ശിവന്‍കുട്ടി സഖാവ് വിദ്യാഭ്യാസമന്ത്രിയായ കാലത്തെക്കുറിച്ച് പഠിക്കാന്‍ വിദേശത്തു നിന്നു ഗവേഷക സംഘം വരുന്നു എന്നു ചില ട്രോളര്‍മാര്‍ കുശുമ്പുപറയുന്നുണ്ട്. ഇടതു സര്‍ക്കാരിന്റെ നവോത്ഥാന വിപ്ലവവും വിദ്യാഭ്യാസ കരിക്കുലം പരിഷ്‌കാരവും വിദേശികള്‍ പഠിക്കേണ്ടതല്ലേ? സ്‌കൂള്‍ കുട്ടികള്‍ ഒന്നാം ക്ലാസില്‍ തന്നെ പഠിക്കേണ്ട ഒരു പാഠമുണ്ട്. അമ്മക്കോഴിയുടെയും കുഞ്ഞുങ്ങളുടെയും കഥ. പരുന്തിനും കഴുകനും കൊടുക്കാതെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്ന തള്ളക്കോഴി വികൃതി കാട്ടുന്ന കുഞ്ഞുങ്ങളെ ചിലപ്പോഴൊന്നു കൊത്തും. പിന്നെ താലോലിക്കും. അമ്മ ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല എന്നാണ് പഴഞ്ചൊല്ല്.
ഈ കഥ പഴഞ്ചന്‍ രീതിയില്‍ പഠിപ്പിക്കരുത്. മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കണം. അമ്മക്കോഴി ഇടത് ഭരണത്തിലെ ആഭ്യന്തരവകുപ്പ്. കോഴിക്കുഞ്ഞുങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടും. പോലീസിലും അഗ്‌നിശമന സേനയിലും പെട്ടവരെ വെച്ചാണ് അമ്മക്കോഴി കുട്ടികളെ പരിശീലിപ്പിക്കുന്നത്. സംഗതി വിവാദമായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ അതാണ് അമ്മക്കോഴിയുടെ ശിക്ഷ. ഏഴു മാസം കഴിഞ്ഞപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അത് അമ്മക്കോഴിയുടെ വാത്സല്യം. പി.എഫ്.ഐ നിരോധനത്തില്‍ പ്രതിഷേധിച്ച് കുഞ്ഞിക്കോഴികള്‍ ചെറിയ വികൃതി കാട്ടി. ഏതാനും കെ.എസ്.ആര്‍.ടി.സി. ബസ് തകര്‍ത്തു. മറ്റു കൈക്രിയ വേറെയും. വെറും 5.25 കോടിയുടെ നഷ്ടം. അമ്മക്കോഴി കുഴപ്പം കാണിച്ച കുട്ടികളെ അറസ്റ്റു ചെയ്തു. നഷ്ടപരിഹാരം അവരില്‍ നിന്നും ഈ ടാക്കാന്‍ ഹൈക്കോടതി പറഞ്ഞിട്ടും അമ്മക്കോഴിയുടെ വാത്സല്യം അതിനു സമ്മതിച്ചില്ല. അമിത് ഷായുടെ എന്‍.ഐ. എ പരുന്തുകള്‍ കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടുപോകാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കയാണ് അമ്മക്കോഴി. സ്‌കൂള്‍കുട്ടികളെ നിങ്ങള്‍ ഇതു ഒന്നാം ക്ലാസുമുതല്‍ മന:പാഠമാക്കി പഠിക്കണേ!