അടിമത്തച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് ഫ്യൂഡലിസത്തിന്റെ ജാതി കോട്ടകള്‍ തകര്‍ത്തു സാര്‍വ്വദേശീയ തൊഴിലാളി ഐക്യം സ്ഥാപിക്കുമ്പോഴും സിപിഐയുടെ കമ്മ്യൂണിസത്തിന് എന്തോ ഒരു കുറവുണ്ട്. അത് സിപിഎമ്മിന് കാണാനുമില്ല. സവര്‍ണാധിപത്യത്തിന്റെ ചൂടുംചൂരും കിട്ടാത്തതാണ് അതെന്ന് പലരും പറഞ്ഞെങ്കിലും സി. പി.ഐ സഖാക്കള്‍ക്ക് വിശ്വാസമായില്ല. ഇഎംഎസിന്റെ പൊരുത്തില്‍ കിടന്ന് വളര്‍ന്ന മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്കുള്ള ഉഷാര്‍ സിപിഐക്കാര്‍ക്കില്ല. കാരണം വ്യക്തമാണല്ലോ. സിപിഐക്ക് എം.എന്‍. ഗോവിന്ദന്‍നായരും പി.കെ.വിയുമൊക്കെയുണ്ടെങ്കിലും അവര്‍ക്കൊന്നും ഫ്യൂഡലിസ്റ്റ് ആഢ്യത്വം അത്രയ്ക്ക് ഇല്ലല്ലോ. അതുകൊണ്ട് സിപിഐക്ക് എവിടെയും വേണ്ടത്ര ശോഭിക്കാന്‍ പറ്റുന്നില്ല. എം.എന്‍.സ്മാരകത്തില്‍ ഇരുന്ന് സഖാക്കള്‍ തലപുകഞ്ഞാലോചിച്ചിട്ടും വഴി കണ്ടെത്താനായില്ല. അപ്പോഴാണ് പരിഹാര ക്രിയക്ക് ജോത്സ്യന്റെ വഴി തേടി ചില സഖാക്കള്‍ പോയത്. ഫ്യൂഡലിസ്റ്റ് ആഢ്യത്വത്തിന്റെ ചൂടും ചൂരുമേറ്റാല്‍ സഖാക്കള്‍ക്ക് വീര്യം കൂടുമെന്നു പ്രതിവിധി കിട്ടി. അതിനുള്ള വഴിയന്വേഷിക്കുമ്പോഴാണ് തേടിയ വള്ളി കാലില്‍ ചുറ്റിയത്.
വൈക്കത്തെ ആഢ്യ മനയായ ഇണ്ടംതുരുത്തി വില്പനക്ക് വെച്ചിരിക്കുന്നു. പഴയ സ്ഥിതിക്കായിരുന്നെങ്കില്‍ സഖാക്കള്‍ അതുവാങ്ങി ബുള്‍ഡോസര്‍ കൊണ്ടുവന്ന് ജന്മിത്തതറവാട് ഇടിച്ചു നിരത്തിയേനെ. വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിജിയെ ഇല്ലത്ത് കയറ്റാതെ പൂമുഖത്തിരുത്തി വൈക്കം ക്ഷേത്ര വഴിയില്‍ നീച ജാതിക്കാര്‍ വഴി നടക്കാന്‍ പാടില്ല എന്ന് സ്വന്തം ശാങ്കരസ്മൃതി കാട്ടി ന്യായീകരിച്ചയാളാണ് അവിടുത്തെ കാരണവര്‍. ആ മന സി.പി.ഐക്കാര്‍ ചെത്തുതൊഴിലാളി യൂണിയന്റെ പേരില്‍ പൊന്നും വില കൊടുത്തുവാങ്ങി. അവിടെ അന്തിയുറങ്ങിയ സഖാക്കള്‍ സവര്‍ണജാതീയതയുടെ ഊര്‍ജ്ജം ആവാഹിച്ചു. മനയുടെ ശോച്യാവസ്ഥ കണ്ട് കരളലിഞ്ഞ സഖാക്കള്‍ തൊഴിലാളികളില്‍ നിന്ന് 42 ലക്ഷം രൂപ പിരിച്ചെടുത്ത് മനയും പൂമുഖവും അതേപടി നവീകരിച്ചു. അതിന്റെ ഫ്യുഡലിസ്റ്റ് സ്വഭാവം തെല്ലും കുറഞ്ഞു പോകരുതല്ലോ. ഇനി സി.പി.ഐയ്ക്ക് പഴയ മൗഢ്യം ഉണ്ടാവരുത്. എന്നിട്ടും സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് വീര്യം പോരെന്നും വിജയന്‍ സഖാവിന്റെ ബി ടീമാണെന്നും പാര്‍ട്ടിക്കകത്ത് പരസ്യമായ ചര്‍ച്ചയുണ്ട്. അതിനാല്‍ കാനത്തെ ഒരാഴ്ച ഇണ്ടംതുരുത്തി മനയില്‍ പാര്‍പ്പിച്ച് രോഗം ഭേദമാക്കണം. ഏതായാലും മന കയ്യില്‍ വന്നല്ലോ. ഇനി സി.പി.ഐക്ക് നല്ല കാലം. ഇണ്ടംതുരുത്തി മന സി.പി.ഐയുടെ ഐശ്വര്യം.