Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

താളം പിഴയ്ക്കുന്ന കലാസാഹിത്യം

ഡോ.വി.സുജാത

Print Edition: 22 July 2022

മനുഷ്യന്റെയും പ്രകൃതിയുടെയും ദിവ്യത്വം സ്ഫുരിക്കുന്ന വാങ്മയങ്ങള്‍ സൃഷ്ടിച്ച് അന്തരംഗത്തെ ഔന്നത്യത്തിലേക്ക് നയിക്കാന്‍ യത്‌നിച്ചവരായിരുന്നു ഭാരതത്തിലെ കവികള്‍. കലാകാരന്റെ ഉള്ളില്‍ ദിവ്യശക്തിയാകുന്ന കവിത പ്രകടമാകുമ്പോള്‍ സുന്ദരപദങ്ങളുടെ ചേര്‍ച്ചകൊണ്ടും അന്തര്‍ജ്ഞാനമുള്‍ക്കൊള്ളുന്ന ഭാവന, അലങ്കാരം, വ്യംഗ്യാര്‍ത്ഥം എന്നിവ കൊണ്ടും പൂരിതമാകുന്ന സൃഷ്ടികള്‍ അനുവാചകരെ കലാദേവതയുടെ സാമ്രാജ്യത്തിലേക്ക് നയിച്ചിരുന്നു. ഇതിനു തൊട്ടരികെത്തന്നെയാണ് ആത്മീയ സാമ്രാജ്യമെന്നതായിരുന്നു ഭാരതീയ കലാകാരന്മാര്‍ മുന്നോട്ടു വെച്ച പൊതു വീക്ഷണം. എന്നാല്‍ ഇന്നത്തെ വിപ്ലവക്കൊതിയന്മാരും സ്ഥാന-മാന-പണക്കൊതിയന്മാരും കലാസാഹിത്യത്തെ ധര്‍മ്മവൈപരീത്യത്തിന്റെയും വിഭാഗീയ പ്രത്യയശാസ്ത്രത്തിന്റെയും മത തീവ്രവാദത്തിന്റെയും തിമിരം ബാധിച്ചവര്‍ക്കായി ഉപയോഗപ്പെടുത്തുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഭാഷയ്ക്കും കലയ്ക്കും സംസ്‌കാരത്തെ പോഷിപ്പിക്കാന്‍ മാത്രമല്ല നശിപ്പിക്കാനും സാധിക്കുമെന്ന് വിളിച്ചോതുന്നതാണ് ഇന്നത്തെ പല സൃഷ്ടികളും. അനുവാചകരില്‍ സ്‌നേഹവും വിവേകവും ശുഭാപ്തി വിശ്വാസവും പകരാന്‍ ഉപകരിക്കുന്ന ഭാഷയെത്തന്നെ വിദ്വേഷവും വിവരദോഷവും അവിശ്വാസവും അസ്തിത്വ ദുഃഖവും പരത്താന്‍ ഉപയോഗപ്പെടുത്തുക വഴി മനുഷ്യ മനസ്സുകളെ എത്രത്തോളം ദൂഷിതമാക്കാമെന്നു തെളിയിക്കുന്നതാണ് ഇന്നത്തെ ചില എഴുത്തുകള്‍. സുന്ദര കലകളെ അശ്ലീലം കലര്‍ത്തി എത്രത്തോളം അസുന്ദരമാക്കാമെന്നും പല കലാസൃഷ്ടികളും വ്യക്തമാക്കുന്നു.

മനുഷ്യത്വത്തെ, ഭൂമിയെ, അന്തരീക്ഷത്തെ ഒക്കെ നശിപ്പിക്കുന്ന ഉപഭോക്തൃ സംസ്‌കാരത്തിന്നടിമപ്പെട്ട് ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടവര്‍ നിര്‍മ്മിക്കുന്ന കലാസാഹിത്യം ഒരു വശത്ത്. മറ്റൊരു വശത്ത് സംസ്‌കാരം നശിപ്പാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍. ഇക്കൂട്ടരില്‍ ചിലര്‍ പ്രത്യയ ശാസ്ത്രം കൊണ്ടു തിമിരം ബാധിച്ച, സംസ്‌കാരം തീണ്ടിയിട്ടില്ലാത്ത സാംസ്‌കാരിക നായകന്മാര്‍ ആണ്. ഇവര്‍ സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടി സ്വന്തം പൈതൃകത്തെ എതിര്‍ത്തുകൊണ്ട് വിലകുറഞ്ഞ കലാ-സാഹിത്യ സൃഷ്ടികള്‍ തട്ടിക്കൂട്ടുന്ന കാഴ്ച കാണാം. ഇതോടൊപ്പം തന്നെ മതഭ്രാന്ത് മൂത്ത് ആന്ധ്യം ബാധിച്ചവരുടെ സിനിമാ ജിഹാദും കലാസാഹിത്യ മേഖലയെ ദുര്‍ഗന്ധപൂരിതമാക്കുന്നു.

ഇടതു കക്ഷി രാഷ്ട്രീയ ചിന്താഗതി പരത്താനും പിന്നെ സംഘടിത മതത്തിന്റെ സങ്കുചിത മതവികാരത്തെയും തീവ്രവാദത്തെയും ആളിക്കത്തിക്കാനും മഹത്വവല്‍ക്കരിക്കാനും ഇന്ന് സിനിമയെ വര്‍ദ്ധിച്ച തോതില്‍ മാധ്യമമാക്കുന്നുണ്ട്. ഇപ്പോള്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നത് മയക്കുമരുന്നു മാഫിയയും മതഭ്രാന്തരുമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ലമിങ്ങുകളായിട്ടുള്ള കമ്യൂണിസ്റ്റു മത ഭ്രാന്തരും ഇവരില്‍ ഉള്‍പ്പെടുന്നു. (യൂറോപ്പില്‍ ചിലയിടങ്ങളില്‍ വലിയ തോതില്‍ പെറ്റു പെരുകാറുള്ള ലമിങ്ങ് എന്നറിയപ്പെടുന്ന ജീവികള്‍ വേണ്ടത്ര ഭക്ഷണവും പാര്‍പ്പിടവും ലഭ്യമല്ലാതാകുമ്പോള്‍ മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ലക്ഷ്യബോധമില്ലാത്ത ഒന്നോ രണ്ടോ നേതാക്കന്മാരെ അനുഗമിച്ച് യാത്ര തിരിക്കും. ഫലത്തില്‍ വഴിയില്‍ വെച്ചു തന്നെ ധാരാളം ലമിങ്ങുകള്‍ ചത്തൊടുങ്ങും). യാതൊരു നിലവാരവുമില്ലാത്ത സിനിമകള്‍ നിര്‍മ്മിച്ച് ഇക്കൂട്ടര്‍ ഭീകരവാദത്തെ ന്യായീകരിക്കാനും മതഭ്രാന്തിനെയും ലൗജിഹാദിനെയും പ്രോത്സാഹിപ്പിക്കാനും ദേശീയതയെയും ദേശസ്‌നേഹികളെയും ഇകഴ്ത്താനും ശ്രമിക്കുന്നു. ഇവയ്ക്ക് മൂലധനം കള്ളപ്പണമാകയാല്‍ ഇവ മൂലമുണ്ടാകുന്ന ധനനഷ്ടം ഒരു പ്രശ്‌നമേയല്ല. സൂഫിയും സുജാതയും, ഓളെ കണ്ട നാള്‍, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, അവകാശികള്‍, ഉണ്ട, ജനഗണമന, കോപം തുടങ്ങി ധാരാളം സിനിമകള്‍ ഇത്തരത്തില്‍ ഇറങ്ങുന്നുണ്ട്. സിനിമ സ്‌ക്രീനിങ്ങ് നടത്തുന്നതിന് പ്രത്യേക നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖകളും നിലവിലുണ്ട്. എന്നാല്‍ അവയുടെ പഴുതുകളിലൂടെ വളരെ വിദഗ്ദ്ധമായിത്തന്നെ ദേശീയതക്കും സംസ്‌കാരത്തിനും എതിരായിട്ടുള്ള ചിന്തകളെ കള്ളക്കടത്ത് നടത്തുക വഴി സിനിമാ സ്‌ക്രീനിങ്ങിന്റെ ലക്ഷ്യത്തെ തകര്‍ക്കുന്നത് ഇന്ന് സാധാരണയായിരിക്കുന്നു.

കപ്പലില്‍ സ്വാതന്ത്ര്യം പോരാഞ്ഞ് കടലില്‍ ചാടുന്ന റബലുകളുടെ നാടായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ സന്മാര്‍ഗ്ഗത്തിന്റെ ചട്ടക്കൂടു പൊളിക്കുന്നതിലേക്കായി തെറിയുടെ പൂരപ്പാട്ടു നടത്താനും കലാസാഹിത്യം തന്നെ ശരണം. ഇതു ചെയ്യുന്നവര്‍ എന്തായാലും യഥാര്‍ത്ഥ കലാസാഹിത്യകാരന്മാരല്ല, കാരണം ഇവര്‍ക്ക് കലാസ്വാദനത്തെക്കുറിച്ച് തെല്ലും അറിവില്ലെന്നു വ്യക്തമാക്കുന്നതാണ് ഇത്തരം സൃഷ്ടികള്‍. കറിയുടെ സ്വാദ് കലത്തിനറിയില്ലല്ലൊ. കലയുടെ സ്വാദ് അറിയുന്നവരില്‍ പലരും ഇന്നു മിണ്ടുന്നില്ല, അറിയാത്തവരാകട്ടെ മിണ്ടിക്കൊണ്ടുമിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ അന്തരംഗത്തെ മലിനീകരിക്കുന്നതും സ്വന്തം അസ്തിത്വത്തെ തന്നെ നിരര്‍ത്ഥകമാക്കുന്നതും അസന്മാര്‍ഗ്ഗത്തിലൂടെ നയിക്കാന്‍ കെല്‍പ്പുള്ളതുമായ ധാരാളം കലാസാഹിത്യ രചനകള്‍ ഇന്ന് പ്രസിദ്ധപ്പെടുത്തി വരുന്നു. എന്നാല്‍ ഭാരതത്തിലെ പ്രസിദ്ധ കാവ്യ ശാസ്ത്രജ്ഞരായ അഭിനവ ഗുപ്തന്‍, തോതഭട്ടന്‍, ഭട്ടനായകന്‍ മുതലായവരുടെ വീക്ഷണമനുസരിച്ച് കലാസാഹിത്യത്തിലൂടെ ഉത്തമ പുരുഷാര്‍ത്ഥം നേടാമെന്നാണ്. കവിയും ഒപ്പം അനുവാചകരും ഭാവനയുടെ ചിറകിലേറി വൈയക്തിക തലവും കാലദേശ പരിമിതികളും കടന്ന് അന്തരംഗത്തെ കേവലാവസ്ഥയിലേക്ക് നയിക്കുന്നതിനാല്‍ ശുദ്ധാവസ്ഥയില്‍ ഉദ്ദീപ്തമാക്കപ്പെടുന്ന ഭാവങ്ങളത്രെ രസമായി അനുഭവപ്പെടുന്നത്. ഈ കാവ്യരസം ബ്രഹ്‌മാനന്ദ സദൃശമാണെന്നും ക്രമേണ ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാണെന്നുമാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്.

യുക്തി വിചാരമോ പ്രത്യയശാസ്ത്രങ്ങളോടുള്ള വൈകാരിക അടിമത്തമോ ആയിരുന്നില്ല ഭാരതത്തില്‍ കലാ നിര്‍മ്മിതിയുടെ അടിസ്ഥാന പ്രചോദനങ്ങള്‍. സകല ചരാചര ഐക്യം എന്ന ഉപനിഷദ് ദര്‍ശനമാണ് ഭാരതീയ കലയുടെ അന്തഃസത്ത. അതിനാല്‍ പ്രകൃതിയെയും മനുഷ്യനെയും കൂട്ടിയിണക്കുന്ന കലാകാരന്റെ ഉള്‍ക്കാഴ്ചയുടെ ഉല്‍പ്പന്നമാകുന്ന സമഗ്രവീക്ഷണമാണ് ഭാരതീയ കലയെ നയിച്ചത്. അന്തര്‍ജ്ഞാനവും അതീന്ദ്രിയാനുഭൂതിയുമാണ് കലയുടെ മര്‍മ്മം. എന്നാല്‍ പ്രകൃതിയെയും മറ്റ് ജീവജാലത്തെയും അന്യമായിക്കാണുകയാല്‍ അവയെ ചൂഷണം ചെയ്തു ഹനിക്കാന്‍ മടികാണിക്കാത്ത ആധുനിക ദര്‍ശനം സ്വാര്‍ത്ഥ ചിന്താധിഷ്ഠിതമാണ്. ഇത് മനുഷ്യന്റെ നൈസര്‍ഗ്ഗിക അനുഭൂതികള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു, സാഹിത്യകാരന് ജീവിവര്‍ഗ്ഗത്തോടും പ്രപഞ്ചത്തോടുമുള്ള സഹിത ഭാവത്തെ ദൂരീകരിക്കുന്നു. സ്വാര്‍ത്ഥത നിമിത്തമാണ് മനുഷ്യമനസ്സ് സാമൂഹിക പ്രതിബദ്ധത മറന്ന് അതിന്റെ സ്വകാര്യ ലോകത്തേക്ക് ചുരുങ്ങുന്നത്. സ്വാര്‍ത്ഥ ചിന്തയാണ് അധാര്‍മ്മിക പ്രവൃത്തികളുടെയെല്ലാം മൂലസ്രോതസ്സ്, നിസ്വാര്‍ത്ഥതയാകട്ടെ സന്മാര്‍ഗ്ഗത്തിലേക്കും ആത്മീയതയിലേക്കും നയിക്കുന്നു.

കലയുടെ ആത്മാനുഭൂതിയിലേക്കുള്ള കവാടം കൊട്ടിയടയ്ക്കുന്നതാണ് മാര്‍ക്‌സിയന്‍ സൗന്ദര്യവീക്ഷണം. ആത്മനിഷ്ഠമായിട്ടുള്ള കലാവാസനയെ വിഷയലോകത്തു മുക്കിത്താഴ്ത്തുന്നതിനു പിന്നില്‍ അന്തഃസത്തയെ നിഷേധിക്കുന്ന ഭൗതികവാദം അസ്ഥിക്കു പിടിച്ചിരിക്കുന്നതു മാത്രമല്ല കാരണം, സര്‍ഗ്ഗാത്മകതയുടെ ന്യൂനതയുമാണ്. പുറംകാഴ്ചകള്‍ വിവരിക്കുന്ന യഥാതഥ വാദമെന്ന മാര്‍ക്‌സിയന്‍ കലാസാഹിത്യ സങ്കല്പത്തില്‍ സാമൂഹിക അസമത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രതിഫലനം മാത്രമാണ് കല. കലയുടെ ധര്‍മ്മം ഇങ്ങനെ രാഷ്ട്രീയ പ്രചരണത്തിനായി പരിമിതപ്പെടുത്തുന്നതിന്റെ ഫലമായി പരിഷ്‌ക്കാരങ്ങളില്‍ മുന്നോട്ടും സംസ്‌കാരത്തില്‍ പിന്നോട്ടും നയിക്കുന്ന ജീവിത ശൈലിയെ പുരോഗമനത്തിന്റെതായി തെറ്റിദ്ധരിക്കുന്ന ഭൗതിക വാദികള്‍ കലാസാഹിത്യ രംഗം കൈയ്യടക്കിക്കൊണ്ടിരിക്കുന്നു. അസുന്ദരങ്ങളായ ജീവിത യാഥാര്‍ത്ഥ്യങ്ങളെപ്പോലും സുന്ദരമാക്കി മാറ്റുകയെന്നതാണ് കലയുടെ ധര്‍മ്മമെന്നിരിക്കെ ഇന്ന് മത രാഷ്ട്രീയ ഭിന്നതകളെ ഊതിപ്പെരുപ്പിക്കുന്ന സംഘര്‍ഷജന്യമായ അസുന്ദരമായ കലയിലൂടെ അന്തരംഗത്തെ വിപ്ലവ വിക്ഷോഭ വിഭ്രാന്തികളിലേക്ക് നയിക്കുന്നു.

18-19 നൂറ്റാണ്ടുകളില്‍ പാശ്ചാത്യരുടെ ഇടയില്‍ നിലനിന്നിരുന്ന കാല്‍പ്പനിക ചിന്തയാകട്ടെ കലയെ ശാസ്ത്രത്തിനും യുക്തിക്കും മുകളില്‍ സ്ഥാപിച്ചു. ഇതിനു പ്രധാന കാരണം പാശ്ചാത്യ ഭൗതിക ശാസ്ത്രവും യുക്തിയും പ്രപഞ്ചത്തെ അചേതനമായിക്കാണുകയും കഷണങ്ങളാക്കി പഠിക്കുകയും ചെയ്യുന്നുവെന്നതാണ്. ഇത്തരം ശകലിത വീക്ഷണം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യത്തെ ശിഥിലമാക്കുന്നതാണ്. പക്ഷെ പാശ്ചാത്യരുടെ കാല്‍പ്പനിക ചിന്തയില്‍ സദാചാരത്തിനും സാമൂഹിക നിയമ ക്രമങ്ങള്‍ക്കും സ്ഥാനമില്ല. മാത്രമല്ല ജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും കാല്‍പ്പനിക ചിന്തകരെ വീര്‍പ്പുമുട്ടിച്ചിരുന്നു. എന്നാല്‍ പ്രപഞ്ചത്തിന്റെയും തങ്ങളുടെയും സത്ത ഒന്നാണെന്നും അത് അനശ്വരമാണെന്നുമുള്ള ഭാരതീയ കലാകാരന്മാരുടെ ദര്‍ശനം അവരുടെ വൈകാരിക വ്യാവഹാരിക മൂല്യാവിഷ്‌ക്കാരങ്ങള്‍ക്കു പോലും അനശ്വരമായ സൂക്ഷ്മലോകത്തിന്റെ നിഗൂഢ സൗന്ദര്യം പകര്‍ന്നുകൊണ്ട് അവയെ എക്കാലത്തുമുള്ള മനുഷ്യമനസ്സുകളെ ആകര്‍ഷിക്കാന്‍ പ്രാപ്തമാക്കുകയാണു ചെയ്തത്. ഇക്കാരണത്താലാണ് സ്വര്‍ഗ്ഗവും ഭൂമിയും സംഗമിക്കുന്ന കൃതിയായി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ജര്‍മ്മന്‍ മഹാകവി ഗോയ്‌ഥെ വിശേഷിപ്പിച്ചത്.

കലയും സന്മാര്‍ഗ്ഗവും
പാശ്ചാത്യരുടെ ഇടയില്‍ കലയെ സന്മാര്‍ഗ്ഗവുമായി ബന്ധപ്പെടുത്തിയവരില്‍ പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍, സെന്റ് അഗസ്റ്റിന്‍ തുടങ്ങിയവരെ എടുത്തു പറയേണ്ടിയിരിക്കുന്നു. പ്ലേറ്റോയുടെ വീക്ഷണത്തില്‍ ആദര്‍ശ പ്രപഞ്ചം ഭൗതിക പ്രപഞ്ചത്തെക്കാള്‍ പരിപൂര്‍ണ്ണവും അനശ്വരവുമാണ്. സൗന്ദര്യം ആദര്‍ശലോകത്തേക്ക് വ്യാപിച്ചിരിക്കുന്ന ഒന്നാകയാല്‍ അത് കേവലം വസ്തു നിഷ്ഠമോ, ശരീര നിഷ്ഠമോ അല്ല. കലയെ അദ്ദേഹം നന്മയുടെയും ആത്മാവിന്റെയും ഇരിപ്പിടങ്ങളാകുന്ന ആദര്‍ശലോകത്തോടു ബന്ധപ്പെടുത്തിയാണ് കണ്ടത്. നന്മയുള്ള പദാര്‍ത്ഥങ്ങള്‍ നമ്മില്‍ ആദരവും മതിപ്പും ഉളവാക്കുന്നതിലൂടെ സുന്ദരങ്ങളായിത്തീരുന്നു. ഇതിനര്‍ത്ഥം നന്മയില്ലാത്ത കൃതികള്‍ അസുന്ദരവും അതിനാല്‍ കലാമൂല്യമില്ലാത്തവയുമാണെന്നാണ്.

പ്ലേറ്റോ കവിതയെ ഇതരകലകളില്‍ വെച്ച് കലാമൂല്യം കൂടുതലുള്ളതായി കരുതിയതിന്റെ കാരണവും കലയുടെ ദിവ്യത്വം കണക്കിലെടുത്താണ്. ഉല്‍കൃഷ്ട കാവ്യങ്ങളുടെ മേന്മയെന്നത് കലാ നിയമങ്ങളില്‍ ബന്ധിതമാകുമ്പോള്‍ ഉണ്ടാകുന്നതല്ല, അതിന്റെ രചയിതാക്കളെ ദിവ്യമായ അനുഭൂതി ആവേശിക്കുമ്പോഴുണ്ടാകുന്നതാണ്. ഇത്തരം കവികളെ ഭാരതീയര്‍ ക്രാന്ത ദര്‍ശികളായി കണ്ടിരുന്നതു പോലെ പ്ലേറ്റോയും ദിവ്യ പുരുഷന്മാരായിക്കണ്ടു.

അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ കവിത, സംഗീതം, നൃത്തം എന്നിവയുടെ പ്രധാന ധര്‍മ്മമെന്നത് അവര്‍ നിര്‍വഹിക്കുന്ന വികാര വിമലീകരണമാണ് (Catharsis). കല വികാരങ്ങളെ ശുദ്ധീകരിക്കുന്നുവെന്നത് പുരാതന ഭാരതീയ കാവ്യമീമാംസയിലെയും പ്രധാനപ്പെട്ട ഒരു നിഗമനം തന്നെയാണ്. ഹെല്ലനിസ്റ്റിക് കാലഘട്ടത്തില്‍ സ്റ്റോയിക്കുകള്‍ അഭിപ്രായപ്പെട്ടതും സൗന്ദര്യമൂല്യങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് അധീനമായിരിക്കണമെന്നായിരുന്നു. മധ്യകാലത്ത് സെന്റ് അഗസ്റ്റിന്റെ നിരൂപണത്തില്‍ ഈശ്വരനും പ്രകൃതിയും തമ്മിലുള്ള ബന്ധം പോലെയാണ് കാലാകാരനും കലയും തമ്മിലുള്ളത്. ഉല്‍കൃഷ്ട കൃതികള്‍ സന്മാര്‍ഗ്ഗപരവും ആത്മീയവുമായിട്ടുള്ള ആന്തരിക അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുയുണ്ടായി.

ഈ സന്ദര്‍ഭത്തില്‍ ആധുനിക ഭാരതത്തിലെ നിസ്സീമ പ്രതിഭാധനന്മാരായിരുന്ന ടാഗോറിനെയും അരവിന്ദ മഹര്‍ഷിയെയും ഓര്‍മ്മിക്കേണ്ടതുണ്ട്. സര്‍ഗ്ഗാത്മക ചേതനയുടെ സ്ഫുരണങ്ങളാകുന്ന കല ആത്മാവിന്റെ തന്നെ ക്രിയാവിശേഷത്താല്‍ ഉണ്ടാകുന്ന അനുഭൂതിയാണ് കാവ്യരസം, ഈ അനുഭൂതി ബ്രഹ്‌മാസ്വാദ സഹോദരമാണെന്നാണ് പുരാതന ഭാരതീയ കാവ്യ മീമാംസകരെപ്പോലെ രവീന്ദ്രനാഥ ടാഗോറും പറഞ്ഞിട്ടുള്ളത്. കലയും സാന്മാര്‍ഗ്ഗികതയും തമ്മിലുള്ള ബന്ധത്തിനു കാരണം അവയുടെ ആഴത്തിലുള്ള വേര് ഒന്നാണെന്നതാണ്. ഭാവനാസൃഷ്ടമായ കലാസാഹിതികള്‍ പ്രപഞ്ചത്തെയും മനുഷ്യനെയും കുറിച്ചുള്ള ഏകാത്മ ദര്‍ശനത്തെ ഉറപ്പിക്കുന്നവയാകുന്നു. ഒരാള്‍ കലാ സാഹിത്യത്തിലൂടെ പ്രപഞ്ചവുമായി ഏകീഭവിക്കുമ്പോള്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ അപ്രധാനമായിത്തീരുന്നു, സങ്കുചിത മനോഭാവത്തിന്റെ ചങ്ങലയും മുറിയ്ക്കപ്പെടുന്നു. സ്വാര്‍ത്ഥം ശിഥിലമാകുന്നതോടെ അസന്മാര്‍ഗ്ഗിക ചിന്തകളും വികാരങ്ങളും കെട്ടടങ്ങുന്നു.

മഹര്‍ഷി അരവിന്ദന്റെ ദര്‍ശനത്തിലും കല സത്യ സാക്ഷാത്കാരോപാധിയാകുന്നു. ചിദാനന്ദ ശക്തി സ്വരൂപമായ പാരമാര്‍ത്ഥിക തത്ത്വത്തിന്റെ ആവിഷ്‌ക്കാര ത്വരമൂലമാണ് സൃഷ്ടിയുണ്ടാകുന്നത്. കലയും ആത്മീയ തത്ത്വത്തിന്റെ സ്ഫുരണത്താലുണ്ടാകുന്നതാണ്, അതിനാല്‍ കലാജന്യമാകുന്ന ആനന്ദവും പാരമാര്‍ത്ഥിക സത്തയുടെ അടിസ്ഥാന സ്വാഭാവം തന്നെയാണ് വ്യക്തമാക്കുന്നത്. അരവിന്ദ ദര്‍ശനത്തില്‍ പ്രപഞ്ചം ചിത് സ്വരൂപത്തിന്റെ തന്നെ ശക്തിയുടെ ആവിഷ്‌ക്കാരമാകയാല്‍ യാഥാര്‍ത്ഥ്യമാണ്. എന്നു കരുതി യഥാതഥ വാദത്തിന്റേതു പോലെ പ്രകൃതിയുടെ പകര്‍പ്പല്ല കല, യഥാര്‍ത്ഥ കല ഒരു നവീന ആവിഷ്‌ക്കാരമാണ്. അതിനാല്‍ അത് ഭൗതിക യാഥാര്‍ത്ഥ്യമാകണമെന്നില്ല, പ്രതിഭാശാലിയായ കലാകാരന്‍ ആദര്‍ശാത്മകമായ പ്രപഞ്ചത്തെയാണ് സൃഷ്ടിക്കുന്നത്.

അരവിന്ദന്റെ ഒരു പ്രധാന കാഴ്ചപ്പാടനുസരിച്ച് മനുഷ്യന്റെ സൗന്ദര്യാത്മക തലം സ്വയം സമ്പൂര്‍ണ്ണമല്ല. ആത്മനിയന്ത്രണവും ഭാവശുദ്ധിയും അടങ്ങുന്ന സാന്മാര്‍ഗ്ഗിക തലം കൂടി സമന്വയിക്കുമ്പോള്‍ മാത്രമാണ് ഉല്‍കൃഷ്ട കലയ്ക്ക് ജന്മം കൊടുക്കാന്‍ സാധിക്കുന്നത്. മനുഷ്യന്റെ യുക്തി ബോധത്തിന്റെ ധര്‍മ്മം ഈ സമന്വയം സാധ്യമാക്കുകയെന്നതാണ്, അല്ലാതെ ഇവയെ കൃത്രിമമായി വേര്‍പെടുത്തുകയല്ല.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

കര്‍ക്കിടക ഓര്‍മ്മകള്‍

”സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ”

Kesari Shop

  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • RSS in Kerala: Saga of a Struggle ₹500.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies