ഇതെഴുതുന്ന ലേഖകനും കുടുംബവും ഗെയില്‍ പൈപ്പ് ലൈനിന്റെ ഇരകളാണ്. കേരളം ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും ഭരിക്കുമ്പോള്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് സി.പി.എം ആയിരുന്നു. ‘ദേശാഭിമാനി’ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഗെയിലിന്റെ അപകട സാധ്യതയെക്കുറിച്ച് ലേഖനങ്ങള്‍ വന്നുകൊണ്ടിരുന്നു. പക്ഷേ ഭരണം മാറി വന്നപ്പോള്‍ പിണറായി വിജയന്‍ ഗെയിലിന്റെ വക്താവായി മാറി. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ എതിര്‍ത്ത സി.പി.എം പത്തിമടക്കി. ഒരു വലിയ തട്ടിപ്പിലൂടെയാണ് ഇടതുപക്ഷം ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്. പൈപ്പ് ലൈനിന് വേണ്ടി മുറിച്ച തെങ്ങിനും കവുങ്ങിനും മറ്റ് മരങ്ങള്‍ക്കും നിസ്സാരമായ പ്രതിഫലം കൊടുത്തു. സ്ഥലം ഉടമയില്‍ നിന്നും ഗെയില്‍ വക്താക്കള്‍ വാങ്ങുന്നില്ല. രേഖാപരമായി ഉടമസ്ഥാവകാശം ഇരയ്ക്ക് തന്നെയാണ്. സ്ഥലം ഗെയില്‍ വാങ്ങാതെ വരുമ്പോള്‍ സ്ഥലത്തിന് അവര്‍ നിശ്ചയിക്കുന്ന എന്ത് വിലയും വാങ്ങാന്‍ ഇരകള്‍ നിര്‍ബന്ധിക്കപ്പെടും. ഈ സ്ഥലത്ത് പുതിയ വീട് വെക്കാനോ വന്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാനോ പാടില്ല. ചുരുക്കത്തില്‍ ഈ സ്ഥലത്തിന്റെ ലാന്റ് വല്യൂ വട്ടപ്പൂജ്യമായിമാറുന്നു. ഇത് വില്‍പ്പന ചെയ്യാനും പാടില്ല.
കോഴിക്കോട് ജില്ലയിലെ മുക്കം അരീക്കോട് റൂട്ടില്‍ എരഞ്ഞിമാവ് (മലപ്പുറം ജില്ലയുടെ ഭാഗം) എന്ന സ്ഥലത്ത് പിണറായി വിജയന്റെ ആദ്യവരവ് ആഘോഷിക്കുന്നതിനിടയില്‍ ഇടത് പാര്‍ട്ടികള്‍ പോലും പങ്കെടുത്ത ഒരു പ്രതിഷേധം നടന്നു. ”ഞങ്ങള്‍ക്ക് ഗെയില്‍ പൈപ്പ് ലൈനിന് പോയ സ്ഥലത്തിന് മാര്‍ക്കറ്റ് വില നല്‍കണം” എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇടതുപക്ഷത്തിന്റെ കൂടെ നിലയുറപ്പിച്ച കാന്തപുരം മൗലവിയുടെ ശിഷ്യനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാളുമായ ഇസ്മയില്‍ വഫ എരഞ്ഞിമാവ് സമരത്തിന്റെ നായകനായിരുന്നു. പിണറായിയുടെ പോലീസ് സമരക്കാരെ അടിച്ചോടിച്ചു. കുറേ പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്സെടുത്തു. സി.പി.എം അനുഭാവികള്‍ ഉള്‍പ്പെടെ പലരും അകത്തായി.
ഒരു ജനകീയ സര്‍ക്കാര്‍ ജനകീയ സമരത്തെ നേരിടുന്ന രീതി ഇതാണോ? ഈ ചോദ്യം ചോദിച്ചവരോട് സി.പി.എം. നേതാക്കള്‍ക്ക് ഉത്തരമില്ലായിരുന്നു. ഇന്നും ഗെയില്‍ പൈപ്പ് പോയ സ്ഥലത്തിന് അര്‍ഹമായ പൈസ കിട്ടിയില്ല എന്ന പരാതിയുമായി ഞങ്ങള്‍ കോടതി കയറിയിറങ്ങുകയാണ്. കൂട്ടത്തില്‍ സി.പി.എം അനുഭാവികളും ഉണ്ട്.
കെ.റെയില്‍ എന്ന ഭൂതം
”കൂടംകുളം ആണവ പദ്ധതി”യും ”ആതിരപ്പള്ളി പദ്ധതി”യും നടക്കാതെ പോയത് അച്യുതാനന്ദന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ്. വിജയന്റെ രണ്ടാം വരവോട് കൂടി അദ്ദേഹത്തിന് മെഗാപദ്ധതികള്‍ എന്തെങ്കിലും ചെയ്ത് തന്റെ പേര് അനശ്വരമാക്കണമെന്നുണ്ട്. അതായിരിക്കാം ഒരു സ്വപ്‌നത്തില്‍ അദ്ദേഹം ”സില്‍വര്‍ ലൈന്‍” പദ്ധതി കണ്ടത്. ”തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ തീവണ്ടിപാത ”കേരള സംസ്ഥാനത്തിന്റെ പിറവിക്ക് ശേഷം ഖജാനാവിനെ തീര്‍ത്തും മുടിക്കുന്ന ഒരു പദ്ധതിയാണ്. കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും കശക്കിയെറിയുന്ന ഈ പദ്ധതി നടപ്പിലായാല്‍ കേരളം എത്രകാലം നിലനില്‍ക്കും എന്ന് ദൈവത്തിന് മാത്രമേ പറയാന്‍ കഴിയൂ. 2007ല്‍ ഈ പദ്ധതിയുമായി യു.ഡി.എഫ് മുന്നിട്ടിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് എല്‍.ഡി.എഫ് ആയിരുന്നു.
ആധുനിക ആഗോള സാമ്പത്തിക ക്രമം രൂപപ്പെടുത്തിയ ഇന്നത്തെ സമൂഹത്തില്‍ സമയം വിലപ്പെട്ടതാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താന്‍ 12 മണിക്കൂര്‍ തൊട്ട് 14 മണിക്കൂറുകള്‍ വരെ വേണം. പക്ഷേ സില്‍വര്‍ലൈനിലൂടെ 4 മണിക്കൂര്‍, കൂടിയാല്‍ 5 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരം എത്തും. ഇത് നല്ല കാര്യമാണ്. പക്ഷേ ഇന്ന് കാസര്‍കോട് നിന്നും തിരുവനന്തപുരം എത്താന്‍ 105 സ്റ്റോപ്പുകള്‍ പിന്നിടണം. ഇത് 10 ആയി ചുരുക്കിയാല്‍ 5 മണിക്കൂര്‍, കൂടിയാല്‍ 6 മണിക്കൂര്‍ കൊണ്ട് ഈ ദൂരം പിന്നിടാം. ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ അത് കേരളത്തെ കടബാധ്യതയുടെ നരകത്തിലേക്കാണ് തള്ളിവിടുന്നതെന്ന സത്യം സര്‍ക്കാരിനറിയില്ലേ? ഇപ്പോള്‍ തന്നെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയും, ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കടത്തിലാണ്. ആഗോളകാലാവസ്ഥാ വ്യതിയാനവും പ്രാദേശിക പ്രകൃതിദുരന്തവും ഉണ്ടാകാന്‍ സാധ്യത ഏറെയുള്ള ഒരു പദ്ധതിയാണ് ഇതെന്ന് ശാസ്ത്രസാഹിത്യ പരിഷത്തും മറ്റ് ശാസ്ത്രകാരന്മാരും പറയുന്നു.
പോള്‍പോട്ടിനും ചെഷസ്‌ക്യുവിനും സ്റ്റാലിനും പുടിനും പദ്ധതി നടപ്പാക്കാന്‍ ജനങ്ങളോട് അനുവാദം ചോദിക്കേണ്ട കാര്യമില്ല. പക്ഷേ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ എല്ലാ പഴുതുകളെക്കുറിച്ചും ജനങ്ങള്‍ അറിയണം. സാധാരണക്കാരന്‍ ജീവിതഭാരം കൊണ്ട് പെരുവഴിയില്‍ ചത്ത് വീഴുമ്പോള്‍ ”വികസനം” എന്ന ഉമ്മാക്കി കാണിച്ച് വഴിതെറ്റിക്കുന്നത് ഒരു സര്‍ക്കാരിന്റെ വീഴ്ചയും ധാര്‍ഷ്ട്യവുമാണ് കാണിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ വിനാശകരമായ അവസ്ഥയെക്കുറിച്ച് തോമസ് ഐസക് വാതോരാതെ സംസാരിച്ചത് മറന്നുപോയോ? നര്‍മ്മദയിലും മൂലമ്പള്ളിയിലും നാം കണ്ട ദളിതരും ആദിവാസികളും സമരമുഖത്തെത്തിയത് അവരുടെ ജീവിതം നരകതുല്യമാകാന്‍ സാധ്യതയേറി എന്ന് തോന്നിയതുകൊണ്ടാണ്.
ഇവിടെ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് മധ്യവര്‍ഗ്ഗത്തില്‍ പെട്ടവരാണ്. അതുകൊണ്ട് തന്നെ കേരളം മുഴുവന്‍ ഈ പദ്ധതിയുടെ ആപല്‍ക്കരമായ മുഖം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പുറത്ത് വന്ന സാദ്ധ്യതാ റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം എല്ലാവരേയും ഞെട്ടിച്ചു. 2021 മാര്‍ച്ച് മാസത്തില്‍ ”സിസ്റ്റ” എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം തയ്യാറാക്കിയ പ്രാഥമിക പഠനറിപ്പോര്‍ട്ടും 2021 ജൂണില്‍ തയ്യാറാക്കിയ ഡി.പി.ആറും താരതമ്യം ചെയ്ത് പഠിച്ച വിദഗ്ദ്ധര്‍ ഞെട്ടിപ്പോയത് ഈ റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യവും തിരിമറികളും കണ്ടിട്ടാണ്. കേരളത്തിലെ ഏറ്റവും ലോല പ്രദേശങ്ങളിലൂടെ 120 കിലോമീറ്റര്‍ ഈ പാത കടന്നു പോകുന്നുണ്ട്. കേരളത്തിന്റെ പ്രകൃതിസുന്ദരമായ ഇടുക്കിയുള്‍പ്പെടെ ശവപ്പറമ്പായിമാറാന്‍ സാധ്യതയുണ്ട് എന്നാണ് ഇടതുപക്ഷ സഹയാത്രികരായ എം.കെ.പ്രസാദും കൂടാതെ എം.പി. പരമേശ്വരനും പറഞ്ഞത്. കേരളാ പരിസ്ഥിതി ഐക്യവേദി ബോധവല്‍ക്കരണ യജ്ഞവുമായി മുന്നോട്ട് പോകുകയാണ്. സ്റ്റാലിനിസത്തിന്റെ രഥയാത്ര നടത്താന്‍ ഇന്ത്യയില്‍ കേരളത്തില്‍ മാത്രം അവശേഷിക്കുന്ന ഈ പാര്‍ട്ടിക്ക് എന്താണിത്ര തിടുക്കം? സി.പി.ഐ പോലും ‘യുദ്ധ പ്രഖ്യാപനം നടത്തി ഈ പദ്ധതിയുമായി മുന്നോട്ട് പോകേണ്ട’ എന്ന വിചിന്തനത്തിലാണുള്ളത്. കേരള സംസ്ഥാനത്തിന്റെ വറ്റിവരണ്ടുപോയ ഖജനാവും പ്രകൃതിയുടെ വരദാനമായ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശങ്ങളും ചോരവാര്‍ന്ന് ഒഴുകുന്ന ഭീകരാവസ്ഥയാക്കിമാറ്റി പിണറായിക്ക് മറ്റൊരു പോള്‍പോട്ട് ആകണമോ? നാഴികയ്ക്ക് നാല്‍പത് വട്ടം ആഗോള കുത്തകകള്‍ക്കും ലോകബാങ്കിന്റെ കര്‍ക്കശ സ്വഭാവത്തിനും എതിരായി നിരന്തരം പോരാടുന്ന സി.പി.എം ഇപ്പോള്‍ ബോധത്തിന്റെ പടുകുഴിയില്‍ ചെന്ന് ചാടുന്നു. കണ്ണൂര്‍ ജില്ലയിലെ ക്രിമിനല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാത്രമല്ല കള്ളക്കടത്തിലും കോര്‍പ്പറേറ്റ് മാഫിയാ പ്രവര്‍ത്തനത്തിലും ഒക്കെ സിപിഎം മുന്നിലാണെന്ന് തെളിയിക്കുന്ന അനേകം വസ്തുതകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ഇക്കോളജി പഠനം മാറുന്നു
ശാസ്ത്രവും സാങ്കേതികവിദ്യയും മുന്നേറുമ്പോള്‍ ആഗോളമൂലധനവ്യവസ്ഥ അതിജീവനത്തിനായി മനുഷ്യനേയും പ്രകൃതിയേയും കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നത് തികച്ചും സ്വാഭാവികമാണ്. വന്‍കിട പദ്ധതികളുടെ നിക്ഷേപ സമാഹരണത്തിനും സൂക്ഷ്മമായ വീണ്ടുവിചാരമില്ലാതെ പുതിയ പദ്ധതിയുടെ നടത്തിപ്പിനും പുറപ്പെടുമ്പോള്‍ പാരിസ്ഥിതിക പഠനം ആവശ്യമില്ല എന്ന നിലപാടില്‍ എത്താന്‍ എങ്ങനെ ഇടതുപക്ഷം എന്ന് വിളിക്കുന്ന സി.പി.എം പോലുള്ള ഒരു പാര്‍ട്ടിക്ക് ധൈര്യം വന്നു? കേരളത്തിന്റെ പരിസ്ഥിതിബോധം രൂപപ്പെട്ടത് ഇന്നലെയല്ല. പരിസ്ഥിതിയുടെ ലോലസ്വഭാവത്തെ കുറിച്ച് പറയുമ്പോള്‍ ഇന്ന് നാം അവലംബിക്കുന്നത് പശ്ചിമഘട്ടത്തിലെ മലകളേയും അവയ്ക്കിടയിലെ തണ്ണീര്‍ത്തടങ്ങളെയുമാണ്. കാര്‍ബണ്‍ മുഴുവന്‍ വലിച്ചെടുക്കുന്നതും ഓക്‌സിജന്‍ നല്‍കുന്നതും ചെടികളും മരങ്ങളുമാണെന്ന ധാരണ തെറ്റാണെന്ന് തെളിയിക്കാന്‍ എന്തെങ്കിലും പുതിയ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടോ? മരങ്ങളും ചെടികളും ഇല്ലാതെ നീണ്ടുകിടക്കുന്ന കടല്‍ത്തീരം, ചതുപ്പുകള്‍, ചെറുപുല്‍മേടുകള്‍, നെല്‍പ്പാടങ്ങള്‍, വെള്ളക്കെട്ടുകള്‍, ഇവയെല്ലാമാണ് കേരളത്തിലെ തീരപ്രദേശത്തിന്റെ ധന്യത. ഇതെല്ലാം തിരുവനന്തപുരത്തേക്ക് നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് എത്താന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്ന ‘കെ’ റെയില്‍ എന്ന ഭൂതത്തിന് വേണ്ടി നാം വിട്ടുകൊടുക്കണോ?
ഇടുക്കിപോലുള്ള ജില്ലകളിലുള്ള കുന്നുകളും മലകളും നിരന്തരം തുരന്ന് അവിടെ കോണ്‍ക്രീറ്റ് കാടുകള്‍ വന്നതിന്റെ ഫലമായാണ് ആഗോളതാപനവും കാലാവസ്ഥാമാറ്റവും കേരളത്തെ കഴിഞ്ഞ 10 വര്‍ഷമായി വിഴുങ്ങിയത്. 2018ലെ വെള്ളപ്പൊക്കത്തില്‍ ആയിരത്തോളം പേര്‍ മരിച്ചു. പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. ഇരുപതിനായിരം കോടി രൂപയുടെ വികസനം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് വിജയന് ഒരു രാത്രി ”കെ” റെയില്‍ സ്വപ്‌നമുണ്ടായത്. ഇടനാട് തീരപ്രദേശമേഖലയിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. ഇതുവരെ നാം കണ്ട റെയിലല്ല ഇത്. പാതയുടെ ഇരുവശത്തും 6, 7 മീറ്റര്‍ ഉയരത്തില്‍ രണ്ട് ഭിത്തികള്‍ കെട്ടി അതിനുള്ളില്‍ മണ്ണിട്ട് നികത്തുന്നു. ഇതിനാവശ്യമുള്ള കല്ലും മണ്ണും കിട്ടാന്‍ കേരളത്തിലെ ഇന്ന് അവശേഷിക്കുന്ന മുഴുവന്‍ കുന്നുകളും അടിച്ച് നിരപ്പാക്കിയാല്‍ തികയില്ല. പശ്ചിമഘട്ടത്തില്‍ തുടങ്ങി പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ചരിഞ്ഞ പ്രതലത്തിലൂടെ ഒഴുകിയിറങ്ങുന്ന നദികള്‍ വലിയ പുഴകളായി രൂപപ്പെടുമ്പോള്‍ കിട്ടുന്ന വെള്ളവും എക്കലും കേരളത്തിന്റെ സമൃദ്ധിയാണ്. ഇത് ശ്മശാന ഭൂമിയാക്കി മാറ്റാന്‍ അനുവദിച്ചുകൂടാ.
ഭാവിയില്‍ ഈ പദ്ധതി സൃഷ്ടിക്കുന്ന വന്‍ വിപത്തുകള്‍ തടയാനുള്ള മുന്‍കരുതല്‍ കേരളത്തിന്റെ കൈയ്യിലുണ്ടോ? തങ്ങളുടെ കരളായ ചൈനയില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുമെന്ന് വിജയന്‍ പറഞ്ഞതായും അറിവില്ല. കേരളത്തിലെ ഊര്‍ജമേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ”എന്റോണ്‍ പദ്ധതി” നടപ്പില്‍ വരുത്താനുള്ള ശ്രമത്തെ അച്യുതാനന്ദന്‍ എതിര്‍ത്തത് ഓര്‍മയില്ലേ? ”നവലിബറലിസം” നമ്മുടെ നാട്ടിലെ പാവപ്പെട്ടവന്റെ നട്ടെല്ല് ഒടിക്കുമെന്ന് യെച്ചൂരി ഇടയ്ക്കിടെ പറയുമ്പോഴും വിജയന്‍ തന്റെ അനുയായികളുമൊത്ത് കോവളം കൊട്ടാരം പാട്ടത്തിന് രവി പിള്ളയ്ക്ക് എഴുതിക്കൊടുത്തതും നാം കണ്ടതാണ്.
ഒരു വികസിത ജനാധിപത്യ സമൂഹത്തിന്റെ സുസ്ഥിര വികസന കാഴ്ചപ്പാടുകള്‍ എന്തായിരിക്കണം എന്ന് നിശ്ചയമില്ലാത്ത ഇടത് സര്‍ക്കാര്‍, വിജയന്റെ തലതിരിഞ്ഞ അര്‍ദ്ധസ്വപ്‌നങ്ങള്‍ നടപ്പിലാക്കുന്നത് വലിയ നഷ്ടമാണ് വരുത്തിവെക്കുക. പ്രളയവും പ്രകൃതിദുരന്തങ്ങളും വേട്ടയാടിയ കേരളത്തെ നേരില്‍ കണ്ട ഒരു മന്ത്രിസഭ ഇത്തരം ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍ക്ക് കുട പിടിക്കുന്നത് വിജയനോടുള്ള അതിരറ്റ ആധമര്‍ണ്യം കൊണ്ടാണ്. കമ്മ്യൂണിസ്റ്റുകള്‍ക്ക് രാജ്യസ്‌നേഹമല്ല വലുത്, അന്താരാഷ്ട്ര തൊഴിലാളിവര്‍ഗ്ഗ സ്‌നേഹമാണ്. പക്ഷേ ചൈനക്കാരന് ചൈനീസ് വികാരവും ക്യൂബക്കാരന് ക്യൂബന്‍ വികാരവും ഉണ്ട്.
കേരളത്തിനിന്നാവശ്യം കേരളാമോഡല്‍ വ്യാവസായിക മുന്നേറ്റമാണ്. വ്യവസായപാര്‍ക്കുകള്‍, ഇലക്ട്രിക്കല്‍-ഓട്ടോ മൊബൈല്‍ കമ്പനികള്‍ ഇവയെല്ലാം ഇവിടെ പരീക്ഷിക്കുന്നതില്‍ തെറ്റില്ല. ദീര്‍ഘവീക്ഷണമില്ലാതെ വികസനത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ”ഫ്രോഡ്” പരിപാടികളെ എതിര്‍ക്കണം. ”കായംകുളം തെര്‍മല്‍ പവര്‍പ്ലാന്റ്”, ”വല്ലാര്‍പാടം ടെര്‍മിനല്‍”, ”ഗെയില്‍ പൈപ്പ് ലൈന്‍” ഇവയെല്ലാം എന്തായി? ഗ്യാസ് ഓരോ വീട്ടിലും പ്രത്യേക ജാറുകളില്‍ അളന്ന് കൊടുക്കുമെന്ന് പറഞ്ഞ മന്ത്രി മൊയ്തീനും അദ്ദേഹത്തിന്റെ ഗുരു വിജയനും ഇപ്പോള്‍ എന്ത് പറയുന്നു? എതിര്‍പ്പുകള്‍ക്കിടയില്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന വിജയന്‍ തന്റെ നേതാവ് യെച്ചൂരിയോട് ചോദിക്കുക, ”എന്തിനാണ് മഹാരാഷ്ട്രയില്‍ ഈ പദ്ധതിയെ സി.പി.എം. എതിര്‍ത്തത്?” ഇടതുപക്ഷം അധികാരം കയ്യില്‍ ഇല്ലാതായാല്‍ ഒരു വികസന പദ്ധതിയും അംഗീകരിക്കില്ല. ഇത് അടവുനയമാണോ? കമ്പ്യൂട്ടറും, പ്രീ-ഡിഗ്രി ബോര്‍ഡും എതിര്‍ത്തത് അടവ് നയമാണോ? കൊച്ചി മെട്രോ വഴി ലാഭം കൊയ്യും എന്ന കണക്ക് അവതരിപ്പിച്ച തോമസ് ഐസക് ഇപ്പോള്‍ പാര്‍ട്ടിക്ക് അനഭിമതനാണ്. വിജയനും കൂട്ടരും പഠിക്കേണ്ടത് ഇറ്റലിയിലെ അതിവേഗ തീവണ്ടികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. എഴുപതുകളില്‍ പി.പി.പി (ജൗയഹശര, ജൃശ്മലേ, ജമൃിേലൃവെശു) ആയി ഇത് നിലവില്‍ വന്നു. പക്ഷേ പൊതുമേഖലയിലേക്ക് മാറ്റേണ്ടിവന്നു. തായ്‌വാനിലും ഇതുതന്നെ സംഭവിച്ചു. ജപ്പാനില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണിത് മുന്നോട്ട് പോകുന്നത്. ചൈനയില്‍ ഇത് വിജയപ്രദമാണെന്ന് പറയപ്പെടുന്നു. പക്ഷേ കേന്ദ്രീകൃത ആസൂത്രണ സംവിധാനം വളരെ നല്ല നിലയിലുള്ള ചൈനയില്‍ പൊതുഗതാഗത പദ്ധതി കുറ്റമറ്റതാണ്. ഇവിടെ ഓരോ മാസവും കോടികള്‍ കടമെടുത്താണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. ബക്കറ്റ് പിരിവ് നടത്തിയല്ല സര്‍ക്കാര്‍ സ്‌കൂളുകള്‍ പുതുക്കിപ്പണിതത്, കിഫ്ബിയില്‍ നിന്ന് കോടികള്‍ ലോണെടുത്താണ്.