തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ വരെ ജനങ്ങളെ മുഴുവന്‍ വിറപ്പിച്ചു കൊണ്ട് മരണപ്പാച്ചില്‍ നടത്തിയ മുഖ്യമന്ത്രി വിജയന് സഖാവിന് ഒട്ടും പിടി കിട്ടാത്തത് കോണ്ഗ്രസ്സുകാര് എന്തിനാണ് തന്നെ തടയാന്‍ മത്സരിക്കുന്നത് എന്നാണ്. അവര്‍ ഇ.ഡി. ഓഫീസിലേക്കല്ലേ പ്രതിഷേധ മാര്‍ച്ച് നടത്തേണ്ടത്. മലപ്പുറം ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ ഇ.എം.എസ്സിന്റെ ലോഗോ പ്രകാശനം ചെയ്യവെ മുഖ്യന് കോണ്ഗ്രസ്സുകാരോട് ഇതു ചോദിക്കുകയും ചെയ്തു. നിങ്ങളുടെ നേതാക്കളായ സോണിയയുടെയും രാഹുലിന്റെയും പേരില്‍ കേസ്സെടുത്ത ഇ.ഡിയുടെ ഓഫീസിലേക്ക് മാര്‍ച്ചു ചെയ്യുന്നതിനു പകരം നിങ്ങളെന്താ കരിങ്കൊടിയുമായി എന്റെ കാറിന്റെ മുന്നില്‍ ചാടുന്നത് എന്നാണ് മുഖ്യന്റെ ചോദ്യം. അതു ശരിയല്ലേ യൂത്തന്മാരേ? ജൂണ്‍ 13-ന് കോണ്‍ഗ്രസ്സിന്റെ എല്ലാ എം.പിമാരും എം.എല്‍.എമാരും ദില്ലിയിലെ ഇ.ഡി. ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉത്തരവിറക്കിയിട്ടുണ്ട്. രാഹുലിനോടും സോണിയയോടും ഇഡിക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസമാണന്ന്. അതുകൊണ്ട് തന്നെ അന്ന് കോണ്ഗ്രസ്സുകാര് ഇ.ഡി. ഓഫീസുകള്‍ക്ക് മുമ്പില്‍ സത്യഗ്രഹമിരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. അധികം താമസമില്ലാതെ മാര്‍ക്സിസ്റ്റുകാര്‍ക്കും ചട്ടിയും കലവുമായി ഇ.ഡി. ഓഫീസിനു മുമ്പില്‍ സത്യഗ്രഹം ഇരിക്കേണ്ടിവരുമെന്ന് വിജയന് സഖാവിനറിയാം.
രാഹുലും വിജയന് സഖാവും ഫണ്ടു വെട്ടിപ്പിലും പൊതുപണം കുടുംബ കാര്യത്തിന് ചെലവഴിച്ചതിലും ഇ.ഡിക്കു മുമ്പില്‍ ഉത്തരം നല്കാന് ബാധ്യസ്ഥരായി നില്‍ക്കുകയാണ്. 2013-ല്‍ മുന്‍ ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി നല്കിയ കേസ്സിലാണ് രാഹുലും സോണിയയും കുടുങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്ത് സോണിയയും മകനും അനധികൃതമായി സ്വന്തമാക്കി എന്നാണ് സ്വാമിയുടെ കേസ്. ഇതാണ് കോണ്‍ഗ്രസ്സിനെതിരെയുള്ള കേസ്സാക്കി കേന്ദ്രസര്‍ക്കാറിനെതിരെ പാവം കോണ്‍ഗ്രസ്സുകാരുടെ ഊണു മുടക്കല്‍ സമരമാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തീരുമാനിച്ചത്. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല സി.പി.എമ്മിന്റെയും കാര്യം. വിജയന് സഖാവും കുടുംബവും സ്വര്‍ണ്ണവും വിദേശ കറന്‍സിയും കടത്തി എന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയത്. അതിന്റെ പേരിലാണ് ഇ.ഡി. അന്വേഷിക്കാന്‍ പോകുന്നത്. ഇ.ഡി. ഓഫീസ് വാതിലിന്റെ ഒരു വശത്ത് സഖാക്കള്‍ക്കും മറുവശത്ത് കോണ്‍ഗ്രസ്സുകാര്‍ക്കും ഉണ്ണാസമരമിരിക്കേണ്ടി വരുമ്പോള്‍ നമ്മളെന്തിനാ പരസ്പരം കൊമ്പുകോര്‍ക്കുന്നത് എന്ന വിജയന് സഖാവിന്റെ ചോദ്യം ന്യായമല്ലേ?