ഒരു കേന്ദ്രമന്ത്രി കേരളീയര്‍ക്ക് ഓണം ആശംസകള്‍ അറിയിച്ചപ്പോള്‍ ”വാമനമൂര്‍ത്തിക്ക് പ്രണാമം” എന്നു പറഞ്ഞത് വിവാദമായി. അതില്‍ എന്താണ് തെറ്റ് എന്നു പരിശോധിക്കാതെയും നമ്മുടെ ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മഹാബലിയുടെയും വാമനന്റെയും കഥകള്‍ വായിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെയുമാണ് ചിലര്‍ പ്രതികരണവുമായി രംഗത്ത് വന്നത്. അവിശ്വാസികള്‍, നിരീശ്വരവാദികള്‍, രാഷ്ട്രീയക്കാര്‍, എന്തിനും എതിരുപറയുന്ന കുറെ ബുദ്ധിജീവികള്‍ എന്നിവരൊക്കെ ഈ പ്രസ്താവനയ്ക്ക് എതിരായി രംഗത്ത് വന്നു. അതേയവസരത്തില്‍ അന്യമതസ്ഥരുടെ ഖുറാന്‍, ബൈബിള്‍ മുതലായവയിലെ ഉള്ളടക്കം വളച്ചൊടിച്ചു സംസാരിച്ചാല്‍ ഇവര്‍ വെറുതെ ഇരിക്കുമോ? ഹിന്ദുക്കളുടെ ഇതിഹാസപുരാണങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് ആര്‍ക്കും എന്തും പറയാം എന്നതാണ് അവസ്ഥ. നമ്മുടെ ഹിന്ദുപുരാണങ്ങള്‍ വേദങ്ങളില്‍ അധിഷ്ഠിതമാണ്. പതിനെട്ടുപുരാണങ്ങള്‍ , ശ്രീമദ്ഭാഗവതം, മഹാഭാരതം, ഭഗവദ്ഗീത, രാമായണം മുതലായവ വേദങ്ങളില്‍ നിന്ന് ഉത്ഭവിച്ചവയാണ്. വാമനന്റെയും മഹാബലിയുടെയും കഥകള്‍ ഭാഗവതത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ചില കുബുദ്ധികള്‍, മാവേലി വാണിടുന്നകാലം ചതിയനായ വിഷ്ണു മഹാബലിയെ ചവുട്ടി പാതാളത്തില്‍ താഴ്ത്തി എന്നും ഓണക്കാലത്ത് മഹാബലി കേരളത്തില്‍ തന്റെ പ്രജകളെ കാണാന്‍ വരികയാണ് എന്നും പ്രചരിപ്പിച്ചു. ഓണക്കാലത്ത് മഹാബലി എന്ന പേരില്‍ വേഷം കെട്ടിച്ച് ഓലക്കുടയും കുടവയറും കൊമ്പന്‍ മീശയുമായി തെരുവിലൂടെ നടത്തിക്കുകയും അതിന്റെ പേരില്‍ ബക്കറ്റ് പിരിവും മറ്റും നടത്തുകയും ചെയ്യുന്നു. സത്യത്തില്‍ മഹാബലിയെ അപമാനിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മഹാബലി മൂന്ന് ലോകങ്ങളും ഭരിച്ച ഒരു ചക്രവര്‍ത്തിയാണ്. പ്രജകളുടെ ഹിതത്തിനനുസരിച്ച് സദ്ഭരണം നടത്തിയ ചക്രവര്‍ത്തിയാണ് അദ്ദേഹം. മഹാബലിയുടെ ഭരണകാലത്ത് പ്രജകള്‍ സന്തുഷ്ടരായിരുന്നു. മഹാബലി ചിരഞ്ജീവി എന്ന നിലയില്‍ അടുത്ത മന്വന്തരം വരെ സുതലം എന്ന വിശിഷ്ടലോകത്തില്‍ കുടുംബസമേതം താമസിക്കുകയും വാമനമൂര്‍ത്തി സുതല ലോകകവാടത്തില്‍ ഗദാപാണിയായി ബലിയുടെ രക്ഷയ്ക്കായി കാവല്‍ ഇരിക്കുകയുമാണ് എന്നാണ് ഐതിഹ്യം.
മഹാബലി ആരാണ്, വാമനന്‍ ആരാണ് അവരുടെ മഹത്വം എന്താണ് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. മഹാബലി ഇന്ദ്രസേനന്‍ എന്ന രാക്ഷസചക്രവര്‍ത്തിയായിരുന്നു. കശ്യപമഹര്‍ഷിക്ക് അദിതിയില്‍ നിന്നു ദേവന്മാരും, ദിതിയില്‍ നിന്നു അസുരന്മാരും ഉണ്ടായി. ഒരേ അച്ഛന്റെ മക്കളായ ദേവന്മാരും അസുരന്മാരും എപ്പോഴും ബദ്ധവൈരികളെപ്പോലെ പരസ്പരം കലഹിക്കുകയും യുദ്ധം നടത്തുകയും ചെയ്തു. ദേവന്മാര്‍ക്ക് മരണമില്ല, ജരാനര ബാധിക്കുന്നില്ല, അമൃത് പാനം ചെയ്തു സ്വര്‍ഗത്തില്‍ വസിക്കുന്നു. അവരുടെ കുലഗുരു ബൃഹസ്പതിയാണ്. അസുരന്മാരുടെ കുലഗുരു ശുക്രാചാര്യരാണ്. അസുരന്മാര്‍ പാതാളത്തില്‍ വസിക്കുന്നു. അവര്‍ക്ക് ആകാശഗമനത്തിന്നു സാദ്ധ്യമാണ്. ശുക്രാചാര്യര്‍ക്ക് മൃതസഞ്ജീവനി മന്ത്രത്താല്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിയും. മഹാദേവന്റെയും പാര്‍വ്വതി ദേവിയുടെയും അനുഗ്രഹത്താല്‍ അസുരന്മാര്‍ക്ക് ഗര്‍ഭധാരണം കഴിഞ്ഞ് മൂന്നേമുക്കാല്‍ നാഴിക (90 മിനുട്ട്) നേരം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ച എത്തി പ്രസവിക്കുന്നതും അടുത്ത മൂന്നേമുക്കാല്‍ നാഴികകൊണ്ട് പ്രസവിച്ച ശിശു പൂര്‍ണ്ണ യൗവ്വനത്തില്‍ എത്തുന്നതുമാണ്. ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഒരു അസുരന്‍ ഉണ്ടാവുന്നു. ഇതുമൂലം വംശവര്‍ദ്ധന ക്രമാതീതമായി സംഭവിക്കുകയും അത് മറ്റുള്ളവര്‍ക്ക് ഭീഷണിയായി തീരുകയും പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്തു.
അസുരന്മാര്‍ പലതരം വരങ്ങള്‍ സമ്പാദിച്ചശേഷം ദേവന്മാരെ സ്വര്‍ഗത്തില്‍ നിന്നു നിഷ്‌ക്കാസനം ചെയ്തപ്പോഴാണ് ദേവാസുരയുദ്ധം നടന്നതും മഹാവിഷ്ണു ദേവന്മാരെ സഹായിച്ചതും. ലോകത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ലോകനിയന്താവായ മഹാവിഷ്ണുവിന് ചുമതലയുണ്ട്. സ്വന്തം ബാഹുബലത്താല്‍ ശക്തര്‍ മറ്റുള്ളവരെ കീഴടക്കുന്നത് തടയുകയാണ് മഹാവിഷ്ണുവിന്റെ ഉദ്ദേശ്യം. ഇന്നു കാണുന്ന ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ആയുധബലത്തിന്റെ പേരില്‍ മറ്റുള്ളവരുടെ സ്ഥലം കൈവശപ്പെടുത്തുന്നതും ഒരു തരത്തില്‍ ദേവാസുര യുദ്ധത്തിനു സമാനമാണ്. ഇങ്ങിനെയുള്ള അവസരത്തിലാണ് മഹാവിഷ്ണു ഇടപെടുന്നത്.
ഇന്ദ്രസേനന്‍ (മഹാബലി) എന്ന അസുരരാജാവ് ദേവാസുരയുദ്ധത്തില്‍ മഹാവിഷ്ണുവിനാല്‍ വധിക്കപ്പെട്ടുവെങ്കിലും ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രത്താല്‍ ബലിയെ ജീവിപ്പിക്കുകയും പാതാളത്തില്‍ അസുരന്മാരുടെ രാജാവാക്കുകയും ചെയ്തു. തുടര്‍ന്ന് മഹാബലി എന്ന സ്ഥാനപ്പേരുനല്‍കി അനേകം യാഗങ്ങളും ദാനധര്‍മ്മങ്ങളും നടത്തി. മഹാബലി ബലിഷ്ഠനും നീതിമാനായ ഭരണാധികാരിയുമായിരുന്നു. ഒരു ചക്രവര്‍ത്തിയുടെ പ്രൗഢിയോടെ അദ്ദേഹം ഭരണം നടത്തുകയും ജനങ്ങള്‍ സന്തുഷ്ടരായി ജീവിക്കുകയും ചെയ്തു. ഒരിക്കല്‍ ശുക്രാചാര്യരുടെ നേതൃത്വത്തില്‍ അസുരന്മാര്‍ മൂന്ന് ലോകങ്ങളും കീഴടക്കി ദേവന്മാരെ സ്വര്‍ഗത്തില്‍ നിന്നു നിഷ്‌ക്കാസിതരാക്കി. അസുരന്മാരുടെ അക്രമം വര്‍ദ്ധിച്ചതോടെ ലോകപാലകന്മാരും ദേവന്മാരും ബ്രഹ്‌മാവിന്റെ കൂടെ മഹാവിഷ്ണുവിനെ കണ്ട് ആവലാതി പറഞ്ഞു. ബ്രഹ്‌മാവിനോടും മറ്റ് ദേവന്മാരോടും ആവശ്യമായ കാര്യങ്ങള്‍ താന്‍ ചെയ്യാമെന്ന് വിഷ്ണു അറിയിച്ചു. മഹാബലി വിഷ്ണു ഭക്തനായതിനാലും ധാരാളം ദാനധര്‍മ്മങ്ങളും യാഗങ്ങളും ചെയ്തിട്ടുള്ളതിനാലും അദ്ദേഹത്തെ വധിക്കാനോ യുദ്ധം ചെയ്തു സ്വര്‍ഗ്ഗം വീണ്ടെടുക്കുവാനോ സാദ്ധ്യമല്ലെന്നും വിഷ്ണു വെളിപ്പെടുത്തി. അതിനാല്‍ ഞാന്‍ ഇവിടെ യാചനാ മാര്‍ഗമാണ് സ്വീകരിക്കുക എന്നും അതിനായി ഒരു അവതാരം തന്നെ എടുക്കുന്നതാണെന്നും അറിയിച്ചു. തുടര്‍ന്ന് വാമനമൂര്‍ത്തിയുടെ അവതാരം ഉണ്ടായി. വാമനമൂര്‍ത്തി അവതരിച്ചശേഷം ക്രമത്തില്‍ വളര്‍ന്നു ഉപനയനം മുതലായവ കഴിച്ചു. ഒരിക്കല്‍ വാമനമൂര്‍ത്തി മഹാബലിയുടെ നൂറാമത്തെ യാഗമായ വിശ്വജിത്ത് യാഗം നടക്കുന്ന യാഗശാലയില്‍ പ്രവേശിച്ചു. ശുക്രാചാര്യരും ബലിയും ചേര്‍ന്ന് യാഗശാലയില്‍ എത്തിയ ബ്രാഹ്‌മണ ബാലനെ എതിരേറ്റു പാദക്ഷാളനം നടത്തി പീഠത്തില്‍ ഉപവിഷ്ടനാക്കി. തുടര്‍ന്ന് മൂന്നുലോകങ്ങളുടേയും അധിപതിയായ ഞാന്‍ അങ്ങ് ആവശ്യപ്പെടുന്നതെന്തും നല്‍കാമെന്ന് മഹാബലി പറഞ്ഞു. ഇവിടെ വന്നിരിക്കുന്ന ബാലന്‍ മഹാവിഷ്ണുവാണെന്നു അറിയാതെയാണ് ബലി ഇത്രയും ചെയ്തത്. ഈ അവസരത്തില്‍ ശുക്രാചാര്യര്‍ തന്റെ ദിവ്യദൃഷ്ടിയാല്‍ വന്നിരിക്കുന്നത് മഹാവിഷ്ണുവാണെന്ന് മനസ്സിലാക്കുകയും ബലിയോട് ബാലന് വാഗ്ദാനങ്ങള്‍ ഒന്നും നല്‍കരുതെന്നും പറഞ്ഞൂ. എന്നാല്‍ മഹാബലി ബ്രാഹ്‌മണ ബാലനോട് അങ്ങയ്ക്ക് ഭൂമിയോ, ഗോക്കളെയോ, ധനമോ വിശുദ്ധകന്യകളെയോ എന്തും നല്‍കാമെന്നു പറഞ്ഞുവെങ്കിലും ബ്രാഹ്‌മണബാലന്‍ എനിക്ക് സ്വസ്ഥമായി ഇരുന്നു ധ്യാനം നടത്താന്‍ മൂന്നു അടി മണ്ണ് മാത്രം മതിയെന്ന് അറിയിച്ചു. മഹാബലി തന്റെ ഭാര്യ വിന്ധ്യാവലിയോട് ദാനം നല്‍കാനായി ഉദകത്തിനുള്ള ജലം ഒഴിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ശുക്രാചാര്യര്‍ വിലക്കിയെങ്കിലും തന്റെ വാക്കിനും സത്യത്തിനും എതിരായി ഒന്നും ചെയ്യുകയില്ലെന്ന് ബലി ശഠിച്ചു. ഗുരുവിന്റെ വാക്ക് അനുസരിക്കാത്ത നിന്റെ എല്ലാ ഐശ്വര്യവും നശിക്കട്ടെ എന്ന് ശുക്രാചാര്യര്‍ ശപിച്ചുവെങ്കിലും മഹാബലി തന്റെ സത്യത്തിലും വാക്കിലും ഉറച്ചുതന്നെ നിന്നു. അതുതന്നെയാണ് ബലിയുടെ മഹത്വം. ക്രമത്തില്‍ വാമനന്റെ ശരീരം വലുതാവുകയും പാദങ്ങള്‍ മൂന്ന് ലോകത്തിലും വ്യാപിക്കുകയും ചെയ്തു. ആദ്യത്തെ ഒരു അടി കൊണ്ടു സ്വര്‍ഗവും, രണ്ടാമത്തെ അടി കൊണ്ട് ഭൂമിയും അളന്നശേഷം മൂന്നാമത്തെ അടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ ബാലന്‍ മഹാവിഷ്ണുവാണെന്ന് ബലിക്ക് മനസ്സിലായി. ഭഗവാനെ എന്റെ വാക്കും സത്യവും പരിപാലിക്കാന്‍ മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ വെച്ച് എന്നെ അനുഗ്രഹിക്കണമെന്ന് ബലി അഭ്യര്‍ത്ഥിച്ചു. വാമനമൂര്‍ത്തി തന്റെ ശരീരം ചെറുതാക്കുകയും ഇടതുകാല്‍ ബലിയുടെ ശിരസ്സില്‍ വെച്ച് അനുഗ്രഹിച്ചശേഷം നീ ശ്രേഷ്ഠനും ദാനശീലരില്‍ ഒന്നാമനും ആണെന്നും കുടുംബസമേതം സുതലം എന്ന വിശിഷ്ടമായ ലോകത്തേക്ക് പോയി ജീവിക്കാനും ഉപദേശിച്ചു. അവിടെ ഞാന്‍ കവാടത്തില്‍ നിന്റെ രക്ഷകനായി ഗദാപാണിയായി കാവല്‍ നില്‍ക്കും. നിനക്ക് ചിരഞ്ജീവിത്വവും അടുത്ത മന്വന്തരത്തിലെ ഇന്ദ്രപദവിയും ലഭിക്കും എന്നിങ്ങനെ വാമനമൂര്‍ത്തി അനുഗ്രഹിച്ചു. ഇത്രയൊക്കെ നല്‍കി അനുഗ്രഹിച്ച മഹാവിഷ്ണു ചതിയനും ബലിയെ പാതാളത്തില്‍ ചവുട്ടി താഴ്ത്തി എന്നും പ്രചരിപ്പിക്കുന്നതിന്റെ സത്യാവസ്ഥ മനസ്സിലാക്കേണ്ടതാണ്. രാവണന്‍ ദിഗ്‌വിജയം നടത്തി സുതലത്തില്‍ ബലിയെ ആക്രമിക്കാന്‍ വന്നപ്പോള്‍ വാമനമൂര്‍ത്തിയുടെ ഗദാപ്രഹരം ഏറ്റ് ലങ്കയില്‍ വന്നു പതിച്ച കഥ വേറെയും ഉണ്ട്.
കേരളത്തില്‍ നാം ഓണം ആഘോഷിക്കുന്നത് വാമനമൂര്‍ത്തിയുമായി ബന്ധപ്പെട്ട തൃക്കാക്കരയപ്പന്റെ ഉത്സവമായാണ്. തൃക്കാക്കരയപ്പന്‍ എറണാകുളത്ത് തൃക്കാക്കര ക്ഷേത്രത്തിലാണ്. വാമനമൂര്‍ത്തിയെ എതിരേല്‍ക്കാന്‍ അത്തച്ചമയം മുതല്‍ മുറ്റത്ത് തൃക്കാക്കരയപ്പന്റെ പ്രതീകാത്മകമായ മണ്ണ് കൊണ്ടുള്ള കോലവും പൂവിടലും വിളക്കും വെച്ച് ആരാധിക്കുകയാണ്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നാണ് ഓണം ആഘോഷിക്കുന്നത്. മഹാബലിയുടെയും വാമനമൂര്‍ത്തിയുടെയും മഹത്വം എന്താണെന്നു മനസ്സിലാക്കാതെ വാമനമൂര്‍ത്തിക്ക് പ്രണാമം എന്നു പറഞ്ഞതിനെ അനാവശ്യമായി വിവാദമാക്കുകയാണ് തല്പരകക്ഷികള്‍ ചെയ്തത്.