മാപ്പിള ലഹളയുടെ എഴുപത്തഞ്ചാം വാര്‍ഷികം ആചരിച്ച 1996 ല്‍ വി.ടി. ഇന്ദുചൂഡന്‍ എഴുതിയ ലേഖനത്തില്‍, ലഹളയെ വര്‍ഗ്ഗസമരമായി കാണുന്ന വക്രീകരണത്തെ വിമര്‍ശിച്ച് ഇങ്ങനെ എഴുതി:
‘കണ്ടവര്‍ നില്‍ക്കട്ടെ, കേട്ടവര്‍ പറയട്ടെ – എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. അതാണ് മാപ്പിളലഹളയെപ്പറ്റി ചരിത്രകാരന്മാര്‍ എന്നവകാശപ്പെട്ടുകൊണ്ട് ചില ബുദ്ധിജീവികള്‍ പറയുന്നത്. കുമാരനാശാന്‍ നേരില്‍ക്കണ്ട് എഴുതിയത് സ്വീകാര്യമല്ലെന്നും മാപ്പിളലഹള പുരോഗമന വിപ്ലവമായിരുന്നു എന്നുമാണല്ലോ ഇവരുടെ നിലപാട്.’
ഈ വാചകങ്ങളിലുള്ളത്, കുമാരനാശാന്‍ മാപ്പിളലഹളയുടെ കെടുതികള്‍ നേരില്‍ കണ്ടു എന്നാണ്. അങ്ങനെയെങ്കില്‍ അതിന് തെളിവ് വേണം. തെളിവുണ്ടോ?
തെളിവിന് വേണ്ടി റിട്ടയര്‍ ചെയ്ത പൊലീസ് സൂപ്രണ്ട് കെ. എന്‍. ബാലിന്റെ സഹായം ഞാന്‍ തേടി. സര്‍വീസിലിരുന്നപ്പോള്‍ മിടുക്കനായിരുന്നു ബാല്‍. ചരിത്രത്തിലാണ് അദ്ദേഹത്തിന്റെ ബിരുദം.
പൊലീസായതു കൊണ്ടല്ല ബാലിനോട് ഇക്കാര്യം തിരക്കിയത്. അദ്ദേഹം, കുമാരനാശാന്റെ ആത്മസുഹൃത്തായ ടി.കെ.നാരായണന്റെ മകന്‍ ആയതു കൊണ്ടാണ്. ബാല്‍ സാക്ഷ്യപ്പെടുത്തി: ആശാന്‍ മാപ്പിളലഹളയുടെ ദുരന്തങ്ങള്‍ അറിയാന്‍ നാരായണന്റെ കൂടെ മലബാറില്‍ പോയിരുന്നു. ശ്രീനാരായണഗുരുവും ആശാനും ആലോചിച്ച് നാരായണനെ മലബാറില്‍ അയയ്ക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ നാരായണന്റെ കൂടെ ആശാനും പോയി.
ഇക്കാര്യങ്ങള്‍ അമ്മ പന്തളം കറുത്തേരി നാരായണി പറഞ്ഞും ബാല്‍ കേട്ടിട്ടുണ്ട്. ഈഴവ സമുദായത്തില്‍ നിന്നുള്ള ആദ്യ സ്‌കൂള്‍ അദ്ധ്യാപികയായ നാരായണി സാധാരണ വീട്ടമ്മ ആയിരുന്നില്ല; കാര്യവിവരം ഉണ്ടായിരുന്നു.
മാപ്പിളലഹളയ്ക്ക് പിന്നാലെ, ഹിന്ദുക്കളുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ലാഹോറില്‍ നിന്ന് പണ്ഡിറ്റ് ഋഷിറാം ഉള്‍പ്പെടെ ആര്യസമാജം പ്രവര്‍ത്തകര്‍ എത്തി. ആ സംഘത്തില്‍ കൊട്ടാരക്കരക്കാരന്‍ ആര്‍.വെങ്കിടാചലവും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് പണ്ഡിറ്റ് വേദബന്ധു ശര്‍മ്മ എന്ന പേരില്‍ ആഴമുള്ള പുസ്തകങ്ങള്‍ എഴുതി. മാപ്പിളലഹളയെപ്പറ്റിയുള്ള ആദ്യ പുസ്തകം, ‘മാപ്പിള വിദ്രോഹ്’ അദ്ദേഹം എഴുതിയതാണ്. മലബാറില്‍ ആര്യസമാജം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മാപ്പിള ക്രൂരതകളും അതില്‍ വിവരിച്ചിട്ടുണ്ട്. അതിനെ ആധാരമാക്കിയാണ്, സവര്‍ക്കര്‍ ‘മാപ്പിള’ എന്ന നോവല്‍ എഴുതിയത്.
എന്നാല്‍, വേദബന്ധുവിന്റെ പുസ്തകത്തിനും മുന്‍പാണ്, ആശാന്റെ ‘ദുരവസ്ഥ’ വന്നത്.
ഋഷിറാം, വെങ്കിടാചലം എന്നിവരുമായി ആശാനും നാരായണനും ബന്ധപ്പെട്ടിരുന്നുവെന്ന് ബാല്‍ ഓര്‍ക്കുന്നു. ആശാന്‍ മലബാറില്‍ പോയിരുന്നുവെന്ന് തെളിയിക്കുന്ന ഒരു വാചകം, ആശാന്‍ ആലപ്പുഴ മുസ്ലിം യുവജന സംഘത്തിന് അയച്ച മറുപടിയിലുമുണ്ട്.
1097 ചിങ്ങത്തിലാണ് കുമാരനാശാന്റെ ഭാഷയില്‍, തെക്കെമലയാം ജില്ലയില്‍ മാപ്പിള ലഹള ആരംഭിക്കുന്നത്. 1097-ഇടവത്തിലാണ് ‘ദുരവസ്ഥ’ എഴുതിത്തുടങ്ങുന്നത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ 1700 ശീലില്‍ പൂര്‍ത്തിയായി. പതിവില്‍ നിന്ന് വിട്ട് വേഗം കവിത അച്ചടിക്കണമെന്ന് ആശാന്‍ ആഗ്രഹിച്ചിരുന്നതായി ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ‘ആപത്തില്‍ പാപമില്ല’എന്ന ശീര്‍ഷകത്തില്‍ മെയ് 25 ന് തുടങ്ങിയ കവിത ഓഗസ്റ്റ് 30 ന് തീര്‍ന്നപ്പോള്‍ പേര് മാറ്റി. സപ്തംബര്‍ രണ്ടിന് പകര്‍ത്തി, ഏഴിന് അച്ചടിക്ക് കൊടുത്തു.
കവിത വലിയ കോളിളക്കം ഉണ്ടാക്കി, മുസ്ലിങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധ യോഗങ്ങള്‍ ചേര്‍ന്നു. ആലപ്പുഴ മുസ്ലിം യുവജന സംഘം കവിതയ്ക്ക് എതിരെ പ്രമേയം പാസ്സാക്കി. ഇത് ആശാന് അയച്ചു കൊടുത്തു. ആശാന്‍ മറുപടി എഴുതി:
‘ദുരവസ്ഥ എന്ന എന്റെ കൃതിയില്‍ നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവെ സ്പര്‍ശിക്കുന്നതായി സഭ്യേതരമായ ഒരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല. മലബാറില്‍ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും, മതഭ്രാന്തിനെ മുന്‍നിര്‍ത്തിയുള്ള അവരുടെ പൈശാചികമായ പ്രവൃത്തികളെയും അതില്‍ കാവ്യയോഗ്യമായ വിധത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ രസാനുഗുണമായും ലഹളയെ സംബന്ധിച്ചു ഞാന്‍ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ഞാന്‍ ചെയ്തിട്ടുള്ള പദപ്രയോഗങ്ങള്‍ അവരെയും അവരുടെ പ്രവൃത്തിയെയും മാത്രം കുറിക്കുന്നതാണ്. ദൂരവസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകള്‍ വിവക്ഷിക്കുന്നില്ല. ശാന്തമായ മനഃസ്ഥിതിയോട് കൂടി പുസ്തകം ദയവ് ചെയ്ത് ഒന്നുകൂടി വായിച്ചു നോക്കിയാല്‍ വാസ്തവം നിങ്ങള്‍ക്ക് തന്നെ വെളിവാകുന്നതാണ്.’
‘ലഹളയെ സംബന്ധിച്ചു ഞാന്‍ അറിഞ്ഞിട്ടുള്ള വാസ്തവങ്ങള്‍’ എന്ന് ആശാന്‍ പറഞ്ഞതില്‍ കാണേണ്ടത്, അദ്ദേഹം നേരിട്ടു കണ്ട കാഴ്ചകള്‍ തന്നെ.
തിരുവനന്തപുരത്ത് മുസ്ലിം ബുദ്ധി ജീവികള്‍ യോഗം കൂടി. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ആയിരുന്നു അധ്യക്ഷന്‍. യോഗ തീരുമാനപ്രകാരം, മൗലവിയും കെ.എം.സീതി സാഹിബും കുമാരനാശാനെ കണ്ടു. കവിത പിന്‍വലിക്കാനുള്ള അവരുടെ അപേക്ഷ ആശാന്‍ നിരസിച്ചു. നിരസിക്കാന്‍ കാരണവും നേരിട്ട് ബോധ്യപ്പെട്ട വസ്തുതകള്‍ തന്നെ.
‘ദുരവസ്ഥ’ എഴുതി താമസിയാതെ 1924 ജനുവരി 16 ന് പല്ലനയാറ്റില്‍ റെഡീമര്‍ ബോട്ടപകടത്തില്‍ ആശാന്‍ മരിച്ചു. അവസാനത്തെ അത്താഴം ആശാന്‍ കഴിച്ചത് ടി.കെ.നാരായണന്റെ കൂടെ ആയിരുന്നുവെന്ന് കെ.എന്‍.ബാല്‍ ഓര്‍ക്കുന്നു. തണുപ്പു കാലം ആയതിനാല്‍, നാരായണന്‍ അപ്പോള്‍ ധരിച്ചിരുന്ന ഓവര്‍കോട്ട് ഊരി ആശാന് കൊടുത്തു. കോട്ടിന്റെ കീശയില്‍ ഋഷിറാമും മറ്റൊരു ആര്യസമാജം പ്രവര്‍ത്തകനും നാരായണന് എഴുതിയ കത്തുകളും ആര്യസമാജം സ്ഥാപകന്‍ ദയാനന്ദ സരസ്വതിയുടെ ലഘു ജീവചരിത്രവും ഉണ്ടായിരുന്നു. അതെടുത്തു മാറ്റാന്‍ നാരായണന്‍ മറന്നിരുന്നു. ആശാന്‍ ധരിച്ചിരുന്ന കോട്ടിന്റെ കീശയില്‍ ഇവയുണ്ടായിരുന്നുവെന്ന് അപകടശേഷം പൊലീസ് തയ്യാറാക്കിയ മഹസ്സറില്‍ ഉണ്ട്.
ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യരില്‍ പ്രധാനി ആയിരുന്ന ടി.കെ.നാരായണന്‍, എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ സഞ്ചാര സെക്രട്ടറി. ആശാന്‍, ടി.കെ മാധവന്‍, പരവൂര്‍ കേശവനാശാന്‍ തുടങ്ങിയവര്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും ശക്തമായ പിന്‍തുണ നല്‍കി. ‘വിവേകോദയം’, ടി.കെ.മാധവന്റെ ‘ദേശാഭിമാനി’, അമ്മാവനായ കേശവനാശാന്റെ ‘സുജനാ നന്ദിനി’ എന്നിവയുടെ പത്രാധിപര്‍ ആയിരുന്നു. സ്വന്തമായി ‘പാഞ്ചജന്യം’ എന്ന പത്രവും ‘അമൃതഭാരതി’ എന്ന പ്രതിവാര പത്രവും നടത്തി. 1921 ല്‍ ഗുരുവിന്റെ ആദ്യ ജീവചരിത്രം എഴുതി. ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, രാജാറാം മോഹന്‍ റായ് എന്നിവരുടെ ലഘു ജീവചരിത്രങ്ങളും എഴുതി. ആര്യസമാജം, ബ്രഹ്‌മവിദ്യാ സംഘം എന്നിവയുടെ പുസ്തകങ്ങള്‍, ‘ആരോഗ്യ രത്‌നാകരം’ ഉള്‍പ്പെടെ പരിഭാഷ ചെയ്തു. ‘ഹനുമാന്റെ പൂണൂല്‍’ സവര്‍ണ കോമരങ്ങളെ ചൊടിപ്പിച്ചു.
കൊല്ലം ഇംഗ്ലീഷ് മിഷനറി സ്‌കൂളിലും മദ്രാസ് സര്‍വകലാശാലയിലും പഠിച്ച നാരായണന്‍ കൊല്ലത്ത് തുടങ്ങിയ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളത്തിലെ ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന് വഴികാട്ടി ആയിരുന്നു. 1904 ഒക്ടോബര്‍ 16 ന് സ്വന്തം നാടായ പരവൂര്‍ പൊഴിക്കരയില്‍ നാരായണന്‍ സംഘടിപ്പിച്ച യോഗത്തിലാണ്, ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം, പുളികുടി അടിയന്തരം, പുലകുളി തുടങ്ങിയ അനാചാരങ്ങള്‍ അവസാനിപ്പിക്കാനും വിവാഹം പരിഷ്‌കരിക്കാനും ആഹ്വാനം ചെയ്തത്.
ഇനി നമുക്ക് അന്വേഷിക്കാനുള്ളത്, ആശാനെയും നാരായണനെയും മലബാറിലേക്ക് മാപ്പിളലഹളയ്ക്ക് ശേഷം അയയ്ക്കാനുള്ള ആര്യസമാജ ബന്ധം ശ്രീനാരായണ ഗുരുവിന് ഉണ്ടായിരുന്നോ എന്നതാണ്. ആര്യസമാജവുമായി മാപ്പിളലഹളയ്ക്ക് ശേഷം ഗുരുവിന് ശക്തമായ ബന്ധമുണ്ടായിരുന്നതിന് തെളിവുണ്ട്.
ടി. ഭാസ്‌കരന്‍ എഴുതിയ ജീവചരിത്രത്തില്‍, ‘ഗുരു:1090 മുതല്‍ മഹാസമാധി വരെ’ എന്ന അനുബന്ധത്തില്‍, ഇങ്ങനെ പറയുന്നു:
‘1098-ല്‍ പാണാവള്ളി ശ്രീകണ്‌ഠേശ്വര പ്രതിഷ്ഠ നടത്തി. പിറ്റേക്കൊല്ലം (1924) വ്യസനകരമായ ഒരു സംഭവം ഉണ്ടായി. പല്ലന റെഡീമര്‍ ബോട്ടപകടത്തില്‍ കുമാരനാശാന്‍ മരിച്ചു. അന്നു വെളുപ്പാന്‍ കാലത്തു സ്വാമികള്‍ ശിവഗിരിയില്‍ വിശേഷാല്‍ പ്രാര്‍ത്ഥന നടത്തിച്ചു. ആശാന്റെ ചരമവാര്‍ത്ത പിന്നീടാണ് അറിഞ്ഞത്.’
‘അക്കൊല്ലം സ്വാമികള്‍ ആലുവായില്‍ സര്‍വ്വമത സമ്മേളനം വിളിച്ചുകൂട്ടി. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് സ്വാമികള്‍ സമ്മേളന കവാടത്തില്‍ എഴുതിവപ്പിച്ചു. ആശയപരമായ ഏതു സംവാദവും ഈ മനോഭാവത്തോടെയാണു നടത്തേണ്ടതെന്ന് എടുത്തുപറയേണ്ടതില്ലല്ലൊ. രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ അനേകം മതപണ്ഡിതന്മാര്‍ പങ്കെടുത്തു. സ്വാമികള്‍ രണ്ടു ദിവസവും സമ്മേളനവേദിയില്‍ ഉണ്ടായിരുന്നു. സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ട് സത്യവ്രത സ്വാമികള്‍ സ്വാഗത പ്രസംഗം നടത്തി. സി.വി. കുഞ്ഞുരാമന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. സിലോണില്‍ നിന്നൊരു ബുദ്ധഭിക്ഷു സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ബുദ്ധമതത്തെ കുറിച്ചു സംസാരിച്ചത് മഞ്ചേരി രാമയ്യരും രാമകൃഷ്ണയ്യരും ആണ്. ക്രിസ്തുമതത്തെക്കുറിച്ചു കെ. കെ.കുരുവിളയും ഇസ്ലാം മതത്തെക്കുറിച്ചു മുഹമ്മദു മൗലവിയും ബ്രഹ്‌മസമാജത്തെക്കുറിച്ചു സ്വാമി ശിവപ്രസാദും ആര്യസമാജത്തെക്കുറിച്ചു പണ്ഡിറ്റ് ഋഷിറാമും പ്രസംഗിച്ചു.
‘1100 കുംഭത്തില്‍ ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചു. ആര്യസമാജ പ്രവര്‍ത്തകനായ സ്വാമി ശ്രദ്ധാനന്ദജി ശിവഗിരിയില്‍ വന്ന് ഗുരുവിനെ അക്കൊല്ലം സന്ദര്‍ശിക്കുകയുണ്ടായി.
സ്വാമി ശ്രദ്ധാനന്ദയുമായി നടന്ന സംഭാഷണത്തിനിടയില്‍ ഗുരു പറഞ്ഞ നര്‍മ്മങ്ങളില്‍ ചെയ്തതൊന്നും പോരാ എന്ന ധ്വനിയുണ്ട്. പ്രസക്ത ഭാഗം:
ശ്രദ്ധാനന്ദ: അധഃകൃതരുടെ ഉദ്ധാരണത്തിനു സ്വാമികള്‍ പലതും ചെയ്തിട്ടുണ്ടെന്നറിയാം.
ഗുരു: നാം ഒന്നും പ്രവര്‍ത്തിക്കുന്നില്ലല്ലൊ.
ശ്രദ്ധാനന്ദ: പ്രവൃത്തിയുണ്ടാകാതിരിക്കുകയില്ല. പ്രവൃത്തിയുണ്ടെങ്കിലെ നിവൃത്തിയുള്ളുവല്ലോ.
ഗുരു: ഇവിടെ നമുക്ക് ഒരു നിവൃത്തിയും ഇല്ല.
ഇങ്ങനെ ചെയ്തില്ലെന്നും ചെയ്യുന്നില്ലെന്നും തോന്നിയതിനാല്‍ ഗുരു നിര്‍ത്താത്ത സഞ്ചാരമായിരുന്നു. ദയാനന്ദ സരസ്വതിയും ശ്രദ്ധാനന്ദയും ഹിന്ദു സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭം അപാരമാണ്. ദയാനന്ദ സരസ്വതിയുടെ ‘സത്യാര്‍ത്ഥ പ്രകാശ’വും ശ്രദ്ധാനന്ദയുടെ ‘ഹിന്ദുസംഘടന്‍’ എന്ന പുസ്തകവും അവയിറങ്ങിയ കാലം വച്ചു നോക്കിയാല്‍, വലിയ വിപ്ലവങ്ങളാണ്. അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ പരിപാടിയാക്കാത്തതിനാല്‍ ഗാന്ധിയില്‍ നിന്നകന്നയാളാണ്, ശ്രദ്ധാനന്ദ. ഇരുവരും മതംമാറ്റത്തിന് എതിരുമായിരുന്നു. അത്തരം നിലപാടുകളോട് ചേര്‍ന്നു നിന്നവരാണ് ഗുരുവും ആശാനും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പത്രാധിപര്‍ എന്ന നിലയില്‍ മാപ്പിള ലഹളയെപ്പറ്റി ആശാന്റെ ഒരു ലേഖനം ഇല്ലാതെ പോയത് അദ്ദേഹം തൊഴുത്തില്‍ കുത്തു കാരണം 1919 ല്‍ എസ്.എന്‍.ഡി.പി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനൊപ്പം ‘വിവേകോദയം’ പത്രാധിപര്‍ അല്ലാതായി എന്നതു കൊണ്ടാകാം. 1921 ല്‍ അദ്ദേഹം ‘പ്രതിഭ’ എന്ന സാഹിത്യ മാസികയുടെ പത്രാധിപര്‍ ആയി. ആലുവയില്‍ യൂണിയന്‍ ടൈല്‍ ഫാക്ടറി തുടങ്ങിയതും ആ വര്‍ഷം തന്നെ. സമീപത്തെ കൊട്ടാര ജലാശയത്തെ മലിനപ്പെടുത്തുന്നതിനാല്‍ ഫാക്ടറി പുഴയോരത്തെ മറ്റൊരു സ്ഥലം വാങ്ങി അങ്ങോട്ടു മാറ്റി. പഴയ സ്ഥലം എസ്.എന്‍.ഡി.പിക്ക് നല്‍കി. അവിടെയാണ് അദ്വൈതാശ്രമം ഉയര്‍ന്നത്. വിദ്യാഭ്യാസ ഡയറക്ടര്‍ രാമസ്വാമി അയ്യരുടെ സ്ഥലം തോന്നയ്ക്കലില്‍ വാങ്ങി അങ്ങോട്ട് മാറിയതും ഇക്കാലത്താണ്. ഓട് ഫാക്ടറിയിലേക്ക് വരുമ്പോള്‍ ആയിരുന്നു, മരണം.
Comments