ഏതു തലമുറയിലെയും ആള്‍ക്കാര്‍ക്ക് കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഭീതിയുണര്‍ത്തുന്ന രോഗമാണ് ക്യാന്‍സര്‍. ഭീകരമായ വേദന, യാതനാപൂര്‍ണ്ണമായ ജീവിതത്തിനൊടുവില്‍ വേദനാജനകമായ മരണം, ഭീകരമായ പണച്ചിലവ്…അങ്ങനെയങ്ങനെ ഒരു സാധാരണകുടുംബത്തെ വഴിയാധാരമാക്കാന്‍ പോന്ന എല്ലാം ക്യാന്‍സര്‍ എന്ന മഹാരോഗത്തില്‍ ഉണ്ട്.
സാധാരണഗതിയില്‍ ഒരു രോഗം എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള രോഗാണു ആക്രമണം കൊണ്ടോ അപകടം കൊണ്ടോ സംഭവിക്കുന്ന അവസ്ഥയായാണ് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ ക്യാന്‍സര്‍ ഏതെങ്കിലും രോഗാണു കാരണം ഉണ്ടാകുന്നതല്ല. നമ്മുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കോശങ്ങള്‍ അഥവാ സെല്ലുകള്‍ കൊണ്ടാണല്ലോ.ഓരോ ശരീരഭാഗവും അതിന്റേതായ സെല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ സെല്ലുകള്‍ക്ക് നാലു ദിവസം മുതല്‍ പതിനെട്ട് ആഴ്ചകള്‍ വരെയാണ് ആയുസ്സ്. ഈ കാലത്ത് സെല്ലുകള്‍ നശിക്കുകയും അവിടെത്തന്നെ പുതിയ സെല്ലുകള്‍ ഉണ്ടാവുകയും ചെയ്തുകൊണ്ടേയിരിക്കും. ഇങ്ങിനെ കോടിക്കണക്കിനു സെല്ലുകളുടെ സൃഷ്ടി-സ്ഥിതി -സംഹാരങ്ങളുടെ ആകെത്തുകയാണ് നമ്മുടെ മനുഷ്യശരീരം എന്ന് പറയുന്നത്.
സെല്ലുകളുടെ മരണവും ജനനവും തമ്മില്‍ കൃത്യമായ ഒരു സംതുലനം ശരീരം നിലനിര്‍ത്തുന്നുണ്ട്. ചില പ്രത്യേക അവസരങ്ങളില്‍ ഈ ബാലന്‍സ് തെറ്റുകയും ആവശ്യത്തില്‍ കൂടുതല്‍ സെല്ലുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇങ്ങിനെ ആവശ്യത്തിലധികമുണ്ടാകുന്ന സെല്ലുകള്‍, എവിടെ യാണോ ഉണ്ടാകുന്നത് അവിടെ അടിഞ്ഞുകൂടുന്നു. അത് മുഴയായും ട്യൂമര്‍ ആയും ഉള്ള അനാവശ്യവളര്‍ച്ചയായി മാറുന്ന അവസ്ഥയാണ് ക്യാന്‍സര്‍.
ശരീരത്തിന് ഒട്ടും ആവശ്യമില്ലാത്ത ഈ വളര്‍ച്ച, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ മുറിവായി മാറും. പുറത്തുനിന്നുള്ള ആക്രമണമല്ലാത്തത് കൊണ്ട് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന് ഈ അപകടത്തെ തിരിച്ചറിയാനോ സുഖപ്പെടുത്താനോ കഴിയില്ല. അതങ്ങിനെ വളര്‍ന്നു ആരോഗ്യമുള്ള സെല്ലുകളിലേക്കും അതാതിന്റെ ശരീര ഭാഗങ്ങളിലേക്കും വ്യാപിച്ച്, ആ അവയവത്തെ പ്രവര്‍ത്തനരഹിതമാക്കി രോഗിയെ മരണത്തിലേക്ക് തള്ളിവിടും.
രണ്ടുമൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങുന്നത്. അപ്പോഴേക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. ആദ്യഘട്ടത്തിലൊക്കെ കണ്ടെത്തിയാല്‍ ട്യൂമര്‍ നീക്കി അസുഖം പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ പണ്ടേ കഴിയുമായിരുന്നു. കണ്ടെത്തുന്നത് വൈകുന്നത് കൊണ്ടാണ് ചികിത്സ ഫലിക്കാതെ രോഗിക്ക് മരിക്കേണ്ടി വരുന്നത്.
പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ചുള്ള കീമോ തെറാപ്പി, ക്യാന്‍സര്‍ വളര്‍ച്ചയെ മുറിച്ചുമാറ്റുന്ന ഓപ്പറേഷന്‍, അതിസൂക്ഷ്മമായി ക്യാന്‍സര്‍ കോശങ്ങളെ കരിച്ചുകളയുന്ന റേഡിയേഷന്‍ എന്നിവയാണ് ചികിത്സാരീതികള്‍. കീമോതെറാപ്പിയില്‍, കുത്തിവയ്ക്കുന്ന മരുന്നുകള്‍ ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്തി അവയെ നശിപ്പിക്കുന്നു. എത്രയൊക്കെ ചെയ്താലും കുറച്ചു കോശങ്ങള്‍ അവശേഷിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. അവ വീണ്ടും മറ്റു സെല്ലുകളിലേക്ക് പടരും.
റേഡിയേഷനും കീമോതെറാപ്പിയും കൂടുതല്‍ സൂക്ഷ്മവും കാര്യക്ഷമവും ആയതോടെ രണ്ടും മൂന്നും ഘട്ടങ്ങളിലുള്ള ക്യാന്‍സറുകള്‍ പോലും ചികിത്സക്ക് വഴങ്ങുന്നുണ്ട്. പക്ഷെ ക്യാന്‍സര്‍ ചികിത്സക്ക് ആവശ്യമായ ഭീമമായ പണച്ചിലവ് സാധാരണക്കാര്‍ക്ക് വലിയൊരു പ്രശ്‌നമാണ്.
ഇതിനെല്ലാം പരിഹാരമായാണ് ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവാന്‍ കേറ്ററിംഗ് ക്യാന്‍സര്‍ സെന്ററില്‍ നടന്ന വിജയകരമായ മരുന്ന് പരീക്ഷണത്തിന്റെ വിവരങ്ങള്‍ വരുന്നത്.
കീമോതെറാപ്പിയും റേഡിയേഷനും പരാജയപ്പെട്ട, മാരകമായ മലാശയ ക്യാന്‍സര്‍ ബാധിച്ച് മരണം കാത്തു കിടന്ന പതിനെട്ട് പേരില്‍ ഡോസ്റ്റര്‍മിലാബ് (Dostarmilab) എന്ന മരുന്നാണ് പരീക്ഷിച്ചത്. ക്യാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി, നാലാം ഘട്ടത്തിലായിരുന്ന മുഴുവന്‍ രോഗികളും ഈ ചികിത്സ കൊണ്ട് പൂര്‍ണ്ണമായും ക്യാന്‍സര്‍മുക്തരായി എന്ന വിപ്ലവകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്.
അടുത്തകാലത്ത് ക്യാന്‍സര്‍ ചികിത്സാരംഗത്തുണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. ഒരുകാലത്ത് അതിഭീകര വ്യാധിയായിരുന്ന ക്ഷയം നിസ്സാരമായി ചികില്‍സിച്ചു ഭേദമാക്കാവുന്ന അവസ്ഥയിലെത്തിയതുപോലെ ക്യാന്‍സറും ഒരു സാധാരണരോഗമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത് എന്ന യാഥാര്‍ത്ഥ്യം നല്‍കുന്ന ആശ്വാസം ചെറുതല്ല.