കേരളത്തില്‍ സര്‍വ്വ സംവിധാനങ്ങളോടും കൂടി 142 ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ പോകുന്നു. യൂനിസെഫില്‍ (യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) നിന്നാണ് ഇതിനുള്ള ഫണ്ടും പരിശീലനവും ലഭിക്കുക എന്നാണ് വാര്‍ത്ത. പതിനായിരം പോലീസുകാര്‍ക്കാണ് പരിശീലനം. ഓരോ സ്റ്റേഷനിലും ശിശുക്ഷേമ ഓഫീസറെയും നിശ്ചയിക്കും. ഫണ്ടും പരിശീലനവും മുറക്ക് ലഭിക്കും. ഏതു ഫണ്ടും ഏറ്റെടുത്ത് സ്വന്തം കീശ വീര്‍പ്പിക്കാനും പദ്ധതിയെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കാനും ഇടത് സര്‍ക്കാറിനുള്ള മിടുക്ക് കുപ്രസിദ്ധമാണ്. എങ്ങനെയായിരിക്കും വിജയന് സഖാവിന്റെ ശിശു സൗഹൃദ പോലീസ് സ്റ്റേഷന് എന്ന് ഒന്നു ചിന്തിച്ചു നോക്കൂ.
കേരള പോലീസില്‍ ഡി.വൈ. എസ്.പി റാങ്ക് മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെ ക്രിമിനല്‍ കേസ്സില്‍ പ്രതികളായവര്‍ അഞ്ഞൂറിലധികമാണ്. അക്കൂട്ടത്തില്‍ പോക്സോ കേസ് പ്രതികളുമുണ്ട്. ഗുരുതര കുറ്റകൃത്യം ചെയ്തവര്‍ 59 പേരാണ്. എല്ലാവര്ക്കും വിജയന് സഖാവിന്റെ അമ്മക്കോഴിച്ചിറകില് സംരക്ഷണമുണ്ട്. ശിശുസൗഹൃദ പോലീസില്‍ ഇത്തരക്കാര്‍ക്കാണ് മുന്‍ഗണന എന്നും സംശയിക്കാം. തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ബാലനെ ചവിട്ടിത്തെറിപ്പിച്ചവന് സംരക്ഷണം നല്കിയ ഉദ്യോഗസ്ഥന് ഈ സ്റ്റേഷന്റെ മുഴുവന്‍ ചുമതലയും നല്‍കാം. തെളിവെടുപ്പിന് ഊട്ടിയിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പോലീസ് ഓഫീസര്‍ക്ക് ഇവിടെ പ്രത്യേക ചുമതല നല്‍കാം. സിവില്‍ പോലീസുകാരെ തിരഞ്ഞെടുക്കുമ്പോള്‍ ആറ്റിങ്ങലില്‍ മൊബൈല്‍ മോഷണം ആരോപിച്ചു ഒമ്പതു വയസ്സുകാരിയെ തേജോവധം ചെയ്ത പിങ്ക് പോലീസുകാരിക്ക് മുന്‍ഗണന നല്‍കണം. എന്നാല്‍ മാത്രമേ ഈ സ്റ്റേഷന് മാതൃകാ സ്റ്റേഷനാകൂ. ഇതിന്റെ പേരില്‍ ഒരു പുരസ്കാരം തട്ടിക്കൂട്ടി ആഭ്യന്തരമന്ത്രിക്ക് ഒരു വിദേശ സന്ദര്‍ശനവുമാകാം. കേരള മോഡല്‍ കുശാലല്ലേ സഖാവേ?