മഹാകവി കുമാരനാശാന്റെ വിഖ്യാതകാവ്യം ‘ദുരവസ്ഥ’ പല മാനങ്ങളില്‍ മലയാളിയുടെ കണ്ണുതുറപ്പിക്കുന്ന ഖണ്ഡകാവ്യമാണ്. 1921 ലെ കുപ്രസിദ്ധമായ മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍, ഏറനാട്ടില്‍ നേരിട്ടുവന്നു താമസിച്ച്, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയാണ് ആശാന്‍ ഈ കാവ്യം എഴുതുന്നത്. മാപ്പിളലഹളയുടെ ഇരയായ,എല്ലാം നഷ്ടപ്പെട്ട സാവിത്രി അന്തര്‍ജ്ജനം, ചാത്തന്റെ പുലക്കുടിയില്‍ അഭയം തേടുന്നതും തുടര്‍ന്ന് ആ ഭയാനകമായ അവസ്ഥകള്‍ വിവരിച്ചും കൊണ്ടാണ് കാവ്യം പുരോഗമിക്കുന്നത്. അക്കാലത്തെ ഹിന്ദുസമൂഹത്തില്‍ നിലനിന്നിരുന്ന ഭീകരമായ ജാതിചിന്തയും ഉച്ചനീചത്വവും എത്രത്തോളം ധര്‍മ്മഗ്ലാനി വരുത്തിയിരുന്നു എന്നതും കാവ്യത്തിലെ ഒരു പ്രധാന വിഷയമാണ്.
കാവ്യത്തിന്റെ മറ്റൊരു ചരിത്രഗതി എന്തെന്നാല്‍, പില്‍ക്കാല കേരളസമൂഹം ഈ കാവ്യത്തെ വലിയതോതില്‍ അവഗണിച്ചു എന്നതാണ്.സ്വാതന്ത്ര്യാനന്തര കേരളത്തില്‍ വേരുറപ്പിച്ച രാഷ്ട്രീയ കക്ഷികള്‍ പിന്തുടര്‍ന്ന ന്യൂനപക്ഷപ്രീണനത്തിന്റെ ഇരയായിരുന്നു ആശാന്റെ ‘ദുരവസ്ഥ’ എന്ന് നിസ്സംശയം പറയാം. പകര്‍പ്പവകാശ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും കേരളത്തിലെ പ്രമുഖ പ്രസാധകര്‍ ആരും തന്നെ ദുരവസ്ഥ വീണ്ടും അച്ചടിക്കാനോ വില്‍ക്കാനോ മുതിര്‍ന്നിട്ടില്ല എന്നതില്‍ നിന്നും മലയാളസാഹിത്യത്തില്‍ പോലും അധിനിവേശം നടത്തിയിരിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ സ്വാധീനം എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കാം.
മൂന്നാമത്തെ മാനം എന്തെന്നാല്‍, ‘ദുരവസ്ഥ’ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു, ‘ദുരവസ്ഥ’യുടെ സന്ദേശങ്ങള്‍ കാലാതീതമാണ് എന്നതാണ്..
ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഡോ:മധു മീനച്ചില്‍ രചനയും സാക്ഷാത്കാരവും നിര്‍വ്വഹിച്ച, ആശാന്റെ കാവ്യത്തിന്റെ സ്വതന്ത്ര നൃത്തശില്‍പ്പത്തിന്റെ പ്രാധാന്യം ഇരിക്കുന്നത്. ഇക്കഴിഞ്ഞ നവരാത്രിക്കാലത്ത് കോഴിക്കോട് കേസരി ഭവനില്‍ നടന്ന സര്‍ഗ്ഗോത്സവത്തില്‍ ആണ് ഈ നൃത്തശില്പം ആദ്യമായി അരങ്ങേറുന്നത്.
ആശാന്റെ കാവ്യത്തിലെ വരികളോടൊപ്പം ഡോ: മധു മീനച്ചില്‍ എഴുതിയ വരികളും തിരിച്ചറിയാനാകാത്ത വിധം ഇഴചേര്‍ന്നു കിടക്കുന്നു എന്നത് എടുത്തുപറയാതെ വയ്യ. അക്കാലത്തെ ജാതിചിന്ത പ്രതിഫലിപ്പിക്കുന്ന രംഗങ്ങളും, അതിനും പിന്നില്‍ അരുവിപ്പുറത്തു നാരായണഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠയും ചരിത്രത്തിന്റെ എല്ലാ തനിമയോടെയും നാടകത്തില്‍ കടന്നുവരുന്നത് ഗുരുദേവന്റെ പ്രിയശിഷ്യനായ കുമാരനാശാനുള്ള ഒരു ശ്രദ്ധാഞ്ജലി തന്നെയാണ്.
ഒരു ദൃശ്യാവിഷ്‌കാരം ഹൃദ്യമാകുന്നത് അത് പ്രമേയത്തെ എങ്ങിനെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത് എന്നതിലൂടെയാണ്. കാവ്യത്തില്‍ സാക്ഷീഭാവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മൈനയെന്ന കിളിയെ ഒരു പ്രധാനകഥാപാത്രമാക്കി, സാവിത്രിയും മൈനയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ നാടകം പുരോഗമിക്കുന്നത് ഒരു സര്‍ഗ്ഗാത്മക സമീപനമാണ്. മൈനയിലൂടെ തുവ്വൂര്‍ കിണറിന്റെ ഭീകരതയും ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. അങ്ങനെ ഒരു മണിക്കൂറോളമുള്ള നാടകം തിരശ്ശീല വീഴുമ്പോള്‍ അടക്കിപ്പിടിച്ച തേങ്ങലുകളും വിതുമ്പലും ഉയര്‍ത്തുമെങ്കിലും അവസാന രംഗം നല്‍കുന്ന ആത്മവിശ്വാസം നിശ്ശബ്ദമായ ഒരു കൊടുങ്കാറ്റായി ഓരോ പ്രക്ഷകമനസ്സിലും ഇരമ്പുകതന്നെ ചെയ്യും.
കലാമണ്ഡലം ശ്രീഷയാണ് നൃത്തരംഗങ്ങള്‍ അണിയിച്ചൊരുക്കിയത്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളാണ് ഈ മനോഹരമായ നൃത്തശില്പം പ്രൊഫഷണല്‍ മികവോടെ അവതരിപ്പിച്ചത്. പ്രസിദ്ധീകരിച്ച് നൂറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘ദുരവസ്ഥ’ക്ക് രംഗഭാഷ്യം ഒരുങ്ങുന്നത് എന്നത് ഒരര്‍ത്ഥത്തില്‍ ആശങ്കാജനകമാണെങ്കിലും മാപ്പിളലഹളയുടെ ശതാബ്ദി എല്ലാ യാഥാര്‍ഥ്യബോധത്തോടേയും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തന്നെ അരങ്ങത്ത് എത്തുന്നു എന്നത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ കാവ്യനീതിയാണ്.