ദീപാവലിനാളില്‍ തന്റെ പൂജാമുറിയിലിരുന്ന് ലക്ഷ്മീപൂജ നടത്തുമ്പോള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഒരു തോന്നല്‍. ലക്ഷ്മിയുടെ കയ്യിലെ നിധികുംഭം തന്റെ നേരെ വര്‍ഷിക്കുന്നു എന്ന്. അതില്‍ നിന്ന് വീഴുന്നതു രണ്ടായായിരത്തിന്റെ കറന്‍സികളാണ്. റിസര്‍വ് ബാങ്ക് ഇറക്കിയ കറന്‍സികളില്‍ നിന്ന് അവയ്ക്ക് നേരിയ വ്യത്യാസമുണ്ട്. എന്നാല്‍ ഇന്തോനേഷ്യന്‍ കറന്‍സിയോട് നല്ല സാമ്യവുമുണ്ട്. കറന്‍സിയുടെ ഒരു വശത്ത് ഗാന്ധിത്തലയാണെങ്കില്‍ മറുവശത്ത് ലക്ഷ്മിയുടെയോ ഗണപതിയുടെയോ ചിത്രമാണ്. അതു കണ്ടപ്പോള്‍ അദ്ദേഹത്തിന് ഒരു ഉള്‍വിളി നമ്മുടെ നാടിനും ഇത്തരം കറന്‍സി ഇറക്കിക്കൂടേ എന്ന്. വൈകിച്ചില്ല അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി: ഇന്ത്യന്‍ കറന്‍സിയിലും ഗണപതിയും ലക്ഷ്മിയും വേണം. ജനസംഖ്യയുടെ 1.6 ശതമാനം ഹിന്ദുക്കളുള്ള മുസ്ലീം രാജ്യമായ ഇന്തോനേഷ്യ ഇത്തരം കറന്‍സി ഇറക്കിയെങ്കില്‍ ഭാരതത്തിനും ആയിക്കൂടെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മറ്റൊരു കാര്യം നമ്മുടെ രൂപയുടെ മൂല്യമാണ്. അതു ഇടിഞ്ഞുകൊണ്ടിരിക്കയാണ്. അതു തടയാന്‍ ദൈവാധീനം വേണമെന്നാണ് കെജ്‌രിവാള്‍ പക്ഷം. അയോധ്യയിലെ രാമക്ഷേത്രത്തിലും ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്ന മോദിയ്ക്കും ഭാരതത്തിനും ദൈവാധീനമുണ്ടാകാനാണ് കെജ്‌രിവാള്‍ ഈ ഉപദേശം കൊടുത്തത്. മറിച്ച് ഹിമാചല്‍- ഗുജറാത്ത് നിയമസഭാ തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടിട്ടല്ല.
ദൈവാധീനമുണ്ടെങ്കിലേ രക്ഷപ്പെടൂ എന്ന അവസ്ഥയില്‍ ഇപ്പോള്‍ നില്‍ക്കുന്നത് കെജ്‌രിവാളാണ്. അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ സുരേന്ദര്‍ കുമാര്‍ ബെന്‍സാല്‍ പൊതുമരാമത്തുവകുപ്പില്‍ വ്യാജ ബില്ല് നല്‍കി വെട്ടിപ്പു നടത്തിയ കേസില്‍ പെട്ടിരിക്കയാണ്. മന്ത്രിസഭയിലെ രണ്ടാമന്‍ മനീഷ് സിസോദിയ മദ്യ ലൈസന്‍സ് അനുവദിച്ചതിനു കോടികള്‍ വാങ്ങിയതിന്റെ പേരില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങി ആരോഗ്യം പോയ സ്ഥിതിയിലാണ് ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്രകുമാര്‍ ജെയിന്‍. ആപ്പിന്റെ എം.എല്‍എയായ അമാനുള്ളാ ഖാന്റെ തല കുടുങ്ങിക്കിടക്കുന്നത് വഖഫ് ബോര്‍ഡ് അഴിമതിയിലാണ്. രാജ്യത്തെ അഴിമതി തൂത്തുവാരാന്‍ ചൂലുമായി ഇറങ്ങിയ കെജ്‌രിവാള്‍ അതെല്ലാം അടിച്ചു കൂട്ടി സ്വന്തം വീട്ടിലും പാര്‍ട്ടിയിലും നിക്ഷേപിച്ചിരിക്കയാണ്. ലക്ഷ്മിയേയും ഗണപതിയേയും വിളിച്ച് ദൈവാധീനത്തിനായി കേഴുകയല്ലാതെ അദ്ദേഹത്തിന് എന്തു വഴി?