ഭാരതത്തിലെ മതസംഘര്‍ഷങ്ങളെ കുറിച്ച് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. 2015-ല്‍ കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സുപ്രധാന പ്രഖ്യാപനമുണ്ട്. കേരളം തീവ്രവാദികളുടെ പറുദീസയാണ്, തീവ്രവാദികളെ വളര്‍ത്തുന്ന നഴ്‌സറിയാണ് കേരളം എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശരിവയ്ക്കുന്ന അനുഭവങ്ങളാണ് പിന്നീട് ഉണ്ടായത്. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സമുദായത്തിലെ 5% ആളുകള്‍ കഴിഞ്ഞ 50 വര്‍ഷമായി മതംമാറിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. 33% ഉണ്ടായിരുന്ന സമുദായം 28% ആയി ചുരുങ്ങി എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് 18 വയസ്സായ ഏതൊരാളിനും ഏതൊരു മതത്തിലും ചേരാം. യാതൊരു മതത്തിലും ചേരാതെയും ആളുകള്‍ക്ക് ഭാരതത്തില്‍ ജീവിക്കാം. മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നതും മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതുമായ വാക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ അത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും സ്വാധീനിച്ചും നിര്‍ബന്ധിച്ചും മതപരിവര്‍ത്തനം നടത്തുന്നത് നിയമപരമായി അനുവദനീയമല്ല. ഇതാണ് ഭരണഘടനയുടെയും നിലവിലുള്ള നിയമങ്ങളുടേയും അന്തഃസത്ത. അതിനാല്‍ ഭാരതം മതേതര ജനാധിപത്യ സ്വതന്ത്ര്യ റിപ്പബ്ലിക്കായി പ്രവര്‍ത്തിക്കുന്നു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്.
എന്നാല്‍ കേരളത്തില്‍ മേല്‍പ്പറഞ്ഞ മതേതരതത്വങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു. തൊടുപുഴയിലെ കോളേജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈകള്‍ അക്രമികള്‍ വെട്ടിയെടുത്തു. അദ്ദേഹത്തെ സഹായിക്കാന്‍ സര്‍ക്കാരുകള്‍ക്കും കോളേജ് മാനേജ്‌മെന്റിനും പൊതുസമൂഹത്തിനും കഴിഞ്ഞില്ല. ജീവിതം വഴിമുട്ടി ജോസഫ് സാറിന്റെ ഭാര്യ ആത്മഹത്യചെയ്തു. കുടുംബം അനാഥമായി. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി ജോസഫ് സാര്‍ ഇപ്പോഴും കേരളത്തിലുണ്ട്. നിമിഷാ ഫാത്തിമ, സോണിയാ സെബാസ്റ്റ്യന്‍ തുടങ്ങി പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച 4 യുവതികളെ സ്‌നേഹം നടിച്ച് വിവാഹം കഴിച്ച് മതംമാറ്റി ഐ.എസില്‍ ചേര്‍ത്ത് അഫ്ഗാനിസ്ഥാനില്‍ എത്തിച്ചു. സഖ്യശക്തികളുമായുള്ള ഏറ്റുമുട്ടലില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട് കൈക്കുഞ്ഞുങ്ങളോടൊപ്പം യുവതികള്‍ അഫ്ഗാന്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടു. അക്രമത്തിലൂടെ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ അവരെ ജയിലില്‍ നിന്ന് തുറന്നുവിട്ടു. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അവരെ തിരിച്ചു കിട്ടാന്‍ രക്ഷിതാക്കള്‍ നല്‍കിയ കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കേരളത്തില്‍ ലൗജിഹാദുണ്ടെന്ന് വിരമിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചു. 3 ദിവസം കഴിഞ്ഞ് ആ പ്രസ്താവന അദ്ദേഹം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചു. ലൗ ജിഹാദ് എന്നത് ഒരു രാഷ്ട്രീയവാക്കായി മാറിയിരിക്കുന്നു എന്നദ്ദേഹം തിരുത്തിപ്പറഞ്ഞു. തുടര്‍ന്നദ്ദേഹം കൊച്ചിമെട്രോയുടെ മാനേജിംഗ് ഡയറക്ടറായി.
മതവിദ്വേഷപ്രസംഗം നടത്തി എന്നപേരില്‍ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ്ജിനെതിരെ കേരളാപോലീസ് രണ്ട് കേസുകളെടുത്തു. പരിണതപ്രജ്ഞനായ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ്ജ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല. അദ്ദേഹം കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് വിചാരണയ്ക്കുശേഷം കോടതികളാണ്.
കേരളത്തില്‍ മയക്കുമരുന്ന് ജിഹാദുണ്ടെന്നും അത് രൂപതയിലെ പെണ്‍കുട്ടികളെ മതംമാറ്റുന്നതിന് പ്രേരണയായി മാറുമെന്നും പാലാ ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. ലൗജിഹാദിനെക്കുറിച്ച് തലശ്ശേരി ബിഷപ്പും താമരശ്ശേരി ബിഷപ്പും അടുത്തിടെ ആശങ്ക രേഖപ്പെടുത്തി. കോഴിക്കോട് നടന്ന മിശ്രവിവാഹം ലൗജിഹാദിന്റെ ഭാഗമാണെന്ന് മുന്‍ എം.എല്‍.എ ആയിരുന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പരസ്യമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട സി.പി.എം. നേതാവ് പിന്നീട് പ്രസ്താവന തിരുത്തി.
കേരളാ ഹൈക്കോടതി അടുത്തിടെ രണ്ട് സുപ്രധാനവിധികള്‍ പ്രഖ്യാപിച്ചു. എന്‍.ഐ.എ അന്വേഷിച്ച കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ അടക്കമുള്ള പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വിധിയാണ് ആദ്യത്തേത്. ഈ വിധിയില്‍ കേരളാ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞത് പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നത് രാജ്യദ്രോഹവും തീവ്രവാദവുമാണ് എന്നാണ്. 25 പ്രതികളും കേരളത്തില്‍ നിന്നുള്ളവരാണ് എന്നുളളത് വളരെ ഗൗരവമേറിയ കാര്യമാണ്. ഈ സംഭവത്തില്‍ കേരളത്തിലെ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. രണ്ടാമത്തെ വിധി പാലക്കാട്ട് കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് സഞ്ജിത്തിന്റെ ഭാര്യ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസിലാണ്. ജസ്റ്റിസ് ഹരിപാലാണ് വിധി പ്രഖ്യാപിച്ചത്. കേരളത്തിലെ രണ്ട് സംഘടനകള്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും തീവ്രവാദസംഘടനകളാണെന്ന് കോടതി പ്രഖ്യാപിച്ചു. ഈ സംഘടനകളെ നാളിതുവരെ നിരോധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. തീവ്രവാദസംഘടനകളെ നിരോധിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. ഇതുസംബന്ധിച്ച് കേരളാമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതികരിച്ചില്ല. പ്രതികരിച്ചത് മന്ത്രി എം.വി.ഗോവിന്ദനാണ്. ഗോവിന്ദന്‍ പറഞ്ഞത് ഹൈക്കോടതി പറഞ്ഞത് ശരിയാണ്, പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും തീവ്രവാദ സംഘടനകള്‍ തന്നെയാണ്. തീവ്രവാദ സംഘടനകളെ നിരോധിക്കുകയല്ല അവര്‍ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണമാണ് വേണ്ടതെന്നും പറഞ്ഞു. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ ആപല്‍ക്കരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മന്ത്രി എം.വി.ഗോവിന്ദന്റെ ഈ പ്രസ്താവന ഭരണഘടനാപരമായും നിയമപരമായും ശരിയാണോ എന്ന് കേരളാ നിയമവകുപ്പും, അഡ്വക്കേറ്റ് ജനറലും പരിശോധിക്കണം. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ ഏതൊരാളിനും കോടതികളെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്. വേണമെങ്കില്‍ ഉന്നതാധികാര കോടതികള്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിയുടെ പ്രസ്താവന നിയമപരമാണോ എന്ന് പരിശോധിക്കാം.
ഇവിടെ സുപ്രധാനം മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞ ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയുമാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ഹിന്ദുമതത്തെയാണ്. ന്യൂനപക്ഷവര്‍ഗ്ഗീയത എന്ന് എം.വി.ഗോവിന്ദന്‍ ഉദ്ദേശിച്ചത് ഇസ്ലാംമതത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയത തന്നെയാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത എന്നത് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മതത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയതയും തീവ്രവാദവും കൊലപാതകങ്ങളും ദൈവത്തെ പ്രീതിപ്പെടുത്താനല്ല. മതസംഘടനകളുടെയും നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സാമ്പത്തിക താല്‍പര്യങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും വ്യക്തിദൗര്‍ബല്യങ്ങളും പകയുമാണ് ഇത്തരം അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കപ്പെടുന്നതെന്ന് അന്വേഷണ ഏജന്‍സികളുടെ കുറ്റപത്രങ്ങളില്‍ നിന്നും കോടതിവിധികളില്‍ നിന്നും വ്യക്തമാണ്.
അതിനാല്‍ മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്, ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നാണ് പ്രമാണം. സമസ്ത നേതാവ് പെണ്‍കുട്ടിയെ സ്റ്റേജില്‍നിന്നും ഇറക്കിവിട്ടതിനെതിരെ കേരളാ ഗവര്‍ണര്‍ രണ്ട് തവണ വിമര്‍ശനം ഉന്നയിച്ചു. സമസ്ത നേതാവിനെ വിമര്‍ശിക്കുന്നതിലുള്ള അസഹിഷ്ണുത മുസ്ലീം ലീഗ് നേതാവിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നു. പെണ്‍കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. എല്ലാ മതസംഘടനകളും ആത്മപരിശോധന നടത്തണം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലത്ത് മതവും ജാതിയും ഇല്ലാതാവും. മുസ്ലീം ലീഗ് അടിയന്തിരമായി ഇലക്ഷന്‍ കമ്മീഷനെ സമീപിച്ച് അപേക്ഷ നല്‍കി പാര്‍ട്ടിയുടെ പേരില്‍ നിന്നും മുസ്ലീം എന്ന പേര് ഒഴിവാക്കുന്നത് മതേതര കേരളത്തിന് മുതല്‍ക്കൂട്ടാകും. തങ്ങളുടെ പ്രവര്‍ത്തകര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന് എല്ലാ മതസംഘടനകളും ഉറപ്പുവരുത്തണം. അല്ലെങ്കില്‍ കേരളത്തിലെ സാമൂഹ്യസംഘര്‍ഷം ഇനിയും വര്‍ദ്ധിക്കും. സാമൂഹ്യസംഘര്‍ഷം വര്‍ദ്ധിക്കുന്ന സമൂഹത്തില്‍ വികസനം സാധ്യമല്ല. വര്‍ഗ്ഗീയതയും തീവ്രവാദവും വികസനത്തിനെതിരാണ്. അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.
വര്‍ഗ്ഗീയതയും മതതീവ്രവാദവും ഒഴിവാക്കാനുള്ള ഏകമാര്‍ഗ്ഗം പൊതുസിവില്‍ കോഡ് നടപ്പാക്കുക എന്നുള്ളതാണ്. ഭരണഘടനയുടെയും നിയമത്തിന്റെയും മുന്നില്‍ എല്ലാവരും തുല്യരാണ്. ദാരിദ്ര്യത്തിന് ജാതിയും മതവുമില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പുരോഗതിയിലേക്കു മുന്നേറാനും എല്ലാവര്‍ക്കും തുല്യഅവസരം ലഭിക്കണം.