നവംബര്‍ ഒന്നിനു മുമ്പ് നിങ്ങളുടെ വാതിലില്‍ ഒരു മുട്ടു കേള്‍ക്കാം. ‘പത്മ വേണോ ചേട്ടാ പത്മ’ എന്ന ചോദ്യവും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള പത്മകള്‍ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ അതിനുവേണ്ടത്ര നാമനിര്‍ദ്ദേശങ്ങള്‍ വന്നിട്ടില്ലെന്നാണ് പത്രവാര്‍ത്ത. അതിനാല്‍ ആളെ അന്വേഷിച്ചു നടപ്പാണത്രെ പാര്‍ട്ടിയും സര്‍ക്കാറും. ഒരു കേരള ജ്യോതി, രണ്ട് കേരള പ്രഭ, അഞ്ച് കേരളശ്രീ എന്നിവയാണ് പ്രഖ്യാപിക്കേണ്ടത്. ഇതിനായി അവാര്‍ഡു നിര്‍ണ്ണയ കമ്മറ്റിയേയും ചുമതലപ്പെടുത്തി. പലപ്പോഴും ഇത്തരം കമ്മറ്റികള്‍ നോക്കുകുത്തികളാണ്; തീരുമാനമെടുക്കുന്നത് അവാര്‍ഡു കൊടുക്കുന്നവര്‍ തന്നെയാണ്. ഇടതുസര്‍ക്കാരിന്റെ ഒരു അവാര്‍ഡു പോലും ഇതില്‍ നിന്നു ഭിന്നമല്ല താനും. എന്നിട്ടും എല്ലാവിഭാഗത്തിലും വേണ്ടത്ര നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലത്രെ. അതിനാല്‍ ആ പണിയും അവാര്‍ഡു നിര്‍ണയ കമ്മറ്റിയെ ഏല്പിച്ചിരിക്കയാണ്.
മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യമാരുടെ പേര് നിര്‍ദ്ദേശിക്കാന്‍ പറ്റില്ല. കാരണം അവരൊക്കെ പല യൂണിവേഴ്‌സിറ്റികളിലും ഉയര്‍ന്ന പദവികളില്‍ പിന്‍വാതില്‍ നിയമനം നേടിക്കഴിഞ്ഞിട്ടുണ്ട്. പിന്നെ യോഗ്യരായവരില്‍ ഒരാള്‍ ജോണ്‍സണ്‍ മാവുങ്കലും മറ്റൊരാള്‍ ശിവശങ്കരനുമാണ്. ഇവരില്‍ ഒരാള്‍ ജയിലിലാണ്. മറ്റയാള്‍ പുറത്താണെങ്കിലും എന്ന് അകത്താകുമെന്നു പറയാനാവാത്ത സ്ഥിതിയിലാണ്. മാത്രമല്ല സ്വപ്‌ന ഒരു പുസ്തകമെഴുതി കുളം കലക്കിയിട്ടുമുണ്ട്. ഇ.പി. ജയരാജനും ജോണ്‍ബ്രിട്ടാസും പ്രഭാവര്‍മ്മയുമാണ് യോഗ്യതയേറിയ മറ്റു മൂന്നുപേര്‍. ജോണ്‍സണ്‍ മാവുങ്കലിന്റെ ഡ്യൂപ്ലിക്കേറ്റ് പുരാവസ്തുവിനേക്കാള്‍ ഭേദപ്പെട്ടതല്ല ഈ കേരള പത്മങ്ങള്‍ എന്ന തിരിച്ചറിവുകൊണ്ടാണോ എന്നറിയില്ല അവരുടെ പേരുകള്‍ ആരും പറഞ്ഞു കേള്‍ക്കുന്നില്ല. പുരസ്‌കാരങ്ങള്‍ തരപ്പെടുത്താന്‍ സാംസ്‌കാരിക സാഹിത്യ നായകര്‍ മത്സരിക്കുന്ന നമ്മുടെ നാട്ടിലാണ് കേരള പത്മത്തിന് ആളെ കിട്ടാതെ വരുന്നത്. ഇടതു സര്‍ക്കാരിന്റെ ‘നവോത്ഥാന കേരള’ത്തില്‍ നരബലി ഷാഫിമാരും ഭഗവല്‍ സിംഗുമാരും അരങ്ങുതകര്‍ക്കുമ്പോള്‍ മറ്റാര്‍ക്കാണ് ഈ കേരള പത്മങ്ങള്‍ക്ക് അര്‍ഹത?