ചാമുണ്ഡീസഞ്ചയത്തിലെ ബലവീര്യചൈതന്യസ്വരൂപിണിയായി പരിലസിക്കുന്ന തെയ്യമാണ് മൂവാളംകുഴിച്ചാമുണ്ഡി. ശാലിയ സമുദായം കുലം കാക്കുന്ന ദേവിയായി ആരാധിച്ചുവരുന്ന ഈ ദേവീരൂപം അവതരിപ്പിച്ചു വരുന്നത് മലയസമുദായമാണ്. അത്യാകര്‍ഷകമായ മുഖത്തെഴുത്തും പുറത്തട്ടു മുടിയഴകവും സര്‍വ്വാംഗസുന്ദരമായ മെയ്ച്ചമയങ്ങളുമായാണ് മൂവാളംകുഴിയമ്മ കാവിന്മുറ്റത്ത് ഉറഞ്ഞാടുക. കോലക്കാരന്റെ വ്രതശുദ്ധിയും പകര്‍ന്നാട്ട സാമര്‍ത്ഥ്യവും ഭക്തി തീവ്രതയും വിളിച്ചോതുന്ന തെയ്യവും ഇതുതന്നെ. അള്ളടം (നീലേശ്വരം) നാട്ടില്‍ പ്രത്യേകിച്ചും കോലത്തുനാട്ടില്‍ (കണ്ണൂര്‍ നാട്) ചിലേടങ്ങളിലും ആരാധിച്ചുവരുന്ന ഈ ദേവിയുടെ ഉത്ഭവം തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ചെണ്ട വാദ്യങ്ങളുടെ ഉച്ചസ്ഥായിയില്‍ കെട്ടുപൊട്ടിയ കൊടുങ്കാറ്റുപോലെ കോപാകുലയായി പാഞ്ഞെത്തുന്ന ദേവി കാവില്‍ തിങ്ങിനിറഞ്ഞ ജനാവലിയില്‍ ഭയംനിറച്ച ഭക്തിയാണ് പടര്‍ത്തുക. ആബാലവൃദ്ധം ജനങ്ങളും ആ നേരത്ത് ഓങ്കാരമന്ത്രം കൊണ്ട് അന്തരീക്ഷത്തെ മുഖരിതമാക്കും. തുടക്കത്തിലെ ഉഗ്രകോപവും ആനമദപ്പാടും പതുക്കെ ശാന്തസൗമ്യഭാവങ്ങളിലേക്ക് വഴിമാറും. ആട്ടവും കലാശവും ദേവിയുടെ വിസ്മയകരമായ പുരാവൃത്തങ്ങളെയാണ് ഭക്തന്മാരില്‍ അങ്കുരിപ്പിക്കുക.
അസുരപ്പടയെ മുച്ചൂടും നശിപ്പിച്ച കാളിയെ സാക്ഷാല്‍ കാര്‍ത്ത്യായനീദേവിയാണ് ഭക്തജന പാലനത്തിന്നായി ഭൂമിയിലേക്കയച്ചത്. പുടവലമാം മുക്കാതം നാട്ടില്‍ (നീലേശ്വരം) വന്നിറങ്ങിയ ദേവി തനിക്കും ഒരു കോലസ്വരൂപം വേണമെന്നു കൊതിച്ചു. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചപ്പോഴാണ് തൃക്കണ്ണാടു ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഉളയപുരം തന്ത്രിയെ കണ്ടത്. പുഴയില്‍ തോണിയിലൂടെ വരുന്ന തന്ത്രിക്ക് ദേവിയുടെ സാന്നിധ്യം ഭാരക്കൂടുതല്‍കൊണ്ട് നേരിട്ടനുഭവപ്പെട്ടു. ഉളയത്തു തന്ത്രി തന്റെ തപോബലംകൊണ്ട് ദേവിയെ ഒരു തേങ്ങയില്‍ ആവാഹിച്ച് ഇല്ലപ്പറമ്പിലെ ഇത്തിമരച്ചോട്ടില്‍ കൊണ്ടുവന്ന് സ്ഥാപിച്ചു. ഇത്തിത്തറയിലെ ദേവിക്ക് ഇത്തിത്തറ ചാമുണ്ഡി എന്ന് പേരിട്ടു പൂജയും തുടങ്ങി.
തൃക്കണ്ണാടു ക്ഷേത്രത്തിലെ മറ്റൊരു പൂജാരിയാണ് ഇടമന തന്ത്രി. ആറുമാസം വീതം പൂജാകാവകാശം പങ്കിടുന്നവരാണ് ഉളയത്തും ഇടമനയും. ഇരുപേരും സ്വാദ്ധ്യായശക്തിയും മന്ത്രതന്ത്ര പ്രാവീണ്യവും കൊണ്ട് പേരുനേടിയവരാണ്. ഒപ്പം പരസ്പര ശത്രുത വേണ്ടുവോളം. ഒരുഘട്ടത്തില്‍ വെറുപ്പു പാരമ്യത്തിലായപ്പോള്‍ ഒളയത്തു തന്ത്രി ദേവിയെ പ്രോജ്ജ്വലിപ്പിച്ച് ഇടമന തന്ത്രിയുടെ നേര്‍ക്കയച്ചു. ആയിരം സൂര്യഗോളപ്രഭയോടെ പാഞ്ഞടുക്കുന്ന ദേവീചൈതന്യത്തെ ഇടമനതന്ത്രി ആയുഷ്‌ക്കാല വരപുണ്യം കൊണ്ട് ഒരു ചെമ്പുകുടത്തിലേക്ക് ആവാഹിച്ചൊതുക്കുകയും ഭദ്രമായി വായ്മൂടിക്കെട്ടിയ ചെറുചെമ്പുകുടം ഭൂമിയില്‍ കുഴിച്ചിടാന്‍ ഭൃത്യന് നല്‍കുകയും ചെയ്തു. മൂന്നാള്‍ ഇറങ്ങി നിന്നാലും കാണാത്തത്ര ആഴത്തില്‍ ഭൃത്യന്‍ അതു കുഴിച്ചിട്ടു. എന്നാല്‍,
വീട്ടിന്നെത്തും മുമ്പേ കേട്ടിതു
ഘനനിര്‍ഘോഷം പോലൊരശബ്ദം
ശബ്ദത്തിന്നുടെ മൂര്‍ച്ചയതിങ്കല്‍
ഉഗ്രമതായൊരു വാളുമെഴുന്നു
ഭൂമി പൊട്ടിപ്പിളര്‍ന്ന ഘോരമായ ശബ്ദത്തോടൊപ്പം മൂന്നു വാളുമായി പ്രത്യക്ഷയായ ദേവിയുടെ കണ്ണുകളില്‍ കനലുകള്‍ മിന്നി. മൂന്നു വാളിനൊപ്പം മുന്നില്‍ നിറഞ്ഞ ചാമുണ്ഡി മൂവാളംകുഴിച്ചാമുണ്ഡി എന്നറിയപ്പെട്ടു. അതല്ല മൂന്നാള്‍ ആഴത്തില്‍ നിന്നുയര്‍ന്നതാണ് പേരിന്നു കാരണമെന്നും ചിലര്‍ അവകാശപ്പെടുന്നു.
തന്നെ കുഴികുത്തി അടക്കിയ ഇടമന തന്ത്രിയെ വധിക്കാന്‍ ദേവി പാഞ്ഞടുത്തു. ജീവനും കൊണ്ടോടിയ തന്ത്രി സര്‍വ്വാപരാധങ്ങളും പൊറുക്കുന്ന ഉപാസനാമൂര്‍ത്തി തൃക്കണ്ണാടപ്പന്റെ പാദങ്ങളില്‍ അഭയം തേടി. മന്ത്രവിശാരദനെന്ന ദുരഭിമാനം കൊണ്ടുനടന്ന ഇടമനയെ കയ്യൊഴിക്കാന്‍ ഭഗവനായില്ല. കടുന്തുടി നാദത്താല്‍ ദേവിയെ ശാന്തയാക്കി നാട്ടുപരദേവതമാരില്‍ മുഖ്യസ്ഥാനം നല്‍കി ഭഗവാന്‍ അംഗീകരിച്ചു. അള്ളടം നാട്ടിലെ പരദേവതമാര്‍ ”അഞ്ചു കഴിഞ്ഞിട്ടാറാം ദേവത” എന്ന സ്ഥാനമാണ് തൃക്കണ്ണാടപ്പന്‍ ദേവിക്ക് കല്പിച്ചത്. എന്നാല്‍ തൃക്കണ്ണാട്ടപ്പന്റെ തിരുസഭയില്‍ കൂടിയ നിഴല്‍ക്കൂട്ടത്തിലെ നാടുകാക്കുന്ന നായന്മാര്‍ ദേവിയെ അംഗീകരിച്ചില്ല. അത്ര ശക്തിചൈതന്യധാരിണിയെങ്കില്‍ സഭയില്‍വെച്ച വെറ്റിലത്താലം ആള്‍സഹായം കൂടാതെ തൃക്കണ്ണാടപ്പന്റെ കൊടിമരത്തിനും മീതെ പറന്നുയര്‍ന്ന് പൂര്‍വ്വസ്ഥിതിയില്‍ വന്നു ചേരണം എന്നായി പരീക്ഷ. പറഞ്ഞ വാക്ക് ഒടുങ്ങുംമുമ്പേ ആകാശം മേഘാവൃതമായി. കാര്‍മേഘപാളിയില്‍ മിന്നല്‍പ്പിണര്‍ ഉണര്‍ന്നു. ഞൊടിയിടയില്‍ നായന്മാര്‍ നോക്കി നില്‍ക്കെ വെറ്റിലത്താലം തിരുനൃത്തമാടി ആകാശത്തേക്കുയര്‍ന്നു. അത് കൊടിമരത്തിനും മീതെ പറന്നുയര്‍ന്നു. പിന്നെ പതുക്കെ താണുവന്ന് സഭാതലത്തില്‍ വന്നുനിന്നു. ഭക്തിപാരവശ്യത്തോടെ നായന്മാര്‍ ആ ചൈതന്യ സ്വരൂപിണിയെ കൈകൂപ്പി തലകുനിച്ചു. ആറാമത് പരദേവതയായി സ്ഥാനം നേടിയ ദേവി കണ്ണൂര്‍ പട്ടുവം തൊട്ടു പനമ്പൂര്‍ വരെയുള്ള ശാലിയരുടെ പതിന്നാലു നഗരങ്ങളില്‍-കുറ്റിയാട്ടൂര്‍ കാവു മുതല്‍ കീഴൂര്‍ പ്ലാക വരെയുള്ള ശാലിയക്കാവുകളില്‍ – മുഖ്യദേവതാസ്ഥാനം നേടി.
വേളൂര്‍ നാട്ടിലെ കനക മാണിക്കക്കല്ലിന്റെ അവകാശത്തര്‍ക്കത്തില്‍ അള്ളടത്തായില്ലോനും ഇളംകുറ്റി ആയില്ലോനും കൊമ്പു കോര്‍ത്തപ്പോള്‍ പടവെട്ടി കാര്യം നേടാന്‍ അവരെ ദേവി ഉപദേശിച്ച കഥയും പ്രസിദ്ധമാണ്. മേടമാസം പന്ത്രണ്ടിന് ആരംഭിച്ച ഘോര യുദ്ധത്തില്‍ ക്ഷേത്രപാലകനും വേട്ടക്കരുമകനും കൂറുമാറിയപ്പോള്‍ വാഗ്ദാനം പാലിക്കാന്‍ ദേവി ശൂലിയാര്‍ ഭഗവതിയോടൊപ്പം മാറടക്കി കച്ചകെട്ടി ആണത്രെ യുദ്ധത്തില്‍ പങ്കാളിയായത്. നിര്‍ണ്ണായക ഘട്ടത്തില്‍ കൂറുമാറിയ ക്ഷേത്രപാലകനെയും വേട്ടക്കൊരുമകനെയും ഇളങ്കുറ്റി സ്വരൂപത്തിന് പുറത്ത് ചിത്താരിപ്പുഴ കടത്തിവിട്ടതും മൂവാളം കുഴിച്ചാമുണ്ഡിയായിരുന്നുവത്രെ. മന്ത്രതന്ത്രങ്ങള്‍ വിലക്കിയ ദേവി മന്ത്രാധികാരികളായ ബ്രാഹ്‌മണരെ കാണുകയോ അവരെ പേര്‍ചൊല്ലി വിളിക്കയോ ചെയ്യാറില്ല. ആയിരത്താണ്ടുകള്‍ക്കപ്പുറത്തെ പുരാവൃത്തങ്ങളുടെ പുനര്‍വായനപോലെ മൂവാളംകുഴിച്ചാമുണ്ഡിയുടെ ഓരോ അനുഷ്ഠാനവും നമുക്കനുഭവവേദ്യമാകും.
തോറ്റംപാട്ട്
കേരളമെങ്ങും കേളിമികച്ചൊരു
കോമളരൂപിണി ചാമുണ്ഡേശ്വരി
കേവലമിങ്ങൊരു കോലമെനിക്ക്
വഴക്കം വേണമിതെന്നു നിനച്ചു
പുടവലമാം മുക്കാതം നാടിനു
മകുടമതാകിയ തൃക്കണ്യാവില്‍
പുക്കുനമിച്ചഥ മുക്കണ്യരയും
മൈക്കണ്ണേശ്വരിയായവള്‍തന്നെ
ആരാധനയൊടു മേവിനകാലം
ഉളയപുരത്തകമന്‍പിനതന്ത്രി
ഉണ്ടായ് വന്ന വഴക്കമിതപ്പോള്‍
എടമനവാഴും തന്ത്രിക്കേതും
ഉണ്ടായില്ല വഴക്കമിതൊട്ടും
ഇങ്ങനെ ചിലനാള്‍ ചെല്ലും കാലം
ഇളയപുരത്തകമന്‍പിനതന്ത്രി
ഉള്ളംചിതറിയടിഞ്ഞതിനാലെ
ഉണ്ടായുള്ളില്‍ സംശയമപ്പോള്‍
എടമന വാഴും തന്ത്രിയുമമ്പൊടു
ഉളയപുരത്തകമന്‍പിനതന്ത്രി
പ്രേരിതമെന്നൊരു ബോധത്താലെ
ആത്മസ്വരൂപിണിയാമവള്‍തന്നെ
ആവാഹിച്ചൊരു ചെമ്പുകുടത്തില്‍
സങ്കോചിപ്പിച്ചഴകൊടു തന്റെ
ഭൃത്യജനത്തിന്‍ കയ്യതുനല്‍കി
തനിനിലമതിലൊരു കുഴിയഴകാക്കീ-
ട്ടാഴത്തോടെ കുഴിച്ചതിലപ്പോള്‍
ഏവം കാര്യമിതൊന്നുപദേശ
നിയോഗം കേട്ടവളെ പടിയായി-
ട്ടപ്പോഴപ്പടി ചെയ്തഴകോടെ
വീട്ടിന്നെത്തും മുമ്പേ കേട്ടിതു
ഘനനിര്‍ഘോഷം പോലൊരു ശബ്ദം
ശബ്ദത്തിന്നുടെ മൂര്‍ച്ചയതിങ്കല്‍
ഉഗ്രമതായൊരു വാളമുയര്‍ന്നു
വാളം ചെന്നഥ ഭൂമിപിളര്‍ന്നു
പുറപ്പട്ടിടിന കുഴിവഴിയില്‍ മൂ-
വാളമുയര്‍ന്നതു കാരണമായി
മൂവാളം കുഴിയെന്നൊരു പേരായ്
Comments