം മയക്ക് മരുന്നിൻ്റെ ദൂഷിത വലയത്തിലാണിന്ന്.
സിനിമ മേഖലയും ഇതിൽ നിന്ന് മുക്തമല്ല. അടുത്തിയിടെ കേരളത്തിലുണ്ടായ പല ക്രിമിനൽ കേസുകളിലും കൊലപാതകങ്ങളിലും മയക്ക് മരുന്നാണ് വില്ലൻ. കോളേജ് കളിലേക്കും സ്ക്കൂൾ വിദ്യാർത്ഥികളിലേക്കും ഇതിൻ്റെ അഡിഷൻ വ്യാപകമായി പടരുകയാണ്. മുസ്ലീം തീവ്രവാദം കേരളത്തെ ഗ്രസിച്ച മറ്റൊരു വിപത്താണിന്ന്.
കേരളത്തിൻ്റെ ചരിത്രത്തിൽ ഇതിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും പ്രീണിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവും ഭരണാധികാരിയുമാണ് പിണറായി വിജയൻ. അതിൻ്റെ പരിണത ഫലമായിരുന്നു മത അസഹിഷ്ണുതയുടെ പര്യായമായ പോപ്പുലർ ഫ്രണ്ട്.
രാജ്യദ്രോഹത്തിൻ്റെയും മതവെറിയുടേയും മൂശയിൽ വാർത്തെടുക്കപ്പെട്ട പി എഫ് ഐ യുടെ നിഷ്ഠൂരവും പൈശാചികവുമായ അരും കൊലകളെ കേരളത്തിൽ തടയാനോ അവരെ തളക്കാനോ പിണറായി തയ്യാറായില്ല. കാരണം പിണറായുടെ കൂടാരത്തിൽ തന്നെ അവരുണ്ടായിരുന്നു. മതേതര ലേബലുള്ള, പൊയ്മുഖമണിഞ്ഞ ഈ ജിഹാദികളുടെ ഒത്താശയോടെയാണ് കുറെക്കാലം പി എഫ് ഐ കേരളത്തിൻ്റെ പൊതു ഇടങ്ങളെ കുരുതിക്കളമാക്കി ചുവപ്പിച്ചത്. പക്ഷേ, അവസാനം ഈ നരാധമൻമാർക്ക് കൂച്ച് വിലങ്ങിടാൻ കേന്ദ്ര സർക്കാർ തന്നെ ഇടപെടേണ്ടി വന്നു. കഴിഞ്ഞ സെപ്ത: 22-ന് 15 സംസ്ഥാനങ്ങളിലായി പി എഫ് ഐക്കെതിരെ നടന്ന റൈയ്ഡിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട 45 പേരിൽ 19 പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു എന്നത് പിണറായി ഭരണത്തിൽ ഇവർ എത്ര മാത്രം സുരക്ഷിതരും സക്രിയ വുമായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
പിണറായിയുടെ രണ്ടാം വരവ് രാഷ്ടീയ ആധിപത്യത്തിനുള്ള അവസരമാക്കാനാണ് സി പി എം ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതിനുള്ള ഊർജിത ശ്രമത്തിൻ്റെ ഭാഗമാണ് ഗവർണറും സർക്കാരുമായുള്ള കൊമ്പ് കോർക്കൽ. തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ട് കൊണ്ട് മേയർ ആര്യ രാജേന്ദ്രൻ cpmജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്തും ഇതേ ഉദ്ദേശലക്ഷ്യത്തോടെ തന്നെയാണ്. ഏത് വിധേനയും കമ്മ്യൂണിസ്റ്റ് ഭിക്ഷാംദേഹികളേയും സഹയാത്രികരേയും സർക്കാർ ലാവണങ്ങളിൽ പ്രതിഷ്ഠിക്കുക എന്ന നയമാണവരുടേത്. അതിന് യുജിസി മാനദണ്ഡമോ യോഗ്യതയോ ഒന്നും അവർക്ക് പ്രശ്നമല്ല. പാർട്ടി കൂറാണ് പ്രധാനം. ഇതിനു് എതിര് നിൽക്കുന്നത് കൊണ്ടാണ് ഗവർണറുമായുള്ള പോര്. ഗവർണറുടെ നടപടികൾ ന്യായവും നിയമാനുസൃതവുമായിരിക്കെ ജനാധിപത്യത്തിൻ്റെ വലുപ്പം ഘോഷിച്ച് ഗവർണറെ ഭയപ്പെടുത്താനായിരുന്നു ശ്രമം. അത് വിജയിച്ചില്ല.
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഭരണഘടനാ സംവിധാനമായ ലോകായുക്തയുടെ ചിറകരിയാനുള്ള ശ്രമവും മറ്റൊന്നല്ല.ലാവ് ലിൻ കേസിൽ പിണറായിക്കെതിരെ ലോകായുക്ത നടപടിയുണ്ടാവുമോ എന്ന ഭയപ്പാടിൻ്റെ ഭാഗമാണത്. ഈ രണ്ട് കാര്യങ്ങളിലും പരാജയപ്പെട്ടിടത്താണിപ്പോൾ ഗവർണർക്കെതിരെ സർക്കാർ കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടുള്ളത് എന്ന് വേണം കരുതാൻ. ഏതായാലും പാവങ്ങളുടെ പിച്ചചട്ടിയിൽ കൈയ്യിട്ട് വാരി കൊണ്ട് ഗവർണർക്കെതിരെ കേസ് വാദിക്കാൻ ഇപ്പോൾ അഡ്വ: ഫാലി എസ്. നരിമാനെ 47 ലക്ഷം രൂപ ചെലവിൽ ചുമതലപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
പിണറായി എപ്പോഴും നാടിൻ്റെ നന്മയും വികസനവുമാണ് ആവർത്തിക്കാറുള്ളത്. ഈ വീമ്പു പറച്ചിലും അവകാശവാദങ്ങളുമെല്ലാം പൊള്ളയും കാപട്യവുമാണെന്ന് തിരിച്ചറിയാൻ വലിയ പ്രയാസമില്ല. വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾ, ദേശീയപാതാ വികസനം, റെയിൽവേ വികസനം, ജലജീവൻമിഷൻ, തൊഴിലുറപ്പ് പദ്ധതി, ശുചിത്വമിഷൻ പദ്ധതി, കിസാൻ സമ്മാൻ പദ്ധതി, ഫസൽ ബിമായോജന ഇൻഷ്വറൻസ്, ആയുഷ്മാൻ ഭാരത് , വാർധക്യകാല പെൻഷൻ, വിധവ വികലംഗ പെൻഷൻ എന്നീ വികസന തൊഴിൽദാന ക്ഷേമപദ്ധതികളെല്ലാം തന്നെ കേന്ദ്രാവിഷ്കൃത പദ്ധതികളോ കേന്ദ്ര സഹായത്താൽ നടപ്പാക്കുന്ന പദ്ധതികളോ ആണ്.
ഈ പദ്ധതികളെല്ലാം മാറ്റി നിർത്തിയാൽ കേരളത്തിൻ്റെ വികസനം വട്ടപൂജ്യമാണിന്ന്.
ചില ഉദാഹരണങ്ങൾ പറയാം.
2020ൽ നടന്ന അസൻഡ് കേരള നിക്ഷേപ സംഗമം തന്നെ എടുക്കാം. അന്ന് പ്രഖ്യാപിക്കപ്പെട്ടത് ഒരു ലക്ഷം കോടിയുടെ പദ്ധതിയായിരുന്നു. നടപ്പാക്കിയത് 806 കോടിയുടേതാണ്. കിഫ്മൽ മുഖേന നടപ്പാക്കുന്ന 66000 കോടിയുടെ അബുദാബി ഇൻവെസ്റ്റ് പദ്ധതിയായിരുന്നു അന്ന് ശ്രദ്ധേയമായി എടുത്ത് പറഞ്ഞിരുന്നത്. ഇന്ന് അതേ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല.
അത് ചാപിള്ളയായി എന്നാണ് അറിയാൻ കഴിയുന്നത്. പ്രവാസികളെ പങ്കെടുപ്പിച്ച് നടത്തുന്ന ലോക കേരളസഭയും വികസന മാമങ്കവുമെല്ലാം സി പി എമ്മിന് പണം കായ്ക്കുന്ന മരങ്ങളാണിന്ന്. തട്ടിക്കൂട്ട് കലാപരിപാടികൾ.
“തെളിനീരൊഴുകുന്ന നവകേരളം” പദ്ധതി നോക്കൂ, എത്രമാത്രം ആളും അർത്ഥവുമാണ് ഇതിനായി വിനിയോഗിക്കപ്പെട്ടത്. 14 ജില്ലകളിൽ 62398 ജലാശയങ്ങളിലായി ശുചിത്വമിഷൻ നടത്തിയ സാംപിൾ സർവ്വേ ഞെട്ടിക്കുന്നതാണ് 78% ജലാശയങ്ങളിലും അവർ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ പറയാൻ അറപ്പുണ്ടെങ്കിലും കേരളം കുടിക്കുന്നത് ഇപ്പോൾ കക്കൂസ് മാലിന്യം നിറഞ്ഞ തെളിനീരാണ് ?
ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പുറത്ത് വന്ന കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിൻ്റെ കണക്ക് പറയുന്നത് ഒരുഡസൻ തദ്ദേശ സ്ഥാപനങ്ങളിലെ SC, ST പദ്ധതികളുടെ പുരോഗതി പൂജ്യം ശതമാനമെന്നാണ്. ഇതിൽ മേലടി ബ്ലോക്ക് പഞ്ചായത്തും മുക്കം ,കൊയിലാണ്ടി മുനിസിപ്പാലിറ്റിയും (ST) ഉൾപ്പെടും. 40% ഫണ്ട് വിനിയോഗം നടന്ന തദ്ദേശ സ്ഥാപനങ്ങൾ ഒന്നോ രണ്ടോ മാത്രം.
ഈ കണക്ക് കോഴിക്കോട് ജില്ലയുടേതും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തിൻ്റെ കാര്യവും മാത്രമല്ല. ദളിത് ,ആദിവാസി പ്രാക്തന സമൂഹത്തോട് പിണറായിസർക്കാർ കാണിക്കുന്ന അവഗണനയുടെ പരിച്ഛേദം കൂടിയാണ്.
തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുമിപ്പോൾ “പുത്തനച്ചിപുരപ്പുറം തൂക്കും” എന്ന് പറഞ്ഞത് പോലെയാണ് . പൊതു ഇടങ്ങളിലെ മാലിന്യം ഇവർ ശ്രദ്ധിക്കാറേയില്ല. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് വിടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത്. അതിന് ചാക്കൊന്നിന് 50 രൂപ വെച്ച് നൽകണം. മാലിന്യ നിർമാർജനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രഥമ ചുമതല ആയിരിക്കേയാണ് ഈ പിടിച്ചുപറി.