പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോഴാണ് ആ തീവ്രവാദി സംഘടനയോട് ഹൃദയബന്ധം ഉള്ള എത്രപേരുണ്ട് ഈ സംസ്ഥാനത്തില്‍ എന്ന് കേരള ജനതയ്ക്ക് കൃത്യമായി ബോധ്യമായത്. കോണ്‍ഗ്രസിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കള്‍ പോപ്പുലര്‍ഫ്രണ്ടിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത് അതിനെ നിരോധിച്ചതിനെ എതിര്‍ത്തുകൊണ്ടല്ല. പകരം ആര്‍ എസ് എസ്സിനെ നിരോധിക്കാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചു കൊണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ തൂക്കം ഒപ്പിക്കാന്‍ ആര്‍.എസ്.എസ്സിനേയും നിരോധിച്ചേ പറ്റൂ – അതാണ് അവരുടെ ന്യായം. ഈ വികൃത ന്യായത്തിന്റെ കാര്യത്തില്‍ ഒരൊറ്റ സ്വരമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും. എളമരം കരീമിനും എം.എ. ബേബിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഒക്കെ ഈ ഒറ്റ അഭിപ്രായമേയുള്ളു.
തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇവരെ കടത്തി വെട്ടി ആര്‍.എസ്. എസ് പഥ സഞ്ചലനം നിരോധിച്ചു നോക്കി. കോടതിയെ പോലും മറികടന്നായിരുന്നു ഈ നടപടി. പോപ്പുലര്‍ ഫ്രണ്ടുകാര്‍ കുഴപ്പം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ പഥ സഞ്ചലനം നടത്തേണ്ട എന്ന നിലപാടായിരുന്നു സ്റ്റാലിന്. എന്തെങ്കിലും നിയമം ലംഘിച്ചതിന്റെപേരില്‍ ആയിരുന്നില്ല ആര്‍എസ്എസിനു നേരെയുള്ള ഈ നിരോധനം. പോപ്പുലര്‍ ഫ്രണ്ട് കുഴപ്പം ഉണ്ടാക്കിയാല്‍ അവരെ കൈകാര്യം ചെയ്യേണ്ട സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്കൊപ്പം നിന്ന് ആര്‍.എസ്.എസ്സുകാരുടെ പൗരാവകാശം നിഷേധിക്കുകയായിരുന്നു. ആര്‍എസ്എസ്സിന് നീതി നല്‍കാനോ ജനാധിപത്യാവകാശം അനുവദിക്കാനോ പാടില്ല എന്നതാണ് സിപിഎമ്മിന്റെയും ഡിഎംകെയുടെയും കോണ്‍ഗ്രസ്സിന്റെയും ഒക്കെ നിലപാട്. യഥാര്‍ത്ഥ ഫാസിസം കുടികൊള്ളുന്നത് എവിടെയാണ് എന്ന് ഇവരുടെ ഇത്തരം നിലപാടില്‍ നിന്ന് വ്യക്തമാണ്.