ടോക്കിയോ ഒളിമ്പിക്‌സ് ഫലങ്ങള്‍ ഭാരതത്തിന്റെ കായികരംഗത്തിന് പകര്‍ന്നു നല്‍കിയ ഉന്മേഷം രാജ്യത്തെ കായികവിനോദ മേഖലയില്‍ പുതിയ ഉണര്‍വ്വാണ് സൃഷ്ടിച്ചത്. ആ ഉണര്‍ച്ചകളെ ഉദാത്തീകരിക്കുകയാണ് ഇതിഹാസ ഹോക്കി താരമായിരുന്ന മേജര്‍ ധ്യാന്‍ചന്ദിന്റെ നാമത്തില്‍ പുതുതായി രൂപംകൊള്ളുന്ന കായിക സര്‍വ്വകലാശാല. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സലാവ, കൈലി ഗ്രാമങ്ങളിലായി രൂപം കൊള്ളുന്ന പുതുസംരംഭത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആധാരശില പാകിക്കഴിഞ്ഞു.
ദേശീയ കായികമേഖലയ്ക്ക് ഇതിനകം തന്നെ പുതിയ ദിശാബോധം നല്‍കിയ പ്രധാനമന്ത്രി പൊളിച്ചെഴുതിയത് നിലവിലുണ്ടായിരുന്ന ജീര്‍ണിച്ച ചട്ടക്കൂടായിരുന്നു. അതിനുപകരമായി സുതാര്യവും കാര്യക്ഷമവുമായ സംവിധാനം കായികരംഗത്ത് രൂപപ്പെട്ടുകഴിഞ്ഞു. കുരുന്ന് പ്രതിഭകളെ കണ്ടെത്താന്‍ തെളിഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കിയതാണ് ഏറെ ശ്രദ്ധേയം. അതുവഴി ലഭ്യമായ കായികവിഭവ സമ്പത്ത് ഭാവിയിലേക്കുള്ള കൈമുതലായി. പിന്നാലെയെത്തി, ആധുനിക പരിശീലനസൗകര്യങ്ങള്‍. അന്താരാഷ്ട്ര മികവിനായുള്ള നൂതനമാര്‍ഗ്ഗങ്ങള്‍ പരിചയിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയും തയ്യാറായിക്കഴിഞ്ഞു. കാലഹരണപ്പെട്ടു കഴിഞ്ഞിരുന്ന ആഭ്യന്തര കായികസംവിധാനങ്ങള്‍ – ഫുട്‌ബോള്‍ മൈതാനം മുതല്‍ സൈക്ലിങ്ങ് വെലോട്രാം വരെ – അന്താരാഷ്ട്ര നിലവാരത്തില്‍ പാകപ്പെടുത്താനുള്ള നടപടികളുമായിക്കഴിഞ്ഞു. എല്ലാറ്റിനുമുപരി കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയകളിലുണ്ടായിരുന്ന കത്ത് ഇടപാടുകള്‍ പഴങ്കഥയായി; അഥവാ പരാതികളൊഴിവായി.
ഇത്തരം മാറ്റങ്ങളിലൂടെയാണ് കായികമന്ത്രാലയം പശ്ചാത്തല സൗകര്യങ്ങള്‍ പരുവപ്പെടുത്തിയതും പുതിയ മുന്നേറ്റങ്ങള്‍ക്കായി പാകമാക്കിയതും. കോലെടുത്തവരെല്ലാം കോല്‍ക്കളിക്കാരായിരുന്ന, അവ്യവസ്ഥയുടെ കൂത്തരങ്ങായിരുന്ന കായിക മേഖലയില്‍ വ്യക്തമായ നയവും ചിട്ടകളും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായത് മോദി സര്‍ക്കാരിന്റെ പുതിയനയം നടപ്പിലായി ഫലം വന്നു തുടങ്ങിയപ്പോഴാണ്.
അങ്ങനെ കൈവശാവകാശവും തന്‍പ്രമാണിത്തവും കൈമുതലായി, കാലയാപനം നടത്തിവന്ന കായിക ഫെഡറേഷനുകളില്‍ പലതും നേര്‍വഴിക്ക് നടക്കാനും നയിക്കാനും നിര്‍ബന്ധിതമാക്കപ്പെട്ടതാണ് ഈ രംഗത്തുണ്ടായ കാതലായ മാറ്റം. എല്ലാം മാറിയെന്ന് വിശ്വസിച്ചാല്‍, അത് മൗഢ്യമാകും. ദേശീയ-പ്രാദേശിക തലങ്ങളില്‍ മാറ്റത്തിന്റെ രാജപാതയിലേക്ക് നടന്നുകയറാന്‍ വിസമ്മതിക്കുന്ന നടത്തിപ്പുകാര്‍ ഇനിയുമുണ്ട്. മലയാളദേശത്ത് ചില ഫെഡറേഷനുകളും അസോസിയേഷനുകളുമെല്ലാം കളിയെ കക്ഷിരാഷ്ട്രീയത്തിന്റെ തൊഴുത്തില്‍ കൊണ്ടുകെട്ടി ശീലിച്ചവരും അതില്‍ വിജയിച്ചവരുമാണ്. സംസ്ഥാനത്ത് വോളിബോളും അത്‌ലറ്റിക്‌സുമെല്ലാം അധോഗതിയിലേക്ക് പോയതിന് മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല. പി.ടി. ഉഷക്ക് പിന്തുണ നല്‍കാതിരുന്നതും അഞ്ജുബോബി ജോര്‍ജിനെ ഇഷ്ടക്കാരുടെ പട്ടികയില്‍ നിന്നും വെട്ടിയതുമെല്ലാം കളത്തിന് പുറത്ത് കളി നടത്തിയവര്‍ തന്നെയാണ്. മാറിമാറിവരുന്ന ഭരണത്തണലില്‍ ഈ അഭ്യാസികള്‍ നിരന്തരം വിജയിച്ചുകൊണ്ടുതന്നെയിരിക്കുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഭാരതീയന് ആത്മാഭിമാനം പകര്‍ന്നുതന്ന ഇതിഹാസ നായകനാണ് ഹോക്കി മാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെട്ട മേജര്‍ ധ്യാന്‍ചന്ദ്. 1928ല്‍ ആംസ്റ്റര്‍ഡാമില്‍ തുടങ്ങി 1936ല്‍ ബര്‍ലിന്‍ വരെ തുടര്‍ന്നതും പിന്നീട് ലോകമഹായുദ്ധശേഷം 1948 മുതല്‍ 1956-ല്‍ മെല്‍ബണ്‍ വരെ നീണ്ടുനിന്നതുമായ ഭാരതത്തിന്റെ ഹോക്കി വീരഗാഥയില്‍ തിളങ്ങിനിന്ന ധീരനായകനാണ് അദ്ദേഹം. ബര്‍ലിന്‍ വരെയുള്ള ആദ്യപാദത്തില്‍ നിറഞ്ഞത് ധ്യാന്‍ചന്ദ് പെരുമയാണ്.
അത്യപൂര്‍വ്വമായ കേളീവൈഭവത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ പേരില്‍ രൂപപ്പെടുന്ന കായിക സര്‍വ്വകലാശാലയില്‍ നിന്നും ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ദേശീയ വിദ്യാഭ്യാസ നയത്തോട് ചേര്‍ത്തുവച്ച പുതിയ കായികനയത്തിന്റെ പ്രത്യക്ഷം തന്നെയാണ് ഈ കായിക സര്‍വ്വകലാശാല. വരാന്‍ പോകുന്ന കായികമുന്നേറ്റത്തിന്റെ വിളംബരവുമാണത്.
അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിന് മികവ് സാദ്ധ്യതയുള്ള എല്ലാ കായിക ഇനങ്ങളും ഇവിടെ പഠനപദ്ധതിയുടെ ഭാഗമാകും. മുന്‍കാലങ്ങളില്‍ പാഠ്യേതര പ്രവര്‍ത്തനമായാണ് കായികവിഭാഗത്തെ കണ്ടിരുന്നതെങ്കില്‍, ഇനി രീതി മാറും. ഹ്യുമാനിറ്റീസിനും സയന്‍സിനുമൊപ്പം പാഠ്യപദ്ധതിയില്‍ കായികവിദ്യാഭ്യാസവുമുണ്ടാകും. ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമെല്ലാം പഠനത്തോടൊപ്പം പരിശീലനവും വിഭാവനം ചെയ്യുന്നുണ്ട്. പൂര്‍ത്തീകരിക്കുമ്പോള്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, കബഡി, ടെന്നീസ്, നീന്തല്‍, ഷൂട്ടിങ്ങ്, ജിംനാസ്റ്റിക്‌സ്, അമ്പെയ്ത്ത്, ഭാരോദ്വഹനം തുടങ്ങിയവ സര്‍വ്വകലാശാലയുടെ പഠന-പരിശീലന പരിധിയിലുണ്ടാകും. അവിടെ അത്യാധുനിക കായിക സംവിധാനങ്ങളും സങ്കേതങ്ങളും സന്നാഹങ്ങളുമുണ്ടാകും.
1080 പേര്‍ക്ക് പ്രവേശനം ലക്ഷ്യമാക്കുന്നുണ്ട്; പുരുഷ-വനിതാ വിഭാഗങ്ങളില്‍ 540 പേര്‍ വീതം. രാജ്യത്തിന്റെ സമഗ്രപുരോഗതിയില്‍ കായികമേഖലയ്ക്കുള്ള പങ്ക് ആവര്‍ത്തിച്ചുറപ്പിക്കുന്ന പ്രധാനമന്ത്രി, പുതുവര്‍ഷ സമ്മാനമായി നല്‍കുന്ന ഈ ശ്രേഷ്ഠസംരംഭം, രാഷ്ട്രത്തിന്റെ പരംവൈഭവത്തിലേക്കുള്ള ഭാവാത്മക ചുവടുവയ്പായി കാണണം. ലോകകായിക ഭൂപടത്തില്‍ തിളക്കത്തോടെ നില്‍ക്കുന്ന രാജ്യങ്ങളിലേറെയും കായിക വിദ്യാഭ്യാസം പ്രയോഗത്തില്‍ വരുത്തിയവരാണ്. അതിന്റെ സദ്ഫലങ്ങളാണ് ലോകകായിക വേദികളില്‍ നിന്നും അവര്‍ കൊയ്‌തെടുക്കുന്നത്. രാഷ്ട്രബോധവും ദീര്‍ഘവീക്ഷണവുമാണ് അവര്‍ക്കതിന് ഉള്‍ക്കരുത്തായത്. ഇവ രണ്ടും സമ്മേളിച്ച ഭരണസംവിധാനം ഭാരതത്തിന്റെ ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്ന സമകാലികകാലത്ത് പുതിയ വേഗങ്ങളും പുതിയ ദൂരങ്ങളും അകലെയാകില്ലായെന്ന് തന്നെ നമുക്ക് ആശിക്കാം.