ഈശ്വരനെ പ്രതിപാദിക്കാന്‍ ഏറ്റവും അനുയോജ്യമായ പദമേതാണ്? യോഗദര്‍ശനത്തിന്റ താത്വിക അടിസ്ഥാനമാണ് സാംഖ്യ ദര്‍ശനം. എന്നാല്‍ അതില്‍ ഈശ്വരന്റെ നേരിട്ടുള്ള പരാമര്‍ശമില്ല. യോഗത്തിലുണ്ടുതാനും.
പാതഞ്ജലയോഗ ദര്‍ശനത്തില്‍ ഒന്നാമധ്യായത്തില്‍ 27ാമത്തെ സൂത്രം ഇങ്ങനെയാണ്.
തസ്യ വാചക: പ്രണവ:
അവന്റെ (ഈശ്വരന്റെ) പേര് (വാചകം) പ്രണവം (ഓം) ആണ്.
ഓം കൊണ്ട് വാച്യമായത് (പറയപ്പെട്ടത്, വിവരിക്കപ്പെട്ടത്, സൂചിപ്പിക്കപ്പെട്ടത്) ഈശ്വരന്‍. അതു കൊണ്ട് ഈശ്വരന്റെ വാചകം ഓം (പ്രണവം).
വേദത്തിന്റെ സാരമാണ് ഓം. എല്ലാ മന്ത്രങ്ങള്‍ക്കും ആദിയില്‍ ഓം ചേര്‍ക്കുന്നതില്‍ നിന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാം.
‘പ്ര’ കര്‍ഷേണ ന (ണ) വം ആണ് പ്രണവം. എപ്പോഴും നവ ( പുതിയത്) മായത്. ഒരിക്കലും പഴകാത്തത്.
‘ണു’ എന്നാല്‍ സ്തുതിക്കുക എന്നര്‍ത്ഥമുണ്ട്. ഇതിനാല്‍ ഈശ്വരന്‍ സ്തുതിക്കപ്പെടുന്നു എന്നര്‍ഥം. ശബ്ദം സ്പന്ദനമാണ്. എല്ലാ സൃഷ്ടിയുടെയും സൂക്ഷ്മരൂപം സ്പന്ദമാണ്. ഈശ്വരന്‍ അതിനും അപ്പുറമാണെങ്കിലും ഏറ്റവും അടുത്തു നില്ക്കുന്ന ശബ്ദത്തെ അവന്റെ ചിഹ്നമായി എടുക്കുന്നു.
വാചകം എന്നാല്‍ പേരെന്നര്‍ത്ഥമെടുത്താല്‍ തെറ്റിദ്ധാരണയുണ്ടാകും. ഗോവിന്ദന്‍, കൃഷ്ണന്‍, രാമന്‍ എന്നിങ്ങിനെ ധാരാളം പേരുണ്ട്. തിരിച്ചറിയാനൊരു പേര്. അത്ര തന്നെ. ഒരു വീട്ടില്‍ തന്നെ ഒരേ പേരുള്ളവരുണ്ടാകും. എന്നാല്‍ ‘ഉത്താന പാദന്‍’, പാദം (കാല്‍പത്തി) ഉത്താന (മലര്‍ന്നവന്‍) മായവന്‍, അതായത് ജന്മനാ പടം മറിഞ്ഞവന്‍ ഒരാളെ ഉണ്ടാവൂ. അതുപോലെ അച്ഛന്‍ എന്ന പേര് ജന്മം കൊടുത്തവനേ കിട്ടൂ. അച്ഛന്‍ എന്ന പേര് വിളിക്കുന്നതിനു മുമ്പ് തന്നെ ആ ബന്ധം നിലവിലുണ്ട്. ഇത്തരത്തിലുള്ളതിന് അവസ്ഥിത നാമം എന്നു പറയും. പ്രണവം അവസ്ഥിത നാമമാണ്. അവ തമ്മില്‍ നിത്യ സംബന്ധമാണ്.
ഈശ്വരനെ അജന്‍, നിത്യന്‍, വിഷ്ണു, ശിവന്‍ മുതലായ പേരുകള്‍ വിളിക്കും. ഗുണകര്‍മ സ്വഭാവമനുസരിച്ച് അവ ഒന്നിനൊന്ന് വിരുദ്ധവുമാവാം. എന്നാല്‍ ഓംകാരം പൂര്‍ണ്ണതയായതിനാല്‍ എല്ലാ നാമങ്ങളും അതിലടങ്ങിയിരിക്കുന്നു. എല്ലാപേരിനോടും ചേരുകയും ചെയ്യും. (ഓം അജായ നമഃ, ഓം നിത്യായ നമ:)
പരമാത്മാവിന് ‘സച്ചിദാനന്ദ’ നെന്ന പേരുണ്ട്. സത്തും ചിത്തും ആനന്ദവുമായവന്‍. ഓം ലെ ‘അ’ ആനന്ദവും, ‘ഉ’ ചിത്തും, ‘മ്’ സത്തും ആണ്.
അ ആനന്ദസ്വരൂപനായ പരമാത്മാവിനെയും, ഉ ചിത്സ്വരൂപമായ ജീവാത്മാവിനെയും, മ് പ്രകൃതി സത്തയെയും സൂചിപ്പിക്കുന്നു. അ, ഉ-ഇവ സ്വരങ്ങളാണ്. സ്വയം രാജിക്കുന്നവ (പ്രകാശിക്കുന്നവ). എന്നാല്‍ മ വ്യഞ്ജനമാണ്. സ്വര സഹായത്തോടെയേ പ്രകാശിക്കാനാവൂ. പ്രകൃതിക്ക് ആത്മ പ്രേരണയിലേ പ്രവര്‍ത്തിക്കാനാകൂ. ഇവിടെ ഈശ്വരന്റെ പൂര്‍ണ രൂപമാണ് പ്രകടമാവുന്നത്. ബ്രഹ്‌മത്തോട് മായ ചേരുമ്പോഴാണ് ഈശ്വരന്‍ ആകുന്നത്.
വെറും ഭൗതിക ദൃഷ്ടിയില്‍ ചിന്തിച്ചാല്‍ പോലും അ+ ഉ+ മ് എന്നതിലൊരു പൂര്‍ണ്ണത കാണാം. വായയിലൂടെ ശ്വാസത്തിന്റെ ഒഴുക്കു കൊണ്ടാണല്ലൊ ശബ്ദമുണ്ടാവുന്നത്. അതിനെ നാക്കാണ് വിവിധ ചലനങ്ങളിലൂടെ പല ശബ്ദങ്ങളാക്കിത്തീര്‍ക്കുന്നത്. എന്നാല്‍ മേല്‍ പറഞ്ഞ മൂന്നിനും നാക്കിന്റെ പ്രവര്‍ത്തനമില്ലെന്നു തന്നെ പറയാം. അ വായയിലെ ഏറ്റവും തുടക്ക ശബ്ദവും ഉ ഒടുക്ക ശബ്ദവുമാണ്. മ് വായടച്ച് മൂക്കിലൂടെയുള്ള അന്ത്യശബ്ദവും. വദന കുഹരം മാത്രമല്ല ഏതു കുഹരത്തില്‍ നിന്നു വരുന്ന ശബ്ദവും ഓം ല്‍ അടങ്ങുമെന്നു പറഞ്ഞാല്‍ ഈ അര്‍ത്ഥത്തില്‍ ഒട്ടും അതിശയോക്തിയല്ല.
അ+ ഉ= ഒ ആണോ? അതെ. സന്ധി നിയമം അങ്ങിനെയാണ്. വന+ ഉത്സവം = വനോത്സവം (വന എന്നതിലെ അന്ത്യ സ്വരം ‘അ’യും ഉത്സവത്തിലെ ആദ്യ സ്വരമായ ‘ഉ’ ഉം ചേര്‍ന്നാല്‍ ന, നോ ആകും. കാലോചിതം, സര്‍വോപരി, പാര്‍ശ്വോത്താനാസനം മുതലായ വാക്കുകളും കാണുക.)
അജപാ ജപം എന്ന ‘ഹംസ’ മന്ത്രമുണ്ട്. ഇതു തന്നെയാണ് ‘സോഹം’ മന്ത്രവും. അതായത് ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ‘സോ’ (സ:= അവന്‍, ഈശ്വരന്‍) എന്ന ശബ്ദവും പുറത്തുവിടുമ്പോള്‍ ‘ഹം’ (അഹം, ഞാന്‍) എന്ന ശബ്ദവും വരും. ഓരോ ശ്വാസത്തിലും സോഹം (പരമാത്മാവാണ്, ജീവാത്മാവ് / അഹം ബ്രഹ്‌മാസ്മി) എന്ന് നമ്മള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ സോഹം -ല്‍ നിന്ന് ‘സ’, ‘ഹ’ എന്നീ വ്യഞ്ജനങ്ങള്‍ മാറ്റിക്കളഞ്ഞാലോ? (അതായത് സോഹം – സ, ഹ) അപ്പോള്‍ ഓം എന്നാണ് ശേഷിക്കുക.
സര്‍വ്വശക്തന്‍ എന്നതിന് ഇംഗ്ലീഷില്‍ – Omni potent എന്നാണ് പറയുക. സര്‍വജ്ഞന്‍ എന്നതിന്എ omniscient ന്നും സര്‍വവ്യാപി എന്നതിന്എ omnipresent ന്നും പറയും. omni എന്നാല്‍ മുഴുവന്‍ എന്നര്‍ത്ഥം. ഈ – omni- ഓമില്‍ നിന്നു വന്നതാകാം.
അ ഉ മ ഇവയ്ക്ക് അനേകം അര്‍ത്ഥങ്ങള്‍ കുറിക്കപ്പെട്ടിട്ടുണ്ട്.
അ – ജാഗ്രത്ത്, ഉ – സ്വപ്‌നം, മ-സുഷുപ്തി.
അ-വാക്ക്, ഉ-മനസ്സ്, മ-പ്രാണന്‍
അ-സത്വം, ഉ-രജസ്, മ-തമസ്സ്
അ-ഭൂതം, ഉ-വര്‍ത്തമാനം, മ-ഭാവി
അ-ബ്രഹ്‌മാവ്, ഉ-വിഷ്ണു, മ-ശിവന്‍
വ്യാഖ്യാനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.
ഏതായാലും ഓം എന്ന അപൂര്‍വമായ ശബ്ദവിശേഷത്തിന്റെ കണ്ടുപിടുത്തം ഋഷിമാരുടെ മഹത്തായ സംഭാവന തന്നെയാണ്. അതിനെ ഈശ്വരന്റെ പ്രതിരൂപം എന്ന നിലയില്‍ അത്യുന്നതങ്ങളില്‍ പ്രതിഷ്ഠിക്കുകയും സര്‍വപ്രഥമസ്ഥാനം കല്പിക്കുകയും ചെയ്തത് ശ്ലാഘനീയം തന്നെയാണ്.