സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്, അദ്വൈതചിന്താപ്രചാരകന്‍, തത്വചിന്തകന്‍ എന്നിങ്ങനെ കേരള സമൂഹത്തിന്റെ മൊത്തം ഗുരുവായി വളര്‍ന്ന ശ്രീനാരായണഗുരുദേവന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ കാവ്യസിദ്ധിയുടെ പേരില്‍ കൂടിയാണ്. പക്ഷെ ആ വഴിയ്ക്ക് കാര്യമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുന്നില്ല. മെച്ചപ്പെട്ട കവിതകള്‍ പലപ്പോഴും വ്യാഖ്യാനദുഷ്‌ക്കരങ്ങളാകയാല്‍ സാധാരണവായനക്കാരും നിരൂപകരും വലിയ കവികളുടെ മോശം കവിതകളെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും എഴുതിയും പറഞ്ഞും തൃപ്തിയടയുകയാണ് പതിവ്. അതല്ലെങ്കില്‍ മറ്റേതെങ്കിലും നിരൂപകര്‍ പുകഴ്ത്തിയ കവിതയെ വീണ്ടും വീണ്ടും പുകഴ്ത്തുക അതാണ് നമ്മുടെ പതിവ്. സ്വന്തം നിലയില്‍ ഏതെങ്കിലും കവിതയുടെ കാമ്പുകണ്ടെത്തിയ നിരൂപകര്‍ മലയാളത്തില്‍ തീരെയില്ല.
ഗുരുദേവന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സമൂഹത്തിന് അദ്ദേഹം നല്‍കിയ ഉപദേശങ്ങളെ കവിതയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് പതിവ്. ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്, എല്ലാ മതസാരവുമോര്‍ക്കിലിതെന്നല്ലേ പറയേണ്ടത് ധാര്‍മ്മികരേ, അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം” തുടങ്ങിയ ഉപദേശങ്ങളെക്കുറിച്ച്, അതിലെ കാവ്യാത്മകതയെക്കുറിച്ച് അന്വേഷിക്കുന്നത് ഗുരുദേവനിലെ കവിയെ അവഗണിക്കുന്നതിനു തുല്യമാണ്. അസാധാരണമായ കവിത്വ സിദ്ധിയാല്‍ അനുഗ്രഹിക്കപ്പെട്ട മഹദ് വ്യക്തിത്വമാണ് ഗുരുദേവന്റേത്. പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയ വ്യാഖ്യാനത്തിനപ്പുറം ഗുരുദേവനിലെ കവിയെ സഹൃദയസമക്ഷം അവതരിപ്പിക്കാന്‍ നമ്മുടെ നിരൂപകരാരും ധൈര്യപ്പെട്ടിട്ടില്ല.
കലാകൗമുദിയില്‍ (സപ്തംബര്‍ 18-25) ഡോക്ടര്‍ സത്യന്‍ എം. എന്ന ഒരു പഠിതാവ് ‘കാവ്യതാരകം ഗുരു’ എന്ന പേരിലെഴുതിയ ലേഖനം വലിയ പ്രതീക്ഷയോടെയാണ് വായിച്ചു നോക്കിയത്. പക്ഷെ കടുത്ത നിരാശയായിരുന്നു ഫലം. ഗുരുവിന്റെ കവിതയെ അടുത്തറിയാനുള്ള ഒരു ശ്രമവും നടത്താനുള്ള ശേഷി ഈ നിരൂപകനുമില്ലെന്നു മനസ്സിലായി. അദ്ദേഹത്തിന്റെ പ്രശസ്തമായ ഉദ്ധരണികളെ പുകഴ്ത്തി തൃപ്തിയടയുകയാണ് ഈ നിരൂപകന്‍. ഒരു ലേഖനത്തിലൊതുക്കാനാവുന്നതല്ല ഈ കാവ്യ സപര്യയെങ്കിലും അപൂര്‍വ്വമായ ചില വരികളെങ്കിലും ഉദ്ധരിക്കാന്‍ ഡോക്ടര്‍ സത്യന് കഴിയേണ്ടതായിരുന്നു. ഒരിക്കല്‍ വായിച്ചു കഴിഞ്ഞാല്‍ നമ്മെ വല്ലാതാകര്‍ഷിക്കുന്ന അസാധാരണമായ പദപ്രയോഗ സിദ്ധി ഗുരുദേവനുണ്ട്. അതു മലയാളത്തില്‍ മറ്റാരുടേയും ശൈലിയുമായി പൊരുത്തപ്പെടുന്നതുമല്ല. കുമാരനാശാന്റെ ആദ്യകാല സ്‌തോത്രകൃതികളില്‍ ഗുരുദേവസ്വാധീനം വ്യക്തമാണ്. ”വാസസ്സുതന്തുവിതു പഞ്ഞിയിതാദിമൂലഭൂത പ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം ബോധത്തില്‍ നിന്നു വിലസുന്നുമരുസ്ഥലത്ത് പാഥസ്സുപോലെ പരമാവധി ബോധമത്രേ!” അദ്വൈതദീപികയിലെ ഈശ്ലോകത്തിലെ തത്വചിന്താദീപ്തി വായിച്ചെടുക്കുക ശ്രമകരമാണ്. അതിനുവായനക്കാരനും ഒരളവുവരെ തത്വചിന്തകനായേ കഴിയൂ. ‘ഭൂതപ്രഘാതം’ എന്നെഴുതിയതിന്റെ ഉന്നം നമ്മുടെ സാധാരണ ചിന്തയെകടന്നു നില്‍ക്കുന്നതാണ്. ഭൂതങ്ങളുടെ ‘ഐക്യം’ മാത്രമേ നമുക്ക് ഊഹിക്കാനാവൂ. എന്നാല്‍ സംഘര്‍ഷത്തിലൂടെ രൂപപ്പെടുന്ന ഐക്യത്തെ കാണാന്‍ തത്വചിന്തയുടെ പാരമ്യതയിലേ സാധ്യമാകൂ! ശങ്കരന്റെ ‘വിവേകചൂഡാമണി’ യുടെ സ്വാധീനം ‘അദ്വൈതദീപിക’യില്‍ കാണാമെങ്കിലും അതിന്റെ സത്തുമാത്രം വടിച്ചെടുത്തു നല്‍കുന്നതില്‍ ഗുരുദേവന്‍ വിജയിച്ചിരിക്കുന്നു.
അജ്ഞാനസംശയവിപര്യയമാത്മതത്ത്വജിജ്ഞാസുവിന്നു ദൃഢബോധനിതില്ല തെല്ലും സര്‍പ്പം പ്രീതിതി ഫണിയോ കയറോയിതെന്ന തര്‍ക്കം ഭ്രമം, കയറുകാണ്‍കിലിതില്ലതെല്ലും
ശങ്കരന്റെ സര്‍പ്പരജ്ജു രൂപകം ഏവര്‍ക്കും പരിചിതമാണല്ലോ. ആത്മതത്വമറിഞ്ഞവനു സര്‍പ്പമാണോ കയറാണോ എന്ന സംശയം തെല്ലുമില്ലെന്ന ഒരു വേദാന്തിയുടെ ആത്മവിശ്വാസം ഈ വരികളില്‍ മുഴങ്ങുന്നതു നോക്കുക.
കുണ്ഡലിനിപ്പാട്ടില്‍ ‘ഓം എന്നു തൊട്ടൊരു കോടിമന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞു കൊണ്ടാടു പാമ്പേ’ എന്നും
‘നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ’ എന്നും ദേഹം നിജമല്ല ദേഹിയൊരുവനീ ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ എന്നും
‘ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു,
മേകനുമുണ്ടെന്നറിഞ്ഞീടുപാമ്പേ’ എന്നും
പാടുന്നതും ഗുരുവിന് എന്നും വെളിച്ചമായ് നിന്ന അദ്വൈത ചിന്തയുടെ ജനകീയ പ്രയോഗമാണ്. ശങ്കരനെപ്പോലെ ഗുരുവും ശൈവപക്ഷത്താണ്. എല്ലാ കൃതികളിലും അത് ആവര്‍ത്തിക്കുന്നുമുണ്ട്.
ത്രിഭുവന സീമകടന്നു തിങ്ങി വിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം.
കപടയതിക്കു കരസ്ഥമാകുവീലെ-
ന്നുപഷദുക്തി രഹസ്യമോര്‍ത്തിടേണം
ജ്ഞാനം, ജ്ഞേയം, ജ്ഞാതാവ് എന്നിങ്ങനെയുള്ള ത്രിപുടി അസ്തമിച്ച് പരമപ്രകാശത്തിലലിയുന്ന അദ്വൈതാവസ്ഥ ‘കപടയതി’യ്ക്കു സാധ്യമല്ലെന്ന മുന്നറിയിപ്പ് ആത്മോപദേശശതകത്തില്‍ ഗുരു നല്‍കുന്നുണ്ട്. തന്റെ അദ്വൈത ചിന്താപക്ഷപാതത്തെ നൂറുശ്ലോകങ്ങളില്‍ വിവരിക്കുന്ന ഈ കൃതിയില്‍ പലയിടത്തും ശങ്കരന്‍ ഉപയോഗിക്കുന്ന രൂപകങ്ങള്‍ ഗുരു ഉപയോഗിക്കുന്നുണ്ട്.
”അറിവുനിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധരമുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറിവട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു”.
ഇവിടെ ‘വട്ടം തിരിയുന്ന അലാതത്തിനു സമമായ മാനസികഭാവം സാധാരണ മനുഷ്യന്‍ എങ്ങനെ ആര്‍ജ്ജിക്കാനാണ്. അത് യോഗികള്‍ക്കുമാത്രം ധ്യാനത്തിന്റെ ഉച്ചാവസ്ഥയില്‍ ലഭ്യമാകുന്നതാണ്. അവിടെ തീക്കൊള്ളിയുടെ ഉപമാനം അപൂര്‍വ്വചാരുതയുള്ളതുതന്നെ.
”കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതിമെയ്
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലാഗമാന്തനിലയേ” എന്നു ജനനീ നവരത്‌ന മഞ്ജരി 5-ാം ശ്ലോകത്തിലെഴുതിയിരിക്കുന്നതും
മീനായതും ഭവതി മാനായതും ഭവതി
നീ നാശവും നഗഖഗം
താനായതും ധര നദീ നാരിയും നരനു-
മാനാകവും നരകവും
നീനാമരൂപമതില്‍ നാനാവിധ പ്രകൃതി-
മാനായിനിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയഹോ നാടകം നിഖിലവും
ആറാം ശ്ലോകത്തിലെ ഈ വരികളും മഹാകവിത്വമുള്ള ഒരാളില്‍ നിന്നല്ലാതെ പുറപ്പെടുമെന്നു കരുതാന്‍ വയ്യ. ശങ്കരന്റെ ‘സൗന്ദര്യലഹരി’യുടെ നൂറുശ്ലോകങ്ങളിലൂടെയും കടന്നുപോയിട്ടുള്ള വര്‍ക്കേ ഈ ഒന്‍പതു ഖണ്ഡങ്ങളുടെ മാഹാത്മ്യം മനസ്സിലാകൂ.
എട്ടാം ശ്ലോകത്തില്‍
സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി…
എന്നിങ്ങനെയുള്ള ‘ത്ത’ യുടെ ആവര്‍ത്തനത്തിലൂടെയുണ്ടാകുന്ന ശബ്ദസുഖവും ”മീനായതും ഭവതി മാനായതും ജനനി നീ നാഗവും നഗഖഗം… ഈ വരികളിലെ ‘ന’യുടെ ആവര്‍ത്തനം നല്‍കുന്ന സൗന്ദര്യവും ഒരു മഹാപ്രതിഭയായ കവിക്കു മാത്രമേ സൃഷ്ടിക്കാനാവൂ… എല്ലാ അര്‍ത്ഥത്തിലും നവരത്‌നങ്ങള്‍ തന്നെയാണ് ഇതിലെ ഒന്‍പതു ശ്ലോകങ്ങളും. അവയിലെ തത്വചിന്താഗഹനതയെക്കാളുപരി കാവ്യഭംഗിയെ എടുത്തു കാണിക്കാനാണ് എനിക്കു കൂടുതല്‍ താല്പര്യം. നല്ല ഒരു വ്യാഖ്യാതാവിന്റെ സഹായമില്ലാതെ പലതും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാവാം ഇതിന്റെ ഗഹനതയിലേയ്ക്ക് നിരൂപകരില്‍ പലരും കടന്നു ചെല്ലാന്‍ മടിച്ചത്. ഒറ്റവായനയില്‍ വഴങ്ങുന്നവയല്ല മഹത്തായ കവിത. ആവര്‍ത്തിച്ചുള്ള വായനയിലൂടെ മാത്രം വെളിവാകുന്നതാണു ശ്രേഷ്ഠ കാവ്യങ്ങള്‍. ഒറ്റവായനയില്‍ നമ്മെ ആനന്ദിപ്പിക്കുന്നവയ്ക്ക് കവിതയുടെ അന്ത്യലക്ഷ്യമായ അനുഭൂതി പ്രദാനം എന്ന ധര്‍മ്മം നിറവേറ്റാനാവില്ല. ഗുരുദേവ കൃതികളെല്ലാം തന്നെ ആവര്‍ത്തിച്ചുള്ള പാരായണം ആവശ്യപ്പെടുന്നതും വായനാന്ത്യത്തില്‍ നമ്മുടെ ഹൃദയത്തില്‍ അനുഭൂതി പാരവശ്യം സൃഷ്ടിക്കുന്നവയുമാണ്.
”കരിങ്കുഴലിമാരൊടുകലര്‍ന്നുരുകിയപ്പൂ-
ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു.
പെരും കരുണയാറണിയുമയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടുമരുവുന്നു”
ഇങ്ങനെയൊരു ഖേദം എപ്പോഴും (വൈരാഗ്യദശകം) ആ മനസ്സിലുണ്ടായിരുന്നു. ലൗകിക വിഷയങ്ങളിലേയ്ക്ക് മനസ്സ് ഒരിക്കലും സഞ്ചരിക്കരുതെന്ന നിര്‍ബ്ബന്ധം ഒരു യതിവര്യനെന്ന നിലയ്ക്ക് അദ്ദേഹം എപ്പോഴും സൂക്ഷിച്ചിരുന്നു. അത് എല്ല സന്യാസി ശ്രേഷ്ഠന്മാരിലും കാണുന്നതുതന്നെ. ഒരു കവിക്കും സന്യാസിക്കും ഏകമാര്‍ഗ്ഗമില്ല. രണ്ടുപേരും സഞ്ചരിക്കുന്നതു രണ്ടു വഴിയിലൂടെയാണ്. ടാഗൂറും അരബിന്ദോയും തുടങ്ങി ചിലര്‍ രണ്ടുമായിരുന്നെന്നു പറയാമെങ്കിലും അവര്‍ക്കൊക്കെ ആദ്യകാലത്ത് ലൗകികാനുഭവങ്ങളുണ്ട്. ടാഗൂര്‍ പ്രണയപാരംഗതനും അരവിന്ദഘോഷ് വിപ്ലവകാരിയും ആയിരുന്നു. ഗുരുദേവനാകട്ടെ ജീവിതാംരംഭം മുതല്‍ തന്നെ സന്യാസി ലക്ഷണങ്ങള്‍ പ്രകടമാക്കിയ ഒരാളാണ്. ഹൈന്ദവജനതയുടെ വിമോചനം എന്ന ഒറ്റ ലക്ഷ്യത്തില്‍ സഞ്ചരിച്ചതിനാല്‍ മൃദുലഭാവങ്ങള്‍ ആ സന്യാസിശ്രേഷ്ഠനെ അലട്ടിയില്ല.
ശ്രേഷ്ഠ കവിയാകണമെങ്കില്‍ സമഗ്രമായ ജീവിതാനുഭവങ്ങളും അനിവാര്യമാണ്. ഇന്നത്തെ കവികള്‍ പലരും പരിമിത വിഭവന്മാരായിപ്പോകുന്നത് അവരുടെ അനുഭവദാരിദ്ര്യം കൊണ്ടാണ്. കവിയാകുക എന്നത് ഗുരുദേവന്റെ ലക്ഷ്യമേ ആയിരുന്നില്ല. കവിതയും വേദാന്തവും ആത്യന്തികമായി അനുഭൂതിയില്‍ ചെന്നു നില്‍ക്കുന്നതിനാല്‍ രണ്ടിനും പാരസ്പര്യമുണ്ട്. ആ പാരസ്പര്യം സന്യാസിമാരെക്കൊണ്ടൊക്കെ കവിതയെഴുതിച്ചു. സ്വാമി വിവേകാനന്ദനും കവിതകള്‍ എഴുതിയിട്ടുണ്ട്. സമൂഹത്തിന്റെ ഉദ്ധാരണവും ആത്മീയ പ്രചാരണവും മുഖ്യ ലക്ഷ്യമായതിനാല്‍ കവിതയിലേയ്ക്ക് അദ്ദേഹം അധികം കടന്നില്ല, എന്നതു കൈരളിയുടെ നഷ്ടങ്ങളിലൊന്നാണ്. വേദാന്താഭിമുഖ്യമുപേക്ഷിച്ച് മറ്റു വിഷയങ്ങള്‍ കൂടി ഗുരുദേവന്‍ എഴുതാത്തത് ആസ്വാദകര്‍ക്ക് നിരാശ നല്‍കുന്നു. മറ്റൊരു കവിയോടും സാദൃശ്യമില്ലാത്ത പദസംഘാതം ഗുരുദേവന്റെ സമ്പത്താണ്. അദ്ദേഹത്തിനുമാത്രം സ്വന്തമായ ആ ശൈലി കൂടുതല്‍ ആസ്വദിക്കാന്‍ നമുക്ക് അവസരം ലഭിച്ചില്ല.