ഓണം അവധി കഴിഞ്ഞു ഓഫീസ് തുറന്ന് ഒന്ന് ഇരുന്നതേ ഉള്ളൂ..
അതാ വരുന്നൂ കാക്കൂര്‍ ശ്രീധരന്‍മാഷ്..
‘കുറെ കാലമായല്ലോ കണ്ടിട്ട് മാഷെ.. വരൂ വരൂ ഇരിക്കൂ ..’ എന്ന് പറയലും ഇരുന്ന പാടെ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു ‘കണ്ടില്ലേ.. ഭാരത് ചോഡോ പദയാത്ര..ഹ..ഹ..ഹ.’
ഞാന്‍ പറഞ്ഞു ‘ഉച്ചാരണം ശ്രദ്ധിക്കണേ.. ചോഡോ എന്നല്ല ജോഡോ.. ജോഡോ എന്ന് വെച്ചാല്‍ ഒന്നിപ്പിക്കുക!
ചോഡോ എന്നത് ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് വിളിച്ചതാ.. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകാന്‍.
‘അറിയാം.. അറിയാം..ഇപ്പോള്‍ ജീപ്പില്‍ മൈക്ക് കെട്ടി വിളിച്ചു പറയുന്നത് ചോഡോ എന്ന് തന്നെയാണ്. കേട്ട് നോക്കൂ..’
മാഷിന്റെ സൂക്ഷ്മതയെ അഭിനന്ദിച്ചപ്പോള്‍ മാഷ് ഒരു ചോദ്യമെറിഞ്ഞു.
‘പൊട്ടിക്കാന്‍ നടക്കുന്നവര്‍ എങ്ങനെയാ ഒന്നിപ്പിക്കുക?’
‘ച്ചാല്‍?’
അല്ലെങ്കില്‍ ആരാ ഇന്ത്യയെ പൊട്ടിച്ചത്?
‘എന്താ അര്‍ത്ഥമാക്കുന്നത് ? വിഭജനം?’
‘അതെ..പൊട്ടിച്ച് എത്ര കഷ്ണമാക്കി?’
‘രണ്ടാമത്തെ പൊട്ടിക്കല്‍ നല്ലതായിരുന്നില്ലേ മാഷേ ? രണ്ടു രാജ്യമാക്കിയില്ലേ ? ശത്രുത കുറഞ്ഞില്ലേ?’
‘ഇതൊക്കെ ആരുടെ തലയില്‍ ഉദയം കൊണ്ടതോ എന്തോ?’
‘ഒന്നൂല്ല്യ.. പ്രധാനമന്ത്രിയുടെ ‘ഹര്‍ ഘര്‍ തിരംഗാ’ പരിപാടി നല്ല വിജയം കണ്ടു. എല്ലാവരും കൊടി പിടിച്ചു. അത് കണ്ടു ഞങ്ങളും പിടിക്കും എന്ന് ചിലര്‍.. ഭാരത് ജോഡോ എന്നൊക്കെ പറഞ്ഞു കൊടി പിടിച്ചു നടക്കുക..അത് തന്നെ. ഇപ്പൊ ഒവൈസി വരെ ത്രിവര്‍ണ്ണ പതാക ഏന്തി നടക്കുന്നു..’
‘ഹ..ഹ.. അത് കൊള്ളാം ..ആയിക്കോട്ടെ പക്ഷെ എന്തിനാ മറ്റുള്ളവരെ ചീത്ത വിളിക്കുന്നത് ?’
‘നല്ല കാര്യം. മോദിയുടെ കരാള ഹസ്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ടേ?’
‘വേണം വേണം .. അതിനാണല്ലോ ‘ഇന്ത്യയെ പൊട്ടിക്കല്‍’ വിദഗ്ധരെ കൊണ്ട് തന്നെ ഉദ്ഘാടിപ്പിച്ചത് ?..ഇന്ത്യയില്‍ നിന്ന് ഇപ്പൊ പൊട്ടി വേറെപ്പോകും എന്ന് പറഞ്ഞു നില്‍ക്കുന്ന ഡി.എം.കെ കാരുടെ നേതാവ് സ്റ്റാലിന്‍ തന്നെ വേണമല്ലോ അതിന് ?’
‘ശരിയാ ..ഇന്ത്യാ വിഭജനം എന്ന പൊട്ടിക്കലിന് ഉത്തരവാദികള്‍ മാത്രമല്ല, പഞ്ചാബിലും കാശ്മീരിലും വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും വിഘടനവാദികളോട് കൈക്കൊണ്ട നടപടികള്‍ നോക്കിയാല്‍ അറിയാം എത്രത്തോളം രാഷ്ട്ര വിരുദ്ധരാണ് ഇക്കൂട്ടര്‍ എന്നത്.’
‘അത് മാത്രമോ? ഇവര്‍ ഭാരതത്തെ ഒന്നിപ്പിച്ച സര്‍ദാര്‍ പട്ടേലിനെ വെറുത്തു.. സ്റ്റാച്യൂ ഓഫ് യൂണിറ്റി-ഏകതാ പ്രതിമ-യെ കണക്കറ്റ് കളിയാക്കി. കാശ്മീരിനെ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഭാഗമാക്കി ഒന്നിപ്പിച്ച നടപടിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത്. അതിനെ നഖ ശിഖാന്തം എതിര്‍ത്തു. ഭാരതത്തിലെ ജനങ്ങളെ ഏവരെയും ഒന്നിപ്പിക്കുന്ന നിയമമാണ് ഏക സിവില്‍ നിയമം. അതിനോടുള്ള ഇവരുടെ എതിര്‍പ്പ് നോക്കൂ. വിദ്വേഷം വിതറിക്കൊണ്ടുള്ള ഈ യാത്ര ഒന്നിപ്പിക്കാനല്ല, ജനങ്ങളെ വിഭജിക്കാനാണ്. അങ്ങനെ വോട്ട് മുഴുവന്‍ തട്ടി പോക്കറ്റിലാക്കാനുള്ള കുത്സിത ശ്രമം മാത്രമാണെന്ന് കൂടുതല്‍ ജനം തിരിച്ചറിയുമ്പോള്‍ ഉള്ള വോട്ടും കൂടി പോകും.’
‘ഹ..ഹ.. വെളുക്കാന്‍ തേച്ചത് പാണ്ടാകും എന്നാണോ?’
‘പാണ്ടല്ല… പാണ്ടി പണ്ടാറമായി അടങ്ങും. ഗോവയില്‍ 8എം.എല്‍.എ മാരാണ് കൂടു വിട്ട് കൂട് മാറിയത്.’
‘അപ്പോഴും കുറ്റപ്പെടുത്തും, കാശ് കൊടുത്ത് വാങ്ങിയതാണെന്ന്..’
‘ഭൂരിപക്ഷം ഉള്ള ഇടത്ത് ഗവണ്‍മെന്റിന് യാതൊരു ഭീഷണിയും ഇല്ലാത്തിടത്ത്.. എന്തിനാ കാശ് കൊടുത്ത് വാങ്ങുന്നത്?’
‘അത് പിന്നെ.. കുറ്റം പറയാതിരിക്കാനാവുമോ?’
മോട്ടിവേഷണല്‍ സ്പീക്കേഴ്‌സ് സാധാരണ പറയാറുള്ളതാണ് ‘മറ്റുള്ളവരെക്കുറിച്ചു കൊച്ചാക്കി പറയരുത്. അന്യരെ കൊച്ചാക്കി പറഞ്ഞു നിങ്ങള്‍ക്ക് വലുതാവാന്‍ ഒരിക്കലും സാധ്യമല്ല എന്നൊക്കെ.’
‘അതിന് അതൊന്നും കേള്‍ക്കാന്‍ ആരും പോവാറില്ലല്ലോ? ഒപ്പം നടക്കുന്നവര്‍ ഉള്ള ബുദ്ധി നശിപ്പിച്ച്..ഇനി പതിനെട്ട് ദിവസത്തെ കേരളയാത്രകൊണ്ട് വയറും കൂടി നശിപ്പിക്കും. പൊറാട്ടയാണ് പ്രധാന തീറ്റ എന്ന് മാധ്യമങ്ങള്‍.’
‘ഹ..ഹ..’
ഇവിടെ ശ്രീധരന്‍ മാഷ് ഒരു ബ്രേക്ക് എടുത്തു. മൗനത്തിന്റെ ചെറിയ ഇടവേള. എന്നിട്ട് പറഞ്ഞു.
‘അല്ല .. നമ്മള്‍ ഇപ്പോള്‍ ആ നേതാവിനെ കൊച്ചാക്കുകയല്ലേ?’
‘അതിനയാള്‍ ഇത് വരെ വലുതായിട്ടില്ലല്ലോ മാഷേ?’ എന്ന് പറഞ്ഞപ്പോള്‍ മാഷ് കുലുങ്ങി ചിരിച്ചു.
‘അല്ല ഒന്നാലോചിച്ചു നോക്കൂ.. അനുയായികള്‍ കുറച്ചു സീരിയസ്‌നെസ്സ് വേണമെന്ന് പറഞ്ഞതിനാല്‍ സന്ദര്‍ഭം നോക്കാതെ ഗൗരവം ഭാവിക്കുക, ചോദ്യത്തിന് തോന്നിയ ഉത്തരം പറയുക, ചിലപ്പോള്‍ ദീര്‍ഘ മൗനം പാലിക്കുക, ആരെയെങ്കിലും കെട്ടിപ്പിടിക്കുക എന്നിട്ട് കണ്ണിറുക്കി കാണിക്കുക, പോക്കറ്റില്‍ കയ്യിട്ട് ഓട്ട പോക്കറ്റ് ആണെന്ന് കാണിക്കുക, യേശു ദൈവമാണോ എന്നൊക്കെ ചോദിച്ച് അജ്ഞത പ്രകടിപ്പിക്കുക,
ആദ്യന്തം മൂര്‍ഖത.. കേരളത്തിലെ മഹാ മൂര്‍ഖര്‍ക്കേ ഇതൊക്കെ ഗംഭീരമായി തോന്നൂ. പിന്നെ മഞ്ഞരമയ്ക്കും.’
‘ഹ..ഹ..’
മാഷ് ചിരിച്ചു. ഞാന്‍ ഇത്രയും കൂടി കൂട്ടി.
‘വേറെ വല്ലവരും ആയിരുന്നു ആ സ്ഥാനത്ത് എന്ന് വെച്ചാല്‍.. എന്താവും സ്ഥിതി ? ..’വട്ട് കേസ് .. അളിയാ..നീ മാറി നിക്ക്’ ..എന്ന് പറയും ഇല്ലേ ?’
‘സത്യം.’
‘എന്നാല്‍ ഇവിടെ ഈ വിദ്വാനെ എങ്ങനെ ആ നിലയില്‍ അവിടെ തന്നെ ഉറപ്പിക്കാം എന്ന ചിന്തയിലാണ് അമ്മയും മക്കളും.’
അത്രയും പറഞ്ഞപ്പോഴേയ്ക്കും നമുക്ക് നല്ലൊരു പ്രതിപക്ഷം വേണമെന്ന ശാഠ്യക്കാരനായ മാഷില്‍ പ്രകടമായ അസ്വസ്ഥത.
‘അതെങ്ങനെയാ?.. ഗാന്ധി കുടുംബത്തില്‍ അല്ല… അത് വ്യാജമാണ്.. നെഹ്റു കുടുംബത്തില്‍ ജനിച്ച ഏതെങ്കിലും പൂച്ചക്കുട്ടി ആയാലും മതി ഈ കോണ്‍ഗ്രസ്സുകാര്‍ക്ക്. മഹാമോശം!’.
ഞാന്‍ ഗുരു ചാണക്യനെ ഉദ്ധരിച്ചു പറഞ്ഞു: ‘ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരാള്‍ മഹാനാവുന്നത്.’
‘അതൊക്കെ എവിടെ വായിക്കാന്‍ ? ഭാരതീയമായ എന്തും കോണ്‍ഗ്രസ്സുകാര്‍ക്ക് ഹറാമാണല്ലോ’.
ഞാന്‍ ചിരിച്ചു. പെട്ടെന്ന് ഒരു ചിന്ത വന്നു.
‘മുസ്ലിം ലീഗ് എന്‍.ഡി.എ യില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസ്സ് പിന്നെ എന്താ ചെയ്യാ മാഷെ?’
‘അവര് മുസ്ലിം ലീഗ് ആവും… കുറച്ചു പേര് സി.പി.എമ്മില്‍ ചേരും.’
‘ഹ..ഹ..’ ഞാന്‍ ചിരിച്ചപ്പോള്‍..
‘എന്നാല്‍ ശരി’ എന്ന് പറഞ്ഞു മാഷ് പുറപ്പെട്ടു.
ഞാന്‍ ചിന്തയിലാണ്ടു. യഥാര്‍ത്ഥത്തില്‍ ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് തന്നെ. അല്ലെ?
എത്ര അകന്നാണ് നാം കഴിയുന്നത്!
ഒരു കഥ ഓര്‍മ്മ വന്നു. രണ്ടു സഹോദരന്മാര്‍. അയല്‍ക്കാര്‍. രണ്ടു പേരും കൃഷിക്കാര്‍. അവര്‍ വളരെ ഒരുമയില്‍ കഴിഞ്ഞു പോന്നു. അവരുടെ കൃഷിയിടങ്ങളും ഒന്നിച്ചു തന്നെ. അങ്ങനെയിരിക്കെ ഒരു ദിവസം ഇളയ സഹോദരന്‍ അയാളുടെ പാടത്തേയ്ക്ക് വെള്ളമെത്തിക്കാന്‍ കീറിയ ചാല്‍ സ്വല്‍പ്പം വലുതായിപ്പോയി. അതിനെച്ചൊല്ലി വഴക്കായി. മത്സരമായി. ചാലിന്റെ വലുപ്പം കൂടി അത് തോട് ആയി. അത് അവരെ ശരിക്കും വിഭജിച്ചു. അവര്‍ അന്യോന്യം അകന്നു. കണ്ടാല്‍ മിണ്ടാതെയായി. ഒരു ദിവസം ചേട്ടന്റെ വീട്ടില്‍ ഒരു ചെറിയ മരാമത്ത് പണി. ആശാരി വന്നു. ആശാരിയോട് വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞ് സാധനങ്ങള്‍ വാങ്ങാന്‍ അയാള്‍ മാര്‍ക്കറ്റില്‍ പോയി. തിരികെ എത്താന്‍ കുറെ വൈകി. ആശാരി മടിയനായിരുന്നില്ല. എന്തെങ്കിലും ചെയ്യാമെന്ന് കരുതി അവിടെയുണ്ടായിരുന്ന ചില മരപ്പലകകള്‍ കൊണ്ട് തോടിന് മുകളില്‍ മനോഹരമായ ഒരു ചെറിയ പാലം പണിതു. വൈകുന്നേരം ഇളയ സഹോദരന്‍ എത്തിയപ്പോള്‍ ആ പാലം കണ്ടു അദ്ഭുതപ്പെട്ടു.അപ്പോഴേയ്ക്കും ചേട്ടനും എത്തി. ചേട്ടന്റെ നിര്‍ദ്ദേശപ്രകാരം പണിയിച്ചതാണ് ആ പാലം എന്ന് കരുതി അനിയന്‍ പാലം കടന്ന് വന്നു. പശ്ചാത്തപ വിവശനായി ചേട്ടനെ കെട്ടിപ്പിടിച്ചു. തന്നോട് പൊറുക്കണമെന്നു പറഞ്ഞു. അങ്ങനെ അവര്‍ വീണ്ടും ഒന്നിച്ചു.
എല്ലാറ്റിനും ഓരോ നിമിത്തം ഉണ്ടാവും. കോണ്‍ഗ്രസ്സിലെ നേതാക്കള്‍ പാര്‍ട്ടിയുടെ ഇന്നത്തെ ശരിയായ അവസ്ഥ മനസ്സിലാക്കി വിദ്വേഷങ്ങള്‍ മറന്ന് രാജ്യത്തിനായി ഒന്നിക്കട്ടെ. മോദിജിയുടെ കരങ്ങള്‍ക്ക് ശക്തി പകരട്ടെ. യാത്ര ശരിയായ ‘ഭാരത് ജോഡോ’ യാത്ര ആയി മാറട്ടെ. സര്‍വ്വോപരി ഭാരത പതാക ഏന്തി നടക്കുന്ന രാജ്യസ്‌നേഹികളായി മാറട്ടെ.