സി.പി.എം.നേതാക്കള്‍ക്ക് ഫണ്ട് നല്‍കിക്കൊണ്ട് വ്യാജവാറ്റ് ഫാക്ടറി നടത്തിയ മണിച്ചനെ മാതൃകയാക്കണം എന്ന ബോധമില്ലാത്തത് ബില്‍ക്കീസ് ബാനു കേസ് പ്രതികളുടെ കഷ്ടകാലം. പതിനാല് വര്‍ഷം ജയിലില്‍ കിടന്ന അവരെ ജയില്‍ മോചിതരാക്കിയതിനെതിരെ സിപിഎമ്മിനു വേണ്ടി സുഭാഷിണി അലിയും ചില പത്രക്കാരും ചേര്‍ന്ന് കേസ് കൊടുത്തിരിക്കുകയാണ്. ഈ പ്രതികളെ വെറുതെ വിടാന്‍ പാര്‍ട്ടി തയ്യാറല്ല എന്നു കാണിച്ചു കൊടുക്കാനാണിത്. പാര്‍ട്ടി നേതാക്കള്‍ക്ക് കൈമടക്ക് നല്കി സന്തോഷിപ്പിച്ച മണിച്ചനെ ജയില്‍ശിക്ഷ വെട്ടിക്കുറച്ച് പുറത്തിറക്കാന്‍ പാര്‍ട്ടിക്കും കേരളത്തിലെ ഇടതുസര്‍ക്കാറിനും എന്തു ആവേശമായിരുന്നു. ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ഒരു കുടുംബത്തെ അനാഥമാക്കി എന്നതാണ് കേസ്. എന്നാല്‍ മണിച്ചന്റെ വ്യാജമദ്യം എത്ര കുടുംബങ്ങളെയാണ് അനാഥമാക്കിയത്. എന്നാലും വാങ്ങിയ പണത്തിന് പ്രത്യുപകാരം ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. നന്ദികേട് കാണിച്ചുവെന്ന ചീത്തപ്പേര് ഉണ്ടാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. ഗുജറാത്ത് കലാപത്തിന് പിന്നാലെ കലാപബാധിതരെ സഹായിക്കാന്‍ എന്ന പേരില്‍ കോടികളുടെ ഫണ്ട് ഉണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ആളാണ് ടീസ്റ്റ സെത്തല്‍ വാദ്. കള്ള തെളിവുകളും കള്ള സാക്ഷികളും പടച്ചുണ്ടാക്കി മോദിയെ വരെ കേസ്സില്‍ കുടുക്കാന്‍ ശ്രമിച്ച ടീസ്റ്റ ഒടുവില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ജയിലിലായി. എല്ലാ കാര്യത്തിലും ടീസ്റ്റക്ക് ഒപ്പം നിന്ന പാര്‍ട്ടിയാണ് സിപിഎം അവരെ ജയില്‍ മോചിതയാക്കാന്‍ പണിയെടുക്കുന്നവരുടെ കൂട്ടത്തിലും സഖാക്കള്‍ ഉണ്ട്.
പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ജയില്‍ മോചനത്തിന് ചില മാമൂലുകള്‍ നിര്‍ബന്ധമാണ്. പാര്‍ട്ടിക്ക് ഭരണമില്ലാത്ത സംസ്ഥാനത്ത് നോക്കുകൂലി എങ്കിലും കിട്ടണം. ഇതൊന്നും തിരിച്ചറിയാനുള്ള രാഷ്ട്രീയ പരിജ്ഞാനം പാവം ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ഇല്ലാതെപോയി. 11 പേരും 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചശേഷം ശിക്ഷാ ഇളവിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഇക്കാര്യം ഗുജറാത്ത് സര്‍ക്കാറിന്റെ പരിഗണനക്ക് വിട്ടു. ഗുജറാത്ത് സര്‍ക്കാര്‍ അവരെ ശിക്ഷ ഇളവു നല്കി ജയില്‍ മോചിതരാക്കി. ഇതു സി.പി.എമ്മിനെ പ്രകോപിപ്പിച്ചു എന്നു പറയണ്ടല്ലോ. നോക്കുകൂലി കിട്ടാത്തതിന്റെ പക കൊണ്ടാണോ എന്നറിയില്ല സുഭാഷിണി അലിയും ചില പത്രക്കാരും പാര്‍ട്ടി പിന്തുണയോടെ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. മരിച്ചു പോയ ജോസഫൈന് പറഞ്ഞ പോലെ ഇനി അനുഭവിച്ചോ!