അറുപതുകളുടെ തുടക്കത്തില്‍ യുഗപ്രഭാവനായ വിക്രം സാരാഭായ് ഭാരതത്തിന്റെ ബഹിരാകാശസ്വപ്‌നങ്ങള്‍ക്ക് ഒരു ആസ്ഥാനം തേടി രാജ്യം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ് അവസാനം എത്തിച്ചേര്‍ന്നത് ഈ പരശുരാമഭൂമിയിലെ തുമ്പ എന്ന മുക്കുവഗ്രാമത്തിലാണ്. ലത്തീന്‍ കത്തോലിക്കാ സഭ സൗജന്യമായി നല്‍കിയ പള്ളിക്കെട്ടിടത്തില്‍ ആ സ്വപ്‌നങ്ങള്‍ക്ക് ആദ്യപടവുകള്‍ വെയ്ക്കുമ്പോള്‍ ഒപ്പം വളര്‍ന്നത് ബഹിരാകാശത്തെ മലയാളി സാന്നിധ്യം കൂടിയായിരുന്നു. ഭൂമിയുടെ കാന്തിക മധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം ആയതുകൊണ്ട് ഇവിടെനിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് ഒരുപാട് ഗവേഷണപ്രാധാന്യമുണ്ട്. അതുകൊണ്ടാണ് തിരുവനന്തപുരത്തെ തുമ്പ തന്നെ തെരഞ്ഞെടുത്തത്.
അമേരിക്കയും സോവിയറ്റ് യൂണിയനും ആയിരക്കണക്കിനു കോടികള്‍ കത്തിച്ചുകൊണ്ട് വന്‍ ബഹിരാകാശ വെടിക്കെട്ടുകള്‍ നടത്താന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു അത്. അപ്പോളോ ദൗത്യങ്ങള്‍ തകൃതിയായി നടക്കുന്നു. മറുവശത്ത് ലൂണയും മാരിനറും ഒക്കെയായി സോവിയറ്റ് യൂണിയന്റെ ഗ്രഹാന്തര ദൗത്യങ്ങളും. അപ്പോഴാണ് തിരുവനന്തപുരത്തെ ഒരു കുഗ്രാമത്തില്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ആത്മവിശ്വാസം മാത്രം മുതല്‍മുടക്കി രാജ്യത്തിന്റെ ആകാശ സഞ്ചാരങ്ങള്‍ക്ക് ചിറകു നല്‍കാന്‍ തുടങ്ങിയത്. അവരെ ഒട്ടുമിക്കവരും വിളിച്ചത് ഭ്രാന്തന്മാര്‍ എന്നാണ്. രാജ്യത്തിന്റെ സമ്പത്ത് കത്തിച്ചുകളയുന്ന സാമൂഹ്യദ്രോഹികള്‍ എന്നുള്ള വിളികള്‍ക്കും കുറവില്ലായിരുന്നു.
പക്ഷെ ഏറ്റെടുത്ത ദൗത്യത്തിന്റെ ഭാവിയും ഗൗരവവും നന്നായറിയാവുന്ന ആ ചെറുപ്പക്കാര്‍ ഭാരതം കണ്ട ഏറ്റവും വലിയ ഒരു ക്രാന്തദര്‍ശിയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ദൗത്യങ്ങള്‍ ഒന്നൊന്നായി വിജയം നേടിയതിനും അവര്‍ രാജ്യത്തിന്റെ അഭിമാനത്തെ അങ്ങ് ചൊവ്വാ ഗ്രഹം വരെ എത്തിച്ചതിനും കാലവും ചരിത്രവും സാക്ഷിയാണ്.
ആ കാലഘട്ടത്തില്‍ വലിയ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മിടുക്കരായ ചെറുപ്പക്കാരുടെയെല്ലാം സ്വപ്‌നം അമേരിക്കയും യൂറോപ്പും അവിടെ ലഭിക്കുന്ന വലിയ അവസരങ്ങളും കനത്ത ശമ്പളവും ജീവിതസുരക്ഷയുമൊക്കെ ആയിരുന്നു. ആദ്യ സൗണ്ടിങ് റോക്കറ്റ് സൈക്കിളിലും കാളവണ്ടിയിലുമൊക്കെ വിക്ഷേപണത്തറയിലേക്ക് കൊണ്ടുപോയിരുന്ന ഐ.എസ.്ആര്‍.ഓയ്‌ക്കോ വിക്രം സാരാഭായിക്കോ പാശ്ചാത്യ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജീവിതസുരക്ഷ നല്‍കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും വിക്രം സാരാഭായ് എന്ന അസാമാന്യ പ്രതിഭാസത്തിന്റെ സ്വാധീനത്താല്‍ ഒരുപാട് ചെറുപ്പക്കാര്‍ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി. എ.പി.ജെ. അബ്ദുള്‍കലാം, ജി.മാധവന്‍ നായര്‍, സതീഷ് ധവാന്‍, കസ്തൂരി രംഗന്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ നിറയൗവ്വനം ഹോമിച്ചുകൊണ്ടാണ് ഈ സംരംഭത്തെ പടുത്തുയര്‍ത്തിയത്.
തുടക്കം കേരളമായതുകൊണ്ടുതന്നെ ആദ്യംമുതല്‍ ഐ.എസ.്ആര്‍.ഒയില്‍ മലയാളികളുടെ സാന്നിധ്യം വളരെയധികമാണ്. വിക്രം സാരാഭായ് അന്തരിച്ച്, തുമ്പ കേന്ദ്രം വി.എസ്.എസ.സി((Vikram Sarabhai Space Centre)) ആവുകയും ഐ.എസ്.ആര്‍.ഒ ബാംഗ്ലൂരേക്കും മഹേന്ദ്രഗിരിയിലേക്കും ശ്രീഹരിക്കോട്ടയിലേക്കുമൊക്കെ വളര്‍ന്നു പടര്‍ന്നപ്പോഴും മലയാളികള്‍ നിര്‍ണ്ണായക ചുമതലകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു. എം.ജി.കെ. മേനോന്‍ മുതല്‍ ഇതുവരെയുള്ള ഐ.എസ്.ആര്‍.ഒ മേധാവികളില്‍ നാലുപേര്‍ മലയാളികളാണ്. ഏറ്റവുമൊടുവില്‍ എസ്.സോമനാഥ് ആണ് ചെയര്‍മാന്‍ ആയിരിക്കുന്നത്.
കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജില്‍ നിന്നും ബിടെക് നേടിയ സോമനാഥ് ബാംഗ്ലൂര്‍ ഐ.ഐ.എസ്.സിയില്‍ നിന്ന് എംടെക് ബിരുദവും നേടിയാണ് ഐ.എസ്.ആര്‍.ഒ യുടെ ഭാഗമാകുന്നത്. ഐ.എസ്.ആര്‍.ഒ യുടെ പടക്കുതിരയായ പി.എസ്.എല്‍.വി പദ്ധതിയില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹം വിക്ഷേപണവാഹന ഡിസൈനിങ്ങില്‍ വളരെ മികവ് തെളിയിച്ചിട്ടുണ്ട്. വലിയ മലയിലെ ദ്രവീകൃത ഇന്ധന സെന്റര്‍ (LPSC ) ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം പിന്നീട് വി.എസ്.എസ്.സി മേധാവിയായി. അവിടെനിന്നാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ആയിരിക്കുന്നത്. ഭാരതം നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തമായ ജി.എസ്.എല്‍.വി. എം.കെ കകക റോക്കറ്റിന്റെ പ്രോജക്റ്റ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം.
സോമനാഥ് പോയ ഒഴിവിലേക്കാണ് പുതിയ വി.എസ്.എസ്.സി മേധാവിയായി ഡോ.എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ ചുമതലയേല്‍ക്കുന്നത്. കേരള സര്‍വ്വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദവും ബാംഗ്ലൂര്‍ ഐ.ഐ.എസ്.സിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും ചെന്നൈ ഐ.ഐ.ടിയില്‍ നിന്നും ഡോക്ടറേറ്റും നേടിയ അദ്ദേഹം വി.എസ്.എസ്.സിയുടെ ഭാഗമാകുന്നത് 1985ലാണ്. അതിനു ശേഷമുള്ള ഐ.എസ്.ആര്‍.ഒയുടെ ഒട്ടുമിക്ക അഭിമാന പ്രൊജക്ടുകളുടെയും ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹം, നടക്കാനിരിക്കുന്ന ഭാരതത്തിന്റെ മനുഷ്യ ദൗത്യം ഗഗന്‍ യാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ആണ് വി.എസ്.എസ്.സി മേധാവിയാകുന്നത്. ജി.മാധവന്‍ നായര്‍, കെ.രാധാകൃഷ്ണന്‍, കെ.ശിവന്‍ അവസാനം സോമനാഥ് എല്ലാം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പോകുന്നത് വി.എസ്.എസ്.സി ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ്. അവിടെ ഇനിയും മലയാളിതുടര്‍ച്ച പ്രതീക്ഷിക്കാം.