ലോകചരിത്രത്തിലെ ഏറ്റവും മഹാനായ തത്വചിന്തകനായി കാറല്‍ മാര്‍ക്‌സിനെ വാഴ്ത്തിപ്പാടുന്നതില്‍ അനുയായികളും ആരാധകരും തുടക്കം മുതല്‍ ശ്രദ്ധവച്ചു. സന്തതസഹചാരിയായിരുന്ന ഏംഗല്‍സു തന്നെയാണ് ഇതിന് തുടക്കംകുറിച്ചത്. തത്വചിന്തയുടെ ചരിത്രത്തെതന്നെ ഇക്കൂട്ടര്‍ മാര്‍ക്‌സിനു മുന്‍പും പിന്‍പും എന്നു വിഭജിച്ചു. ”തത്വചിന്തകന്മാര്‍ ലോക ത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ, അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്” എന്ന വാക്യം ഉയര്‍ത്തിക്കാട്ടി മാര്‍ക്‌സിനെ മൗലികചിന്തകനായി അവതരിപ്പിച്ചു. തന്റെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍ കാന്‍ കാറല്‍ മാര്‍ക്‌സ് ആശ്രയിക്കുകയും കടംകൊള്ളുകയും ചെയ്ത ചിന്തകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് മാര്‍ക്‌സിസ്റ്റുകളുടെ രീ തി. മാര്‍ക്‌സുതന്നെ ഇങ്ങനെ ചെയ്തു.
സ്വര്‍ഗത്തില്‍നിന്ന് മനുഷ്യകുലത്തിനുവേണ്ടി തീകൊണ്ടുവന്ന ഗ്രീക്കു പുരാണത്തിലെ പ്രൊമിത്യൂസ് ആയിരുന്നു മാര്‍ക്‌സിന്റെ നായകന്‍. ‘ഞാന്‍ ഈ ദൈവങ്ങളെയെല്ലാം വെറുക്കുന്നു’ എന്ന് പ്രൊമിത്യൂസിനെപ്പോലെ മാര്‍ക്‌സും തന്റെ ഡോക്ടറേറ്റ് തീസിസില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇതേ മാര്‍ക്‌സ് മാര്‍ക്‌സിസ്റ്റുകളുടെ ദൈവമായി മാറുന്നതാണ് പിന്നീട് ലോകം കണ്ടത്. മാര്‍ക്‌സിനെ വിമര്‍ശിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ ഒടുങ്ങാത്ത തീയും നുരയ്ക്കുന്ന പുഴുക്കളുമുള്ള നരകത്തില്‍ പതിക്കാന്‍ വിധിക്കപ്പെട്ടവരാണ് എന്ന വിശ്വാസമാണ് മാര്‍ക്‌സിസ്റ്റുകളെ നയിച്ചത്.
ഹര്‍ദയാലിന്റെ വാഴ്ത്തലുകള്‍
മാര്‍ക്‌സ് ഇന്ത്യയിലെത്തിയതും ദൈവമായിത്തന്നെയാണെന്നത് ഒരു വിരോധാഭാസമായി തോന്നാം. മാര്‍ ക്‌സിന്റെ ജീവചരിത്രം 1912 ല്‍ ആദ്യമായി എഴുതിയ ലാല ഹര്‍ദയാല്‍ ചെയ്തതും ഇതുതന്നെ. ‘മോഡേണ്‍ റിവ്യൂ’ മാസികയില്‍ ഹര്‍ദയാല്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘കാറല്‍ മാര്‍ക്‌സ്-ആധുനിക ഋഷി’ എന്നായിരുന്നു. ” ഈ ചെറിയ പ്രബന്ധത്തില്‍ യുവഭാരതത്തോട് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു മഹാനായ യൂറോപ്യന്‍ ഋഷിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്. ഒരു സന്ന്യാസിയും ഋഷിയുമായ ഈ മനുഷ്യനെ പാശ്ചാത്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാര്‍ ആരാധിക്കുന്നു”(25) എന്നായിരുന്നു ഹര്‍ദയാലിന്റെ മഹത്വവല്‍ക്കരണം. ചരിത്രപരമായ ഭൗതികവാദം, വര്‍ഗസമരം, മിച്ചമൂല്യ സിദ്ധാന്തം, സാമൂഹ്യ സ്വത്തുടമസ്ഥത എന്നീ മാര്‍ക്‌സിയന്‍ തത്വങ്ങളെക്കുറിച്ച് പഠിച്ച ഹര്‍ദയാല്‍ ആദ്യത്തെ മൂന്നും തള്ളിക്കളയുകയായിരുന്നു. അമേരിക്കയിലെ ഗദ്ദര്‍ വിപ്ലവകാരികളെ കമ്യൂണിസം പഠിപ്പിച്ച ഹര്‍ദയാല്‍ പിന്നീട് ആത്മീയതയിലേക്ക് അടുത്തു. ”ഈ സിദ്ധാന്തങ്ങള്‍ക്കൊന്നും (മാര്‍ക്‌സിസം) ഞാന്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. അവ ഏകപക്ഷീയവും കുറവുകളുള്ളതുമാണ്” എന്നു ഹര്‍ദയാല്‍ വിലയിരുത്തിയിട്ടുണ്ടെങ്കിലും മാര്‍ക്‌സിനെ ഋഷിയാക്കിയെന്ന കുറ്റം ചെയ്തു കഴിഞ്ഞിരുന്നു.
മാര്‍ക്‌സിനെ മഹാനായ ചിന്തകനായല്ല, ദൈവിക പരിവേഷത്തോടെയാണ് മലയാളികള്‍ കണ്ടത്. വിരുദ്ധാ ഭിപ്രായമുള്ളവരൊക്കെ വിവരദോഷികളും പുരോഗമനവിരുദ്ധരും മാനവരാശിയുടെ ശത്രുക്കളുമായി. കെ.ദാമോദരനെപ്പോലുള്ള മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ മാര്‍ക്‌സിനെ മലയാളികള്‍ക്കിടയില്‍ അവതരിപ്പിച്ചതും അതിമാനുഷന്റെ പരിവേഷം നല്‍കിയാണ്. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് എഴുത്തുകാര്‍ ഈശ്വരനും മുകളില്‍ നില്‍ക്കുന്ന രക്ഷകന്റെ സ്ഥാനം മാര്‍ക്‌സിനു നല്‍കി! മാനവരാശിയുടെ ഒരേയൊരു മോചകന്‍ മാര്‍ക്‌സാണെന്നു പറയാന്‍ ഇവര്‍ മടിച്ചില്ല. എന്നാല്‍ മാര്‍ക്‌സിന്റെ തെറ്റുകളും കുറവുകളും അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ മറ്റൊരു നിലപാടെടുക്കും. ‘മാര്‍ക്‌സ് ദൈവമൊന്നുമായിരുന്നില്ല, ദൗര്‍ബല്യങ്ങളൊക്കെയുള്ള പച്ചമനുഷ്യനാണ്’ എന്നായിരിക്കും അപ്പോള്‍ പറയുക.
കാറല്‍ മാര്‍ക്‌സിനെ മൗലികചിന്തകനായി അവതരിപ്പിച്ചവര്‍ മാര്‍ക്‌സ് കടംകൊണ്ട ആശയങ്ങളുടെ നേര്‍ക്ക് ബോധപൂര്‍വം കണ്ണടയ്ക്കുകയായിരുന്നു. അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണില്‍ ഇന്ത്യയെക്കുറിച്ച് മാര്‍ക്‌സിന്റെ പേരില്‍ വന്ന പല ലേഖനങ്ങളും ഏംഗല്‍സ് എഴുതിയതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിന്റെ ആശയങ്ങളല്ല, സ്വന്തം ആശയങ്ങളാണ് ഏംഗല്‍സ് എഴുതിയത്. എന്നിട്ടും ഇത് തന്റെ പേരില്‍ അച്ചടിക്കുന്നതില്‍ മാര്‍ക്‌സിന് യാതൊരു വൈമുഖ്യവും തോന്നിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
കടംകൊണ്ട കമ്യൂണിസം
മാര്‍ക്‌സിന്റെ വിഖ്യാതമായ ചില വരികള്‍ മാര്‍ക്‌സിസ്റ്റുകളെയും മാര്‍ക്‌സിസ്റ്റുവിരുദ്ധരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്. അതിലൊന്നാണ് ”തൊഴിലാളികള്‍ക്ക് അവരുടെ കൈവിലങ്ങുകളല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല” എന്നത്. മാര്‍ക്‌സിസത്തിന്റെ ചരിത്രത്തിലുടനീളം മുദ്രാവാക്യമായും വിപ്ലവഗാനങ്ങളായും മുഴങ്ങിക്കേട്ട വാക്യമാണിത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാവായിരുന്ന ജീന്‍ പോള്‍ മാരറ്റിന്റേതാണ് ഈ വരികള്‍ എന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന മാരറ്റ് തന്റെ ആശയങ്ങള്‍ നന്നായി പ്രചരിപ്പിച്ചു. ഇതില്‍നിന്ന് യാതൊരു മടിയുമില്ലാതെ മാര്‍ക്‌സ് ചിലത് സ്വീകരിക്കുകയായിരുന്നു. മാര്‍ക്‌സിന്റെതായി ലോകം ഏറ്റുവിളിച്ച മറ്റൊരു വാക്യമാണ് ‘സര്‍വ്വ രാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍’ എന്നത്. ഇതും മാര്‍ക്‌സിന്റെതായിരുന്നില്ല. ജര്‍മന്‍ തൊഴിലാളി നേതാവ് കാള്‍ സ്‌കാപ്പര്‍ ആണ് ആദ്യമായി ഇങ്ങനെയൊരു ആഹ്വാനം നടത്തിയത്. മാര്‍ക്‌സിസത്തിന്റെ പരമമായ തത്വമാണല്ലോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം. ‘ക്രിട്ടിക് ഓഫ് ഗോഥ പ്രോഗ്രാം’ എന്ന കൃതിയിലാണ് മാര്‍ക്‌സ് ഇത് അവതരിപ്പിക്കുന്നത്. എന്നാല്‍ ഫ്രഞ്ച് സോഷ്യലിസ്റ്റായ ലൂയിസ് അഗസ്റ്റിനാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മറ്റ് കൃതികളിലും സ്വന്തം വാദഗതികള്‍ സ്ഥാപിച്ചെടുക്കാന്‍ മാര്‍ക്‌സ് മറ്റുള്ളവരുടെ ആശയങ്ങള്‍ കട്ടെടുക്കുകയായിരുന്നു.
മാര്‍ക്‌സിന്റെ ആശയങ്ങളിലേക്ക് കടക്കുമ്പോഴും ഇത്തരം അപഹരണങ്ങള്‍ ധാരാളമായി കാണാം. പക്ഷേ ആശയങ്ങളുടെ ലോകത്തെ അതിമാനുഷനായി മാര്‍ക്‌സിനെ നിലനിര്‍ ത്താന്‍ വ്യഗ്രതപൂണ്ട മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍ക്ക് മാര്‍ക്‌സിന്റെ ഈയൊരു സ്വഭാവത്തില്‍ വലിയ വേവലാതിയൊന്നുമില്ലായിരുന്നു. അവര്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചു. എല്ലാം മാര്‍ക്‌സിലൂടെയാണ് സംഭവിച്ചത് എന്നുവരുത്താന്‍ അവര്‍ക്ക് ഇത് ആവശ്യവുമായിരുന്നു. ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളും അവരില്‍പ്പെടുന്ന മലയാളികളും ഈ വഴിക്കാണ് സഞ്ചരിച്ചത്. മാര്‍ക്‌സിസത്തില്‍ ചില മൗനമേഖലകളുണ്ടെന്ന് ചിലര്‍ മടിയോടെയും പേടിയോടെയും പറയാന്‍ തുടങ്ങിയത് വളരെക്കഴിഞ്ഞാണ്. അപ്പോഴേക്കും മാര്‍ക്‌സിസവും കമ്യൂണിസ്റ്റ് വ്യവസ്ഥിതിയുമൊക്കെ മനുഷ്യപ്രകൃതത്തിനു ചേര്‍ന്നതല്ലെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
സമ്പാദ്യം തുല്യമായി വീതിക്കപ്പെടണമെന്നതുപോലുള്ള സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രാചീനകാലത്തു തന്നെയുണ്ട്. ആദിമ ക്രൈസ്തവര്‍ക്കിടയില്‍ കമ്മ്യൂണ്‍ രീതി ഉണ്ടായിരുന്നതായി ചില ക്രൈസ്തവ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആര്‍ക്കി ബ്രൗണ്‍ എഴുതിയ ‘റൈസ് ആന്‍ഡ് ഫാള്‍ ഓഫ് കമ്യൂണിസം’ എന്ന ഗ്രന്ഥത്തില്‍ ഇതു സംബന്ധിച്ച ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ”പ്രകൃതി എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കുമായാണ് നല്‍കിയിട്ടുള്ളത്. അവ പൊതുവായി സൂക്ഷിക്കണം. ഭക്ഷണം എല്ലാവര്‍ക്കും ലഭിക്കുന്നതിനായി എല്ലാം ഉല്‍പ്പാദിപ്പിക്കാന്‍ ദൈവം കല്‍പ്പിച്ചിരിക്കുന്നു. ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പ്രകൃതി സൃഷ്ടിച്ചിട്ടുള്ളത് പൊതു അവകാശമാണ്. ശീലംകൊണ്ടാണ് സ്വകാര്യ അവകാശമുണ്ടായത്”(26) എന്ന് എഡി നാലാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ജീവിച്ചിരുന്ന സെന്റ് ആംബ്രോസ് പറഞ്ഞിട്ടുള്ളതായി ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പതിനാലാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ജോണ്‍ ബോള്‍ എന്നയാളെ കര്‍ഷകലാപം ഇളക്കിവിട്ടതിന് വധശിക്ഷയ്ക്ക് വിധേയനാക്കുകയുണ്ടായി. ”ചരക്കുകളെല്ലാം പൊതുവാകുന്നതുവരെയും, അടിമകളും മാന്യന്മാരുമെന്ന ഭേദം ഇല്ലാതായി നമ്മളൊക്കെ തുല്യരാകുന്നതുവരെയും ഇംഗ്ലണ്ടില്‍ കാര്യങ്ങളൊന്നും നേരെയാകാന്‍ പോകുന്നില്ല” എന്നാണ് ജോണ്‍ ബോള്‍ പറഞ്ഞത്. പതിനാറാം നൂറ്റാണ്ടില്‍ പ്രഭുക്കന്മാര്‍ക്കെതിരെ കര്‍ഷക സമരത്തിന് ആഹ്വാനം നല്‍കിയ തോമസ് മുണ്ട്‌സറും രക്തസാക്ഷിയായി.
1516 ല്‍ തോമസ് മൂര്‍ ഉട്ട്യോപ്യ എന്ന കൃതിയിലൂടെ വ്യവസ്ഥാപിതമായ കമ്യൂണിസ്റ്റ് സമൂഹം വിഭാവനം ചെയ്തു. ഈ ആദര്‍ശ വ്യവസ്ഥിതിക്ക് മൂര്‍ നല്‍കിയ പേരായിരുന്നു ഉട്ട്യോപ്യ. ”സ്വകാര്യ സ്വത്ത് ഇല്ലാതാക്കുന്നതുവരെ ചരക്കുകള്‍ ശരിയായി വിതരണം ചെയ്യാനോ സമൂഹത്തെ തൃപ്തികരമായി സംഘടിപ്പിക്കാനോ കഴിയില്ല”(27) എന്നാണ് ഇംഗ്ലണ്ടില്‍ ഹെന്റി എട്ടാമന്റെ കാലത്ത് ജീവിച്ചിരുന്ന മൂര്‍ പ്രഖ്യാപിച്ചത്. സ്‌പെയിന്‍കാരനായ തോമസോ ക്യാംപനല്ല ആണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെക്കുറിച്ച് ചിന്തിച്ച മറ്റൊരാള്‍. സ്പാനിഷ് തടവറയില്‍ കിടന്നുകൊണ്ട് തോമസോ എഴുതിയ ‘ദി സിറ്റ് ഓഫ് ദി സണ്‍’ എന്ന പുസ്തകത്തില്‍ ”കുടുംബങ്ങളാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍ പ്രധാന തടസ്സം” എന്നു പ്രഖ്യാപിക്കുന്നു. ജോലി സമയം നാല് ദിവസമായി ചുരുക്കണമെന്നും, മറ്റ് ദിവസങ്ങളിലേറെയും വിനോദത്തിന് ചെലവഴിക്കണമെന്നും തോമസോ പറയുന്നുണ്ട്.
മാര്‍ക്‌സിന്റെ മുന്‍ഗാമികള്‍
പ്രൊമിത്യൂസ് സ്വര്‍ഗത്തില്‍നിന്ന് തീ കൊണ്ടുവന്നതുപോലെ സോഷ്യലിസം, കമ്യൂണിസം എന്നീ ആശയങ്ങള്‍ കാറല്‍ മാര്‍ക്‌സ് ഭൂമിയിലേക്ക് കൊണ്ടുവന്നു എന്ന പൊതുധാരണ സൃഷ്ടിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് ആശയങ്ങളും മാര്‍ക്‌സ് ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കുമുന്‍പു തന്നെ പ്രചാരത്തിലുള്ളതാണ്. ഇതു സംബന്ധിച്ച ആധികാരികവും അനിഷേധ്യവുമായ വസ്തുതകള്‍ ആര്‍ക്കും ലഭ്യമായിരുന്നു. പല ചിന്തകന്മാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. പക്ഷേ സംഘടിതമായ പ്രചാരവേലയിലൂടെ ഇതൊക്കെ തമസ്‌കരിക്കാനും, സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പേറ്റന്റ് ആചാര്യനായ മാര്‍ക്‌സിന് നല്‍കാനും അനുയായികള്‍ക്ക് കഴിഞ്ഞു.
സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ചിന്താഗതിക്ക് അടിത്തറയിട്ടത് മാര്‍ക്‌സാണെന്നു പറയുന്നത് തീര്‍ത്തും തെറ്റാണ്. മാര്‍ക്‌സിനും ഏഴ് പതിറ്റാണ്ടു മുന്‍പ് ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്തുതന്നെ (1789) ഈ ആശയം പ്രചാരത്തിലുണ്ടെന്നു മാത്രമല്ല, പ്രാവര്‍ത്തികമാക്കാനും ശ്രമങ്ങള്‍ നടന്നു. ദാരിദ്ര്യത്തിനും അസമത്വത്തിനും പരിഹാരം കാണാനുള്ള വഴികള്‍ മാര്‍ക്‌സിനു മുന്‍പുമുതല്‍ ബുദ്ധിജീവികള്‍ ആരായാന്‍ തുടങ്ങിയതാണ്. പൊതു ഉടമസ്ഥതയെക്കുറിച്ചുള്ള ചിന്തയും അവര്‍ മുന്നോട്ടുവച്ചിരുന്നു. മതസങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് പുരോഗമനപരമായ സമൂഹം സൃഷ്ടിക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തു.
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രേരണാസ്രോതസ്സായി അറിയപ്പെടുന്ന റൂസോ (1712-1788) ആയിരുന്നു ഇവരിലൊരാള്‍. സ്വകാര്യസ്വത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും, പുരോഗമന സമൂഹ നിര്‍മിതിക്ക് എതിരാണ് അതെന്ന് ചിന്തിക്കുകയും ചെയ്തയാളായിരുന്നു റൂസോ. ഇത് നേടിയെടുക്കാന്‍ വേണ്ടിയായിരുന്നു ഫ്രഞ്ച് വിപ്ലവം. മാര്‍ക്‌സിസ്റ്റുകളെപ്പോലെ സ്വകാര്യസ്വത്ത് ഉന്മൂലനം ചെയ്യണമെന്ന് റൂസോ പറഞ്ഞില്ലെന്നുമാത്രം. ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരിയായി കരുതപ്പെടുന്ന ഫ്രാങ്കോയിസ് നോയല്‍ ബാബേഫ് (1760-1797) ആയിരുന്നു മറ്റൊരാള്‍. അരാജകവാദിയെന്ന് മുദ്രകുത്തപ്പെട്ട ബാബേഫ് ഒടുവില്‍ അതിന്റെ രക്തസാക്ഷിയുമായി. സ്വകാര്യ സ്വത്ത് ഇല്ലാതാക്കി സമ്പൂര്‍ണ സമത്വം സ്ഥാപിക്കാനാണ് ബാബേഫ് ആഹ്വാനം ചെയ്തത്. ഫ്രഞ്ച് ഭരണകൂടത്തെ അക്രമാസക്തമായി പുറന്തള്ളണമെന്നും ബാബേഫ് പരസ്യമായി ആവശ്യപ്പെട്ടു. ‘സമത്വവാദികളുടെ സമൂഹം’ എന്നാണ് ബാബേഫിന്റെ അനുയായികള്‍ അറിയപ്പെട്ടത്. ഭരണകൂടത്തിനെ മറിച്ചിടാന്‍ ഇക്കൂട്ടര്‍ നടത്തിയ സമരം പരാജയപ്പെടുകയും, ബാബേഫിനെ തൂക്കിലേറ്റുകയും ചെയ്തു.
സോഷ്യലിസ്റ്റ് ചിന്താഗതി പ്രചരിപ്പിച്ച മറ്റൊരാള്‍ ഫ്രഞ്ച് തത്വചിന്തകനായ ഹെന്റി ജി. സിമോണ്‍ (1760-1825) ആയിരുന്നു. പാവങ്ങളെ സഹായിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നാണ് സിമോണ്‍ ചിന്തിച്ചത്. പക്ഷേ വര്‍ഗശത്രുതയില്‍ വിശ്വസിച്ചില്ല. ഉല്‍പ്പാദനരംഗത്ത് ഒരുമിച്ചുനില്‍ക്കുന്നവരായാണ് മുതലാളിമാരെയും തൊഴിലാളികളെയും സിമോണ്‍ കണ്ടത്. മറുഭാഗത്ത് മടിയന്മാരായ പ്രഭുക്കളും. തുടര്‍ച്ചയായ വ്യവസായവല്‍ക്കരണവും ശാസ്ത്രീയവികസനവും ദാരിദ്ര്യവും യുദ്ധവും അവസാനിപ്പിക്കുമെന്ന് സിമോണ്‍ വിശ്വസിച്ചു. സിമോണിന്റെ മരണശേഷം അനുയായികള്‍ സാഹോദര്യവും സ്‌നേഹവും സമത്വവും പുലരുന്ന ഒരു സമൂഹം സ്ഥാപിക്കുകയും ചെയ്തു. സ്ത്രീ-പുരുഷ സമത്വവും ഇവര്‍ അംഗീകരിച്ചു. വിലക്കുകളില്ലാത്ത സ്‌നേഹം പുലര്‍ത്തുന്ന ഒരു ആത്മീയ കൂട്ടായ്മയ്ക്ക് ഇവര്‍ രൂപംനല്‍കിയെങ്കിലും ഭരണകൂടം അത് നിരോധിക്കുകയായിരുന്നു.
കമ്മ്യൂണ്‍ ജീവിതത്തെക്കുറിച്ച് ചിന്തിച്ച മറ്റൊരാള്‍ ഫ്രഞ്ച് തത്വചിന്തകന്‍ ചാള്‍സ് ഫൂരിയര്‍ (1772-1877) ആയിരുന്നു. ഒരു കമ്മ്യൂണില്‍ പരമാവധി 1600 പേര്‍. വ്യത്യസ്ത മതസമുദായങ്ങളുടെ സഹകരണത്തിലൂടെ ആധുനിക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഫ്യൂരിയര്‍ ചിന്തിച്ചു. ഭരണകൂടങ്ങളുമായി സഹകരിക്കണമെന്നതായിരുന്നു നയം. സ്ത്രീകള്‍ വീടുകളില്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരെ പുറത്തുകൊണ്ടുവരണം. 1837ല്‍ ഫെമിനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ഫ്യൂരിയര്‍ യൂറോപ്പില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ അമേരിക്കന്‍ നഗരങ്ങളില്‍ തന്റെ ആശയങ്ങള്‍ക്കനുസൃതമായ കമ്മ്യൂണുകള്‍ സ്ഥാപിച്ചു.
യൂറോപ്പില്‍ ആദ്യമായി തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ട ബ്രിട്ടീഷ് സാമൂഹ്യപരിഷ്‌കര്‍ത്താവായ റോബര്‍ട്ട് ഓവന്‍ (1771-1888) ആണ് മാര്‍ക്‌സിന്റെ മറ്റൊരു മുന്‍ഗാമി. ഒരുദിവസത്തെ അധ്വാനം, വിനോദം, വിശ്രമം എന്നിവയ്ക്കുവേണ്ടി എട്ട് മണിക്കൂര്‍ വീതമുള്ള മൂന്നുഭാഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ടയാള്‍. പതിറ്റാണ്ടുകള്‍ വേണ്ടിവന്നു ഇത് യാഥാര്‍ത്ഥ്യമാവാന്‍. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുവേണ്ടിയും, കുട്ടികളുടെ സൗജന്യവിദ്യാഭ്യാസത്തിനുവേണ്ടിയും ഓവന്‍ വാദിച്ചു. ഈ ആശയങ്ങള്‍ക്ക് വളരെയധികം സ്വീകാര്യത ലഭിക്കുകയും, ഇതനുസരിച്ചുള്ള കൂട്ടായ്മകള്‍ അമേരിക്കയിലും ബ്രിട്ടനിലും നിലവില്‍ വരികയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവന്‍ അമേരിക്കയിലെ ഇത്തരമൊരു കൂട്ടായ്മയില്‍ ഓവന്‍ നിക്ഷേപിക്കുകയായിരുന്നു. ഭാരത നവോത്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ ബംഗാളിലെ രാജാറാം മോഹന്‍ റോയ് 1833ല്‍ ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ റോബര്‍ട്ട് ഓവനുമായി കൂടിക്കാഴ്ച നടത്തുകയും, ആശയങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.(28)
കമ്മ്യൂണിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചയാളാണ് എറ്റീന്‍ കാബെ (1788-1856) എന്ന ഫ്രഞ്ച് കമ്മ്യൂണിസ്റ്റ്. ‘ഇക്കാറിയ’ എന്നു പേരിട്ട് സ്വതന്ത്ര കമ്മ്യൂണുകള്‍ സ്ഥാപിച്ച കാബേ സ്വകാര്യസ്വത്ത് നിഷേധിച്ച് എല്ലാ ഉല്‍പ്പന്നങ്ങളും പൊതു ഉടമസ്ഥതയിലാക്കി. പക്ഷേ സായുധ വിപ്ലവത്തിന് എതിരായിരുന്നു. അമേരിക്കയിലേക്കു കുടിയേറി മിസൗറി, അയോവ, കാലിഫോര്‍ണിയ എന്നീ നഗരങ്ങളില്‍ സ്ഥാപിച്ച കമ്മ്യൂണുകള്‍ 1895 വരെ നിലനിന്നു.
പ്രൂദോന്‍ പറഞ്ഞത്
ആദ്യ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെടുന്നയാളാണ് വില്‍ഹെം വെറ്റ്‌ലിംഗ് (1808-1871). കമ്മ്യൂണിസത്തിന്റെ ആദ്യ പ്രചാരകന്മാരില്‍ ഒരാളും, രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. യൂറോപ്പില്‍ സൈദ്ധാന്തികനായി പേരെടുത്തശേഷം അമേരിക്കയിലേക്ക് കുടിയേറി. ആധുനിക കമ്മ്യൂണിസത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് പറയുമ്പോള്‍ വില്‍ഹെമിന്റെ പേര് പെട്ടെന്ന് ഓര്‍ക്കാറില്ലെങ്കിലും ‘ജര്‍മന്‍ കമ്മ്യൂണിസത്തിന്റെ സ്ഥാപകന്‍’ എന്നാണ് ഏംഗല്‍സ് വിശേഷിപ്പിച്ചിട്ടുള്ളത്. വില്‍ഹെം സ്ഥാപിച്ച ‘ലീഗ് ഓഫ് ജസ്റ്റ്’ എന്ന സംഘടനയില്‍ മാര്‍ക്‌സും ഏംഗല്‍സും അംഗമായിരുന്നു. ഇതാണ് പിന്നീട് കമ്മ്യൂണിസ്റ്റ് ലീഗായി മാറിയത്. ഒന്നാം ഇന്റര്‍നാഷണലിന്റെ പ്രഖ്യാപനങ്ങളില്‍ ഒപ്പുവച്ചയാളുമായിരുന്നു വില്‍ഹെം. താഴെത്തട്ടില്‍നിന്ന് വളര്‍ന്നുവന്ന് മികച്ച നിക്ഷേപകനായി മാറിയ വില്‍ഹെം, മാര്‍ക്‌സുമായി ആശയപരമായ ഏറ്റുമുട്ടല്‍ നടത്തിയിട്ടുള്ളയാളുമാണ്.
ശാസ്ത്രീയ സോഷ്യലിസം എന്ന പദപ്രയോഗം ആദ്യമായി നടത്തിയ പിയര്‍ ജോസഫ് പ്രൂദോന്‍ (1809-1865) സോഷ്യലിസത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു. ജനകീയ ബാങ്ക് സ്ഥാപിച്ച് ഉല്‍പ്പാദനോപകരണങ്ങള്‍ വാങ്ങാന്‍ തൊഴിലാളികള്‍ക്ക് വായ്പ നല്‍കുകയും, അവരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വിറ്റഴിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യമില്ലാതെ ചെറുകിട സ്വത്തുടമസ്ഥത അനുവദിക്കുകയും, ചൂഷണം ഒഴിവാക്കി മുതലാളിത്തത്തിന് ബദല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സാമൂഹ്യ മൈത്രി ആണ് സ്വാഭാവിക വ്യവസ്ഥ എന്നു വിശ്വസിച്ച പ്രൂദോന്‍ മുതലാളിത്ത സമ്പദ്ഘടന ഇതിന് തടസ്സമാണെന്നും പറഞ്ഞു.
മാര്‍ക്‌സിനും മുന്‍പ് കുറഞ്ഞത് പതിനഞ്ച് നൂറ്റാണ്ടെങ്കിലും പ്രചാരത്തിലുണ്ടായിരുന്ന ആശയമാണ് സോഷ്യലിസവും കമ്മ്യൂണിസവും. ആശയങ്ങളെന്നതിനുപരി ഇവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യനിര്‍മിതികള്‍ക്കും ശ്രമങ്ങള്‍ നടന്നു. സംഘടനകളും യൂണിയനുകളുമുണ്ടായി. മുതലാളിത്തത്തിനെതിരായി പ്രക്ഷോഭങ്ങളും കലാപങ്ങളും വിപ്ലവങ്ങളും നടന്നു. ഈ ചരിത്രപശ്ചാത്തലത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മാര്‍ക്‌സും ഏംഗല്‍സും സോഷ്യലിസത്തെക്കുറിച്ച് ചിന്തിച്ചതും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് രൂപംനല്‍കിയതും. ഇതിലാകട്ടെ മുന്‍ഗാമികളുടെ ആശയങ്ങള്‍ അതേപടി, ചിലപ്പോഴൊക്കെ വാക്കുകള്‍ക്കുപോലും മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഫ്യൂഡല്‍ സോഷ്യലിസം, ബൂര്‍ഷ്വാ സോഷ്യലിസം, പെറ്റിബൂര്‍ഷ്വാ സോഷ്യലിസം, ഉട്ടോപ്യന്‍ സോഷ്യലിസം എന്നൊക്കെ പരിഹസിക്കുകയും വിമര്‍ശിക്കുകയുമാണ് മാര്‍ക്‌സ് ചെയ്യുന്നത്. പ്രൂദോനിന്റെ ‘Philosophy of Poverty'(‘(ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം) എന്ന ഗ്രന്ഥത്തെ പരിഹസിക്കാന്‍ ‘Poverty of Philosophy’ (തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം) എന്നൊരു പുസ്തകം തന്നെ മാര്‍ക്‌സ് എഴുതി. വ്യത്യസ്ത അഭിപ്രായമുള്ളവരോട് മാന്യമായി വിയോജിക്കുന്നതിനു പകരം അവരെ അസഹിഷ്ണുതയോടെ കടന്നാക്രമിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റുകളുടെ രീതിക്ക് തുടക്കമിട്ടത് മാര്‍ക്‌സു തന്നെയാണ്. ഗുരുനാഥനായ ഹേഗലിനും ഇത് അനുഭവിക്കേണ്ടിവന്നു.
(തുടരും)
To read part 3 visit https://kesariweekly.com/31659
അടിക്കുറിപ്പുകള്‍:
25. Marx Comes To India, P.C. Joshy- K.Damodaran, Manoher Book Service, 1975.
26. Rise and Fall of Communism, Archie Brown.
27. Utopia, Thomas More
28. Marx Comes To India, P.C. Joshy- K.Damodaran, Manoher Book Service, 1975.