1962ല്‍ ഇ.എം.എസ്സിന് ഒരു നമ്പൂരിശങ്ക – ചൈന കയ്യേറിയ ഭാരതത്തിന്റെ മണ്ണ് ‘അവര്‍ അവരുടെതെന്നും നാം നമ്മുടെതെന്നും പറയുന്ന’ സ്ഥലമാണെന്ന്. റഷ്യക്കൊപ്പം നിന്നവരും ചൈനീസ് കമ്മ്യൂണിസം അലര്‍ജിയായി കൊണ്ടു നടക്കുന്നവരുമായ സി.പി.ഐയ്ക്ക് ഇയ്യിടെയായി ഇതേ നമ്പൂരിശങ്ക കലശലായിരിക്കുന്നു. ഇതു കാണുമ്പോള്‍ സി.പി.ഐയ്ക്ക് ചൈനയില്‍ നിന്നും പണം വരുന്നുണ്ട് എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ സഖാവേ? ഗാല്‍വന്‍ താഴ്‌വയില്‍ 20 ഭാരത സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടിവന്ന ചൈനീസ് കയ്യേറ്റം ‘ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായാണ്’ സി.പി.ഐ.യ്ക്ക് തോന്നിയത്. വിജയവാഡ അഖിലേന്ത്യാ സമ്മേളനത്തിലെ പ്രമേയത്തിന്റെ കരടിലെ വാചകമാണത്.
സി.പി.ഐയുടെ ചൈനീസ് പ്രേമം അവിടെയും തീരുന്നില്ല. കോവിഡ് പ്രതിരോധത്തിന് ഭാരതം കാഴ്ചവെച്ച സേവനം സംബന്ധിച്ച് ഒന്നും പറയാനില്ലെങ്കിലും ചൈനയും ക്യൂബയും ലാവോസും വിയറ്റ്‌നാമും കോവിഡിനെ പ്രതിരോധിച്ചതിലാണ് സി.പി.ഐ. പുളകം കൊള്ളുന്നത്. കോവിഡിനെ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണെന്ന വസ്തുത സി.പി.ഐയ്ക്ക് അറിയുകയേയില്ല. യെച്ചൂരി സഖാവിന്റെ കഞ്ഞിയില്‍ പാറ്റവീഴ്ത്തല്ലേ ഡി.രാജ സഖാവേ.