Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

വെല്ലസ്ലിയെ വിറപ്പിച്ച പഴശ്ശിരാജ

പി.പ്രേമകുമാര്‍

Nov 25, 2022, 12:56 am IST

നവംബര്‍ 30 പഴശ്ശി വീരാഹുതി ദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്ത ചെറുത്തു നില്‍പ് സമരമെന്ന് ചരിത്രകാരന്മാരാല്‍ വിശേഷിക്കപ്പെട്ട1857-ലെ ശിപ്പായി ലഹളക്കൊക്കെ വളരെ മുന്‍പ് 1792 മുതല്‍ 1805 വരെ നടന്ന പഴശ്ശി സമരങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്നാട്ടിലെ ബ്രിട്ടീഷ് ആധിപത്യത്തെ ചോദ്യം ചെയ്ത ആദ്യത്തെ പ്രക്ഷോഭം. എന്നിരുന്നിട്ടും നമ്മുടെ ചരിത്രകാരന്‍മാര്‍ പഴശ്ശിരാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ നേടിയ യുദ്ധവിജയങ്ങളും ധീരോദാത്തമായ ചെറുത്തുനില്‍പ്പുകളും വേണ്ടവണ്ണം രേഖപ്പെടുത്തിയിട്ടില്ല എന്നത് തികച്ചും ദുഃഖകരമാണ്. പഴശ്ശിയെ ജീവനോടെ പിടിക്കുവാന്‍ കഴിയാതെ പോയ ബ്രിട്ടീഷ് സേനാനായകര്‍ പോലും പഴശ്ശിയേയും അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തേയും ആദരിക്കുവാന്‍ മടികാണിച്ചതുമില്ല. വയനാടന്‍ മലമടക്കുകളിലും കുന്നിന്‍ ചരിവുകളിലും ഘോരവനാന്തരങ്ങളിലും പതിയിരുന്ന് പഴശ്ശിയും അനുചരന്‍മാരും കുറിച്യപ്പടയും ചേര്‍ന്ന് വെട്ടിവീഴ്ത്തിയതും അമ്പ് എയ്ത് വീഴ്ത്തിയതുമായ പട്ടാളക്കാരുടേയും കമാന്‍ഡര്‍മാരുടെയും എണ്ണം വളരെ വലുതാണ്. ആധുനിക ആയുധങ്ങളുടെ പിന്‍ബലമൊന്നും പഴശ്ശിയുടെ സൈന്യത്തിന് ഇല്ല എന്നറിഞ്ഞിട്ടും പഴശ്ശിയുമായി യുദ്ധം ചെയ്യുവാന്‍ പിന്നീട് ലോക ചരിത്രത്തില്‍ അദ്വിതീയനായ നെപ്പോളിയനെ പരാജയപ്പെടുത്തുകയും ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടണ്‍ എന്ന ബഹുമതിക്കര്‍ഹനാകുകയും ചെയ്ത കേണല്‍ ആര്‍തര്‍വെല്ലസ്ലിയെ ബ്രിട്ടീഷുകാര്‍ക്ക് കേരളത്തിലേക്ക് അയക്കേണ്ടി വന്നു. വെല്ല സ്ലിയെപ്പോലും പിടിച്ചു നിര്‍ത്താന്‍ വീരപഴശ്ശി കേരളവര്‍മ്മയ്ക്കായെങ്കില്‍ ലോകചരിത്രത്തില്‍ വെല്ലസ്ലിയോടൊപ്പം നില്‍ക്കേണ്ടതാണ് പഴശ്ശിയുടെ സ്ഥാനവും.

1795 ലാണ് പഴശ്ശിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളവും തമ്മില്‍ നേരിട്ട് യുദ്ധം ചെയ്യുന്നത്. അന്ന് ആയോധന വീരന്മാരായ ഏതാനും നായര്‍ പടയാളികള്‍ മാത്രമേ പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. കമ്പനിയുടെ മലബാറിലെ കമാന്‍ഡിങ് ഓഫീസര്‍ ആയ കേണല്‍ ബവുള്‍സ് പഴശ്ശിക്കെതിരെ ചില ഗൂഢ പദ്ധതികള്‍ക്ക് രൂപം നല്‍കി. 1796 ഏപ്രില്‍ 19-ാം തീയതി ജെയിംസ് ഗോര്‍ഡന്റെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം പേരടങ്ങിയ ഒരു സൈനിക വിഭാഗം രാത്രിയുടെ അന്ത്യയാമങ്ങളില്‍ കോവിലകവും കോട്ടയും വളഞ്ഞ് മതില്‍ക്കെട്ടിനുള്ളില്‍ ഒരു വിടവ് ഉണ്ടാക്കി കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചു. പഴശ്ശി രാജാവിനെ കയ്യില്‍ കിട്ടി എന്ന് തന്നെ കരുതിയ അവര്‍ വാസ്തവത്തില്‍ നിരാശരാകുകയാണ് ഉണ്ടായത്. മലബാര്‍ മാനുവല്‍ എഴുതിയ ലോഗന്റെ ഭാഷയില്‍ പറഞ്ഞാല്‍ കിളി പറന്ന് പോയിക്കഴിഞ്ഞിരുന്ന കാലിയായ കൂട് മാത്രമായിട്ടാണ് കോവിലകം ബ്രിട്ടീഷുകാരുടെ കൈവശം ലഭിച്ചത്. വിശ്വസ്തരായ ചാരന്മാര്‍ മുഖാന്തരം ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിവ് ലഭിച്ച തമ്പുരാന്‍ നാലഞ്ചു ദിവസം മുമ്പ്തന്നെ സുരക്ഷിതമായ മണത്തണ കോട്ടയിലേക്ക് മാറി താമസിച്ചിരുന്നു. പഴശ്ശിക്കോട്ട ആക്രമിച്ചു കീഴടക്കിയ ബ്രിട്ടീഷുകാര്‍ അവിടെ കണ്ട വിലപിടിപ്പുള്ള സകലതും കൊള്ളയടിച്ചു. ചതിയുടെയും വഞ്ചനയുടെയും യുദ്ധതന്ത്രങ്ങളാണ് കമ്പനി പഴശ്ശിരാജാവിനോട് പയറ്റിയതെങ്കിലും ഭക്ഷണവും വെള്ളവും കിട്ടാതെ കൊടും കാട്ടില്‍ നിരാലംബരായിത്തീര്‍ന്ന ശത്രുവിനോട് പലപ്പോഴും പഴശ്ശിരാജാവ് ധാര്‍മ്മികതയുടെയും സഹജീവി സ്‌നേഹത്തിന്റേയും ഭാഷയിലാണ് പെരുമാറിയിട്ടുള്ളത് എന്ന് പെരിയ യുദ്ധചരിത്രം വായിച്ചാല്‍ നമുക്ക് മനസിലാകും. പെരിയയില്‍ പഴശ്ശി സൈന്യങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരുന്ന ഇംഗ്ലീഷ് സൈന്യങ്ങള്‍ക്ക് പുറമേനിന്നുള്ള സഹായവും ഭക്ഷണവും ലഭിക്കാതെ വരികയാല്‍ അവര്‍ ആകെ തളര്‍ന്ന് അവശരായി തുടങ്ങിയിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ കഷ്ടപ്പെടുന്ന യോദ്ധാക്കള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് ധാര്‍മ്മികമല്ല എന്ന ബോധത്താല്‍ പഴശ്ശി പടനായകന്മാര്‍ അവരെ പെരിയ ചുരം ഇറങ്ങി പോകാന്‍ അനുവദിക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാര്‍ ഇക്കാര്യം അവരുടെ സ്വകാര്യ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പഴശ്ശി സേനാനായകര്‍ ബ്രിട്ടീഷുകാരെ അറിയിച്ചത് ഇപ്രകാരമായിരുന്നു: ”ഈ നാട്ടില്‍ നിന്നും ജീവനോടെ തിരിച്ചു പോകണമെന്ന് ആശ ഉണ്ടെങ്കില്‍ നിങ്ങളുടനെ ചുരത്തിനു താഴെയിറങ്ങി പോകണം. അതല്ലെങ്കില്‍ ഇതിനുശേഷം യാതൊരാളെയും ഞങ്ങള്‍ പോകാന്‍ അനുവദിക്കുന്നതല്ല. അതിനാല്‍ ഇറങ്ങി പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളെ യാതൊരാളും വെടി വെക്കുന്നതല്ല. ഇത് നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഞങ്ങള്‍ക്ക് വിവരം തരിക. ഞങ്ങളുടെ തമ്പുരാന്റെ കോവിലകത്ത് കമ്പനി സൈന്യങ്ങള്‍ പ്രവേശിക്കുകയും അവിടെയുള്ള സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതു മുതല്‍ ഞങ്ങള്‍ കമ്പനിക്കെതിരായി യുദ്ധം ചെയ്യുകയാണ്. ഞങ്ങളോ രോരുത്തരും തങ്ങളുടെ അന്ത്യംവരെ യുദ്ധം ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുകയാണ്”. ഗോര്‍മന്റെ നേതൃത്വത്തിലുള്ള സൈന്യം യാതൊരു ഉളുപ്പും കൂടാതെ ചുരം ഇറങ്ങിപ്പോവുകയും ചെയ്തു.

1804 മുതല്‍ തലശ്ശേരിയില്‍ സബ് കലക്ടറായിരുന്ന തോമസ് ഹാര്‍വി ബാബര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കേരളവര്‍മ്മ പഴശ്ശിരാജാവിനെ വിശേഷിപ്പിച്ചത് ‘അസാധാരണനും അതുല്യനുമായ ഒരു വിശിഷ്ട വ്യക്തി’ എന്നാണ്. ബ്രിട്ടീഷ് പട്ടാളക്കാര്‍ ധാരാളം പേര്‍ പഴശ്ശിപ്പടയെ നേരിടാനെത്തിയെങ്കിലും അവരില്‍ ഭൂരിഭാഗവും മരണപ്പെടുന്ന അവസ്ഥയെത്തിയതിനാല്‍ നാടും ചുരവും കാടും അറിയുന്ന തദ്ദേശീയരായ 1200 ലധികം ചെറുപ്പക്കാരെ ‘കോല്‍ക്കാര്‍’ എന്ന ലാവണത്തില്‍ ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിക്കാനായി ബാബര്‍ നിയമിച്ചിരുന്നു. ജന്മനാ തന്നെ നേതൃഗുണസമ്പന്നനും അക്ഷീണനായ ഒരു യോദ്ധാവുമായിരുന്ന പഴശ്ശിക്ക് നല്ല സംഘടനാ പാടവവുമുണ്ടായിരുന്നു. അതുകൊണ്ട്് തന്റെ പ്രജകളെ പ്രചോദിപ്പിച്ച് നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ അവരെ സജ്ജരാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ പരിഗണിച്ച് ഇദ്ദേഹത്തെ ‘വീരകേരളസിംഹം’ എന്നാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കേരള സിംഹം എന്ന പേരില്‍ ഒരു ചരിത്ര നോവല്‍ തന്നെ കെ.എം. പണിക്കര്‍ എഴുതിയിട്ടുണ്ട്.

1753 ജനുവരി മൂന്നിന് പഴശ്ശി ആസ്ഥാനമായിരുന്ന വടക്കേ മലബാറിലുള്ള (കണ്ണൂര്‍ ജില്ല) കോട്ടയം രാജവംശത്തിലെ നാല് തായ് വഴികളിലൊന്നായ പടിഞ്ഞാറെ കോവിലകം ശാഖയിലെ പഴശ്ശിയിലെ കോലോത്തുംകുന്നിലെ കോട്ടാരത്തിലായിരുന്നു രാജാ കേരളവര്‍മ്മയുടെ ജനനം. കോട്ടയം തമ്പുരാക്കന്മാര്‍ പുരളീശന്മാര്‍ എന്നും വിളിക്കപ്പെട്ടിരുന്നു. ഉത്തര കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രത്തില്‍ കഴിവുറ്റ ഭരണാധികാരികളെന്ന നിലയിലും സാഹിത്യത്തിന്റെയും മറ്റു കലകളുടെയും രക്ഷാധികാരികളെന്ന നിലയിലും പേരുകേട്ടവരായിരുന്നു. പഴശ്ശിയുടെ അമ്മാവനായ കേരളവര്‍മ്മ കോട്ടയം കൃതികള്‍ എന്നറിയപ്പെടുന്ന നാല് ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്. പഴശ്ശിരാജയും നല്ലൊരു കഥകളി ആസ്വാദകനായിരുന്നു. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ പരദേവതയായ മുഴക്കുന്നില്‍ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാവ് തന്റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.

മൃദംഗശൈലേശ്വരി ക്ഷേത്രം

ഹൈദരാലിയുമായി ബ്രിട്ടീഷുകാര്‍ നടത്തിയ ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനു പ്രതിഫലമായി കോട്ടയത്തിന് സ്വതന്ത്രപദവി നല്‍കാമെന്ന് ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യുദ്ധാനന്തരം ഇവര്‍ വാഗ്ദാനം ലംഘിക്കുകയും കോട്ടയം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. അതിനിടെ 1793 ല്‍ ബ്രിട്ടീഷുകാര്‍ പഴശ്ശിയുടെ അവകാശങ്ങള്‍ അംഗീകരിക്കാതെ നാട്ടില്‍ നികുതി പിരിക്കാനുള്ള അധികാരം അദ്ദേഹത്തിന്റെ ബദ്ധശത്രുവും അമ്മാവനുമായ കുറുമ്പ്രനാടു രാജാവിന് നല്‍കിയതോടെയാണ് പഴശ്ശിയും ബ്രിട്ടീഷുകാരും പരസ്പരം ശത്രുക്കളായിത്തീര്‍ന്നത്. 1793 ല്‍ ആദ്യം ഒരു കൊല്ലത്തേക്കാണ് കോട്ടയം പ്രദേശത്തെ കരം പിരിക്കുന്നതിനുള്ള അധികാരം കുറുമ്പ്രനാടു രാജാവിന് നല്‍കിയതെങ്കിലും പിന്നീട് 1794 ല്‍ അഞ്ച് വര്‍ഷത്തേക്ക് പാട്ടാവകാശം നീട്ടിക്കൊടുത്തു.

ബ്രിട്ടീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടായ നിരവധി യുദ്ധങ്ങള്‍ക്ക് കാരണമായത് ബ്രിട്ടീഷുകാര്‍ അശാസ്ത്രീയമായതും ഭീമമായതുമായ നികുതികള്‍ കാര്‍ഷിക വിളകള്‍ക്ക് ഏര്‍പ്പെടുത്തിയതാണ്. യുദ്ധം ജയിച്ചു കഴിഞ്ഞപ്പോള്‍ കോട്ടയം വിട്ടു കൊടുത്തില്ല എന്ന് മാത്രമല്ല തികച്ചും അവഗണിക്കുകയും ചെയ്തു. കേരള വര്‍മ്മയോട് ബ്രിട്ടീഷുകാര്‍ കാണിച്ച വഞ്ചന പഴശ്ശിയോട് നിസ്സീമവും നിര്‍വ്യാജവുമായ കൂറും സ്‌നേഹ ബഹുമാനങ്ങളുമുണ്ടായിരുന്ന ജനങ്ങള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. ബ്രിട്ടീഷുകാരുടെ നടപടിയില്‍ അവര്‍ കോപാവിഷ്ടരായി. വര്‍ദ്ധിച്ച നികുതി പിരിവിനായി കമ്പനി ചെയ്തുവെച്ച ഏര്‍പ്പാടുകള്‍ പഴശ്ശിരാജാവ് ശക്തിയുക്തം എതിര്‍ക്കുകയും കമ്പനിക്കും അനര്‍ഹമായി അധികാരം കൈക്കലാക്കിയ തന്റെ അമ്മാവനും എതിരായി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. എല്ലാ രാജാക്കന്മാരിലും വെച്ച് ഏറ്റവും ദുരാദര്‍ശനും അന്യായക്കാരനുമായിട്ടാണ് കമ്മീഷണര്‍മാര്‍ പഴശ്ശിരാജാവിനെ കണക്കാക്കിയത്. കേരള വര്‍മ്മയെ വരുതിയില്‍ കൊണ്ടുവരാന്‍ അവര്‍ എല്ലാ അടവുകളും പ്രയോഗിച്ചു. പക്ഷെ രാജാവ് ആ രാജ്യത്ത് തികച്ചും ജനപ്രിയനായിരുന്നതുകൊണ്ട് നികുതിപിരിവ് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി.

1795 ജൂണ്‍ 28-ാം തീയതി പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിര്‍ത്തിവച്ചുകൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു. കലാപകാരിയെന്ന് സൂപ്പര്‍വൈസര്‍ പ്രഖ്യാപിച്ച ഇരുവഴിനാട് നമ്പ്യാര്‍മാരില്‍ ഒരാള്‍ക്ക് അദ്ദേഹം അഭയം നല്‍കി. ഇക്കാലത്ത് ഒരു ചെട്ടിയുടെ വീട് കൊള്ളയടിച്ച രണ്ട് മാപ്പിളമാരെ രാജാവ് മരണ ശിക്ഷയ്ക്ക് വിധിച്ചതറിഞ്ഞ് അദ്ദേഹത്തെ കൊലക്കുറ്റം ചുമത്തി ബന്ധനത്തില്‍ ആക്കുവാന്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്മാര്‍ കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍ ആ കല്‍പ്പനകള്‍ നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായത്ത്. കുറുമ്പ്രനാട് രാജാവിന്റെ നികുതി പിരിവുകാരെ സഹായിക്കാന്‍ കമ്പനി കോട്ടയം കമ്പോളത്തിലും മണത്തണയിലും പട്ടാളക്കാരെ നിയോഗിച്ചു. പക്ഷേ പഴശ്ശിരാജാവിന്റെ സമര്‍ത്ഥമായ അടവുകള്‍ മൂലം നികുതിപിരിവ് നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ലഫ്റ്റനന്റ് ഗോര്‍ഡന്റെ കീഴിലുള്ള ബ്രിട്ടീഷ് പട്ടാളം പഴശ്ശിക്കോട്ട കൈവശപ്പെടുത്തിയത്. പിന്നീട് പഴശ്ശിരാജാവ് വയനാടന്‍ മലകളിലേക്ക് പിന്‍വാങ്ങി ഒളിപ്പോരില്‍ ഏര്‍പ്പെട്ടു. 1796 ജൂണില്‍ കുറ്റ്യാടിയിലൂടെയുള്ള എല്ലാ ഗതാഗതവും രാജാവ് നിര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ രാജാവുമായി കൂടിയാലോചന നടത്തുകയും പഴശ്ശിയിലെ കൊട്ടാരത്തിലേക്ക് മടങ്ങി വരുന്നതിന് അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്മാരും രാജാവും തമ്മില്‍ പുതിയ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. അദ്ദേഹം തന്റെ അനുയായികളോടൊത്ത് വീണ്ടും വയനാട്ടിലെ വനങ്ങളിലേക്ക് പിന്മാറി. തുടര്‍ന്ന് ജനങ്ങളെ പഴശ്ശിരാജാവുമായി സഹകരിക്കുന്നതില്‍ നിന്നും നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് കമ്മീഷണര്‍മാര്‍ 1795 ഡിസംബര്‍ 18 -ാം തിയതി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. ഇതിനകം രാജാവ് അതിര്‍ത്തിക്കപ്പുറത്ത് ടിപ്പുവിന്റെ ആളുകളുമായി ബന്ധം പുലര്‍ത്തുകയും വയനാട്ടില്‍ നിന്ന് ഇംഗ്ലീഷുകാരെ തുരത്തുന്നതിന് മൈസൂരിന്റെ സഹായം തേടുകയും ചെയ്തു. കുറുമ്പ്രനാട് രാജാവിന്റെ ചില ആളുകളും കലാപകാരികളുടെ ഭാഗത്ത് ചേര്‍ന്നു. 1797 ജനുവരിയില്‍ സമരങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുകയുണ്ടായി. ഒട്ടനവധി ഇംഗ്ലീഷുകാര്‍ക്ക് ജീവഹാനി നേരിട്ടു. ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സേനാ വിഭാഗങ്ങള്‍ വയനാട്ടില്‍ നിന്നും സമതല പ്രദേശത്തേക്ക് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായി.

1797 മാര്‍ച്ചില്‍ ബ്രിട്ടീഷ് സൈന്യം കേണല്‍ ഡോവിന്റെ നേതൃത്വത്തില്‍ എതിര്‍പ്പൊന്നും നേരിടാതെ പെരിയ ചുരം വരെ എത്തി. ലെഫ്റ്റനന്റ് മിലിയുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും അദ്ദേഹത്തോട് ചേര്‍ന്നു. മാര്‍ച്ച് 9 മുതല്‍ തുടര്‍ച്ചയായി മൂന്നുദിവസം നടന്ന യുദ്ധത്തില്‍ പഴശ്ശിരാജാവിന്റെ പതാകയ്ക്ക് കീഴില്‍ ആയിരക്കണക്കിനായി അണിനിരന്ന നായന്മാരും കുറിച്യരും ബ്രിട്ടീഷ് സേനയെ തകര്‍ത്തുകളഞ്ഞു. വയനാട്ടില്‍ നിന്നും തന്റെ സൈന്യത്തെ പിന്‍വലിക്കാന്‍ കേണല്‍ ഡോവ് തീരുമാനിച്ചു. മടങ്ങുംവഴി അവരെ പഴശ്ശി സൈന്യം അപ്രതീക്ഷിതമായി ആക്രമിച്ചു. 1797 മാര്‍ച്ച് 18-ാം തീയതി മേജര്‍ കാമറോണിന്റെ കീഴില്‍ കടന്നുപോവുകയായിരുന്ന 1100 പേരടങ്ങിയ സൈന്യത്തിന്‍മേല്‍ പഴശ്ശിപ്പട അപ്രതീക്ഷിതമായി ചാടി വീണ് ബ്രിട്ടീഷ് സൈന്യത്തെ ഛിന്നഭിന്നമാക്കിക്കളഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് ഇതെല്ലാമൊരു ഒരു പരീക്ഷണ ഘട്ടമായിരുന്നു. 1797 ജനുവരി ഏഴിന് നടന്ന ദിണ്ടിമേല്‍ യുദ്ധത്തില്‍ എടച്ചേന കുങ്കന്‍ എന്ന പഴശ്ശിയുടെ പടനായകന്റെ ശക്തി അറിഞ്ഞ് അമ്പേ പരാജയപ്പെട്ട ബ്രിട്ടീഷ് പടനായകന്‍ ലെഫ്റ്റനന്റ് ഇന്‍ഗ്രിസ് മേലധികാരികള്‍ക്കയച്ച കത്ത് ബ്രിട്ടീഷു പട്ടാളക്കാര്‍ എത്രമാത്രം അപകടത്തിലായിരുന്നുവെന്ന് വ്യക്തമാക്കും. ‘നായര്‍ പ്രമാണിമാരും ഈ രാജ്യത്തിലെ കര്‍ഷകരും പഴശ്ശിരാജാവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനായി, അയാള്‍ക്ക് രാജ്യം ലഭിക്കുവാനായി ആയുധമെടുത്തിരിക്കുകയാണ്; നമ്മളെ പുറത്തേക്കോടിക്കുവാനും. ഒരു വലിയ സൈന്യം ഉടനെ സഹായത്തിന് വരുന്നില്ലെങ്കില്‍ തോല്‍വി, അതത്രവിദൂരമൊന്നുമല്ല. കുറുമ്പ്രനാട് രാജാവിന്റെ ആള്‍ക്കാ രും സ്ഥലം വിട്ടിരിക്കുന്നു. മരിച്ചവരുടെയും മുറിവേറ്റവരുടെയും ആയുധങ്ങളെല്ലാം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ദേഹത്തിലുള്ള വസ്ത്രം മാത്രം ബാക്കിയുണ്ട്. ഒരു ചെരുപ്പുപോലുമില്ല; കിടക്കുവാനൊരു കിടക്കയും’. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന പട്ടാള മേധാവിയെ ഉടുതുണിക്ക് മറുതുണിയില്ലാതാക്കിയ എടച്ചേന കുങ്കന്റെ പരാക്രമങ്ങളെക്കുറിച്ച് നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശങ്ങളൊന്നും തന്നെയില്ല. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് പഴശ്ശി രാജാവുമായുള്ള സന്ധി രാഷ്ട്രീയമായ നിലനില്‍പിന് അത്യന്താപേക്ഷിതമായി മാറി. ചിറക്കല്‍ രാജാവിന്റെ മദ്ധ്യസ്ഥതയില്‍ ഉണ്ടായ സന്ധിയില്‍ ഒന്നാം കലാപത്തിന് ഒരു അറുതി ഉണ്ടായി. പഴശ്ശിരാജാവ് ആണ്ടുതോറും 8000 രൂപ അടുത്തൂണ്‍ സ്വീകരിക്കുകയും കമ്പനിയുമായി സമാധാനത്തില്‍ കഴിയാമെന്ന് സമ്മതിക്കുകയും ചെയ്തു.
(തുടരും)

Tags: പഴശ്ശിരാജ
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies