ദ്രാവിഡര്‍ക്കുമുമ്പ് ഇന്ത്യന്‍ തീരപ്രദേശത്ത് വസിച്ചിരുന്ന ജനസമൂഹം നീഗ്രിറ്റോ വര്‍ഗക്കാരുടെയും പ്രോട്ടോ പോളിനേഷ്യന്‍ വര്‍ഗക്കാരുടെയും വ്യത്യസ്ത രീതിയിലുള്ള സങ്കരങ്ങള്‍34 ചേര്‍ന്നതായിരുന്നുവെന്നും കുന്നുകളിലും വനപ്രദേശങ്ങളിലും കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കാണുന്ന ഉരുണ്ട തലയുള്ള വിഭാഗത്തിലെ ഗണ്യമായ ഒരു ഭാഗം നീഗ്രിറ്റോകളാണെന്നും ജെയിംസ് ഹോര്‍ണല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒരു കാലത്ത് നീഗ്രോകള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നുവെന്ന് ജെയിംസ് കൗള്‍ വ്യക്തമാക്കുന്നു.35 സര്‍. വില്യം ജോണ്‍സ്, ഇന്ത്യയിലെ വാസ്തുശില്പത്തിന്റെയും(archite cture) ശില്പ കലയുടെയും(Sculptures) അവശിഷ്ടങ്ങള്‍ തെളിയിക്കുന്നത് ആ രാജ്യവും ആഫ്രിക്കയുമായുള്ള അതിപ്രാചീനമായ ബന്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഈജിപ്റ്റിലെ പിരമിഡുകള്‍, പൗസാനിയാസിലും മറ്റും വിവരിക്കുന്ന ഭീമാകാരമായ പ്രതിമകള്‍, സ്ഫിങ്‌സ്, ഹെര്‍മസ് കാനിസ് (Hermes Canis) എന്നിവയ്ക്ക് വരാഹാവതാരവുമായുള്ള അടുത്ത സാദൃശ്യം എന്നിവ കാണിക്കുന്നത്, കാനറയിലെ വിപുലമായ ഖനനവസ്തുക്കളും ബുദ്ധന്റെ വിവിധ പ്രതിമകളും രൂപപ്പെടുത്തിയ പണിക്കാരുടെ ശൈലീപരമായ ഐക്യത്തെയാണ്. ഈ സാദൃശ്യങ്ങള്‍ സ്ഥാപിക്കാനുതകുന്ന വിവിധ വസ്തുതകള്‍ നിരത്തിയതിനു ശേഷം അദ്ദേഹം പ്രസ്താവിക്കുന്നത,് ബുദ്ധപ്രതിമകള്‍ക്കുപോലും കമ്പിളി പോലുള്ള ചുരുളന്‍ മുടി തുടങ്ങിയ പല ആഫ്രിക്കന്‍ സവിശേഷതകളും ഉണ്ടെന്നാണ്. ആന്‍ഡമാനിലെ പാപുവാ (Papuas)- എന്ന സ്ഥലത്തെ നീഗ്രോകളുടെ ശാരീരിക ഘടനയുമായി അവയ്ക്ക് അടുത്ത സാദൃശ്യമുള്ളതായും അവര്‍ ദ്വീപുകളിലെ ആദിമ നിവാസികളാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പ്രൊഫ. അരവാണന്‍ എഡിറ്റ് ചെയ്ത ദ്രാവിഡന്മാരും ആഫ്രിക്കക്കാരുമെന്ന ഗ്രന്ഥത്തില്‍, നരസിംഹമൂര്‍ത്തിയും ആഫ്രിക്കയിലെ മെരോ സിംഹശിരസ്സുള്ള പുരുഷദൈവവും, കള്ള് ചെത്തുന്നതും ആഫ്രിക്കയിലെ വൈന്‍ ശേഖരണവും, വീല്‍ എന്ന ക്ഷേത്രവും ദ്രാവിഡ ക്ഷേത്രവും, ആഫ്രിക്കന്‍ ഹനുമാന്‍, മൂക്കുകുത്തി, മയില്‍, കൈവേലകള്‍, മാമല്ലാപുരംക്ഷേത്രവും ആഫ്രിക്കന്‍ക്ഷേത്രവും, ആഫ്രിക്കന്‍ വനിത, ദ്രാവിഡ നായകന്റേത് പോലുള്ള പ്രതിമ, മുടിമുറിച്ച് സമര്‍പ്പിക്കല്‍, നെല്ലുകുത്ത്, ആരാധനാരീതികള്‍ എന്നിവയിലുള്ള സാദൃശ്യങ്ങള്‍ കാട്ടുന്ന ചിത്രങ്ങള്‍ കൂടി നല്‍കിക്കൊണ്ട് തെന്നിന്ത്യയും കിഴക്കനാഫ്രിക്കയും തമ്മില്‍ നാനാമേഖലകളിലുള്ള ഐകരൂപ്യം ചൂണ്ടിക്കാട്ടുന്നുണ്ട്.36
പ്രോട്ടോസഹാറന്‍ സംസ്‌കാരം
ആഫ്രിക്കന്‍ സംസ്‌കാരം മുളപൊട്ടി വികസിച്ചത് മധ്യാഫ്രിക്കയിലുള്ള സഹാറയിലാണ്. അവിടുത്തെ ജനങ്ങള്‍ കറുത്ത നിറമുള്ളവരും, ബര്‍ബര്‍, ഇന്തോ യൂറോപ്യന്‍ ഭാഷകളില്‍ നിന്ന് ഭിന്നമായ ഭാഷ സംസാരിക്കുന്നവരുമായിരുന്നു. അവര്‍ ബി.സി. 4000 കഴിയുന്നതുവരെ ഫെസാന്‍ (Fezzan), ഹോഗര്‍(Hogger) മേഖലയിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. അവിടെയാണ് ആദിമമായ കെമെറ്റിക് (Kemetic) സംസ്‌കാരം പിറന്നത്. ദ്രാവിഡര്‍, ഈജിപ്തുകാര്‍, സുമേറിയക്കാര്‍, നീഗ്രോ-കോര്‍ദോഫാനിയന്‍-മാണ്ടെ, ഇളമൈറ്റ് എന്നിവരുടെ ഉല്പത്തികേന്ദ്രമായ ഈ പ്രദേശം37 Fertile African Crescent (Anselin 1989) pp 16, Winters, 1981, 1985 b, 1991) എന്നാണറിയപ്പെട്ടിരുന്നത്. ഇവരുടെ വംശീയനാമം കുശൈറ്റുകള്‍ (Kushite) എന്നാണ്. വിന്റേഴ്‌സ് അവരെ പ്രോട്ടോ-സഹാറന്‍സ് എന്ന് വിളിക്കുന്നു; ഈജിപ്തുകാര്‍ താ-സേതി (Ta-setic), തെഹെനു (Tehenu) എന്നും. ഇന്ന് അവിടം മരുഭൂമിയാണെങ്കിലും 8000 വര്‍ഷം മുമ്പ് അവിടത്തെ മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ പ്രോട്ടോ സഹാറന്‍ സംസ്‌കാരം ഉയര്‍ന്നു വന്നു. ഭാഷാപരമായും ദ്രാവിഡര്‍, ഇളമൈറ്റുകള്‍, സുമേറിയന്‍, കറുത്ത ആഫ്രിക്കന്‍ എന്നിവര്‍ക്ക് സാരമായ സാദൃശ്യങ്ങളുണ്ട്. സഹാറ മരുഭൂമിയായി മാറുന്നതുവരെ അവര്‍ അവിടെ താമസിച്ചു. പിന്നീടവര്‍, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതോടെ അര്‍ത്തായിക് (Artaic), യുറാലിക് (Uralic) ഇന്തോ-യൂറോപ്യന്‍ ഭാഷകളുമായി ബന്ധപ്പെട്ടു. പുരാവസ്തുപരമായ തെളിവുകളും പ്രോട്ടോസഹാറന്‍ സമൂഹങ്ങളുടെ ഐക്യത്തെ തെളിയിക്കുന്നവയാണ്. വംശപരമായി ഉരുണ്ട തലയുള്ള പഴയ മെഡിറ്ററേനിയന്‍ നീഗ്രോകളായിരുന്നു അവര്‍. BC 7000 ത്തോടെ, നീഗ്രോകളില്‍ നിന്ന് തീര്‍ത്തും ഭിന്നമെന്ന് പറയാന്‍ കഴിയാത്ത, കൂടുതല്‍ ഉയരവും ശരീരഘടനയുമുള്ള ഒരു വിഭാഗം മധ്യധരണ്യാഴിക്കാര്‍ സഹാറയിലെ കാപ്‌സ, ഇന്നത്തെ കാഫ്‌സ-(Kafsa)യില്‍ പ്രത്യക്ഷപ്പെട്ടു; ഇവരാണ് കാസ്പിയന്‍മാര്‍ അഥവാ കുശാനന്മാര്‍. ഇവര്‍ പൊതുവേ കുഷ് എന്നറിയപ്പെട്ടു. ഇവരുടെ ബി.ആര്‍.ഡബ്ല്യു(Black and Red Ware)ന് ബി.സി.4500-3500 വര്‍ഷം പഴക്കമുണ്ട്.(Hoffman- 1979). ബി.സി. 3000നു ശേഷം പ്രത്യേകിച്ച് ബി.സി. 2500 ഓടെയാണ് പ്രോട്ടോസഹാറന്മാര്‍ യൂറേഷ്യന്‍ ജനതയുമായി കാര്യമായ രീതിയില്‍ ഇടപെട്ടു തുടങ്ങിയത്. കുശാനവരുടെ ബി.ആര്‍.ഡബ്ല്യു തെക്കന്‍ ആഫ്രിക്ക, തെക്ക് പടിഞ്ഞാറെ ഏഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൈന വരെയുള്ള പ്രദേശങ്ങളിലൊക്കെ കണ്ടെത്തിയിട്ടുണ്ട്. കറുപ്പും ചുവപ്പും പാത്രങ്ങളുടെ പ്രധാന കേന്ദ്രം മധ്യആഫ്രിക്കയാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഭാഷാപരമായും പ്രോട്ടോസഹാറന്മാരും ഇളമൈറ്റുകള്‍, ദ്രാവിഡര്‍, സുമേറിയന്മാര്‍ തുടങ്ങിയവരുമായി വളരെയധികം ചേര്‍ച്ചയുണ്ട്. അവര്‍ വംശമുഖ്യനെ സര്‍ എന്നും, താമസിച്ചിരുന്ന നഗര ടൗണിനെ ഊര്‍ (Ur) എന്നും വിളിച്ചു. മനുഷ്യനെ ഒകു (oku) എന്നും, കുടുംബത്തിലെ അമ്മയെ അമ്മ അല്ലെങ്കില്‍ മാ (amma or ma) എന്നും, പിതാവിനെ (pa), ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ദേ (de), /ദി, (di)/, ദു(du) എന്നും വിളിച്ചു. ഈ പദങ്ങള്‍ക്ക് ദ്രാവിഡ ഭാഷകളുമായുള്ള രൂപപരവും അര്‍ഥപരവുമായ സാദൃശ്യം അതിപ്രധാനമാണ്. ബോട്ട് അഥവാ വള്ളത്തെ അവര്‍ കലം (kalam) എന്ന് പരാമര്‍ശിച്ചു. കലം എന്ന വാക്കിന് മലയാളത്തിലും കപ്പല്‍, ബോട്ട്, വള്ളം എന്നൊക്കെയാണല്ലോ അര്‍ഥം. കോലത്തുനാട്, വഞ്ചിനാട് എന്നീ ദേശനാമങ്ങളും വള്ളം അഥവാ കപ്പലുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണ്. അവരുടെ പ്രധാന ആരാധനാദേവ തയാണ് അമന്‍ അഥവാ അമു (Amon or Amu). അവര്‍ സിറ്റിസ്റ്റേറ്റുകളുടെ ഒരു കോണ്‍ഫെഡറേഷന്‍ സ്ഥാപിച്ചു. അതിനെ മത്സ്യകോണ്‍ഫെഡറേഷന്‍ അഥവാ മാ കോണ്‍ഫെഡറേഷന്‍ എന്നാണ് വിളിച്ചത്. മാ കോണ്‍ഫെഡറേഷനില്‍ ഈജിപ്റ്റ്, ഇളമൈറ്റുകള്‍, ദ്രാവിഡര്‍, മാന്‍ഡിങ്, സുമേറിയ എന്നിവ ഉള്‍പ്പെടുന്നു. അവര്‍ ഉപയോഗിച്ചിരുന്ന ബോട്ടുകളുടെ മാതൃകകള്‍, മെസപ്പട്ടേമിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മധ്യആഫ്രിക്കയിലും, ഇന്ത്യയിലും മറ്റും കണ്ടുകിട്ടിയിട്ടുള്ള ഗുഹാചിത്രങ്ങളില്‍ മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവയോടൊപ്പം വള്ളങ്ങള്‍, നങ്കൂരം, ബോട്ട്‌സഞ്ചാരം എന്നിവയുടെ ചിത്രങ്ങളുമുണ്ട്. നുബിയയിലെ തുഷ്‌കയില്‍ 7000 BCയില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നവരെ അനുജനങ്ങള്‍ എന്ന് വിളിച്ചിരുന്നു. അവരാണ് ഈജിപ്തിലേയ്ക്കും മെസപ്പെട്ടേമിയയിലേയ്ക്കും പരിഷ്‌കൃതി(civilisation) കൊണ്ടുവന്നത്.
പ്രോട്ടോദ്രാവിഡന്മാര്‍ പ്രോട്ടോസഹാറക്കാരുടെ പിന്മുറക്കാരാണ്. ദ്രാവിഡരും ഇളമൈറ്റുകളുമായി അടുത്ത ചേര്‍ച്ചയുണ്ടെന്ന കാവല്ലി ഫോര്‍സാ (Cavallie Sforza)-)യുടെ അഭിപ്രായം ഭദ്രരാജു കൃഷ്ണമൂര്‍ത്തി ഉദ്ധരിക്കുന്നു. ഗ്രീക്ക്, തമിഴ്, എളമൈറ്റ് ഭാഷകള്‍ തമ്മിലുള്ള അടുത്ത സാദൃശ്യം വാക്കുകള്‍, വ്യാകരണാംശങ്ങള്‍, രാഷ്ട്രീയ ഘടന, സാമ്പത്തിക സൂചനകള്‍ എന്നിവയെ താരതമ്യം ചെയ്ത് സ്ഥാപിക്കുകയും ചെയ്യുന്നു. ദ്രാവിഡര്‍ ഇന്ത്യയില്‍ ജനിച്ച് വിവിധപ്രദേശങ്ങളിലേയ്ക്കു വ്യാപിച്ചവരാണെന്ന് കാവല്ലി ഫോര്‍സായുടെ നിരീക്ഷണവും കൃഷ്ണമൂര്‍ത്തി38 സൂചിപ്പിക്കുന്നുണ്ട്. ആദ്യകാല നീഗ്രിറ്റോയ്ഡുകള്‍ കുടിയേറ്റക്കാരല്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ശൂദ്രോയ്ഡുകളും ആഫ്രിക്കക്കാരും തമ്മിലുള്ള ഐക്യം നിറം, ശരീരഘടന, ഭാഷ, ആചാര വിശ്വാസങ്ങള്‍, കൃഷി, ജനിതക പാരമ്പര്യം, സസ്യങ്ങള്‍, ഉരഗങ്ങള്‍, സസ്തനികള്‍, എന്നിവയിലെല്ലാം സുവ്യക്തമാണെന്ന് ഇന്‍ഡോപീഡിയ പ്രസ്താവിക്കുന്നു.39 ബി.സി.3000-ത്തിലെ ആഫ്രിക്കയിലെയും ഇന്ത്യയിലെയും മഹാശിലായുഗ സംസ്‌കാരങ്ങള്‍ തമ്മില്‍ അടുത്ത സാദൃശ്യമുണ്ട്. രണ്ടിടത്തും കറുത്തതും ചുവന്നതുമായ അവശിഷ്ടങ്ങള്‍, മണ്‍പാത്രങ്ങള്‍, അസ്ഥികള്‍ തുടങ്ങിയവയും ഗുഹാചിത്രങ്ങളും ഒരുപോലെ ഉള്ളവയാണ്. ഭാഷാപരമായും ശക്തമായ സാദൃശ്യങ്ങളുണ്ട്. എത്യോപ്യയിലെ ഗാല -(Galla)കളും ഇന്ത്യയിലെ ഗോപാല (Gopala) രും മിക്കവാറും ഒരേ വംശത്തില്‍പ്പെട്ട ആടുമേപ്പുകാരാണ്. സൊമാലിയയിലെ ഗൊദബാകളുമായുള്ള ബന്ധത്തില്‍ നിന്നായിരിക്കണം ഡക്കാനിലെ ഗോദാവരി നദിക്ക് ആ പേരു കിട്ടിയതെന്നും ഈ പ്രബന്ധത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതുപോലെ ഗോണ്ടുകള്‍ക്കുമുണ്ട് ആഴത്തിലുള്ള ആഫ്രിക്കന്‍ ബന്ധം. സുമേറിയക്കാര്‍, ആസ്ത്രലോയ്ഡ്‌സ് എന്നിവര്‍ ദ്രാവിഡരില്‍നിന്ന് ജനിച്ചതാണെന്നും 40 ബ്രാഹ്‌മണര്‍പോലും ദ്രാവിഡരാണെന്നും ഇന്ത്യയിലെ ദ്രാവിഡര്‍ ഒരു കാലത്ത് ലോകം മുഴുവന്‍ വ്യാപിച്ചിരുന്നതായും ടി.ആര്‍. ശേഷ ഐയ്യങ്കാര്‍ കരുതുന്നു.41 അതുപോലെ ദ്രാവിഡര്‍ നീഗ്രോ വംശക്കാരാണെന്ന കാര്യത്തിലും അദ്ദേഹത്തിന് ഒരു സംശയവുമില്ല.
ആഫ്രിക്ക മുതല്‍ യുറേഷ്യ വരെ പരന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരേ ജനസമുദായത്തിന്റെ വിവിധ തരം ആവിഷ്‌കൃതികളുടെ ഐക്യം അവരുടെ ഉല്പത്തി സ്ഥാനം വിവാദ പൂര്‍ണമാക്കുന്നു. ഇത് സിന്ധു നദീതട നാഗരികതയും സുമേറിയന്‍ സംസ്‌കാരവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലുമുണ്ട്.42 ഇന്തോ സുമേറിയന്‍ പൗരാണികതയെക്കുറിച്ചുള്ള പഠനം ശൈശവാവസ്ഥയിലാണെങ്കിലും ഒരുകാര്യം തീര്‍ച്ചയാണെന്നു തോന്നുന്നു. നമുക്ക് വളരെ കുറച്ചു മാത്രം അറിയാവുന്ന ഈ സംസ്‌കാരം സിന്ധുനദീതടത്തില്‍ തന്നെ വികസിച്ചതാണ്. മാത്രമല്ല, ഫറോ സംസ്‌കാരം നൈല്‍ തടത്തിന്റെ സവിശേഷതയാണെന്നതുപോലെ ഹൈന്ദവ സംസ്‌കാരം സിന്ധുനദീതടത്തിന്റെ പ്രത്യേകതയെല്ലാം ഉള്‍ക്കൊളളുന്നതാണ്. മെസപ്പെട്ടേമിയന്‍ സംസ്‌കാരത്തിന്റെയും കളിത്തൊട്ടില്‍ സിന്ധുനദീതടമായിരിക്കാമെന്നാണ് ആനന്ദകുമാരസ്വാമിയുടെ നിരീക്ഷണം. സുമേറിയന്‍ ചിത്രങ്ങളും ഹാരപ്പന്‍ ചിത്രങ്ങളുമായി ഒരു വ്യത്യാസവുമില്ലെന്ന കണ്ടെത്തലും അവ നിര്‍മ്മിച്ച സമൂഹങ്ങളുടെ ഒറ്റ പശ്ചാത്തലത്തിന് തെളിവാണ്. സുമേറിയന്‍ കലയുടെ മുഖ്യഘടകങ്ങളില്‍ ചിലത് മെസപ്പൊട്ടോമിയയിലല്ല സൃഷ്ടിക്കപ്പെട്ടതെന്ന് ഏല (Elam)മിലും ഇന്ത്യയിലും നടന്ന പുതിയ കണ്ടുപിടിത്തങ്ങള്‍ വ്യക്തമാക്കുന്നുവെന്നും43 അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. സുമേറിയ, അക്കാട്, ബാബിലോണിയ എന്നിവിടങ്ങളിലെ ഇഷ്ടികപടുത്ത വീടുകള്‍ ഏതാണ്ട് സിന്ധുനദീതട നാഗരികതയെ സമീപിക്കുന്നവയാണെന്ന് ഡി.ഡി. കൊസാംബി അഭിപ്രായപ്പെടുന്നതും ഇതിനോട് കൂട്ടി വായിക്കാം. അത് വെങ്കലയുഗത്തില്‍പ്പെടുന്നുവെന്നും അദ്ദേഹംപ്രസ്താവിക്കുന്നു.44 പ്രൗഢമായ ഒരു നാഗരികതയുടെ എല്ലാ ലക്ഷണങ്ങളുമുളള ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ടൗണ്‍ പ്ലാനിങ്ങ്, മൃഗങ്ങളുടെയും മനുഷ്യരെന്നു തോന്നിക്കുന്ന രൂപങ്ങളുടെയും ചിത്രങ്ങള്‍ രേഖപ്പടുത്തിയിട്ടുളളതും ഇനിയും വായിക്കപ്പെട്ടിട്ടില്ലാത്ത ലിപിയില്‍ എഴുതിയിട്ടുളളതുമായ സീലുകളും മണ്‍പാത്രങ്ങളും മറ്റും രൂപപ്പെടുന്നത് നൂറ്റാണ്ടുകളിലൂടെയാണ്. ഈ ഹാരപ്പന്‍ സംസ്‌കൃതിയില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത പുരാവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മാമല്ലാപുരത്തു(തമിഴ്‌നാട്) നിന്ന് ലഭിച്ചിട്ടുണ്ട്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സ്രഷ്ടാക്കള്‍ ദ്രാവിഡരാണെന്ന് റീഡേഴ്‌സ് ഡൈജസ്റ്റ് വേള്‍ഡ് അറ്റ്‌ലസ്45 രേഖപ്പെടുത്തുന്നു.
ആന്‍ഡമാനിലെ പാപുവാ ക്കാര്‍ക്ക് (Papuas)-ആഫ്രിക്കന്‍പാരമ്പര്യമോ, ഘടനയോ അവകാശപ്പെടാനാകില്ല. ആധികാരികമായ ധാരാളം രേഖകളുടെ പിന്‍ബലത്തില്‍ വില്യം ജോണ്‍സ് പറയുന്നത,് ഹിമാലയത്തിലും ഡക്കാന്‍ മേഖലയിലുമുള്ള ഒറ്റ ആദിവാസിക്കും ആഫ്രിക്കന്‍ നീഗ്രോയുടെ സവിശേഷ പാരമ്പര്യമില്ലെന്നും അവര്‍ ഇവിടുത്തെ ആദിമ ഗോത്രങ്ങള്‍ തന്നെയായിരിക്കാനാണ് 46 സ്വാഭാവികതയെന്നുമാണ്. മദ്രാസിലെ എല്ലിസി(Ellis)-നെ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ ഉറപ്പിക്കുന്നത,് ഹിന്ദുസ്ഥാനത്തിന്റെ കിഴക്കുഭാഗത്തുള്ള ആദിവാസികളും ഡക്കാണിലെ തമിഴ് ഗോത്രങ്ങളും ഒരേ വംശത്തിന്റെ രണ്ട്47 ശാഖകളാണെന്നത്രേ. ഭാഷാപരവും മറ്റു തരത്തിലുള്ളതുമായ സവിശേഷതകള്‍ മൂലം അവര്‍ വേറിട്ട വ്യക്തിത്വം പുലര്‍ത്തുന്നുമുണ്ട്. നരവംശ ശാസ്ത്രജ്ഞനായ എറിക് മില്ലര്‍, ഏതാണ്ട് അമ്പതിനായിരം (50000) വര്‍ഷമായി ഇവരുടെ പിന്‍ഗാമികളായി ഇന്നവിടെ പാര്‍ക്കുന്നവര്‍ തെന്നിന്ത്യയിലെ ആദിമനിവാസികളാണെന്ന്48 സംശയിക്കുന്നു. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വമ്പിച്ച49 ഹിമവല്‍കരണം മൂലം സമുദ്രം 250-500 അടി താഴുകയും ധാരാളം കരപ്രദേശങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തപ്പോള്‍ ഈ ഗോത്ര ജനത ഇന്ത്യയും ആസ്‌ത്രേലിയയും മലയയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അറ്റ്‌ലാന്റീസ് ഭൂഖണ്ഡം ജിബ്രാള്‍ട്ടര്‍ കടലിടുക്ക് തൊട്ട് ലിബിയ (ആഫ്രിക്ക), ഏഷ്യ എന്നിവയെല്ലാം ചേര്‍ന്ന് മധ്യധരണ്യാഴിയെക്കാള്‍ വലുതായിരുന്നു. ഡക്കാണും ആഫ്രിക്കയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം തെളിയുന്നത് തന്റെ ഗൂഢലക്ഷ്യത്തിന് തടസ്സമായതുകൊണ്ട് ആ മേഖലയിലേയ്ക്ക് തിരിഞ്ഞുനോക്കാന്‍ ഗ്രന്ഥകാരന്‍ ധൈര്യപ്പെട്ടിട്ടില്ലെന്നതിനാലാണ് ഇത് വിശദീകരിച്ചത്.
(അവസാനിച്ചു)
34. Ibid. P-17
35. World Civilizations – Raises, Tribes and Cultures; James Cowles. Prichard. Vol.4. Asia, P-228. Aryan Books Intl.1996
36. Dravidians and Africans last 8 pages
37. ProtoSaharan Home land of the Dravidian,African,Sumerian and Elamite People. Fertile African Crescent P.1/9 Clyde.A.Winters
38. The Dravidian Languages : Bhadriraju Krishna Moorthi. P-3. Cambridge Uni.Press 2003
39. http:/www.assatashakur.org/forum/arckive/index:thp/t-41-46. P-3/10. Sudroid (Indo-African) Race
40. Dravidian India : Extracts from T.R. Shesha Iyengar’s Dravidian India. By Dr.Samar Abbas
41. Ibid. ]p. 30þ44
42. ഭാരതീയ കലയ്ക്ക് ഒരു ആമുഖം: ആനന്ദകുമാരസ്വാമി; പുറം 20. (മലയാളപരിഭാഷ, ശ്രീദേവി.കെ.നായര്‍) റെയ്ന്‍ബോ പബ്. 2003
43. ഇതേ പുസ്തകം പു. 20
44. പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും :ചരിത്രപരമായ രൂപരേഖ,പുറം77.
45. Readers digest great world Atlas 1970
46. World Civilizations – Raises, Tribes and Cultures; James Cowles. Prichard. Vol.4. Asia, P-233 Aryan Books Intl.1996.
47. Ibid. P- 245
48. Tamil Folklore Studies: The contemporary scene and its background. P-6. (web page)
49. Prehistoric cultures P-13 Sanderson Beck index