ബ്രിട്ടീഷ് മുതലാളിത്തത്തിലെ അനീതികളെക്കുറിച്ച് ഗവേഷണം നടത്തിയ കാറല്‍ മാര്‍ക്‌സ് തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരികയുണ്ടായെന്നും, എന്നാല്‍ ഒരിക്കലും വേതനം നല്‍കാതിരുന്ന ഒരാളുടെ കാര്യം പറയാന്‍ മാര്‍ക്‌സ് മറന്നുപോയെന്നും ‘ദ ഇന്റലക്ച്വല്‍സ്’ എന്ന കൃതിയില്‍ പോള്‍ ജോണ്‍സണ്‍ പറയുന്നുണ്ട്. മാര്‍ക്‌സിന്റെ സ്വന്തം വീട്ടുവേലക്കാരിയായ ഹെലന്‍ ഡിമത്ത് ആയിരുന്നു അത്. കഠിനാദ്ധ്വാനിയായിരുന്ന അവര്‍ വീടുവൃത്തിയാക്കലും പാത്രം കഴുകലും മാത്രമല്ല ചെയ്തിരുന്നത്, മാര്‍ക്‌സിന്റെ കുടുംബ ബജറ്റും കൈകാര്യം ചെയ്തു. പക്ഷേ കൂലിയായി ഒരു പൈസ പോലും മാര്‍ക്‌സ് അവര്‍ക്ക് കൊടുത്തിരുന്നില്ല എന്നാണ് പോള്‍ ജോണ്‍സണ്‍ എഴുതിയിട്ടുള്ളത്. വേലക്കാരിയെന്നതിനുപരി ഒരു വെപ്പാട്ടിയെപ്പോലെയാണ് ഹെലന്‍ ഡിമത്തിനെ മാര്‍ക്‌സ് കണ്ടിരുന്നത്. അങ്ങേയറ്റത്തെ ദുരനുഭവങ്ങളാണ് മാര്‍ക്‌സില്‍നിന്ന് ഈ സ്ത്രീക്ക് നേരിടേണ്ടി വന്നത്. ഇതിനെക്കുറിച്ച് വിശദമായിത്തന്നെ ‘വിവേകാനന്ദനും മാര്‍ക്‌സും’ എന്ന പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഭാര്യ ജെന്നിയെ മാര്‍ക്‌സ് വളരെയധികം സ്‌നേഹിച്ചിരുന്നുവെങ്കിലും വൈവാഹിക ബന്ധത്തിന്റെ പവിത്രത മുഴുവന്‍ പാലിച്ചില്ല. ”സ്വന്തം ജീവിതം മുഴുവന്‍ മാര്‍ക്‌സിനു വേണ്ടി ഉഴിഞ്ഞുവയ്ക്കുക മാത്രമല്ല, അദ്ദേഹത്തെ ആരാധിക്കുകകൂടി ചെയ്ത ജെന്നി മാര്‍ക്‌സിനോട് മാര്‍ക്‌സ് സമ്പൂര്‍ണമായി കൂറുപുലര്‍ത്തിയിരുന്നു എന്നു പറഞ്ഞുകൂടാ. മാര്‍ക്‌സിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിതാപകരമാണെന്നറിഞ്ഞിട്ടുകൂടി പ്രഭുതുല്യമായ ജീവിതത്തിന്റെ ഉടമയായിരുന്ന ജെന്നി മാര്‍ക്‌സ്, മാര്‍ക്‌സിനെ വിവാഹം ചെയ്യാന്‍ വേണ്ടി അതെല്ലാം ഉപേക്ഷിച്ചു. ആ വിവാഹം അവര്‍ക്ക് മരണംവരെ ദുരിതവും ദാരിദ്ര്യവും മാത്രമേ പ്രദാനം ചെയ്തുള്ളൂ. പക്ഷേ അവര്‍ അതില്‍ പശ്ചാത്തപിച്ചില്ല. എന്നാല്‍ കലവറയില്ലാത്ത ഈ കൂറ് മാര്‍ക്‌സ് തിരിച്ചുകൊടുത്തില്ല. മറ്റു പല സംഭവങ്ങള്‍ക്കും പുറമെ തന്റെ വീട്ടുവേലക്കാരിയായിരുന്ന ഹെലന്‍ ഡിമത്ത് എന്ന സ്ത്രീയുമായി മാര്‍ക്‌സ് പുലര്‍ത്തിയ വിവാഹബാഹ്യ ബന്ധം നിരുപദ്രവമോ അക്ഷന്തവ്യമോ ആയി കണക്കാക്കിക്കൂടാ. അവളില്‍ മാര്‍ക്‌സിനുണ്ടായ പുത്രന്റെ നേര്‍ക്ക് മാര്‍ക്‌സ് പെരുമാറിയ രീതി ഒട്ടുംതന്നെ ഭൂഷണമായിരുന്നില്ല. മാര്‍ക്‌സ് അവനെ സ്വന്തം മകനായി കണക്കാക്കിയില്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ അവനോട് മോശമായി പെരുമാറുന്നതിന് അനുവദിക്കുകയും ചെയ്തു.”(15)
മാര്‍ക്‌സിന്റെ മകന് ഏംഗല്‍സിന്റെ പിതൃത്വം
‘കാറല്‍ മാര്‍ക്‌സ്-എ പൊളിറ്റിക്കല്‍ ബയോഗ്രഫി’ എഴുതിയ റൊഡോട്ട്‌സ് ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ”വീട്ടുവേലക്കാരിയായ ഹെലന്‍ ഡിമത്തില്‍ കാറല്‍ മാര്‍ക്‌സിന് ഒരു മകനുണ്ടായിരുന്നു… ശിഷ്യന്മാര്‍ക്കും വിഗ്രഹാരാധകന്മാര്‍ക്കും സന്തോഷമുളവാക്കുന്ന ഒരോര്‍മയല്ല ഇത്. ‘എന്തും ചെയ്യാം മഹതാം’ എന്നൊക്കെ പൊതുവെ പറയാറുള്ള ചൊല്ലുകൊണ്ട് സമാധാനിക്കാമായിരിക്കാം. ഫ്രെഡറിക് ഡിമത്ത് ശരിക്കും മാര്‍ക്‌സിന്റെ മകനായിരുന്നുവെങ്കില്‍-സമീപകാല ഗവേഷണങ്ങള്‍ ഈ വസ്തുത സംശയാതീതമായിത്തന്നെ തെളിയിച്ചിട്ടുണ്ട്്- നവമാനവ വര്‍ഗത്തിന്റെ ഈ പ്രവാചകന്‍ ഏതാണ്ടു ജീവിതകാലം മുഴുവന്‍ അസത്യത്തിന്റെ മറവിലാണ് ജീവിതം നയിച്ചത്. തന്നെ അതിജീവിച്ച തന്റെ ഏക പുത്രനെ അപമാനിക്കുകയും വേദനിപ്പിക്കുകയും പരസ്യമായി കയ്യൊഴിയുകയുമാണ് അദ്ദേഹം ചെയ്തത്”. (16)
ഹെന്‍ഡേഴ്‌സണ്‍ എഴുതിയ ഏംഗല്‍സിന്റെ ജീവചരിത്രത്തില്‍ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് മാര്‍ക്‌സിന്റെ കാപട്യത്തിനും ദുരഭിമാനത്തിനും തെളിവാണ്. ”പിന്നത്തെ കൊല്ലം പണത്തിന്റെ കുറവിനു പുറമെ മാര്‍ക്‌സിന് വേറെ കുഴപ്പങ്ങളുമുണ്ടായിരുന്നു. 1851 ജൂണ്‍ 23 ന്, വീട്ടുവേലക്കാരിയായിരുന്ന ഹെലന്‍ ഡിമത്ത് ഒരു കുട്ടിയെ പ്രസവിച്ചു. കുട്ടിയുടെ അച്ഛന്‍ മാര്‍ക്‌സല്ലാതെ മറ്റാരുമായിരുന്നില്ല. ‘1851 ല്‍ ഞങ്ങള്‍ക്ക് വ്യക്തിപരവും അല്ലാത്തതുമായ ക്ലേശങ്ങള്‍ക്ക് കാരണമായിത്തീര്‍ന്ന ഒരു സംഭവമുണ്ടായി. അതിനെക്കുറിച്ച് ഞാനിവിടെ വര്‍ണിക്കുന്നില്ല’ എന്ന് ജെന്നി മാര്‍ക്‌സ് അവളുടെ ഓര്‍മക്കുറിപ്പുകളില്‍ കുറിച്ചുവച്ചത് ഈ സംഭവത്തെക്കുറിച്ചാകാന്‍ വഴിയുണ്ട്. ഒരു മാന്യനായ മനുഷ്യന്‍ എന്ന തന്റെ സല്‍പ്പേര് നിലനിര്‍ത്തുവാന്‍ ദൃഢനിശ്ചയം ചെയ്തിരുന്നതുകൊണ്ട്, ഹെലന്‍ ഡിമത്തില്‍നിന്ന്് തടിതപ്പാന്‍ മാര്‍ക്‌സ് ഏംഗല്‍സിന്റെ സഹായം തേടി. ആ കുട്ടിയുടെ പിതൃത്വം ഏംഗല്‍സ് ഏറ്റെടുക്കണമെന്നായിരുന്നു മാര്‍ക്‌സിന്റെ ആവശ്യം. അതിനുവേണ്ടി ഏംഗല്‍സിന്റെ പേരിനോട്് ചേര്‍ത്തുവേണം കുട്ടിയെ നാമകരണം ചെയ്യേണ്ടതെന്നും മാര്‍ക്‌സ് ആഗ്രഹിച്ചു. ഏംഗല്‍സ് അതിന് സമ്മതിക്കുകയും ചെയ്തു. മാര്‍ക്‌സ് മരിച്ച സമയത്ത് ഹെലന്‍ ഡിമത്തിന്റെ കുട്ടിയെ സംബന്ധിച്ച് തങ്ങള്‍ നടത്തിയ കത്തിടപാടുകളെല്ലാം എംഗല്‍സ് നശിപ്പിച്ചുകളഞ്ഞു.”(17)
തനിക്ക് മാത്രമറിയാവുന്ന ഈ രഹസ്യം സ്വന്തം ചിതയിലേക്ക് കൊണ്ടുപോകാന്‍ ഏംഗല്‍സ് തയ്യാറായില്ല. ആ സത്യം വെളിപ്പെടുത്തുക തന്നെ ചെയ്തു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് മരണശയ്യയില്‍ കിടക്കുന്ന ഏംഗല്‍സിനെ മാര്‍ക്‌സിന്റെ മകള്‍ എലീനര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. രോഗത്തിന്റെ കാഠിന്യംകൊണ്ട് ഒന്നും സംസാരിക്കാന്‍ കഴിയാതിരുന്ന ഏംഗല്‍സ് ‘ഫ്രെഡി മാര്‍ക്‌സിന്റെ മകനാണ്’ എന്ന് ഒരു സ്ലേറ്റില്‍ എഴുതിക്കാണിക്കുകയായിരുന്നുവത്രേ.
ഹെലന്റെ സുഹൃത്തായിരുന്ന ലൂയിസ് ഫ്രഡറിനോടും ഏംഗല്‍സ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഫ്രെഡറിന്റെ ഒരു കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ”എനിക്ക് ഏംഗല്‍സില്‍നിന്ന് അറിയാന്‍ കഴിഞ്ഞത് ഫ്രെഡി, മാര്‍ക്‌സിന്റെ മകനാണെന്നാണ്. എലീനര്‍ ഇത് ശരിയല്ലെന്ന് പറഞ്ഞു. അതുകൊണ്ടുതന്നെ മരണശയ്യയില്‍ കിടക്കുന്ന ഏംഗല്‍സിനോട് സത്യാവസ്ഥ എന്താണെന്നു ചോദിച്ചു. അപ്പോഴദ്ദേഹം ഫ്രെഡി, മാര്‍ക്‌സിന്റെ മകനാണെന്നാണ് പറഞ്ഞത്.” കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് കാപ്പിറ്റലും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത സാമുവല്‍ മൂറിനോടും ഏംഗല്‍സ് മരിക്കുന്നതിന് അല്‍പ്പ ദിവസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. മൂര്‍ ഈ വിവരം എലീനറോട് പറഞ്ഞപ്പോഴും അവര്‍ വിശ്വസിച്ചില്ല. ഇതുകൊണ്ടുതന്നെയാവാം മരണശയ്യയില്‍ തന്നെ സന്ദര്‍ശിച്ച എലീനറോട് ഏംഗല്‍സുതന്നെ ഈ സത്യം അറിയിച്ചത്.
ഹെന്റി ഫ്രെഡറിക് ഡിമത്ത് എന്ന ആ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരും തൊഴിലും എഴുതിയിരുന്നില്ല. 1862 ല്‍ മാത്രമാണ് മാര്‍ക്‌സിന്റെ ഈ ലജ്ജാവഹമായ പെരുമാറ്റം പുറത്തുവന്നതെന്നും, മരണശയ്യയില്‍ കിടക്കുന്ന ഏംഗല്‍സ്, മാര്‍ക്‌സിന്റെ മകള്‍ എലീനറോട് ഇക്കാര്യം പറയുകയായിരുന്നുവെന്നും ഹെന്‍ഡേഴ്‌സനും രേഖപ്പെടുത്തിയിരിക്കുന്നു. മാര്‍ക്‌സ് എത്രമാത്രം ഹൃദയശൂന്യനായിരുന്നു എന്നുകൂടി ഈ സംഭവം തെളിയിക്കുന്നുണ്ട്. ”എന്നാല്‍ മാര്‍ക്‌സിനെപ്പോലൊരു വലിയ മനുഷ്യന്റെ സത്യസന്ധതയ്ക്ക് കളങ്കമേല്‍പ്പിച്ചത്, തന്റെ ജാരസന്തതിയുടെ നേര്‍ക്ക് അദ്ദേഹം കൈക്കൊണ്ട പെരുമാറ്റ രീതിയാണ്. പെറ്റുവീണ് അധികം കഴിയുന്നതിനു മുന്‍പ് പട്ടിണിക്കാരായ ലൂയി ദമ്പതിമാരുടെ ഒരു ഡ്രൈവര്‍ കുടുംബത്തെ കുട്ടിയെ വളര്‍ത്താന്‍ വേണ്ടി ഏല്‍പ്പിച്ചുകൊടുത്തു. മാര്‍ക്‌സ് കുട്ടിയെ സ്‌നേഹിച്ചിരുന്നില്ല. അപവാദഭയം മൂലം, ആ കുട്ടിക്കുവേണ്ടി യാതൊന്നും ചെയ്യാന്‍ മാര്‍ക്‌സ് കൂട്ടാക്കിയില്ല.”(18) ഹെലനോട് മാര്‍ക്‌സിന് അഗാധമായ സ്‌നേഹമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നുണ്ടെങ്കിലും സത്യം അതായിരുന്നില്ലെന്ന് വസ്തുതകള്‍ വിളിച്ചുപറയുന്നുണ്ട്.
ഫ്രെഡി ഒരു മികച്ച ലെയ്ത്ത് ഓപ്പറേറ്ററായിരുന്നു. തൊഴിലാളി പ്രവര്‍ത്തനവും ഉണ്ടായിരുന്നു. അമാല്‍ഗമേറ്റ്‌സ് എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ യൂണിയന്‍ നേതാവായി. ഹാക്കിനി ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്നു. 1929 ല്‍ മരിക്കുന്നതുവരെ സ്വന്തം പിതാവ് ആരായിരുന്നുവെന്ന് ഫ്രെഡറിന് അറിയില്ലായിരുന്നു. മാര്‍ക്‌സും പത്‌നിയും മക്കളുമെല്ലാം ദുരിതമനുഭവിച്ചുകൊണ്ടാണ് മരിച്ചത്. ഫ്രെഡിക്ക് മാത്രം ആ അനുഭവമുണ്ടായില്ല. മാര്‍ക്‌സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തില്‍ തന്നെ ഫ്രെഡിയുടെ അമ്മയായ ഹെലനെയും ഏംഗല്‍സിന്റെ നിര്‍ബന്ധപ്രകാരം അടക്കം ചെയ്തു എന്നത് പാപങ്ങള്‍ക്കൊന്നും പരിഹാരമാകുന്നില്ല.
മാര്‍ക്‌സ് മനഃസാക്ഷിക്കുത്തുള്ളവനായിരുന്നില്ല എന്നതിന് മറ്റു തെളിവുകളുമുണ്ട്. മാര്‍ക്‌സിന്റെ രണ്ടു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും രോഗം മൂലം അകാലത്തില്‍ മരിച്ചു. തന്റെ തനിപ്പകര്‍പ്പായിരുന്ന മകന്‍ എഡ്ഗര്‍ മാര്‍ക്‌സിന്റെ മരണത്തില്‍ മാര്‍ക്‌സ് ഏറെ ദുഃഖിതനായിരുന്നു. ഇതിനിടെ ഭാര്യ ജെന്നിയുടെ അമ്മാവന്‍ മരിച്ചത് മാര്‍ക്‌സിനെ സന്തോഷിപ്പിച്ചുവത്രേ. കാരണം അയാള്‍ ഒരു ധനവാനായിരുന്നു. അയാളുടെ സ്വത്തിന്റെ ഒരു ഭാഗം ജെന്നിക്കും ലഭിക്കും. ഇങ്ങനെ കിട്ടിയ പണംകൊണ്ട് ഒരു നല്ല വീട് വാടകയ്‌ക്കെടുത്ത് മാര്‍ക്‌സ് കുടുംബം അങ്ങോട്ടു മാറി.
മതം മാര്‍ക്‌സിനെയും മയക്കി!
മാര്‍ക്‌സിന്റെ മതവിമര്‍ശനം വിഖ്യാതമാണല്ലോ. ”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന പ്രഖ്യാപനം പോലെ ആവര്‍ത്തിക്കപ്പെട്ട വാക്യം അപൂര്‍വമാണ്. ഇത് വരട്ടുവാദമാണ് എന്ന വിമര്‍ശനം ഉയരുമ്പോഴൊക്കെ ”ആത്മാവില്ലാത്ത ലോകത്തെ ആത്മാവാണ്, മര്‍ദ്ദിതന്റെ നിശ്വാസമാണ് മതം” എന്നുകൂടി മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതായി മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാല്‍ മതത്തോടുള്ള മാര്‍ക്‌സിന്റെ അടിസ്ഥാനപരമായ സമീപനം നിഷേധാത്മകമായിരുന്നു. ‘മതമില്ലാത്ത ജീവന്‍’ ആയാണ് മാര്‍ക്‌സിനെ അനുയായികള്‍ പരിഗണിക്കാറുള്ളത്. ഇതൊക്കെയാണെങ്കിലും മാര്‍ക്‌സും കുടുംബവും പരമ്പരാഗതമായി ഏത് മതവിഭാഗക്കാരായിരുന്നു എന്നു ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിയാറില്ല. മാര്‍ക്‌സിന്റെ കുടുംബം ജൂതമതക്കാരായിരുന്നു. പിതാവുവഴിയും മാതാവു വഴിയും ജൂത പുരോഹിതന്മാരുള്ള കുടുംബമായിരുന്നു. എന്നാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുതല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വരെ ചരിത്രത്തില്‍ അറിയപ്പെടുന്ന ജൂതന്മാരുടെ നിരയില്‍ മാര്‍ക്‌സിനെ ഓര്‍ക്കാറില്ല. റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ (1917) ശില്‍പ്പികളിലൊരാളായ ലിയോണ്‍ ട്രോക്‌സി പോലും ജൂതനായി അറിയപ്പെടാറുണ്ട്. പ്രഷ്യയില്‍ (ഇന്നത്തെ ജര്‍മ്മനി) ജോലി ലഭിക്കുന്നതിനായി മാര്‍ക്‌സിന്റെ പിതാവ് ഹെഡറിക് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. ജൂതനായ മാര്‍ക്‌സ് അങ്ങനെ ആറാം വയസ്സില്‍ ജ്ഞാനസ്‌നാനത്തിലൂടെ ക്രൈസ്തവനായി മാറി. മതത്തിന്റെ കടുത്ത വിമര്‍ശകനായിരിക്കുമ്പോഴും മാര്‍ക്‌സിന്റെ തത്വചിന്തയിലും രചനാശൈലിയിലും ബൈബിള്‍ പഴയ നിയമത്തിന്റെ പ്രകടമായ സ്വാധീനമുള്ളതായി പല പാശ്ചാത്യ ചിന്തകരും കണ്ടെത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിലെ വിഗ്രഹഭഞ്ജക സ്വഭാവമുള്ള പദാവലികള്‍ ബൈബിള്‍ പഴയനിയമത്തിലെ ശാപവചസ്സുകളുമായി ഒരു താരതമ്യം സാധ്യമാണ്.
ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവരില്‍ പുതിയ മതത്തോടുള്ള ആവേശവും പഴയ മതത്തോടുള്ള വിപ്രതിപത്തിയും പ്രകടമാവാറുണ്ട്. കൂറും വിശ്വാസ്യതയും തെളിയിക്കുകയെന്ന മനഃശാസ്ത്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുക. തനിക്ക് അനഭിമതരായിത്തീര്‍ന്നവരെ വിമര്‍ശിക്കുമ്പോള്‍ മാര്‍ക്‌സിന്റെ ഈ മനോഭാവം ഒരു മറയുമില്ലാതെ പുറത്തുചാടി. ”തന്റെ അടുത്ത ആരാധകനും സുഹൃത്തുമായിരുന്ന ലസ്സലെ, മാര്‍ക്‌സിന്റെ കൃപാകടാക്ഷത്തില്‍ നിന്ന് പുറത്തായപ്പോള്‍ എത്ര നീചവും നിശിതവുമായ രീതിയിലാണ് അയാള്‍ക്കെതിരെ മാര്‍ക്‌സ് തൂലിക ചലിപ്പിച്ചതെന്ന് നോക്കൂ. ഏംഗല്‍സിനദ്ദേഹം എഴുതി: അയാളുടെ (ലെസ്സലെ) തലയുടെ രൂപവും മുടിയുടെ നിറവും കണ്ടപ്പോള്‍ തന്നെ എനിക്കു മനസ്സിലായി ഈജിപ്തില്‍നിന്ന് മോസസ്സിനെ അനുഗമിച്ച് പുറത്തുപോന്ന നീഗ്രോയുടെ സന്തതിയാണയാള്‍ എന്ന്. അല്ലെങ്കില്‍ അയാളുടെ അച്ഛന്റെയോ അമ്മയുടെയോ വകയില്‍പ്പെട്ട പൂര്‍വികരാരെങ്കിലും നീഗ്രോ ബന്ധമുള്ളവരായിരിക്കും. അയാളുടെ ഈ നീഗ്രോ പശ്ചാത്തലം, യഹൂദി-ജര്‍മ്മന്‍ പൈതൃകവുമായി കൂടിക്കലര്‍ന്നപ്പോള്‍ അതില്‍നിന്ന് ഇത്തരം വൈകൃതങ്ങള്‍ ഉത്ഭവിക്കുന്നത് സ്വാഭാവികമാണ്. അസഹ്യമായ അയാളുടെ ശല്യപ്പെടുത്തലും നീഗ്രോ സഹജമാണ്.”(19) ആര്‍ക്കും എങ്ങനെയും പെരുമാറാവുന്ന ഒരു സാധാരണ മനുഷ്യനായിരുന്നില്ല, പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രമുഖ ജര്‍മ്മന്‍ സോഷ്യലിസ്റ്റായിരുന്നു ഫെര്‍ഡിനാന്റ് ലെസ്സലെ എന്നുകൂടി ഓര്‍ക്കുക.
കറകളഞ്ഞ വംശീയ വിദ്വേഷമാണിതെന്ന്് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. മറ്റൊരു സന്ദര്‍ഭത്തിലും മാര്‍ക്‌സില്‍നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാവുന്നുണ്ട്. ”സ്വന്തം ആദര്‍ശങ്ങള്‍ക്കനുസരിച്ച്് ജീവിക്കുന്നതില്‍നിന്ന് മാര്‍ക്‌സ് പരാജയപ്പെട്ടതിന് മറ്റു കാരണങ്ങളും ഉണ്ട്. ജെന്നിയുമായുള്ള മാര്‍ക്‌സിന്റെ വിവാഹം പ്രേമവിവാഹമായിരുന്നു എന്നത് ചരിത്ര സത്യമാണ്. ധനികകുടുംബത്തില്‍ ജനിച്ച തന്റെ കാമുകിയുമായി മാര്‍ക്‌സ് കുടുംബത്തിന് സാമ്പത്തികമായി സമാന നിലയില്ലായിരുന്നു. എന്നിരുന്നാലും, മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ മാര്‍ക്‌സ് ആ വിവാഹം നടത്തുകതന്നെ ചെയ്തു. എന്നാല്‍ പാള്‍ ലഫാര്‍ഗ് എന്ന കാമുകനുമായി തന്റെ മകള്‍ വിവാഹത്തിന് മുതിര്‍ന്നപ്പോള്‍ മാര്‍ക്‌സ് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ആ വിവാഹത്തെ മാര്‍ക്‌സ് ശക്തിയുക്തം എതിര്‍ത്തു. പറഞ്ഞ കാരണം ഇതാണ്. ”നിങ്ങളുടെ സാമ്പത്തികസ്ഥിതിയെപ്പറ്റി എനിക്ക് കിട്ടിയിട്ടുള്ള വിവരങ്ങള്‍ പ്രോത്സാഹജനകങ്ങളല്ല. നിങ്ങളുടെ തറവാടിനെപ്പറ്റിയാണെങ്കില്‍ എനിക്ക് യാതൊന്നുമറിയുകയില്ല. അവര്‍ നല്ല നിലയ്ക്ക് ജീവിക്കുന്നവരാണെങ്കില്‍പ്പോലും, നിങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും കഷ്ടം സഹിക്കാന്‍ ഒരുങ്ങുമെന്നതിന് ഉറപ്പില്ല. വിവാഹത്തെപ്പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുമായി അവര്‍ യോജിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല. ഈ വക കാര്യങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ വിശദീകരണം എനിക്കു കിട്ടിയേ കഴിയൂ. ഒരു കറകളഞ്ഞ യാഥാര്‍ത്ഥ്യവാദിയെന്ന നിലയ്ക്ക് എന്റെ മകളുടെ ഭാവിയെ ഒരു ആശയവാദിയെന്ന നിലയ്ക്ക് ഞാന്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുകയില്ലല്ലോ.”(20) പാള്‍ ലഫാര്‍ഗിന് മാര്‍ക്‌സ് അയച്ച കത്തിലാണ് ഇങ്ങനെ പറയുന്നത്.
മാര്‍ക്‌സിന്റെ ഈ വിസമ്മതത്തിന് സാമ്പത്തിക നിലയും തറവാടിത്തവും മാത്രമല്ല, ലഫാര്‍ഗിന്റെ വംശയീതയും ഒരു പ്രശ്‌നമായിരുന്നു. ”കറുത്ത് ഒലീവ് നിറത്തോടും അസാധാരണ ദൃഷ്ടികളോടും കൂടിയ ലഫാര്‍ഗ് നീഗ്രോ കുലജാതനാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ലഫാര്‍ഗിന്റെ മുത്തശ്ശി മുലാട്ടേ വംശജയായിരുന്നു. മുത്തശ്ശനാകട്ടെ ക്യൂബയില്‍ ജനിച്ച ഒരു കര്‍ഷകനും. ഈ രക്തസങ്കരമായിരുന്നു ലഫാര്‍ഗിന്റെ ശാരീരിക പ്രകൃതിയിലുണ്ടായിരുന്ന വൈരുദ്ധ്യത്തിന് കാരണം. മാര്‍ക്‌സിന് നീഗ്രോകളോട് പ്രത്യേകിച്ചൊരു അലര്‍ജിതന്നെ ഉണ്ടായിരുന്നു. അവരെ ‘നിഗര്‍സ്’ എന്ന് അദ്ദേഹം പരിഹസിച്ചു വിളിച്ചിരുന്നു.” (21)
ജൂതവിരോധം മാര്‍ക്‌സിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയില്‍ താന്‍ നിന്ദ്യമായി കരുതിയിരുന്നതിന്റെയെല്ലാം സാരാംശം ബൂര്‍ഷ്വാ സമൂഹത്തിലെ ജൂതന്‍ ഉള്‍ക്കൊള്ളുന്നു എന്ന ചിന്തയാണ് മാര്‍ക്‌സിനുണ്ടായിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പില്‍ ജൂതമനസ്സിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ജൂതപ്രശ്‌നത്തെക്കുറിച്ച് (1844) എന്ന ഉപന്യാസത്തില്‍ മാര്‍ക്‌സ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”എന്താണ് ജൂതമതത്തിന്റെ മതേതരാടിത്തറ? പ്രായോഗികാവശ്യവും സ്വാര്‍ത്ഥ താല്‍പ്പര്യവും. എന്താണ് ജൂതന്റെ ആരാധന? വിലപേശല്‍. എന്താണവരുടെ ദൈവം? പണം! പണമാണ് ഇസ്രായേലിന്റെ അസൂയാലുവായ ദൈവം, അതിനു മുന്നില്‍ മറ്റൊരു ദൈവവും നിലനില്‍ക്കില്ല.”
ജൂതന്റെ സാമൂഹ്യവിമോചനം കിടക്കുന്നത് ജൂതസ്വഭാവത്തില്‍നിന്നുള്ള സമൂഹത്തിന്റെ മോചനത്തിലാണെന്നുവരെ മാര്‍ക്‌സ് പ്രഖ്യാപിക്കുന്നുണ്ട്. നാസികളുടെ ‘വംശീയ ശാസ്ത്രജ്ഞന്മാര്‍’ പില്‍ക്കാലത്ത് ജൂതന്മാരെ തിന്മകളുടെ പ്രതിരൂപമായി കണ്ടതുപോലെയാണ് മാര്‍ക്‌സും അവരെക്കുറിച്ച് പറയുന്നത്. പണമുണ്ടാക്കുന്നതില്‍ മാത്രം തല്‍പരരായ ജൂതന്മാര്‍ ജര്‍മന്‍ സമൂഹത്തെ അധപ്പതിപ്പിച്ചു എന്നാണ് നാസികള്‍ വിശ്വസിച്ചത്. രണ്ടാംലോകയുദ്ധകാലത്ത് ഹിറ്റ്‌ലറുമായി സ്റ്റാലിന്‍ സൗഹാര്‍ദ്ദം സ്ഥാപിച്ചതു മാത്രമല്ല, നാസിസത്തിന് ഇങ്ങനെയൊരു മാര്‍ക്‌സിസ്റ്റു ബന്ധവുമുണ്ട്. മാര്‍ക്‌സ് ആഗ്രഹിച്ചതാണ് ഹിറ്റ്‌ലര്‍ അനുവര്‍ത്തിച്ചത് എന്നുപോലും പറയാം.
(തുടരും)
അടിക്കുറിപ്പുകള്‍
15. വിവേകാനന്ദനും മാര്‍ക്‌സും, പി. പരമേശ്വരന്‍, മാതൃഭൂമി ബുക്‌സ്, പേജ് 158-159
16. Ibid പേജ് 159
17. Ibid പേജ് 159-160
18. Ibid പേജ് 160
19. Ibid പേജ് 147
20. Ibid പേജ് 160-161
21. Ibid പേജ് 161
To read first part visit https://kesariweekly.com/31370