മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ആര്‍.എസ്. എസ്സിന് പഠിക്കുകയാണത്രേ! തമാശയല്ല. ഹിന്ദുത്വം പഠിക്കാന്‍ പാര്‍ട്ടി സിലബസ്സു തന്നെ മാറ്റിയെഴുതുകയാണെന്നാണ് പത്രവാര്‍ത്ത. ഈ പുതിയ സിലബസ് പഠിക്കാന്‍ പാര്‍ട്ടി ഒരു ആസ്ഥാനവും തീരുമാനിച്ചിട്ടുണ്ട്. ദല്‍ഹിയിലെ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ഭവനിലാണ് ഈ സ്‌കൂള്‍ തുടങ്ങുന്നത്. ഹിന്ദുത്വം എന്താണെന്നും ആര്‍. എസ്.എസ്. എങ്ങനെയാണ് അതിനെ ഉപയോഗിക്കുന്നതെന്നും ഈ സ്‌കൂളില്‍ പഠിപ്പിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് പല സ്ഥലങ്ങളിലും ഉറച്ച കേഡറുകളെ ആര്‍.എസ്.എസ്. ശാഖയിലയച്ച് അതിന്റെ ഉള്ളുകള്ളി രഹസ്യമായി പഠിച്ചു വരാന്‍ നിയോഗിച്ചു. ഉപ്പുപാവയെ കടലിന്റെ ആഴം അളക്കാന്‍ പറഞ്ഞയച്ച ഗതിയാണ് അപ്പോഴെല്ലാം പാര്‍ട്ടിക്കുണ്ടായത്. പാവ കടലില്‍ ലയിച്ചപോലെ കേഡര്‍ ആര്‍.എസ്.എസ്സിന്റെ ഉത്തമ സ്വയംസേവകരായി മാറി. അതോടെ അടവുമാറ്റി ശാരീരികമായി കൈകാര്യം ചെയ്യലാക്കി. അതുകൊണ്ടും ആര്‍.എസ്.എസ്. വളര്‍ന്നതേയുള്ളൂ. സന്നദ്ധ സേനയാണ് ആര്‍.എസ്. എസ്സിന്റെ ശക്തി എന്ന ധാരണയില്‍ ഏ.കെ. ഗോപാലന്‍ ഗോപാല സേനയുണ്ടാക്കി ലഫ്റ്റ് റൈറ്റ് അടിച്ച് നോക്കി. അതു ക്ലച്ചു പിടിച്ചില്ല. കേളു ഏട്ടന്‍ പഠന ഗവേഷണ വിഭാഗം വിചാരധാര കമ്പോടുകമ്പ് മനഃപാഠമാക്കി സഖാക്കള്‍ക്കുമുമ്പില്‍ വിമര്‍ശനം ചൊരിഞ്ഞു. പാര്‍ട്ടി ക്ലാസില്‍ പങ്കെടുത്തവര്‍ക്കുണ്ടോ അതു ദഹിക്കുന്നു! ഒടുവില്‍ കണ്ണൂരില്‍ പി.ജയരാജന്‍ ആര്‍. എസ്.എസ് ശാഖ കോപ്പിയടിച്ച് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗ്രൂപ്പുണ്ടാക്കി. പാര്‍ട്ടിക്കാര്‍ രോമാഞ്ചമായി കൊണ്ടുനടന്ന ഈ വിഭാഗം പി.ജെ. ആര്‍മിയായതോടെ പാര്‍ട്ടിക്ക് തലവേദനയായി. സംസ്ഥാന നേതാക്കള്‍ അതിനെ നുള്ളിക്കളഞ്ഞ് ജയരാജനെ പാര്‍ട്ടിക്കതീതനായി വളരാതിരിക്കാര്‍ തലയില്‍ ആണിയടിച്ച് മൂലക്കിരുത്തി.
ആര്‍.എസ്.എസ്. സ്ഥാപകന്‍ ഡോ. ഹെഡ്‌ഗെവാറുടെ പേര് പാഠപുസ്തകത്തില്‍ ചേര്‍ത്തതിന് വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു എന്ന് അലമുറയിട്ടവരാണ് സി.പി. എം. നേതാക്കള്‍. അവര്‍ ഇപ്പോള്‍ ആര്‍.എസ്.എസ്സിനെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടിയുടെ സിലബസ് മാറ്റിയെഴുതുന്നു. മരമണ്ടന്മാരായ സഖാക്കള്‍ അനുഭവം കൊണ്ടും മനസ്സിലാക്കുന്നില്ല, ഇതു കൊണ്ടൊന്നും ആര്‍.എസ്.എസ്സിനെ പഠിക്കാന്‍ കഴിയില്ലെന്ന്. ആര്‍.എസ്.എസ് എന്നത് മാര്‍ക്‌സിസം പോലെ കേവലം പുസ്തകജ്ഞാനമോ മുരടന്‍ തത്വശാസ്ത്രമോ അല്ല; അത് അനുഭൂതിയാണ്. സംഘത്തിനകത്ത് ഇറങ്ങിപ്രവര്‍ത്തിച്ച് അനുഭവിച്ചറിയേണ്ടതാണത്. പുറത്തു നിന്ന് അതിനെ നോക്കി വിലയിരുത്തുന്നത് കുരുടന്മാര്‍ ആനയെ കണ്ടതുപോലെയിരിക്കും. ഇപ്പോള്‍ കേരളത്തിലും ദല്‍ഹിയിലെ ഏ.കെ.ജി സ്മാരകത്തിലും ഒതുങ്ങിയ ചുകപ്പന്‍ പാര്‍ട്ടി ആര്‍.എസ്.എസ്. പഠനം കൂടി കഴിയുമ്പോള്‍ കാഴ്ച ബംഗ്ലാവിലെ കാഴ്ചവസ്തു മാത്രമായി മാറാനാണ് സാധ്യത.