ഡല്‍ഹി കലാപം 2020
അണിയറരഹസ്യങ്ങള്‍
– മോണിക്ക അറോറ, സോണാലി ചിതാല്‍ക്കര്‍, പ്രേരണ മല്‍ഹോത്ര
വിവര്‍ത്തനം: ഷാബു പ്രസാദ്
വേദ ബുക്‌സ്, കോഴിക്കോട്
പേജ് :208 വില: 290 രൂപ
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ 2020 ല്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍ വിശദീകരിക്കുന്ന ശ്രദ്ധേയമായ ഒരു പുസ്തകമാണ് ‘ഡല്‍ഹി കലാപം 2020 അണിയറ രഹസ്യങ്ങള്‍’. 2019 ഡിസംബര്‍ 9 നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 10 ന് 80 നെതിരെ 311 വോട്ടുകള്‍ നേടി ലോകസഭയും 105 നെതിരെ 125 വോട്ടുകള്‍ നേടി രാജ്യസഭയും ഭേദഗതി അംഗീകരിച്ചു. 2020 ജനുവരി 10 ന് രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമം ഔദ്യോഗികമായി നിലവില്‍ വന്നു. ഈ നിയമ ഭേദഗതി പ്രകാരം 2014 ഡിസംബര്‍ 31-നു മുമ്പ് ഭാരതത്തില്‍ പ്രവേശിച്ച അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷക്കാരായ ഹിന്ദു, സിക്ക്, ബുദ്ധ, പാഴ്‌സി വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്ക് ഇവിടെ പൗരത്വത്തിന് അര്‍ഹത ഉണ്ടായിരിക്കും. ഐ.ബിയുടെ കണക്കനുസരിച്ച് 25447 ഹിന്ദുക്കള്‍, 5807 സിഖുകാര്‍, 55 ബൗദ്ധര്‍, 2 പാഴ്‌സികള്‍ എന്നിവരാണ് ഈ നിയമ ഭേദഗതിയുടെ ഗുണഭോക്താക്കള്‍. ഈ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ച് നിക്ഷിപ്ത താല്പര്യക്കാര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് 2020 ഫെബ്രുവരിയില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കലാപമുണ്ടാകുകയും 53 മനുഷ്യ ജീവനുകള്‍ നഷ്ടമാകുകയും ചെയ്തത്.
ദില്ലി കലാപം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിനു പിന്നില്‍ പല രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കും പങ്കുണ്ടായിരുന്നു. എന്നാല്‍ അന്ധമായ ബി.ജെ.പി. വിരോധമുള്ള പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരവസരമായാണ് ഈ കലാപത്തെ കണ്ടത്. അവരുടെ അനാശാസ്യമായ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ കലാപത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ വസ്തുതകളും രാഷ്ട്രവിരുദ്ധ ശക്തികളെ കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഷഹീന്‍ ബാഗ് കേന്ദ്രമാക്കി ദില്ലി നഗരത്തിലേക്കുള്ള ഒരു പ്രധാന പാത തടഞ്ഞ് സ്ത്രീകളെ അണിനിരത്തി ദീര്‍ഘകാലത്തെ ആസൂത്രണത്തിന്റെ ഫലമായി നടന്ന പ്രക്ഷോഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നു കാട്ടേണ്ടത് ഒരാവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വല്‍സ് ആന്റ് അക്കാദമീഷ്യന്‍സ്(ജി.ഐ.എ.) എന്ന സംഘടന ഇതൊരു ദൗത്യമായി ഏറ്റെടുത്തത്. സംഘടനയുടെ പ്രവര്‍ത്തകരായ മോണിക്ക അറോറ, സോണാലി ചിതാല്‍ക്കര്‍, പ്രേരണ മല്‍ഹോത്ര എന്നിവര്‍ ഷഹീന്‍ ബാഗടക്കം സന്ദര്‍ശിച്ച്, കലാപബാധിതരായ അനേകം വ്യക്തികളുമായി സംസാരിച്ച് തയ്യാറാക്കി അധികൃതര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്.
ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയ ഗരുഡ പ്രകാശന്റെ സി.ഇ.ഒയും ഗ്രന്ഥകാരനുമായ സംക്രാന്ത് സാനു രാഷ്ട്ര വിരുദ്ധശക്തികളുമായി ബന്ധപ്പെട്ട പല വസ്തുതകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്, മറ്റേതു തീവ്ര ഗ്രൂപ്പുകളേക്കാളും കൂടുതല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തിയിട്ടുള്ളത്. ആഗോള ഭീകര പ്രവര്‍ത്തന ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന സി.പി.ഐ.(മാവോയിസ്റ്റ്) ആണ്. 2017-ല്‍ മാത്രം ഇവര്‍ നടത്തിയത് 205 കൊലപാതകങ്ങളും 190 ഭീകരാക്രമണങ്ങളുമാണ്. ഇത് ഇന്ത്യയില്‍ നടന്ന ആകെ ഭീകരാക്രമണങ്ങളുടെ 53 ശതമാനമാണ്. പൊതുവെ നക്‌സലുകള്‍ എന്നറിയപ്പെടുന്ന ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും സാധന സാമഗ്രികളും ലഭിക്കുന്നത് നഗരങ്ങളിലുള്ള, പ്രത്യേകിച്ച് സര്‍വ്വകലാശാലാ ശൃംഖലകള്‍ വഴിയാണ്. അതുകൊണ്ടാണ് ഇവരെ അര്‍ബന്‍ നക്‌സലുകള്‍ അഥവാ നാഗരിക നക്‌സലുകള്‍ എന്നു പറയുന്നത്.’ (പേജ് 17) മേല്പറഞ്ഞ ഇന്‍ഡക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ നാല് ഭീകര പ്രസ്ഥാനങ്ങളും ഇസ്ലാമിക സംഘടനകളാണെന്നും സംക്രാന്ത് സാനു സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമിക ഭീകര സംഘടനകളും നക്‌സലുകളും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഭാരതം നേരിടുന്ന അത്യന്തം അപല്‍ക്കരമായ ഭീഷണിയാണ്. അവരുടെ തിരനോട്ടമാണ് ഡല്‍ഹി കലാപവേളയില്‍ നടന്നത് എന്നതിനാല്‍ ഈ പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
ബ്ലൂംസ്‌ബെറി ഇന്ത്യയായിരുന്നു ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കാമെന്ന് ഏറ്റിരുന്നത്. അവസാന നിമിഷത്തില്‍ അവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഗരുഡ പ്രകാശന്‍ പ്രസിദ്ധീകരണം ഏറ്റെടുത്തു. ബ്ലൂംസ്‌ബെറിയുടെ പിന്മാറ്റം ദേശസ്‌നേഹികള്‍ ഒരു വെല്ലുവിളിയായി സ്വീകരിക്കുകയും ഗരുഡയുടെ വെബ്‌സൈറ്റിലൂടെ 15,000 കോപ്പികള്‍ ഇരുപത്തിനാല് മണിക്കൂറിനകം ബുക്ക് ചെയ്യപ്പെടുകയുമുണ്ടായി. മലയാളം പതിപ്പിന്റെ അവതാരിക എഴുതിയ പയനിയര്‍ ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോയിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജെ.ഗോപികൃഷ്ണന്‍ പോപ്പുലര്‍ ഫ്രണ്ടടക്കം തീവ്രവാദ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഈ പുസ്തകം വായിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. അനായാസമായ വായന സാദ്ധ്യമാക്കുന്ന തരത്തില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത ഷാബുപ്രസാദിനോടും മലയാളത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായ വേദ ബുക്‌സിനോടും വായനക്കാര്‍ക്കുള്ള കടപ്പാട് നിസ്സീമമാണ്.