സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ജില്ലയാണ് ഇടുക്കി.ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുളിലാണ് ഭൂമി കയ്യേറ്റം കൂടുതലായി നടക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അന്ന് സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്ത ഭൂമികള്‍ പോലും ഇന്ന് കയ്യേറ്റ ഭീഷണിയിലാണ്.മാത്രവുമല്ല ഇപ്പോള്‍ കയ്യേറ്റങ്ങളുടെ തോത് ഇരട്ടിയിലധികമായിരിക്കുന്നു. കയ്യേറിയ വസ്തുക്കളുടെ വിവരവും പരിസ്ഥിതിലോല മേഖലയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ എണ്ണവും റവന്യൂ വകുപ്പ് രേഖപ്പെടുത്തിയെങ്കിലും നിയമവഴിയെ സഞ്ചരിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.ജില്ലയുടെ പുറത്തുള്ള നിരവധിയാളുകള്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഭൂമി കയ്യേറിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തുന്ന ഭൂമി മോഹവിലയ്ക്ക് മറിച്ച് വില്‍ക്കുന്ന ഇടപാടാണ് ഈ രണ്ട് താലൂക്കിലും നടക്കുന്നത്. ഈ തട്ടിപ്പിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
കയ്യേറ്റങ്ങളുടെ ചിന്നക്കനാല്‍
കയ്യേറ്റങ്ങളാല്‍ കുപ്രസിദ്ധമായ പഞ്ചായത്താണ് ചിന്നക്കനാല്‍.കാട്ടാനകള്‍ സഞ്ചരിക്കുന്ന ആനത്താരകളുള്ള പ്രകൃതി രമണീയമായ പ്രദേശമാണ് ഈ പഞ്ചായത്ത്. സര്‍ക്കാരിനും വനംവകുപ്പിനും ഏക്കറുകണക്കിന് ഭൂമിയുണ്ട് ഇവിടെ. കുടിയേറ്റ കര്‍ഷകര്‍ കൈവശം വച്ചിരുന്ന ഭൂമികള്‍ക്ക് പലഘട്ടങ്ങളിലായി ഇവിടെ പട്ടയം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ വ്യാജ രേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയ സംഭവങ്ങളും ഇവിടെ ധാരാളമുണ്ട്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍കാലത്ത് പൊളിച്ചുനീക്കിയ ക്ലൗഡ് നയണ്‍ റിസോട്ടിന്റെ ഭാഗത്ത് കോടികള്‍ വിലവരുന്ന ഏക്കറുകണക്കിന് വസ്തു ഇപ്പോഴും സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടും നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല
തട്ടിപ്പ് ഇങ്ങനെ
ചിന്നക്കനാല്‍ വില്ലേജില്‍ 871ല്‍പ്പെട്ട വാണിജ്യ പ്രാധാന്യമുള്ള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിന് വസ്തുവാണ് സ്വകാര്യ വ്യക്തികള്‍ വ്യാജ രേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയത്. തുടര്‍ന്ന് കൈവശപ്പെടുത്തിയ ഭൂമിയുടെ വ്യാജരേഖകള്‍ നിര്‍മ്മിച്ച് കരം അടയ്ക്കുന്നതിനായി ചിന്നക്കനാല്‍ വില്ലേജില്‍ എത്തിയെങ്കിലും നീക്കം വിജയിച്ചില്ല. തുടര്‍ന്ന് തട്ടിപ്പിന് നേതൃത്വം നല്‍കിയ എം.ബി.സാജന്‍ എന്നയാള്‍ 13475/16 നമ്പര്‍ പ്രകാരം ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തി. കരംഒടുക്കാന്‍ റവന്യൂവകുപ്പ് തടസം നില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. എം.ബി.സാജന്‍ കോടതിയില്‍ നല്‍കിയത് എല്‍എ 24/93,25/94, 26/93, 27/93,30/93,33/93, എന്നീ പട്ടയ ഫയലുകളാണ്. ഇതില്‍ എല്‍എ നമ്പര്‍ 24/93 ഒഴികെയുള്ള പട്ടയങ്ങളിലെല്ലാം സര്‍വ്വേ നമ്പര്‍,വിസ്തീര്‍ണ്ണം, കക്ഷികളുടെ പേരുകള്‍ എന്നിവ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററുമായി ഒത്തുനോക്കുമ്പോള്‍ വ്യത്യസ്തമാണെന്ന് കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതികള്‍ വ്യാജ പട്ടയമാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്ന് വ്യക്തമായിട്ടും ഈ വിവരം സര്‍ക്കാരില്‍ അറിയിച്ച് ക്രൈംബ്രാഞ്ചിന് മുന്നിലെത്തിക്കാന്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. 24/93 ഒഴികെയുള്ള പട്ടയങ്ങളിലെ സര്‍വ്വേ നമ്പര്‍,വിസ്തീര്‍ണ്ണം, കക്ഷികളുടെ പേരുകള്‍ എന്നിവ വ്യത്യസ്തമാണെന്ന് മാത്രം കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകമാത്രം ചെയ്ത് ഗുരുതരമായ കുറ്റം ഫയലില്‍ ഒളിപ്പിക്കാനുള്ള ശ്രമം നടത്തി.സര്‍ക്കാരിന്റെ എട്ടേക്കറോളം വരുന്ന ഭൂമി തട്ടിയെടുക്കാന്‍ പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും ആക്ഷേപം ശക്തമാണ്.
പരാതി തട്ടിക്കളിക്കുന്നു
ചിന്നക്കനാല്‍ വില്ലേജില്‍പ്പെട്ട കുമളി-പൂപ്പാറ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ലേഖകന്‍ തന്നെ 2018 ജനുവരി മാസത്തില്‍ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.കേസിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതി അന്വേഷിക്കാന്‍ ദേവികുളം ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. ആര്‍ഡിഒ ഈ പരാതി ഉടുമ്പന്‍ചോല തഹസീര്‍ദാര്‍ക്ക് നല്‍കി. തഹസീര്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 13475 നമ്പര്‍ പ്രകാരം ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ വ്യാജ രേഖകളാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കാണുന്നതായും വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയെയും റവന്യൂ അധികാരികളെയും കബളിപ്പിച്ച് സര്‍ക്കാര്‍ വസ്തു കയ്യേറുന്നതിനുള്ള ശ്രമമാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണ് ദേവികുളം സബ്കളക്ടര്‍ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ട് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കുകയും ചെയ്യുന്നു. സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ കേരള ലാന്റ് കണ്‍സെര്‍വന്‍സി ആക്ട് പ്രകാരം ഭൂമി തിരിച്ചുപിടിക്കുന്ന്തിന് നടപടിയുണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുന്നു.ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
തട്ടിയെടുത്ത വസ്തു മറിച്ചുവിറ്റു
വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്ത സര്‍ക്കാര്‍ ഭൂമി മറിച്ച് വിറ്റതായും ആക്ഷേപം നിലനില്‍ക്കുകയാണ്. സംസ്ഥാനത്തെ ഒരു പ്രമുഖ ജ്വല്ലറി ഉടമയ്ക്ക് വസ്തു കൈമാറിയതിനെത്തുടര്‍ന്ന് കരം കെട്ടാന്‍ പറ്റാതായതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയതെന്നാണ് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം.
പ്രതിക്കൂട്ടില്‍ ഉദ്യോഗസ്ഥരും
സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ കേസില്‍ പ്രതിസ്ഥാനത്താണ്. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം രഹസ്യമാക്കിവയ്ക്കുകയും ക്രൈംബ്രാഞ്ച് പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷണം റഫര്‍ചെയ്യാതിരിക്കുകയും ചെയ്തത് ന്യായീകരിക്കാവുന്നതല്ല. പരാതി നല്‍കി ഒന്നര വര്‍ഷമായിട്ടും ഫയല്‍വര്‍ക്കുകളില്‍ മാത്രം പ്രശ്‌നം ലഘൂകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കല്‍ തന്നെയാണ്.