മുറുകുന്ന റഷ്യ-ഉൈക്രയിന്‍ യുദ്ധത്തിന്റെയും, വഷളാകുന്ന റഷ്യ-പാശ്ചാത്യബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ വാനശാസ്ത്രകുതുകികള്‍ക്ക് ആശങ്കയേറ്റിക്കൊണ്ടു മറ്റൊരു വാര്‍ത്ത പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭാവിയെക്കുറിച്ചുള്ളതാണത്.
ശീതയുദ്ധത്തിന്റെ പതിറ്റാണ്ടുകളില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും ഇരുചേരികളില്‍ അണിനിരന്നു നടത്തിയ വന്‍ ബഹിരാകാശ മത്സരങ്ങളുടെ ചരിത്രം നാം പലവട്ടം ചര്‍ച്ച ചെയ്തതാണ്.
ബഹിരാകാശമത്സരം തകര്‍ത്തുനടന്ന 1970 കളില്‍ തന്നെ ബഹിരാകാശ സ്റ്റേഷനുകള്‍ യാഥാര്‍ത്ഥ്യമായിരുന്നു. താഴ്ന്ന ഭ്രമണപഥങ്ങളില്‍ ഭൂമിയെ ചുറ്റുന്ന ബഹിരാകാശയാനങ്ങള്‍ തന്നെയാണിവ. അവിടേക്ക് ഇടയ്ക്കിടക്ക് യാത്രികര്‍ ചെല്ലും. കുറച്ചുകാലം ചെലവഴിക്കും മടങ്ങും. സോവിയറ്റ് യൂണിയന്റെ സല്യൂട്ട് ആയിരുന്നു ഇത്തരത്തില്‍ ഏറ്റവും കഴിവുതെളിയിച്ച സ്റ്റേഷന്‍. അതില്‍ അക്കാലത്ത് ഒരു വര്‍ഷത്തോളം ചെലവഴിച്ച കോസ്‌മോനോട്ടുകള്‍ ഉണ്ട്. അതിനു പകരമായിട്ടാണ് അമേരിക്ക എഴുപതുകളുടെ രണ്ടാം പകുതിയില്‍ സ്‌കൈലാബ് വിക്ഷേപിച്ചത്. ഇന്ന് വരെ ബഹിരാകാശത്തേക്ക് തൊടുത്ത ഏറ്റവും ഭാരം കൂടിയ വസ്തുവായിരുന്നു സ്‌കൈലാബ്. എണ്‍പത് ടണ്‍ ആയിരുന്നു ഭാരം. കുറേക്കാലം ബഹിരാകാശത്ത് കറങ്ങിയെങ്കിലും സ്‌കൈലാബ് പൂര്‍ണ്ണ വിജയമായില്ല. 1977 ല്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് സ്‌കൈലാബ് കത്തിനശിക്കുകയും ചെയ്തു. ചാന്ദ്ര ദൗത്യങ്ങള്‍, സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അമേരിക്ക സ്പേസ് സ്റ്റേഷന്‍ രംഗത്ത് സോവിയറ്റ് യൂണിയനെക്കാള്‍ കാതങ്ങള്‍ പിന്നിലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മുകളില്‍ പറഞ്ഞതുപോലെ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ തന്നെയാണ് ബഹിരാകാശ സ്റ്റേഷനുകള്‍ എങ്കിലും, സാധാരണ ബഹിരാകാശ പേടകങ്ങള്‍ പോലെയല്ല ഇവ. പല പ്രാവശ്യം ഭൂമിയില്‍ നിന്ന് യാത്രികര്‍ വന്നുപോകേണ്ട പേടകമായത് കൊണ്ട്, മറ്റു പേടകങ്ങളുമായി കൂട്ടിയോജിക്കാനും ആവശ്യത്തിന് വേര്‍പെടുത്താനുമുള്ള സംവിധാനങ്ങള്‍ അഥവാ ഡോക്കിങ് പോയിന്റുകള്‍ ഇതിന് അത്യാവശ്യമാണ്. താഴ്ന്ന ഭ്രമണപഥങ്ങളില്‍ മണിക്കൂറില്‍ 28000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന രണ്ടു പേടകങ്ങളെ സംയോജിപ്പിക്കുകയും വേര്‍പെടുത്തുകയും ചെയ്യുന്ന ഈ പ്രക്രിയ വളരെയേറെ സങ്കീര്‍ണ്ണമായ സാങ്കേതിക സംവിധാനമാണ്. പാഞ്ഞുപോകുന്ന രണ്ടു വാഹനങ്ങളെ ചേര്‍ത്തുകെട്ടാന്‍ ശ്രമിക്കുന്ന കാര്യം ആലോചിച്ചുനോക്കൂ. സല്യൂട്ടിനും സ്‌കൈലാബിനുമൊക്കെ ഇങ്ങനെ രണ്ട് ഡോക്കിങ് പോയിന്റുകള്‍ ആണ് ഉണ്ടായിരുന്നത്. 1986ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച മിര്‍ നിലയത്തിന് ആറ് ഡോക്കിങ് പോയിന്റുകള്‍ ഉണ്ടായിരുന്നു.
1990 കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ശീതയുദ്ധം അവസാനിക്കുകയും സോവിയറ്റ് യൂണിയന്‍ പല കഷണങ്ങളായി പിളരുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ ഏതാണ്ട് എല്ലാ സാങ്കേതിക നേട്ടങ്ങളും റഷ്യയുടേതായി മാറി. അതോടെ ബഹിരാകാശം പൂര്‍ണ്ണമായും മത്സരമൊഴിഞ്ഞു ശാന്തമായി. സോവിയറ്റ് യൂണിയനും അമേരിക്കയും മത്സരിച്ചു സ്വന്തമാക്കിയ സാങ്കേതിക നേട്ടങ്ങളെല്ലാം, സഹവര്‍ത്തിത്തത്തോടെ പങ്കിട്ടു, മനുഷ്യരാശിക്ക് പ്രയോജനകരമാം വിധം ഉപയോഗിക്കാന്‍ തീരുമാനിക്കപ്പെട്ടത് മാനവികതയുടെ വലിയ ഒരു നേട്ടവും കാല്‍വെയ്പുമാണ്.
അങ്ങനെ അമേരിക്കന്‍ അസ്ട്രോനോട്ടുകള്‍ റഷ്യയില്‍ നിന്നും റഷ്യന്‍ കോസ്‌മോനോട്ടുകള്‍ അമേരിക്കയില്‍ നിന്നുമൊക്കെ പലപ്രാവശ്യം ബഹിരാകാശം പൂകി. അതിന് ഏതാനും കൊല്ലം മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു അത്.
അങ്ങനെയിരിക്കെ ആണ്, അന്നത്തെ പ്രധാന ബഹിരാകാശ ശക്തികള്‍ എല്ലാം ചേര്‍ന്ന് ഒരു വലിയ സ്പേസ് സ്റ്റേഷന്‍ ആയാലോ എന്ന ചിന്തിച്ചത്. ഏതാണ്ട് 450 ടണ്‍ ഭാരവും 75 മീറ്റര്‍ നീളവും 110 മീറ്റര്‍ വീതിയുമുള്ള വമ്പന്‍ നിലയമാണ് വിഭാവനം ചെയ്തത്. ഇത്ര വലിയ ഒരു ഭീമനെ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിക്കാനാവില്ല എന്നുറപ്പാണല്ലോ. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പല വിക്ഷേപണങ്ങളിലൂടെ കഷണം കഷണമായി വിക്ഷേപിച്ച് മുകളില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന മോഡുലാര്‍ രീതിയിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ രൂപകല്‍പ്പന ചെയ്തത്. അങ്ങനെ നിലയത്തിന്റെ ആദ്യ കഷണവുമായി 1998 ല്‍ റഷ്യയിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ വസ്തോക്ക് റോക്കറ്റ് പറന്നുയര്‍ന്നു.
പിന്നീട് പലപ്രാവശ്യമായി ബൈക്കനൂരില്‍ നിന്നും, കേപ് കെന്നടിയില്‍ നിന്നും ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നുമൊക്കെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭാഗങ്ങളുമായി നിരവധി വിക്ഷേപണങ്ങള്‍ നടന്നു. അമേരിക്കയുടെ സ്പേസ് ഷട്ടിലുകളുടെ, കപീഷിന്റെ വാല്‍ പോലുള്ള യന്ത്രക്കൈകള്‍ ഈ കഷണങ്ങളെ 450 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് കൂട്ടിയോജിപ്പിച്ചു.അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ട് പിറന്നുവീണതിനു പിന്നാലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ആദ്യ താമസക്കാരെത്തി. പിന്നീടുള്ള ബഹിരാകാശദിനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഈ വമ്പന്‍ എന്‍ജിനിയറിങ് വിസ്മയത്തെ ചുറ്റിപ്പറ്റിയാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
450 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിക്കുന്ന നിലയം, ചന്ദ്രന്‍ കഴിഞ്ഞാല്‍ ഭൂമിയെ ചുറ്റുന്ന ഏറ്റവും വലിയ വസ്തുവാണ്. ഒരു ദിവസം ഇരുപത്തേഴു തവണ ഇവ ഭൂമിയെ വലംവെയ്ക്കും. അതായത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികര്‍ ഒരു ദിവസം ഇരുപത്തേഴു സൂര്യോദയവും അസ്തമയവും കാണും. ഇതിനോടകം നിലയത്തില്‍ ആയിരക്കണക്കിന് പരീക്ഷണങ്ങളും ഗവേഷണങ്ങളും നടന്നു. ഇപ്പോഴും നടക്കുന്നു. ഗുരുത്വമില്ലായ്മയില്‍ ചെടികള്‍ എങ്ങനെ വളരുന്നു? ഭൂമിയിലെ അവസ്ഥയില്‍ നിര്‍മ്മിക്കാന്‍ അസാധ്യമായ അലോയികള്‍ നിര്‍മ്മിക്കാനുള്ള ഗവേഷണങ്ങള്‍ അതിവേഗം നടക്കുന്നു.അങ്ങനെയങ്ങനെ മനുഷ്യന് ഭൂമിക്ക് പുറത്ത് ഒരു ആവാസവ്യവസ്ഥ സാധ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അതിരുകളില്ലാത്ത ആകാശത്ത് നമുക്ക് വേണ്ടി റോന്തുചുറ്റുന്ന ഈ നിലയത്തിലെ ഗവേഷകര്‍.
റഷ്യ – ഉൈക്രയിന്‍ യുദ്ധത്തോടെ വീണ്ടും പഴയ ശീതയുദ്ധത്തിന്റെ നാളുകളിലേക്ക് ലോകം വഴുതിവീണേക്കും എന്നുള്ള വാര്‍ത്തകള്‍ ഏറ്റവുമധികം കരിനിഴല്‍ വീഴ്ത്തുന്നത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭാവിക്കുമേലാണ്. നിലയത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്ന റഷ്യ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയേക്കും എന്ന് കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ 2030 വരെ ആയുസ്സ് കല്പിച്ചിരിക്കുന്ന നിലയം രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ ഉപേക്ഷിക്കേണ്ടി വരും. അതോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ച് ഒരു ആകാശ ചിതയില്‍ അകാലമരണമടയുന്ന ഈ ബഹിരാകാശവിസ്മയത്തെ നമുക്ക് കാണേണ്ടി വരും. വളരെ വേദനാജനകമാണത്.
Comments