യു.പി. സര്‍ക്കാര്‍ തങ്ങളില്‍ നിന്ന് ഈടാക്കിയ നഷ്ടപരിഹാരത്തുക തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നു എന്ന പത്രവാര്‍ത്തകേട്ട് ബിരിയാണി സദ്യ നടത്തിയ സി.എ.എ വിരുദ്ധ സമരക്കാര്‍ക്ക് വയറ്റിലെത്തിയ ബിരിയാണി ദഹിക്കാന്‍ സാധ്യതയില്ല. ചില പത്രക്കാര്‍ നല്‍കിയ വാര്‍ത്തയില്‍ പകുതിയെ സത്യമുള്ളൂ എന്നറിയുമ്പോള്‍ ബിരിയാണി വയറ്റില്‍ അങ്ങനെത്തന്നെ കിടക്കും. 2019-ലെ സി.എ.എ വിരുദ്ധ കലാപത്തില്‍ കുഴപ്പക്കാര്‍ പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചിരുന്നു. റിക്കവറി നോട്ടീസ് നല്കി കുഴപ്പക്കാരില്‍ നിന്ന് അത് തിരിച്ചു പിടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ പര്‍വിസ് ആരിഫ് ടിടു സുപ്രീം കോടതിയില്‍ പോയി. വാദത്തിനിടെ 2020-ലെ പൊതു മുതല്‍ നാശനഷ്ടം വരുത്തിയത് തിരിച്ചു പിടിക്കല്‍ നിയമപ്രകാരം റിക്കവറി ചെയ്യാമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ ഷോക്കോസ് നോട്ടീസ് പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക തിരിച്ചു കൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
കോടതിയുടെ അനുവാദത്തോടെ 2020 ലെ നിയമപ്രകാരം റിക്കവറിക്ക് ഒരുങ്ങുകയാണ് യു.പി. സര്‍ക്കാര്‍. നഷ്ടം നിശ്ചയിക്കാന്‍ ട്രിബ്യൂണലിനെയും ക്ലെയിം കോര്‍ട്ടിനെയും നിശ്ചയിച്ച് സി.എ.എവിരുദ്ധ സമരക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ പഴുതടച്ചുള്ള നീക്കത്തിലാണ് യു.പി. സര്‍ക്കാര്‍. തങ്ങള്‍ ജയിച്ചുവെന്നും ഈടാക്കിയ പണം തിരിച്ചുകിട്ടി എന്നും മോഹിച്ച് പത്രങ്ങളിലെ പകുതി വെന്ത വാര്‍ത്ത വിശ്വസിച്ച് ബിരിയാണിയുണ്ടാക്കി വിജയം ആഘോഷിച്ചവര്‍ക്കു തിരിച്ചടി കിട്ടാന്‍ പോകുകയാണ്. പൊതു മുതല്‍ നശിപ്പിച്ചതിന്റെ പിഴയടക്കേണ്ടി വരുമ്പോള്‍ വയറ്റില്‍ കിടക്കുന്ന ബിരിയാണി എങ്ങനെ ദഹിക്കാനാണ്.