മനസ്സിനെ, ഒരു അവയവ രൂപത്തില്‍ ശരീരത്തെ കീറിമുറിച്ചാല്‍ കണ്ടെത്താന്‍ കഴിയില്ല. മസ്തിഷ്‌കം, ശ്വാസകോശം, ദഹനേന്ദ്രിയങ്ങള്‍, ഹൃദയം എന്നിവയുടെ കൂട്ടായ ഒരു വൈദ്യുത – രാസപ്രവര്‍ത്തനമായിട്ടാണ് ആധുനിക മനഃശാസ്ത്രം മനസ്സിനെ പരിഗണിക്കുന്നത്. ശരീരത്തിലും പഞ്ചേന്ദ്രിയങ്ങളിലും അധിഷ്ഠിതമായ ഒരു ഭൗതിക യാഥാര്‍ത്ഥ്യമായും മരണത്തോടുകൂടി നിശ്ചലമാകുന്ന ഒരു പ്രതിഭാസമായും മാത്രമേ ശാസ്ത്രം മനസ്സിനെ കണക്കാക്കുന്നുള്ളൂ. ഭാരതീയ ശാസ്ത്രങ്ങള്‍ മനസ്സിനെ ജലാശയത്തോടും ചിന്തകളെ അതിലെ ഓളങ്ങളോടും ഉപമിക്കാറുണ്ട്. ചിന്തകള്‍ ഇല്ലാതാകുമ്പോള്‍ മനസ്സിന്റെ അടിത്തട്ട് ദര്‍ശിക്കാമെന്നും ബോധപ്രാപ്തിയിലെത്താമെന്നും രാജയോഗം പറയുന്നു. ഭാരതീയ ശാസ്ത്രങ്ങളുടെയും മറ്റു പൗരസ്ത്യ ദര്‍ശനങ്ങളുടെയും ലക്ഷ്യം മനസ്സിനെ മറികടക്കലാണ്.
ശരീരം, മനസ്സ്, ഭൗതികലോകം എന്നിവയെ മായയായും അജ്ഞാനമായും, ബോധപ്രാപ്തിക്കുള്ള ഉപാധിയായുമാണ് ഇവിടെ കണക്കാക്കുന്നത്. സമതുലിതാവസ്ഥയിലായിരുന്ന സമഷ്ടി വിശ്വത്തിന്റെ അസന്തുലിതാവസ്ഥയുടെ വിഭജിക്കപ്പെട്ട സ്ഥിതിവിശേഷങ്ങള്‍ മാത്രമാണ് ഭൗതികലോകവും മനുഷ്യശരീരമടക്കമുള്ള ജീവലോകവും മനുഷ്യമനസ്സുമെല്ലാം. ഈ ദൃശ്യ-അദൃശ്യ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന പ്രേരകശക്തി ഒരു യജ്ഞമാണ്. യജ്ഞത്തിന്റെ ഭാഗമായിരിക്കുന്ന അതിസൂക്ഷ്മാണു വിനു മുതല്‍ ബൃഹത്തായ പ്രപഞ്ച വസ്തുക്കള്‍ക്കുവരെ യജ്ഞനൂലിനാല്‍ കോര്‍ത്തിണക്കപ്പെട്ട ധര്‍മസ്വരൂപങ്ങളുണ്ട്. ഈ ധര്‍മസ്വരൂപം മനുഷ്യനില്‍ അവന്റെ കാരണശരീരത്തില്‍ അടങ്ങിയിരിക്കുന്നു. ഈ കാരണശരീരത്തെ അനുഭൂതിയിലൂടെ തിരിച്ചറിഞ്ഞാല്‍ അയാള്‍ സ്വധര്‍മ പ്രതിഷ്ഠിതനായി മനസ്സിനെ മറികടന്നു സ്വതന്ത്രനായി ആത്മഹര്‍ഷം നേടിയ യോഗിയായി. ഈ തിരിച്ചറിവുള്ളവന് കര്‍മ്മ, ഭക്തി, രാജ, ജ്ഞാന യോഗങ്ങളില്‍ ഒന്നിലൂടെയോ പലതിലൂടെയോ സ്വത്വകേന്ദ്രത്തിലെത്തിച്ചേര്‍ന്നു വെളിച്ചത്തില്‍ പ്രതിഷ്ഠിതനാകാം. ഇതാണ് ഭാരതീയ ശാസ്ത്രങ്ങളുടെ കാഴ്ചപ്പാട്.
അവബോധം
പാശ്ചാത്യര്‍ക്ക് മനുഷ്യനെന്നാല്‍ മനസ്സും മസ്തിഷ്‌കവുമാണ്. മനസ്സിന് അനുഭവത്തിലൂടെയും യുക്തിയിലൂടെയും അറിയപ്പെടുന്ന വഴികളിലൂടെ ചുറ്റിത്തിരിയാനെ കഴിയൂ. കലയിലും ശാസ്ത്രത്തിലും ശാസ്ത്ര-സാങ്കേതിക രംഗത്തും മഹത്തായ സൃഷ്ടികളുണ്ടായിട്ടുള്ളത് മനസ്സിന് അതീതമായ അവസ്ഥയില്‍ നിന്നാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ മനുഷ്യനെന്നാല്‍ ബോധമാണ്. സര്‍വ്വവ്യാപിയായ ജ്ഞാനശക്തിയുടെ അംശമാണ്. അകത്തെയും പുറത്തെയും അവസ്ഥകള്‍ നിരീക്ഷിച്ചു യുക്തമായതു തിരിച്ചറിയുകയെന്ന അവബോധത്തിനു മസ്തിഷ്‌കമില്ലാതെ നിലനില്‍ക്കാനാവില്ലെന്നു പാശ്ചാത്യ ശാസ്ത്രം കരുതുന്നു.
നിഴലില്‍ നില്‍ക്കുന്ന ചെടി അതിന്റെ തലപ്പ് സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്കു നീട്ടുന്നത് മസ്തിഷ്‌കമില്ലാത്ത ചെടിയിലും പുറത്തുമായി വിഭജനമില്ലാതെ നിലകൊള്ളുന്ന അവബോധം മൂലമാണ്. മനുഷ്യപരിണാമത്തിന് മുന്‍പ് അനേകം ജീവജാലങ്ങള്‍ക്ക് മസ്തിഷ്‌കമുണ്ടായിരുന്നില്ല. ഇപ്പോഴും അനേകം ജീവജാലങ്ങള്‍ക്ക് മസ്തിഷ്‌കാവിഷ്‌കൃതമായ യാതൊരു പദ്ധതികളുമില്ല. എന്നിട്ടും അവയെല്ലാം സ്വന്തം ആവശ്യങ്ങളും വംശവ്യവസ്ഥയും പരിസ്ഥിതിയും തിരിച്ചറിഞ്ഞു സ്വജീവന്‍ നിലനിര്‍ത്തുകയും വംശപരമ്പര കാക്കുകയും സമഗ്രതയുമായി ലയത്തിലും ഹര്‍ഷത്തിലും എത്തുകയും ചെയ്യുന്നു. അപ്പോള്‍ അവയുടെ ജീവിത വ്യവസ്ഥകള്‍ ആര്, അല്ലെങ്കില്‍ എന്തടിസ്ഥാനത്തില്‍ നില്‍ക്കുന്ന ബോധം പ്ലാന്‍ ചെയ്യുന്നുവെന്ന ചോദ്യത്തിന് ആധുനിക ശാസ്ത്രത്തിനു ഉത്തരമില്ല. പ്രപഞ്ച ചൈതന്യമായ പരിണാമോര്‍ജ്ജം മനസ്സിലും മസ്തിഷ്‌കത്തിലും തടഞ്ഞു നില്‍ക്കുന്നുവെന്നുവന്നാല്‍ പ്രപഞ്ചത്തിനു ഒരു നിമിഷം പോലും നിലനില്‍ക്കാനാവില്ല. ഈ ബോധചൈതന്യത്തിനു അനന്തമായ ഗുണവിശേഷങ്ങളാണുള്ളത്. അവയില്‍ ചിലതുമാത്രമേ ശരീരത്തിലൂടെയും മനസ്സിലൂടെയും വെളിവാക്കപ്പെട്ടിട്ടുള്ളൂ. ഭൗതിക വസ്തുക്കളെല്ലാം രൂപാത്മകമായി നിശ്ചിത സ്വഭാവമുള്ളവയാണെങ്കിലും ഗുണാത്മകമായി പ്രവചനാതീതമായിരിക്കുന്നത് ഈ അനന്ത വിശേഷങ്ങളുടെ പ്രതിഫലനം മൂലമാണ്. ശരീരത്തിനും മനസ്സിനും അനന്ത വിശാലമായ ഒരടിസ്ഥാനമുണ്ടെന്ന് ഇവിടെ വ്യക്തമാകുന്നു.
യുക്തിയും സത്യവും
ഒരു പഠനം ശാസ്ത്രീയമാകുന്നത് അത് യുക്തിപരമാകുമ്പോഴും ആര്‍ക്കും എപ്പോഴും എവിടെയും അത് പരീക്ഷിച്ചു നോക്കി ബോദ്ധ്യപ്പെടാവുന്നതുകൊണ്ടുമാണ്. അത്തരത്തില്‍ മുഴുവന്‍ വ്യക്തികള്‍ക്കും രോഗികള്‍ക്കും ബാധകമാകുന്ന സിദ്ധാന്തങ്ങളല്ല മനഃശാസ്ത്ര ശാഖകളിലുള്ളത്. ഓരോ ശാഖകളിലും ചുരുക്കം ചില വ്യക്തികളില്‍ നടത്തുന്ന നിരീക്ഷണ-പരീക്ഷണങ്ങളില്‍ നിന്നുടലെടുക്കുന്ന നിഗമനങ്ങളാണ് ശാസ്ത്രീയം എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നതും മറ്റുള്ളവരില്‍ ആരോപിക്കപ്പെടുന്നതും. Psychiatry, psycho analysis, clinical psychology, psycho therapy, psycho analytic, neuro psychology തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ശാഖകള്‍ ആധുനിക മനഃശാസ്ത്രത്തിലുണ്ട്. ഒരു ശാഖയിലുള്ളവരുടെ നിഗമനങ്ങളെ മറ്റു ശാഖകളിലുള്ളവര്‍ ഖണ്ഡിക്കുന്നതു കാണാം.
പാശ്ചാത്യശാസ്ത്രം മനസ്സിനെയല്ല; മറിച്ചു രോഗത്തെയാണ് പഠിക്കുന്നത്. മനസ്സിനെ സമഗ്രമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലല്ല രോഗങ്ങളെക്കുറിച്ചന്വേഷിക്കുന്നത്. മാത്രമല്ല, രോഗഗ്രസ്തമായ മനസ്സുകളെക്കുറിച്ചു പഠിച്ച്, രോഗമില്ലാത്തവരില്‍ പോലും രോഗം കണ്ടെത്തി സ്വയം അപഹാസ്യമാവുന്നു. സൈക്കോളജിയിലെ സിദ്ധാന്തങ്ങള്‍ വെറും സാദ്ധ്യതാ മൂല്യങ്ങള്‍ മാത്രമുള്ളവയാണ്. മാനസികപരിണാമങ്ങള്‍ പ്രവചനാതീതമാകായാല്‍ മനസ്സിന് ഒരു ശാസ്ത്രമുണ്ടാക്കുക സാദ്ധ്യമല്ല. ശാസ്ത്രങ്ങള്‍ ഭൗതിക ലോകത്തിനു മാത്രമുള്ളതാണ്. ആന്തരിക ലോകത്തിനു ശാസ്ത്രങ്ങള്‍ ബാധകമല്ല. ഭാരതത്തില്‍ ഒരു ശാസ്ത്രം ആ പേരില്‍ അറിയപ്പെടണമെങ്കില്‍ അതിനു സ്വതന്ത്രമാക്കാനുള്ള നൈപുണ്യമുണ്ടായിരിക്കണം. രോഗത്തെ ഇല്ലാതാക്കലല്ല; മറിച്ച് മനസ്സിനെത്തന്നെ ഇല്ലാതാക്കാനാണ്, സ്വതന്ത്രമാക്കാനാണ് ഭാരതീയ ശാസ്ത്രങ്ങള്‍ ഉദ്ദേശിക്കുന്നത്. കാരണം മനസ്സാണ് ഏറ്റവും വലിയ രോഗി. അതിന് ഭൂതത്തിലും ഭാവിയിലും മാത്രമേ ജീവിക്കാന്‍ കഴിയൂ, വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ കഴിയില്ല. വര്‍ത്തമാനത്തില്‍ സത്യത്തിനു മാത്രമേ ജീവനുള്ളൂ.
വ്യക്തിസത്യം തേടി ശരീരത്തില്‍ ബന്ധിതമായ അന്വേഷണം അപകടകരവും അജ്ഞാനാധിഷ്ഠിതവുമാണ്. ആത്മനിഷ്ഠമായ സത്യമെന്നത് വ്യക്തിക്ക് ഓരോ നിമിഷവും സ്വയം ബോദ്ധ്യപ്പെടുന്നതും മറ്റുള്ളവര്‍ക്ക് ബോദ്ധ്യപ്പെടാവുന്നതുമായ ജ്ഞാനവെളിച്ചമാണ്. അത് ഭൗതികതലത്തില്‍ പ്രതിഫലിക്കുമ്പോള്‍ മാത്രമാണ് ശാസ്ത്രത്തിനു അതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയുന്നത്. ശാസ്ത്രം എന്തെങ്കിലും പറയുമ്പോഴേക്കും വ്യക്തിസത്യം അടുത്ത നിമിഷത്തിലേക്കു പരിണമിച്ചിരിക്കും. അപ്പോള്‍ ശാസ്ത്രം പറയുന്നതെല്ലാം പഴയതും അസത്യവുമാകും. ഇങ്ങനെയാണ് സത്യം കണ്ടെത്തുന്നതില്‍ ആധുനികശാസ്ത്രം പരാജയപ്പെടുന്നത്. അതുകൊണ്ട് മാനസിക ആരോഗ്യമുള്ളവരായി വര്‍ത്തിക്കണമെങ്കില്‍ മനഃശാസ്ത്രത്തെ സത്യമായി എണ്ണരുത്.
ശാസ്ത്രമെന്നാല്‍ സത്യത്തെക്കുറിച്ചുള്ള പരിമിതമായ അന്വേഷണവും അഭിപ്രായവും മാത്രമാണ്. ഭൗതിക സത്ത ഒന്നുതന്നെയെങ്കിലും ഓരോ വ്യക്തിയും വിശ്വസത്തയുടെ നവീനമായ ആവിഷ്‌കാരമാണ് എന്നത് വ്യക്തികള്‍ക്ക് സ്വത്വബോധവും ആത്മവിശ്വാസവും നല്‍കുന്നു. ഭൗതികാസ്തിത്വമില്ലെങ്കിലും ഊര്‍ജ്ജത്തിന് നിലനില്‍ക്കാമെന്നു തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ നിന്നും മോഡേണ്‍ ഫിസിക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിസത്ത ശരീരത്താല്‍ ബന്ധിതമല്ലെന്ന ഭാരതീയ ശാസ്ത്രങ്ങളുടെ കണ്ടെത്തല്‍ ഇതിലൂടെ സാധൂകരിക്കപ്പെടുന്നു.
മസ്തിഷ്‌കത്തിലെ രാസ-വൈദ്യുത വ്യതിയാനങ്ങളല്ല, യഥാര്‍ത്ഥ മനോരോഗ ഹേതു. ദ്വൈത ബോധാധിഷ്ഠിതമായ ചിന്താവൈകല്യങ്ങളാണ് മസ്തിഷ്‌കത്തില്‍ രാസ-വൈദ്യുത വ്യതിയാനങ്ങളുണ്ടാക്കുന്നത്. മൂലകാരണത്തെ കാണാതെ കാര്യത്തെ മാത്രം കാണുന്നതുകൊണ്ടാണ് അബദ്ധജടിലമായ അനേകം സിദ്ധാന്തങ്ങളില്‍ മനഃശാസ്ത്രം എത്തിച്ചേരുന്നത്. താന്‍ ആത്മാവല്ല, ശരീരമാണ് എന്ന ബോധത്തിലുറച്ചുപോകുക എന്നതാണ് വേദാന്തപ്രകാരം ഏറ്റവും ആഴമേറിയ ചിന്താവൈകല്യം. അങ്ങനെ വിശ്വസിക്കുന്ന വ്യക്തിക്ക് ശരീര-മനസ്സിനെ മറികടന്ന് സൃഷ്ടിപരമായി മുന്നോട്ട് പോകാനാവില്ല. യഥാര്‍ത്ഥത്തില്‍ വ്യക്തി ആഗ്രഹിച്ചാല്‍ മാത്രമേ, ബോധപൂര്‍വ്വമോ അബോധമായോ ശാരീരിക-മാനസിക രോഗങ്ങള്‍ പ്രത്യക്ഷമാകയുള്ളു എന്നൊരു കാഴ്ചപ്പാട് വേദാന്തത്തില്‍ അന്തര്‍ധാരയായി കിടപ്പുണ്ട്. വ്യക്തിയുടെ സഹകരണവും അവബോധവും കൂടാതെ ഒരു മനോരോഗവും മാറുകയുമില്ല.
പാരമ്പര്യമെന്ന അന്ധവിശ്വാസം
ഓരോ വ്യക്തിയിലും എല്ലാ മാനസികരോഗങ്ങളുടെയും വിത്തുകളും മുളകളുമുണ്ട്. എന്നിട്ടും മനോവൈകല്യങ്ങള്‍ക്കുള്ള കാരണങ്ങള്‍ വ്യക്തിയുടെ ജൈവപരമ്പര്യത്തില്‍ ആരോപിച്ചു ഒരുപോലെ ആശ്വസിക്കുകയും ഒളിച്ചോടുകയുമാണ്. മനഃശാസ്ത്രവും സമൂഹവും മാതാപിതാക്കളിലും തലമുറകളുടെ പാരമ്പര്യത്തിലും കാണാത്ത അനേകം സവിശേഷതകളുമായിട്ടാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. അവന്റെ അല്ലെങ്കില്‍ അവളുടെ സ്വത്വ രൂപീകരണം പ്രതിഭകളുടെയും കുടുംബ-സാമൂഹ്യ-വിദ്യാഭ്യാസ-ദാര്‍ശനിക പശ്ചാത്തലത്തിന്റെയും പാരസ്പര്യത്താല്‍ കാലികമായി ഉരുത്തിരിയുന്നതാണ്. ഓരോ കാലത്തും ഇവയ്‌ക്കെല്ലാം ആവര്‍ത്തിക്കാനാവാത്ത തനിമയുണ്ട്.
ഒരു വ്യക്തിയെ ക്‌ളോണിങ്ങ് വഴി പുനഃസൃഷ്ടിച്ചാലും അയാള്‍ പുതിയൊരു വ്യക്തിത്വത്തിന് ഉടമയായിരിക്കും. പെരുമാറ്റങ്ങളും മാനസികാവസ്ഥകളും ജീനുകളിലൂടെ അടുത്ത തലമുറയിലേക്കോ മറ്റോ കൈമാറ്റം ചെയ്യപ്പെടുമെന്ന കാഴ്ചപ്പാട് ബാലിശമാണ്. യാദൃച്ഛികമായ സ്വഭാവവിശേഷങ്ങള്‍ക്കു ജീനുകളില്‍ കുടിയേറാമെങ്കില്‍ ആ കുടിയേറ്റം പുല്‍ക്കൊടിയോളം മാത്രം അടിസ്ഥാനമുള്ളതാണ്. കാരണം, സ്വഭാവമെന്നാല്‍ ആവര്‍ത്തനാനുഭവമാണ്. സ്വഭാവങ്ങളെയും വൈകാരികാവസ്ഥകളെയും ബോധപൂര്‍വമായ ആവര്‍ത്തന അനുഭവത്തിലൂടെ തിരുത്താവുന്നതാണ്. കൂടാതെ ഒരു വ്യക്തിയുടെയും സാമൂഹിക സമ്പര്‍ക്ക സവിശേഷതകള്‍ മറ്റൊരു വ്യക്തിയില്‍ ബോധപൂര്‍വ്വമല്ലാതെ ആവര്‍ത്തിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവഗണിക്കത്തക്ക സ്വഭാവസാമ്യങ്ങള്‍ തേടി ജീനുകളിലൂടെ സഞ്ചരിക്കേണ്ടതില്ല.
പാരമ്പര്യമെന്നത് അനന്തസാധ്യതകളുള്ള ഭൂതവും ഭാവിയും സമന്വയിക്കപ്പെട്ടിരിക്കുന്ന വര്‍ത്തമാനാവസ്ഥയാണ്. അത് ഏതെങ്കിലും വൈകാരികാവസ്ഥയിലോ യുക്തിയിലോ തടഞ്ഞു നില്‍ക്കുന്നില്ല. പാരമ്പര്യത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ജീവന്റെ ആദ്യ അങ്കുരത്തിലാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമ ചരിത്രസൂക്ഷ്മത ജീനുകളിലുണ്ട്. ആ ഒഴുക്കില്‍ ഏതു അസന്തുലിതാവസ്ഥയും പരിഹരിക്കപ്പെടും.
വലതു മസ്തിഷ്‌കത്തിന്റെ സജീവത യുക്തിചിന്തയെ മന്ദീഭവിപ്പിക്കുകയും വൈകാരിക പ്രകടന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പാരമ്പര്യം ആരോപിക്കപ്പെടുന്ന വ്യക്തികളില്‍ മനഃശാസ്ത്രം കണ്ടെത്തുന്ന ഒരു പ്രത്യേകത. എന്നാല്‍ വൈകാരിക ഭാവങ്ങളെ ഉദാത്തവല്‍ക്കരിക്കുന്ന ഭക്തി, കല, സാഹിത്യം എന്നിവയിലൂടെ ഈ അവസ്ഥയ്ക്ക് സൃഷ്ടിപരമായ പരിണാമം ഉണ്ടാക്കാന്‍ കഴിയും. യുക്തിയുടെയും വികാരത്തിന്റെയും ദാര്‍ശനികവും ആനുഭൂതികവുമായ സമന്വയം കൊണ്ട് മനുഷ്യന് മുന്നോട്ട് പോകാം. വികല്പങ്ങളെ സൃഷ്ടിക്കുന്ന വൈകാരികത പ്രധാനമായും വരുന്നത് മസ്തിഷ്‌കത്തിന്റെ നിയോ കോര്‍ട്ടെക്‌സില്‍ നിന്നാണ്. ബോധപൂര്‍വ്വം അതിനെ ഉദ്ദീപിപ്പിച്ചു പ്രത്യേക വികാരത്തെ ഉണര്‍ത്തുവാനോ അതില്‍ നിന്നും വരുന്ന വികാരത്തെ നിയന്ത്രിക്കാനോ കഴിയില്ലെന്നാണ് ശാസ്ത്രം കരുതുന്നത്. എന്നാല്‍ ആസന-പ്രാണായാമ-ധ്യാന ശ്രേണിയിലൂടെ നിയോ കോര്‍ട്ടെക്‌സിന്റെ നിയന്ത്രണം സാദ്ധ്യമാണെന്നു യോഗികള്‍ തെളിയിച്ചിട്ടുണ്ട്. യുക്തിയെയും വികാരത്തെയും സ്വതന്ത്രമായ നിരീക്ഷണ അവബോധത്തില്‍ സമന്വയിപ്പിക്കുക എന്നതാണ് യോഗമാര്‍ഗം.
ഫ്രോയ്ഡും യുങ്ങും വാട്‌സണ്‍, ആഡ്‌ളര്‍, ഓട്ടോറാങ്ങ്‌സ്‌കിന്നര്‍, പാവ്‌ലോവ്, സള്ളിവന്‍ കേരന്‍ഹാര്‍ണി എന്നിവരുമൊക്കെ പരസ്പരം കലഹിച്ചുകൊണ്ടാണ് മനഃശാസ്ത്ര വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ കുടികൊള്ളുന്നത്. 1895ല്‍ ഫ്രോയ്ഡ് ഹിസ്റ്റീരിയ (അപസ്മാരം) രോഗികളുടെ സ്വേച്ഛാനിഗ്രഹത്തെ (repression) അബോധത്തോടു (unconscious) ബന്ധപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഒരു ശാസ്ത്രജ്ഞനേ അല്ലെന്ന് യൂറോപ്പിലെ വൈദ്യശാസ്ത്രജ്ഞന്മാര്‍ ഒച്ചപ്പാടുണ്ടാക്കി. ഈ മനോരോഗശാസ്ത്രജ്ഞരുടെ കെണിയില്‍ പെട്ട് ഇവര്‍ പറയുന്നത് ശാസ്ത്രവും സത്യവുമാണെന്നു തെറ്റിദ്ധരിച്ചാല്‍ ഏതു വിദ്യാസമ്പന്നനും ശാസ്ത്രബോധമുള്ളവനും ആശയക്കുഴപ്പത്തിലാകും. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന ഒരു വിഭാഗമായി മനഃശാസ്ത്രജ്ഞര്‍ മാറിയിട്ടുണ്ട്. Psychology ഒരു ശാസ്ത്രമേയല്ലെന്നു നോബല്‍ സമ്മാനിതനായ ശാസ്ത്രജ്ഞന്‍ ഡോ. അലക്‌സിസ് കാറല്‍ അദ്ദേഹത്തിന്റെ ‘Man the Unknown’ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തില്‍(page 151)സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രത്തിനു സത്യത്തെ പിന്തുടരാനേ കഴിയൂ, സത്യത്തിനൊപ്പമാകാന്‍ കഴിയില്ല, സത്യമാകാന്‍ കഴിയില്ല. ശാസ്ത്രം സത്യത്തെക്കുറിച്ചുള്ള അന്വേഷണവും മിഥ്യാധാരണയുമാണ്. ശാസ്ത്രം സത്യം അറിഞ്ഞാല്‍ പ്രപഞ്ചത്തിനു ഇന്നത്തെ അവസ്ഥയില്‍ നിലനില്‍ക്കാനാവില്ല.
സത്യം അനന്തതലത്തില്‍ സൗന്ദര്യം ചൊരിഞ്ഞുകൊണ്ടു ജ്വലിക്കുമ്പോള്‍ ശാസ്ത്രത്തിനു സത്യത്തിന്റെ ഏതെങ്കിലും ഒരവസ്ഥയെ വിലയിരുത്തുന്നതിന് നൂറ്റാണ്ടുകള്‍ വേണ്ടിവരുന്നു. വിഭജനമായതുകൊണ്ടു ശാസ്ത്രത്തിനു സത്യം ഒരിക്കലും പിടിയിലൊതുങ്ങില്ല.