വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെക്കുറിച്ച് അതില്‍ത്തന്നെ ചാമുണ്ഡിത്തെയ്യങ്ങളെക്കുറിച്ച് പ്രമുഖ ഫോക്‌ലോറിസ്റ്റ് ഡോ.ആര്‍.സി.കരിപ്പത്ത് എഴുതുന്ന ലേഖനപരമ്പര ആരംഭിക്കുന്നു.
അത്യുത്തരകേരളത്തിന്റെ അതിവിശിഷ്ടമായ ഈശ്വരാരാധനാരീതിയാണ് തെയ്യം. ആയിരത്താണ്ടു പഴക്കമുള്ള ഈ തെയ്യാരാധനാ കര്‍മ്മപദ്ധതി ഇന്നാട്ടിലെ ജനതയുടെ ആധ്യാത്മിക ബോധത്തിന്റെയും സൗന്ദര്യ സങ്കല്പനങ്ങളുടെയും സമൂര്‍ത്തരൂപമാണെന്ന് പറയാം. ആദ്യകാല നാടന്‍കലാപണ്ഡിതനായ ഡോ.എം.ഡി.രാഘവന്‍ അഭിപ്രായപ്പെട്ടതുപോലെ കേരളത്തിലെയോ ഇന്ത്യയിലെയോ അല്ല; ഏഷ്യാവന്‍കരയിലെ അതിസുന്ദരമായ അനുഷ്ഠാന കലാരൂപമാണ് തെയ്യം.
കോഴിക്കോടിന് തെക്ക് കോരപ്പുഴ മുതല്‍ വടക്ക് ചന്ദ്രഗിരിപ്പുഴ (കാസര്‍കോട്) വരെ നീണ്ടു പരന്നുകിടക്കുന്ന ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിലകൊള്ളുന്ന പരശ്ശതം തെയ്യക്കാവുകളിലാണ് തെയ്യാട്ടം നടക്കുന്നത്. തുലാമാസം പത്തിന് – പത്താമുദയത്തോടെ സമാരംഭിക്കുന്ന തെയ്യാട്ടക്കാലം ഇടവപ്പാതി വരെയാണ് നീണ്ടു നില്‍ക്കുക. അതിനിടയിലുള്ള ഇടവേളകള്‍ കാവുകളില്‍ നട തുറക്കാറില്ല – സംക്രമാദി പുണ്യദിനങ്ങളിലും വിശേഷ പൂജാദിനങ്ങളിലും മാത്രമെ നടതുറന്നു പൂജ നടത്താറുള്ളു. ഓരോ കാവിനും പണ്ടേ കുറിക്കപ്പെട്ട തെയ്യാട്ടദിനങ്ങളുണ്ട്. അത് തെയ്യക്കാര്‍ക്കും ഗ്രാമജനതയ്ക്കും ഹൃദിസ്ഥവുമായിരിക്കും. കാവുകളില്‍ തെയ്യം അരങ്ങേറുന്നത് വര്‍ഷത്തിലൊരിക്കലോ, മൂവാണ്ടിലൊരിക്കലോ, പന്തീരാണ്ടു കൂടുമ്പോള്‍ പെരുങ്കളിയാട്ടമായോ ആയിരിക്കും. ഓരോ കാവിലെയും തെയ്യാട്ടം കാണാന്‍ ഗ്രാമം ഒന്നടങ്കം ഒഴുകിയെത്തും. ഹൃദയകമലത്തില്‍ വെച്ച് ആരാധിക്കുന്ന തെയ്യ(ദൈവ)ത്തെ നേരിട്ടു കാണാനും സാന്ത്വനം നേടാനും വന്നെത്തുന്ന ഭക്തന്മാരാണിവര്‍. വിഷ്ണുവും ശിവനും കാളിയും മറ്റനേകം ദേവാദികളും വിസ്മയകരങ്ങളായ വേഷഭൂഷാദികളോടെ കാവില്‍ ഉറഞ്ഞാടുന്നത് കാണുമ്പോള്‍ തൊഴുകയ്യുമായി നിന്ന് കണ്ണീര്‍ വാര്‍ക്കുന്ന ഭക്തന്മാര്‍ ഇന്നുമിവിടെ ദുര്‍ല്ലഭമല്ല. ‘തൊണ്ണൂറ്റാറ് മഹാവ്യാധിക്ക് നൂറ്റെട്ടൗഷധമായിട്ട് ഞാന്‍ നിലനിന്നു പോരാം’ എന്ന് തെയ്യം ഉരിയാടുമ്പോള്‍ ഒരു രോഗിക്ക് ലഭിക്കുന്ന വരദാനമാകുന്നു ആ ഉരിയാട്ടം.
സമൂഹത്തില്‍ താഴെത്തട്ടില്‍ കഴിയുന്ന പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാരായ ജാതി സമൂഹമാണ് തെയ്യങ്ങളെ കാവുകളില്‍ അവതരിപ്പിച്ചു വരുന്നത്. ഇവര്‍ തലമുറകളായി ഈ തെയ്യാട്ടത്തില്‍ അമ്മാവന്റെയോ അപ്പന്റെയോ ശിക്ഷണത്തില്‍ അഭ്യാസപരിശീലനങ്ങള്‍ നടത്തിവരുന്നു. ആദ്യമാദ്യം ‘കുഞ്ഞിത്തെയ്യങ്ങള്‍’ ‘കെട്ടിയാടിയാണിവര്‍ രംഗത്ത് വരുന്നത്. വണ്ണാന്‍, മലയന്‍, വേലന്‍, പുലയന്‍, മാവിലന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍,കോപ്പാളന്‍, നല്‍കത്തായര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നവര്‍. ഓരോ ജാതിസമൂഹവും അവരുടെ കുലദേവതകളെയും ഉപദേവതകളെയും കുടിയിരുത്തിയ കാവുകളില്‍ ഇവരെക്കൊണ്ടാണ് തെയ്യം കെട്ടിക്കുന്നത്. ഓരോ കാവിലും ഇവര്‍ക്ക് തെയ്യാട്ടത്തിനുള്ള ജന്മാവകാശമുണ്ടായിരിക്കും. കുല പൂര്‍വ്വികന്മാര്‍, മഹാപരാക്രമികളായ വീരന്മാര്‍, അമ്മ ദേവതമാര്‍, ദൈവമായി രൂപം പൂണ്ടവര്‍, മൃഗരൂപം പൂണ്ടവര്‍, നാഗരൂപികള്‍, പ്രേതരൂപികള്‍, ചാമുണ്ഡി മാര്‍ എന്നിങ്ങനെ അനേകവിധത്തിലുള്ള തെയ്യങ്ങളുണ്ട്. അവയില്‍ തൊണ്ണൂറ് ശതമാനവും അമ്മ ദേവതമാര്‍ (ദിവ്യമാതാക്കള്‍) ആണ്.
അമ്മ ദൈവാരാധനയുടെ അടിവേരുകള്‍
തെയ്യപ്രപഞ്ചത്തിലെ ആരാധ്യമൂര്‍ത്തികളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും സ്ത്രീ ദേവതമാരാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന ഒരു ചരിത്രസത്യമാണ് അതു വിളിച്ചുപറയുന്നത്. സ്ത്രീ സമൂഹത്തിന് അന്നൊരു കാലത്ത് ഉണ്ടായിരുന്ന അനിഷേധ്യമായ സ്വാധീനവും മേല്‍ക്കയ്യും അടയാളപ്പെടുത്തുന്നതാണ് അമ്മ ദൈവാരാധന. അന്നത്തിനും ആശ്രയത്തിനും ശിശു എപ്രകാരമാണോ അമ്മയെ സമീപിക്കുന്നത് അതേ വിധത്തില്‍ സമൂഹം അമ്മയുടെ വാത്സല്യവും സംരക്ഷണവും തരുന്ന പ്രകൃതിയെ അമ്മയായി കരുതി ആരാധിച്ചു. അന്നത്തിന് അധിദേവതയായി അന്നമാതാവും ധനത്തിന്റെ ദേവതയായി ധനലക്ഷ്മി മാതാവും വിദ്യക്കു നാഥയായി വിദ്യാമാതാവും വിഭാവനം ചെയ്യപ്പെട്ടു. താന്ത്രികമതത്തിന് കയ്യൊഴിയാന്‍ കഴിയാത്ത അസംഖ്യം ദ്രാവിഡസങ്കല്പ ദേവതമാര്‍ അക്കാലത്ത് ആരാധന നേടുകയുണ്ടായി.
മാതൃദായക്രമവും കാര്‍ഷികവൃത്തിയും നിലനിന്നിരുന്ന പ്രദേശങ്ങളിലെല്ലാം അമ്മ ദൈവാരാധന നിലനിന്നതായി കാണാം. അന്ന് പുരുഷനെ അപേക്ഷിച്ച് സ്ത്രീയായിരുന്നു എല്ലാറ്റിന്റെയും കേന്ദ്രബിന്ദു. സ്ത്രീയായിരുന്നു സംസ്‌കാരത്തിന്റേതുപോലെ സാങ്കേതിക വിദ്യയുടെയും പ്രണേതാക്കള്‍. വസ്ത്രം നെയ്‌തെടുക്കാനും പാത്രങ്ങള്‍ ഉണ്ടാക്കാനും പണിയായുധങ്ങള്‍ മെനയാനും പാചകം ചെയ്യാനും പൊടിക്കാനും അരയ്ക്കാനും കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും കഴിവുള്ള സ്ത്രീകള്‍ അന്നു കുടുംബത്തില്‍ മാന്യമായ പദവി നേടിയിരുന്നു. പുരുഷന്‍ കാടുതച്ചു നായാടുവാനും നഞ്ചിട്ട് മീന്‍പിടിക്കാനും പോയപ്പോള്‍ സ്ത്രീകള്‍ തിന്നാന്‍ കൊള്ളാവുന്ന ധാന്യങ്ങള്‍ ശേഖരിച്ചു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി. ബാക്കി വന്നവ കുടില്‍ മുറ്റത്തേക്കു വലിച്ചെറിഞ്ഞപ്പോള്‍ അവ മഴയില്‍ കുതിര്‍ന്ന് മുറ്റത്ത് കിളുര്‍ത്തുവന്നപ്പോള്‍ കൃഷിയുടെ ആദ്യപാഠങ്ങള്‍ അവര്‍ തിരിച്ചറിയുകയായിരുന്നു. സ്ത്രീയുടെ ഈ കണ്ടുപിടുത്തമാണ് മനുഷ്യചരിത്രത്തെത്തന്നെ പില്‍ക്കാലത്ത് മാറ്റിമറിച്ചത്. സ്ഥിരമായി ഒരിടത്തുതന്നെ താമസിക്കാനും സ്വത്തവകാശമെന്ന പുതിയബോധം ഉടലെടുക്കാനും മറ്റും അതാണ് പ്രേരണയായത്. കൃഷി എന്ന സംസ്‌കൃതപദം തന്നെ സ്ത്രീലിംഗവാചിയാണ്. അവരാണ് വിതച്ചതും നട്ടതും കളപറിച്ചതും കൊയ്തതും മെതിച്ചതും ധാന്യശേഖരണവും സൂക്ഷിപ്പും വിതരണവും നടത്തിയതും. കുടുംബത്തില്‍ അനിഷേധ്യ പദവി നേടിയവര്‍ തറവാട്ടമ്മമാരായിരുന്നു. സാമ്പത്തികമായി പുരുഷന്നടിമപ്പെടാത്ത ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ടു തന്നെ അവര്‍ ബഹുമാന്യപദവിയിലായി. ധാന്യങ്ങള്‍ മുളപൊട്ടുന്ന മണ്ണും കുഞ്ഞിനെ പ്രസവിക്കുന്ന പെണ്ണും പ്രാചീന മനസ്സുകള്‍ക്ക് ഒരുപോലെയായിരുന്നു. നിര്‍വചിക്കാനാകാത്ത ഏതോ ദിവ്യശക്തി ഈ രണ്ടിലും അവര്‍ ആരാധനയോടെ നോക്കിനിന്നു. അമ്മ ദൈവമാണെന്നും ദൈവത്തില്‍ അമ്മയുടെ സ്‌നേഹവാത്സല്യമുണ്ടെന്നും അവര്‍ കരുതി. തല്‍ഫലമായി ഒട്ടനേകം ദേവതമാര്‍ അനേക സങ്കല്പങ്ങളോടെ ഉയര്‍ന്നുവന്നു.
വിളഭൂമിയുടെ കാവലാളുകളായും അന്നംതന്നു രക്ഷിക്കുന്ന ദേവതകളായും കന്നുകാലിക്കിടാങ്ങളുടെ രക്ഷകികളായും ശത്രുവിനാശകിമാരായും യുദ്ധദേവതകളായും കുലംകാക്കുന്ന ഐശ്വര്യദായിനിമാരായും അനേകം ദേവിമാര്‍ കല്പിക്കപ്പെട്ടു. തെയ്യക്കാവുകളില്‍ ഒട്ടനേകം ഗ്രാമദേവതമാര്‍ ആരാധിക്കപ്പെടുന്നുണ്ടെങ്കിലും ഈ ഗ്രാമങ്ങള്‍ക്കെല്ലാം അധിനായികയായി ഒരു മഹാമാതാവ് ഉണ്ട് എന്നു കാണാം. പ്രപഞ്ചമാതാവായ ആദിപരാശക്തിയാണ് ആ മഹാമാതാവ്. മനുഷ്യഗണത്തിന്നാകെ അമ്മയായി പരിലസിക്കുന്ന മഹാമാതാവാണ് തായിപ്പരദേവത. ഈ മാതാവിന്റെ അനുജ്ഞ വാങ്ങിക്കൊണ്ടാണ് ഗ്രാമഗ്രാമാന്തരങ്ങള്‍ തോറുമുള്ള കാവുകളില്‍ മറ്റു ഗ്രാമദേവതമാര്‍ നാട്ടുപരിപാലനം നടത്തി വരുന്നതത്രെ. അമ്മ ദൈവങ്ങളെത്തന്നെ നിത്യകന്യകയായി കരുതുവാനാണ് ഭക്തജനങ്ങള്‍ക്കിഷ്ടം. വ്യക്തിഗത പ്രണയമോ വിവാഹബന്ധമോ ഇല്ലാതിരുന്ന, ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും നിലനിന്നിരുന്ന പ്രാചീനകാലത്ത് മാതാവിനെ നിത്യകന്യകയായി അവര്‍ കരുതിയിരുന്നു. കന്യകയ്ക്ക് മാന്ത്രിക ശക്തിയും ആജ്ഞാശക്തിയും കൂടുമത്രെ.
മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, കക്കര ഭഗവതി, തോട്ടുങ്കര ഭഗവതി, പയറ്റിയാല്‍ ഭഗവതി, കേളങ്ങര ഭഗവതി തുടങ്ങിയ എണ്ണമറ്റ ഭഗവതിമാരും, ഭദ്രകാളി, കരിങ്കാളി, വീരകാളി, പുലിയൂര്‍ കാളി, പുള്ളിക്കരിങ്കാളി തുടങ്ങിയ കാളിമാതാക്കളും അസുരകുലത്തെ മുടിച്ച് ഭൂമിയില്‍ ഭക്തന്മാരെ അനുഗ്രഹിക്കാനെത്തിയ ചാമുണ്ഡിമാരും, ഭൂമിയില്‍ മനുഷ്യനായിപ്പിറന്ന് പിന്നീട് ദേവീപദവി നേടിയവരും ധര്‍മ്മവിജയത്തിനായി പടനടുവിലേക്ക് കൊടുങ്കാറ്റുപോലെ വന്നണഞ്ഞവരാണ്. തെയ്യക്കൂട്ടത്തില്‍ മഹാഭൂരിപക്ഷം വരുന്ന അമ്മ ദൈവങ്ങളില്‍ പ്രബലമായ ഒരു വിഭാഗമാണ് ചാമുണ്ഡിമാര്‍. അസുരകുലത്തെ ഒടുക്കാന്‍ അവതരിച്ച ഉഗ്രബലവീര്യ ചൈതന്യമുള്ള ദേവിമാരാണ് ചാമുണ്ഡിമാര്‍.
(തുടരും)