പള്ളിയില്‍ ജുമാ നമസ്‌കാരത്തിനു ശേഷമുള്ള മതപ്രഭാഷണത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാകരുതെന്ന് പള്ളി കമ്മറ്റിക്കാരോട് പറഞ്ഞാല്‍ സ്ഥലം മാറ്റം ഉറപ്പ്. അതാണ് കണ്ണൂര്‍ മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ക്ക് പറ്റിയത്. പള്ളിയിലും പുറത്തുമായി ഇസ്ലാമിക മത പണ്ഡിതന്‍ എന്നു പറയപ്പെടുന്ന ചിലര്‍ നടത്തുന്ന അന്യമത വിദ്വേഷ പ്രസംഗത്തിനെതിരെ കേസ്സെടുക്കാന്‍ ഇടതു സര്‍ക്കാറിന്റെ ഭരണത്തില്‍ അപ്രഖ്യാപിത വിലക്ക് ഉണ്ടെന്ന് അറിയാത്ത പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടം തന്നെ. പ്രവാചക നിന്ദ നടന്നതായി പറയപ്പെടുന്ന സാഹചര്യത്തില്‍ പള്ളികളില്‍ വിദ്വേഷ പ്രസംഗം ഉണ്ടാവാതെ നോക്കണം; ഉണ്ടായാല്‍ നടപടിയുണ്ടാവും എന്നാണ് എസ്.എച്ച്.ഒ നോട്ടീസ് നല്‍കിയത്. ഒരു അനിഷ്ട സംഭവം ഉണ്ടാവാതിരിക്കാന്‍ മുന്നറിയിപ്പു നല്‍കിയതില്‍ എന്ത് തെറ്റ്? പള്ളി കമ്മറ്റിക്ക് നോട്ടീസ് നല്‍കി എന്നതാണോ ഗുരുതരമായ തെറ്റ്? അതു വിവാദമാക്കാനും പ്രകടനം നടത്തി പ്രകോപനമുണ്ടാക്കാനും ശ്രമിച്ചവര്‍ക്കു മുമ്പില്‍ ആഭ്യന്തര വകുപ്പ് മുട്ടുമടക്കി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചു.
ഇതേ ഇടതു സര്‍ക്കാറിന്റെ ചുകപ്പന്‍ ദേവസ്വം ബോര്‍ഡ് അതിലെ ജീവനക്കാര്‍ക്ക് ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്. അമ്പലപരിസരത്തെങ്ങാന്‍ ആര്‍.എസ്.എസ് ശാഖ കണ്ടാല്‍ തടഞ്ഞോളാന്‍. ദേവസ്വം മന്ത്രിമാരായ സഖാക്കള്‍ തലയുയര്‍ത്തിപ്പിടിച്ചാണ് ഇത് പ്രഖ്യാപിക്കാറ്. ക്ഷേത്രാരാധനയ്ക്ക് തടസ്സമല്ലാത്ത ശാഖാ പ്രവര്‍ത്തനം തടയാന്‍ ദേവസ്വം ഭരണക്കാര്‍ക്ക് എന്തധികാരം? ക്രമസമാധാന തകര്‍ച്ച തടയാന്‍ മുന്നറിയിപ്പു നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി ശിക്ഷിക്കാം; ഒരു നോട്ടീസ് നല്‍കിയതിന്റെ പേരില്‍. ഇതേ കൂട്ടര്‍ തന്നെയാണ് ആരാധനക്ക് തടസ്സമല്ലാത്ത, മതസൗഹാര്‍ദ്ദമോ ക്രമസമാധാനമോ തകര്‍ക്കാത്ത, പതിറ്റാണ്ടുകളായി നടന്നു വരുന്ന ശാഖ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേവസ്വം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അതില്‍ മേനി നടിക്കുകയും ചെയ്യുന്നത്.