കേരളത്തിലെ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ ചരിത്രം
ഡോ. ഇ. ബാലകൃഷ്ണന്‍,
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്: 352 വില 350 രൂപ.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് അരഡസനിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് അമേരിക്കന്‍ ചരിത്രകാരനായ വിക്ടര്‍ എം. ഫിക് എഴുതിയKerala Yenan of India (1970)ആണ്. സിപിഐ നേതാവ് എന്‍.ഇ. ബാലറാമിന്റെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം-ഒന്നാം ഭാഗം (1973), ജെ.ജെ. നോസിറ്റര്‍ എന്ന ബ്രിട്ടീഷ് ചരിത്രകാരന്റെ കമ്യൂണിസം ഇന്‍ കേരള (1982), ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ (മൂന്ന് ഭാഗങ്ങള്‍), സിപിഎം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം (നാല് വാള്യങ്ങള്‍) എന്നിവ പില്‍ക്കാല രചനകളാണ്. എന്നാല്‍ 1998 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോ.ഇ. ബാലകൃഷ്ണന്റെ ‘History of the Communist Movement in Kerala’ എന്ന ഗ്രന്ഥം വ്യത്യസ്തമാകുന്നത് ആധികാരിക രേഖകളുടെ പിന്‍ബലത്തിലുള്ള ചരിത്ര ഗ്രന്ഥം എന്ന നിലയ്ക്കാണ്. ഇപ്പോള്‍ ഡോ. ബാലകൃഷ്ണന്റെ പുസ്തകം എം.മധുസൂദനന്‍ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുകയാണ്.
പ്രസിദ്ധ ചിന്തകനായ എം.ആര്‍ ചന്ദ്രശേഖരന്‍ ‘കേരളത്തിലെ കമ്യൂണിസം’ എന്ന പേരില്‍ ഡോ. ബാലകൃഷ്ണന്റെ പുസ്തകത്തെക്കുറിച്ച് 2000 ല്‍ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. മൂന്ന് തവണ പുനഃപ്രസിദ്ധീകരിച്ച ഈ പഠനവും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. കെട്ടുകഥയല്ല ചരിത്രമാണ് വേണ്ടതെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ വിശേഷിച്ച് യുവ കമ്യൂണിസ്റ്റുകള്‍, ബാലകൃഷ്ണന്റെ പുസ്തകമാണ് ഇനി വായിച്ചു പഠിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഡോ. ബാലകൃഷ്ണന്റെ പുസ്തകം പത്ത് അദ്ധ്യായങ്ങളുള്ളതാണ്. താത്വിക പ്രാധാന്യമുള്ള ചര്‍ച്ചയാണ് ആദ്യ അധ്യായത്തിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇന്നും കമ്യൂണിസ്റ്റുകാര്‍ അവഗണിക്കുന്നതിന് (സിപിഎം) 2019 ല്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തെളിവാണ്. ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ മാനദണ്ഡങ്ങളുപയോഗിച്ചാണ് ഡോ. ബാലകൃഷ്ണന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിലയിരുത്തിയിരിക്കുന്നത്. 1920 ല്‍ തന്നെ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സില്‍ കമ്യൂണിസ്റ്റുകാര്‍ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കണമെന്ന് ലെനിന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദേശീയ സ്വാതന്ത്ര്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും അതിനെ ഒറ്റുകൊടുക്കുകയുമാണ് സഖാക്കള്‍ ചെയ്തത്.
1940-46 കാലത്തും പിന്നീട് 1948 ലും കര്‍ഷകരെ അനാവശ്യമായ സമരങ്ങളിലേക്ക് തള്ളിവിടുകയും, രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്തപ്പോള്‍ ഈ കാര്യങ്ങളെല്ലാം സമാധാനപരമായി, നിയമപരമായ വഴിയിലൂടെ സ്വതന്ത്ര ഇന്ത്യയില്‍ സാധിച്ചെടുക്കാമെന്ന് കേളപ്പജി കമ്യൂണിസ്റ്റുകാരെ ഉപദേശിച്ചിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കര്‍ഷകരെ ബലപ്രയോഗത്തിന് നിര്‍ബന്ധിക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്തു. അവസാനം 1970 ല്‍ അച്യുതമേനോന്‍ മന്ത്രിസഭ ഭരിക്കുമ്പോഴാണ്, സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ഭൂനിയമം നിയമപരമായിതന്നെ പാസ്സാക്കപ്പെട്ടത്.
കേരള ചരിത്രത്തില്‍ അനാവശ്യമായ രക്തച്ചൊരിച്ചിലുണ്ടാക്കുക, നിരന്തര സമരങ്ങളിലൂടെ വ്യവസായങ്ങള്‍ പൂട്ടിക്കുക, സ്വകാര്യമേഖലയിലെ വിദ്യാഭ്യാസം തടസ്സപ്പെടുത്തി വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന് പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുക തുടങ്ങിയ സാമൂഹ്യവിരുദ്ധ-രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേട്ടമായി അവതരിപ്പിക്കാനുള്ളത്.
ഡോ. ബാലകൃഷ്ണന്റെ ഈ പുസ്തകം സംഭവങ്ങള്‍ വിവരിക്കുക മാത്രമല്ല, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ എത്രമാത്രം മാര്‍ക്‌സിസത്തിന് ചേര്‍ന്നതാണ്, ലെനിനിസത്തിന് ചേര്‍ന്നതാണ് എന്നെല്ലാം പരിശോധിക്കുന്നുമുണ്ട്. ചുരുക്കത്തില്‍ മാര്‍ക്‌സിസത്തില്‍ നിന്നും ലെനിനിസത്തില്‍നിന്നും അകന്ന് സമ്പൂര്‍ണ സ്റ്റാലിനിസം എങ്ങനെയാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൊണ്ടുവന്നത് എന്നതിന്റെ ആധികാരിക ചരിത്രമാണ് ഡോ. ബാലകൃഷ്ണന്‍ വരച്ചുകാണിച്ചിട്ടുള്ളത്. ഡോക്ടറല്‍ പ്രബന്ധമായി സമര്‍പ്പിക്കുകയും ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്ത ഈ സുപ്രധാന ഗ്രന്ഥം കേരള രാഷ്ട്രീയം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു സഹായക ഗ്രന്ഥമാണ്.
Comments