എസ്. ഹരീഷെന്ന യുവ എഴുത്തുകാരന്റെ ‘മീശ’ എന്ന നോവല്‍ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ എനിക്കു തെല്ലും അസഹിഷ്ണുതയില്ല. ശ്രദ്ധ പിടിച്ചു പറ്റിയ മറ്റു കൃതികള്‍ കഴിഞ്ഞകാലത്ത് പുറത്തുവരാത്തതുകൊണ്ട് വയലാര്‍ അവാര്‍ഡിനു വായനക്കാര്‍ ഈ കൃതിയെ നിര്‍ദ്ദേശിച്ചതില്‍ അവരെ കുറ്റം പറയാനുമാവില്ല. സാധാരണ വായനക്കാര്‍ കൃതികളുടെ ഗുണദോഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കാറില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മനസ്സിലായാലും ഇല്ലെങ്കിലും പൊതുവെ പ്രശസ്തമായിത്തീരുന്നതിനെ വാഴ്ത്തുക എന്നതാണ് അവരുടെ പതിവ്. വിഡ്ഢിവേഷം കെട്ടിയ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ രാജാവിനെപ്പോലെയാണ് സാധാരണ വായനക്കാര്‍; പ്രത്യേകിച്ചും കേരളത്തില്‍.
അടൂരിന്റെയും അരവിന്ദന്റെയും സിനിമകള്‍ കണ്ടിട്ടേയില്ലാത്തവരും അവയുടെ മാഹാത്മ്യം വാഴ്ത്തുന്നതു കണ്ടിട്ടുണ്ട്. അത്തരക്കാരനില്‍ ഒരാളോടൊപ്പം അരവിന്ദന്റെ ‘മാറാട്ടം’ കാണാന്‍ പോയപ്പോള്‍ അയാള്‍ അവസാനം വരെ ഉറങ്ങിയത് ഓര്‍മവരുന്നു. ‘മീശ’ യെ സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കിയാല്‍ ആ കൃതി പുതിയകാലത്തെ എഴുത്തിന്റെ ഒരു പ്രതീകമാണ്. മയക്കു മരുന്നിലും ലൈംഗികതയിലും അഭിരമിക്കുന്ന പുതുതലമുറയ്ക്ക് യുക്ത്യധിഷ്ഠിതമായ പഴയ എഴുത്ത് സ്വീകാര്യമാവില്ല; പ്രണയം, വാത്സല്യം, വിരഹം ഇതൊക്കെ ‘റദ്ദു’ ചെയ്യപ്പെട്ടിരിക്കുന്ന കാലമാണ് ഇന്നത്തേത്. വന്യമായ ആവേശം സമൂഹത്തെ ആക്രമിച്ചിരിക്കുന്നു. അവിടെ ഭാവനയുടെ ഭ്രാന്തസഞ്ചാരങ്ങളേ സ്വീകരിക്കപ്പെടൂ.
‘മീശ’ ഭാവനയുടെ ഭ്രാന്തസഞ്ചാരമാണ്. ഒരു യുക്തിയുമില്ലാതെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യന്‍ എങ്ങനെയാണ് അലൗകിക വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതെന്ന് നോവലിസ്റ്റു കാണിച്ചുതരുന്നു. സാധുവായ ഒരാള്‍ മീശവച്ചു കഴിഞ്ഞപ്പോള്‍ വീരപരിവേഷം ആര്‍ജ്ജിച്ച് കുട്ടനാടന്‍ മനുഷ്യരുടെയെല്ലാം മനസ്സില്‍ അമാനുഷികനായി മാറുന്നു. അങ്ങനെ ആരെങ്കിലും നീണ്ടൂര്‍ ഭാഗത്ത് ഉണ്ടായിരുന്നോ എന്നറിഞ്ഞുകൂടാ! ഏതെങ്കിലും പുരാവൃത്തത്തെ വികസിപ്പിച്ചെടുത്തതാണോ എന്നും അറിയില്ല. അകാലികമെന്നു തോന്നിപ്പിക്കുന്ന വിവരണങ്ങളാണ് പലയിടത്തുമുള്ളത്. ഇത്തരം ഒരു കൃതിയില്‍ അതിനൊന്നും വലിയ പ്രസക്തിയില്ല എന്നത് വേറെ കാര്യം.
ഏതൊരു എഴുത്തുകാരനും തന്റെ കൃതി സ്വീകരിക്കപ്പെടണം എന്നാവുമല്ലൊ ആഗ്രഹം. അതിനു പൊതുവായ പ്രവണതകളെ അതിനുള്ളില്‍ തിരുകി വയ്ക്കുക അവര്‍ക്ക് അനിവാര്യമത്രേ! കേരളത്തിലെ ബുദ്ധിജീവി സമൂഹം എന്നു പറയപ്പെടുന്നവര്‍ (സി.പി. സ്‌നോ തന്റെ ഒരു ലേഖനത്തില്‍ ഗണിതജ്ഞനായ താനും ശാസ്ത്രജ്ഞന്മാരായ റൂഥര്‍ ഫോര്‍ഡും എഡിങ്ടനുമൊന്നും ബുദ്ധിജീവികളുടെ കൂട്ടത്തിലില്ല എന്ന് ‘A Mathematicians Apology’ എഴുതിയ ജി.എച്ച്. ഹാര്‍ഡി അമ്പരക്കുന്നതായി എഴുതിയിട്ടുണ്ട്. സാഹിത്യ ബുദ്ധിജീവികള്‍ എന്ന ഒരു വിഭാഗം മാത്രമാണ് ഇന്റലക്ച്വല്‍സ് എന്ന അബദ്ധ ധാരണ യൂറോപ്പിനെ പിടികൂടിയതിനെയാണ് സ്‌നോ വിമര്‍ശിക്കുന്നത്.) അംഗീകരിക്കണമെങ്കില്‍ ഇക്കാലത്ത് മൂന്നുകാര്യങ്ങള്‍ വേണം. ഒന്ന്: അശ്ലീലം എന്ന് പഴയ തലമുറ കരുതിയിരുന്ന കാര്യങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യണം. രണ്ട്: ഹിന്ദുക്കളെ ആക്ഷേപിക്കുന്ന എന്തെങ്കിലും പരാമര്‍ശം വേണം. ഇന്ത്യ മുഴുവന്‍ ഫാസിസത്തിന്റെ പിടിയിലാണെന്ന് വരുത്തിത്തീര്‍ക്കണം. മൂന്നാമത്തെ കാര്യം ഹിന്ദുക്കള്‍ അപ്പടി ജാതീയതയില്‍ കുളിച്ചു നില്‍ക്കുകയാണെന്ന് വരുത്തണം. ഇതു മൂന്നുമുണ്ടെങ്കില്‍ അവാര്‍ഡ് ഉറപ്പാണ്.
തന്റെ കൃതിയില്‍ മേല്‍സൂചിപ്പിച്ച മൂന്നു കാര്യങ്ങളും ഉള്‍പ്പെടുത്താന്‍ ഹരീഷ് ശ്രമിച്ചിട്ടുണ്ട്. വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട വാക്കുകളും സാധാരണ മനുഷ്യര്‍ തെറിയെന്നു വിവക്ഷിക്കുന്ന പദങ്ങളും നോവലില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. നോവല്‍ വായിച്ചാല്‍ മനുഷ്യര്‍ മറ്റൊരു തൊഴിലും ചെയ്യാതെ വിസര്‍ജ്ജനം, ഭോഗം തുടങ്ങിയവ മാത്രം അനുഷ്ഠിക്കുന്നവരാണെന്നു തോന്നിപ്പോകും. അത്രയ്ക്കു പ്രാധാന്യമാണ് നോവലിസ്റ്റ് അതിനൊക്കെ നല്‍കുന്നത്. പുതിയ പ്രവണത അതാകുമ്പോള്‍ ചെയ്യാതെ വയ്യല്ലോ!
അടുത്തതാണ് വിവാദത്തിനു വഴിവച്ച സംഗതി. ഹിന്ദുസമൂഹത്തിന്റെ കഠിനമായ എതിര്‍പ്പിന് ഇടയാക്കിയകാര്യം. സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നത് ലൈംഗികകര്‍മത്തിനു തങ്ങള്‍ സന്നദ്ധരാണെന്ന് പൊതുസമൂഹത്തെ പ്രത്യേകിച്ചും പൂജാരിയെ അറിയിക്കുന്നതിനുവേണ്ടിയാണെന്ന് നോവലിസ്റ്റിന്റെ ഒരു സുഹൃത്ത് പ്രഭാത സവാരിക്കിടയില്‍ പറയുന്നു. ഹിന്ദു സ്ത്രീകളെ മുഴുവന്‍ ആക്ഷേപിക്കുന്ന പരാമര്‍ശം വലിയ എതിര്‍പ്പുണ്ടാക്കി. എന്നാല്‍ ആരും തന്നെ ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യം നോവലിലുണ്ട്. ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് ഇത്രയും ജുഗുപ്‌സാവഹമായ പരാമര്‍ശം നടത്തിയ ആ സുഹൃത്ത് ഉടന്‍ തന്നെ മരിക്കുന്നതായി നോവലില്‍ പരാമര്‍ശമുണ്ട്. അത് അബോധതലത്തില്‍ നോവലിസ്റ്റിനുണ്ടാകുന്ന കുറ്റബോധത്തിന്റെ സൂചനയാണ്. സ്വന്തം അഭിപ്രായമായിട്ടല്ല ഈ വാക്യങ്ങള്‍ കഥാകൃത്ത് അവതരിപ്പിക്കുന്നത്. മറ്റൊരാളിന്റെയാണ്. മാത്രവുമല്ല അയാള്‍ക്ക് തുടര്‍ന്ന് പ്രഭാതസവാരിക്കു വരാനുമാകുന്നില്ല. അബോധ മനസ്സില്‍ തന്റെ സമൂഹത്തിന്റെ വിശ്വാസങ്ങളില്‍ കഴമ്പുണ്ടെന്നു അഖ്യായികാകാരന്‍ കരുതുന്നുണ്ട്. അല്ലെങ്കില്‍ ആ കഥാപാത്രത്തെ ഉടന്‍ തന്നെ മരണത്തിന് എറിഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ല. പശ്ചാത്താപമേ പ്രായശ്ചിത്തം!
പുന്നപ്രവയലാറും നാടകകൃത്ത് എന്‍.എന്‍. പിള്ളയുമൊക്കെ പരാമൃഷ്ടമാവുന്ന നോവലില്‍ കൃത്യമായ കാലസൂചനകളില്ല. അദ്ദേഹം പറയുന്ന രീതിയില്‍ ജാതിക്കോയ്മ അന്നു കുട്ടനാട്ടില്‍ ഉണ്ടായിരുന്നോ എന്നു സംശയം. അങ്ങനെ ഉണ്ടായിരുന്നു എന്നു സ്ഥാപിക്കുമ്പോള്‍ കേരളത്തിന്റെ കപട ബുദ്ധിജീവി സമൂഹവും ചില സവര്‍ണ മനസ്ഥിതിക്കാരും സംതൃപ്തരാവും. കഥാപാത്രങ്ങളെയെല്ലാം ജാതിപ്പേര് ചേര്‍ത്താണ് അവതരിപ്പിക്കുന്നത്. അത് ഒരുതരം സവര്‍ണ മനോഭാവത്തിന്റെ ഭാഗമാണ്. സാമ്പത്തികമായോ സാമൂഹ്യമായോ സമൂഹത്തില്‍ ഒരു തലപ്പൊക്കവുമില്ലാത്ത അതിദരിദ്രരായ ചില സവര്‍ണര്‍ ഇപ്പോഴും മറ്റുള്ളവരെ ജാതിപ്പേരു വിളിച്ചു തങ്ങളുടെ പിന്നോക്കാവസ്ഥ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ ഗ്രാമനഗരങ്ങളിലൊക്കെ കാണാം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും അത്തരക്കാരുണ്ട്. പോയകാല പ്രതാപം അയവിറക്കി (സത്യത്തില്‍ അങ്ങനെയൊരു പ്രതാപവും ഒരുകാലത്തും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നിരിക്കാനിടയില്ല.) തങ്ങളുടെ അപകര്‍ഷബോധത്തെ പ്രകടമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ആ മനോഭാവം തന്നെയാണ് ഹരീഷിനുമുള്ളത്. സവര്‍ണ മനോഭാവക്കാരനായ നോവലിസ്റ്റിന്റെ മനസ്സിലിരിപ്പാണ് ഇത്തരം ജാതി പറച്ചിലിലൂടെ പ്രകടമാകുന്നത്.
നോവലിലെ ഏറ്റവും ക്രൂരമായ ഒരു കാര്യം ഈ അശ്ലീല പദങ്ങളൊക്കെ ഉള്‍ച്ചേര്‍ന്ന കഥ അദ്ദേഹം പറഞ്ഞുകൊടുക്കുന്നത് സ്വന്തം പുത്രനായ ‘പൊന്നു’വിനോടാണ് എന്നതാണ്. ഇത്രയും ചെറിയ ഒരു കുട്ടിയോടു തന്നെ വേണമായിരുന്നോ ഈ ഭീകരത എന്നു നമ്മള്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. കുറച്ചു മുതിര്‍ന്ന കേള്‍വിക്കാരനെ ഉള്‍പ്പെടുത്താമായിരുന്നു. ഈ കൃതിയില്‍ ലോജിക്കിനു പ്രസക്തിയില്ലെന്നറിയാം. എന്നാലും ഇങ്ങനെ ചില യുക്തികള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുന്നുവെന്നു മാത്രം!
കമ്മ്യൂണിസ്റ്റുകാര്‍ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം വച്ച് കൃതികളെ വിലയിരുത്തുന്നവരാണ്. ആഴത്തില്‍ അന്വേഷിക്കുന്ന പതിവ് അവര്‍ക്കില്ല. മുഴുവനും വായിച്ചു നോക്കാനുള്ള സാവകാശവുമില്ല. പണ്ട് അടിമുടി കമ്മ്യൂണിസ്റ്റ് വിരുദ്ധമായ എം. മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങളെ’ അവര്‍ പാടി നടന്നത് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നു. ഒ.എന്‍.വി. ഒരു പൊതുയോഗത്തില്‍ ശ്രദ്ധിച്ചുവായിക്കാതെ ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ കൃതികളെ പുകഴ്ത്തി നടക്കരുതെന്നു ശാസിച്ചതും ഇപ്പോള്‍ ഓര്‍മയിലെത്തുന്നു. കമ്മ്യൂണിസ്റ്റുകാരെ കണക്കിനു ശകാരിച്ച ജോണ്‍ എബ്രഹാമിന്റെ സിനിമ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളെ’ വാനോളം പുകഴ്ത്തിയ പി. ഗോവിന്ദപിള്ളയെപ്പോലുള്ള ബുദ്ധിജീവികള്‍ക്കു പറ്റിയ അമളിയും ഒരുകാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സൂക്ഷ്മമായി ഒരു കേരളാ കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര നിര്‍മിതി നടത്തിയ, കലാപരമായി ഒരു പ്രത്യേകതയുമില്ലാത്ത ആ ചിത്രത്തെ ‘കാളപ്പെറ്റു എന്നു കേട്ട ഉടനെ കയറെടുത്ത’ പി.ജി. പുകഴ്ത്തി നടന്നു.
അത്തരത്തിലൊരബദ്ധം ഈ നോവലിന്റെ കാര്യത്തിലും ഇടതുപക്ഷക്കാര്‍ക്കു പറ്റിയിട്ടുണ്ട്. ഹിന്ദുക്കളെ ആക്ഷേപിക്കുന്നു എന്നു കേട്ടയുടന്‍ മഹത്തായ കലാസൃഷ്ടി എന്നങ്ങു വാഴ്ത്താന്‍ തുടങ്ങി. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങളും തുടങ്ങി. എന്നാല്‍ അതിലാരും പുസ്തകം മനസ്സിരുത്തി വായിക്കാന്‍ ശ്രമിച്ചില്ല. നോവലിന്റെ 32-ാം പേജിലെ വാക്യങ്ങള്‍ ശ്രദ്ധിക്കൂ!
”അവന്റമ്മേടെ ഫാസിസം”…. ഒളശ്ശക്കാരന്‍ നാരായണ പിള്ള തന്റെ ആത്മകഥയില്‍ പറഞ്ഞ ഒരു വാചകമുണ്ട്. യഥാര്‍ത്ഥ വിപ്ലവത്തിന്റെ ആദ്യവെടിയൊച്ച മുഴങ്ങുമ്പോള്‍ ഇവിടുത്തെ കപടവിപ്ലവകാരികളൊക്കെ ശബരിമലയില്‍ പോയൊളിക്കുമെന്ന്. നോക്കണേ ശബരിമല! എന്തു കറക്ടാണ്. അതു പോലെ യഥാര്‍ത്ഥ ഫാസിസം വരുമ്പോള്‍ ഇവനൊക്കെ മുട്ടിലിഴയും. അതിനിനി വലിയ താമസമൊന്നുമില്ല” (ഇതില്‍ പറയുന്ന നാരായണ പിള്ള എന്‍.എന്‍. പിള്ളയും കൃതി അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാനു’മാണ്). ഇടതുപക്ഷക്കാര്‍ക്ക് ഇതിലും വലിയ ഒരു ‘കൊട്ട്’ കിട്ടാനുണ്ടോ! അതൊന്നും പാവങ്ങള്‍ തിരിച്ചറിഞ്ഞതേയില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി നോവലിസ്റ്റിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാനായി ചാടി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. കൃതികളില്‍ തങ്ങളുടെ യഥാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഒളിച്ചു വയ്ക്കാന്‍ സമര്‍ത്ഥരായ എഴുത്തുകാര്‍ക്കു കഴിയും. എല്ലാവരും അതുവായിച്ചെടുക്കണമെന്നില്ല.